Thursday, June 26, 2014

നിലാവിലേയ്ക്ക്‌ ഒളിച്ചോടിയവള്‍




"പത്തുമതിയാവുമോടാ...?"
അവന്‍ അവളെ നോക്കിയില്ല.
നോക്കിയാല്‍ അവളുടെ കണ്ണുകളില്‍ തീക്കനലുകള്‍ കാണാം.
മേശപ്പുറത്തിരിക്കുന്ന പായ്ക്കറ്റിലേയ്ക്ക് അവള്‍ തല ചരിച്ചുനോക്കുന്നത് അവനറിഞ്ഞു.

അവന്റെ വലതുകൈ മുകളിലേയ്ക്കുയര്‍ത്തി മടക്കിവച്ച്, അതിനുള്ളിലേയ്ക്ക് മുഖം തിരിച്ച് മൂക്ക് വിടര്‍ത്തി കിടക്കുകയായിരുന്നു അവള്‍. രാവിലെ കുളിക്കാതെ വേണം വരാനെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അവളാകെ ത്രില്ലിലാണ്. എനിക്ക് മനസിലാവുന്നില്ലല്ലോ റബ്ബേ ഈ പെണ്ണിനെ...
വൈകിട്ട് ബീച്ചില്‍ കൈകോര്‍ത്ത് നടന്നപ്പോള്‍ ഒരിക്കല്‍ക്കൂടി ചോദിക്കാന്‍ തോന്നി, ഇത് വേണോ എന്ന്. മുന്‍പൊരിക്കല്‍ ചോദിച്ചതാണ്, അന്നവള്‍ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചതുമാണ്. ഇനിയും ചോദിച്ചാല്‍ അവളുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോവും. അതുവേണ്ട. എല്ലാം അവളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുതന്നെയാവട്ടെ.

കഴിഞ്ഞ ആഴ്ചയും പറഞ്ഞത്രേ, അവളുടെ അമ്മ, ഒളിച്ചോടിപ്പോയി പേരുദോഷം ഉണ്ടാക്കരുതെന്ന്. കൂടെക്കൂടെ എന്തിനാണത് പറയുന്നത് എന്നവള്‍ അമ്മയോട് ചോദിച്ചെന്നും. അന്ന് ലൈബ്രറിയില്‍ വച്ച് അവന്റെ കൈ പിടിച്ചാണ് അവള്‍ വീണ്ടും പറഞ്ഞത്, “ഞാന്‍ പോകാന്‍ തീരുമാനിച്ചു നിലാ... ഇനിയൊരു മാറ്റമില്ല.
അവളുടെ പഴയ ചിന്തകള്‍ ഒരാവേശഭരിതയുടെ വിഭ്രമങ്ങള്‍ മാത്രമാണെന്ന് സമാധാനിച്ചിരിക്കുമ്പോഴായിരുന്നു .... "ഇന്ന് രാവിലെയും അമ്മ അതുതന്നെ പറഞ്ഞെടാ, എന്തിനാണ് അവരിങ്ങനെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നത്? ഒരുപക്ഷേ അമ്മ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാനിങ്ങനെയൊരു തീരുമാനമെടുക്കില്ലായിരുന്നു."
അവളുടെ കണ്ണുകളുടെ ആഴങ്ങളില്‍ അവന്റെ നോട്ടം മുങ്ങിപ്പോയി.
നീണ്ടുമെലിഞ്ഞ വിരലുകളില്‍ വെറുതെ പിടിച്ചു, അവയില്‍പ്പോലും അസാധാരണമായ ദൃഢത. മറ്റാരുടെയോ വിരലുകള്‍ പോലെ.
"റിഷീ... നീ ശരിക്കും..."
"
ആലോചിച്ചിട്ടുതന്നെയാണോ എന്നല്ലേ നീ ചോദിക്കാന്‍ വന്നത്? നിന്നെക്കാള്‍ നന്നായി അതാര്‍ക്കാ അറിയുക?"
അത് ശരിയാണ്. പക്ഷേ എത്ര ശ്രമിച്ചിട്ടും അന്നവളെ മനസിലായില്ല.  ഒളിച്ചോടിപ്പോയിത്തന്നെ കല്യാണം കഴിക്കണമെന്