Saturday, September 3, 2011

' ഗേ '


"ആരാ അച്ഛാ, ഈ 'ഗേ...' ന്ന്വച്ചാല്‍?"
- ഓര്‍ക്കാപ്പുറത്ത് പത്തു വയസ്സുകാരന്‍റെ ചോദ്യം.
അച്ഛന്‍ ഞെട്ടി.
 
മറുപടി പകച്ച ഒരു നോട്ടം മാത്രമായപ്പോള്‍ അവന്‍ എന്‍റെ അടുത്തേയ്ക്ക് -
"ആരാമ്മേ .... ഈ... ഗേ...?"


ഞാനൊന്നു വിരണ്ടു.
കുട്ടിയ്ക്കിത്രയുംനാള്‍ സത്യമല്ലാതെ ഒന്നും പറഞ്ഞുകൊടുത്തിട്ടില്ല, ചിലപ്പോള്‍ സത്യം മുഴുവന്‍ പറഞ്ഞില്ലെങ്കിലും.  ഇതിപ്പോ.....?

അല്പം ആലോചിച്ച് ഞാന്‍ പറഞ്ഞു,
"അത്... ചില നാടുകളില്‍ ആണുങ്ങള്‍ ആണുങ്ങളെത്തന്നെ കല്യാണം കഴിക്കുന്നുണ്ട്, അങ്ങനെയുള്ളവരെയാ, ഗേ എന്ന് പറയുന്നത്."

അവന്‍ ആകെ കുഴങ്ങിയപോലെ  എന്നെ നോക്കി.
 
"അപ്പോള്‍ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുമോ?" - അടുത്ത ചോദ്യം.
"ഇല്ല, അവര്‍ കുട്ടികളില്ലാതെ ജീവിക്കും, ചിലര്‍ കുട്ടികളെ ദത്തെടുക്കും".  ഹാവൂ....

"കുട്ടികള്‍ ഉണ്ടാവില്ലെങ്കില്‍ പിന്നെന്തിനാ അവര്‍ കല്യാണം കഴിക്കുന്നത്?"

കുഴഞ്ഞല്ലോ ദൈവമേ....

"അത്... ചിലര്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ ആവുമ്പോള്‍ എന്നും കാണണമെന്ന്  തോന്നും, എപ്പോഴും സംസാരിക്കണമെന്ന് തോന്നും, അപ്പോള്‍ എന്നും ഫോണ്‍ വിളിക്കണ്ടേ, ദൂരെയാണെങ്കില്‍ അവിടെ പോയി കാണണ്ടേ, അതുകൊണ്ടാ അവരൊന്നിച്ച്....."

പറഞ്ഞുതീരുംമുന്‍പ് അടുത്ത ചോദ്യം,
"അപ്പോ, നാരായണീയത്തിലെ  (അടുത്ത വീട്, വാടകവീടാണ്) ശശിധരന്‍മാഷും ശ്രീകുമാര്‍ മാഷും ഗേ-കള്‍ ആണോ?"


ഈശ്വരാ, നല്ല രണ്ട് കോളേജ് അധ്യാപകര്‍......
ഇനി അവരെങ്ങാനും....? ഏയ്‌.....

"അത്... അവര്‍ വാടകയ്ക്ക് ഒരു വീടെടുത്ത് താമസിക്കുന്നെന്നേയുള്ളൂ"

"അപ്പൊ അവര്‍ ഗേ ആണോ അല്ലേ എന്ന് എങ്ങനെയാ അറിയുക?  ഞാന്‍ പോയി നോക്കട്ടെ....?"

"ശ്ശൊ, നീയിവിടെയിരി, അവരങ്ങനെയൊന്നുമല്ല, രണ്ടുപേര്‍
ഒരു വീട്ടില്‍ താമസിക്കുകയാണെങ്കില്‍ വാടക കുറയും, അതാ...."

"എന്നാലും, ഞാനൊന്നു പോയിനോക്കട്ടെ....?"

വേണ്ട, ആരെങ്കിലും കാണും, അതൊക്കെ മോശമാ, അവരങ്ങനെയൊന്നുമല്ല."

"അവര്‍ കാണാതെ ഞാന്‍ ഒളിച്ചുനോക്കാം, അപ്പോള്‍ അറിയാമല്ലോ....

ഇനി ഇവന്‍ ഞാന്‍ കാണാതെ പോകുമോ?  ഒളിച്ചുനോക്കുമോ?  നാണക്കേടാവുമോ? 
ഇനി അവരെങ്ങാനും ഗേ ആണെങ്കില്‍.... ഛെ!
എന്‍റെ നല്ല അയല്‍ക്കാരെ ആദ്യമായി ഞാനും സംശയിച്ചു.

"പറയുന്നത് കേള്‍ക്കെടാ....  നീ പോയി പഠിക്ക്, പഠിക്കാന്‍ ഒന്നുമില്ലെങ്കില്‍ പോയി കളിക്ക്", ഞാനവനെ ഓടിച്ചു.

- - - - - -  - - - - - - -
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

രണ്ടുദിവസം കഴിഞ്ഞ്, വൈകുന്നേരം.

കുളികഴിഞ്ഞുവന്ന മകന്‍ സ്വകാര്യമായി എന്നോട്,
"അമ്മേ, അമ്മ പറഞ്ഞത് ശരിയാ, അവര്‍ ഗേ-കളാ..."

ആര്?  
ഒരു നിമിഷം.... എന്‍റെ തലയില്‍ കൊള്ളിയാന്‍ മിന്നി....  അവരോ?   
 
ഈശ്വരാ, ഞാനങ്ങനെ പറഞ്ഞോ, എപ്പോ?  ഞാന്‍ പറഞ്ഞെന്ന് ഇവന്‍ ആരോടെങ്കിലും പറഞ്ഞുകാണുമോ?  അതല്ല, ഇവന്‍ പോയി നോക്കിയോ?  ഇനി ശരിക്കും....?

ഒക്കെ മാറ്റിവച്ച് ഞാനവനോട് ചോദിച്ചു,
"നിനക്കെങ്ങനെ അറിയാം...?"


"അതേയ് അമ്മേ, മിനയാന്നു രാത്രി ഞാന്‍ നോക്കുമ്പോ..... രണ്ടാളും ചാരുപടിയിലിരുന്നു വലിയ സംസാരം....  ഇന്നലെ രാവിലെ രണ്ടാളും ഒന്നിച്ചാ കോളേജിലേയ്ക്ക് പോയത്, അപ്പോഴും വലിയ സംസാരം....  വൈകിട്ട് അവര്‍ കാണാതെ അടുക്കളജനല്‍ വഴി ഞാനെത്തിനോക്കി, അപ്പോള്‍ ആ താടിമാഷ്‌ തേങ്ങ ചിരകുന്നു, മറ്റേ മാഷ്‌ തക്കാളി മുറിയ്ക്കുന്നു, രണ്ടാളും അപ്പഴും സംസാരം... പിന്നെ ഇന്നും ഞാന്‍ പോയിനോക്കി, അടുക്കളയില്‍ ആരെയും കണ്ടില്ല, അപ്പോള്‍ ഞാന്‍ ബെഡ്റൂമിന്‍റെ ജനലിലൂടെ കര്‍ട്ടന്‍ അല്പം മാറ്റി നോക്കി...."

എന്‍റെ നെഞ്ചിടിപ്പ് ഉച്ചത്തിലായി, അനുസരണക്കേടിന്, കുരുത്തക്കേടിന് വഴക്കുപറയാന്‍ തുറന്ന വായടയ്ക്കാന്‍ മറന്ന് ഞാനവനെ തുറിച്ചുനോക്കി.

അവന്‍ പറഞ്ഞുകൊണ്ടിരുന്നു,
"ഞാന്‍ നോക്കുമ്പോള്‍ താടിമാഷ് കട്ടിലില്‍ കമിഴ്ന്നു കിടക്കുന്നു, മറ്റേ മാഷ്‌ ഒരു ജെട്ടി മാത്രമിട്ട്....."

എന്‍റെ ശ്വാസം നിലച്ചു, ഈശ്വരാ, ഇവന്‍ പറഞ്ഞുവരുന്നത്....
വല്ലതും കണ്ടോ.... ഇനി അവര്‍.....?  ഇവനൊന്നു നിര്‍ത്തിയിരുന്നെങ്കില്‍....

"....ചുവരിനോടുചേര്‍ന്ന്.... തലകുത്തി നില്‍ക്കുന്നു...."

ഹാവൂ....

"അല്ലമ്മേ, അപ്പോഴും അവര്‍ തമ്മില്‍ ഭയങ്കരസംസാരം, എനിക്കുറപ്പാ, അവര്‍ ഗേയാ, രണ്ട് ഗേകള്‍...."  അവന്‍ കളിക്കാന്‍ ഓടിപ്പോയി.

എനിക്ക് സുബോധം തിരികെ കിട്ടി.  അവര്‍ ഗേ ആണെന്ന് അവന്‍ ആരോടെങ്കിലും പറയുമോ?  നാണക്കേടാവില്ലേ?  അവന്‍റെ പറച്ചിലില്‍
അന്തംവിട്ടുനിന്ന നേരത്ത്, ആരോടും പറയരുതെന്ന് അവനെ വിലക്കാന്‍ തോന്നിയതുമില്ല.  രാത്രിയാവട്ടെ.  എന്നാലും ഗേയുടെ അര്‍ഥം എങ്ങനെ തിരുത്തി പറയുമെന്നറിയാതെ ഞാന്‍ വിഷമിച്ചു.

രാത്രി ഊണുകഴിക്കുമ്പോഴാണ്  അവനോടു ചോദിച്ചത്,
"ഗേ എന്ന വാക്ക് നീ ആദ്യം കണ്ടതെവിടെയാ?"

"എന്‍റെ ടെക്സ്റ്റില്‍..."

സി.ബി.എസ്.
. സിലബസ്സാണ്, എന്നാലും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊക്കെ.....!!!

"ഏതു ടെക്സ്റ്റില്‍....?"

അവന്‍ ബാഗില്‍നിന്ന് ജി.കെ.ടെക്സ്റ്റ് വലിച്ചെടുത്ത് പേജുകള്‍ മറിച്ചു.
"ദാ, നോക്ക്...."

ഞാന്‍ നോക്കി,
രണ്ടുവട്ടം നോക്കി,
ആദ്യം ചിരിച്ചു,
പിന്നെ കരഞ്ഞു,
എന്തിനാ ഞാനിത്ര കഷ്ടപ്പെട്ടതെന്നോര്‍ത്ത്.

അതിങ്ങനെയായിരുന്നു...

" Fill in the blanks with suitable words -
Gay  is famous by the name of ....... (a. Sai Baba, b. Sree Krishna, c. Sree Budha)
 
ഒരക്ഷരപ്പിശകിന് ഞാന്‍, ആ പാവം മാഷന്മാരും, കൊടുക്കേണ്ടിവന്ന വിലയേ....

(28..08..2011)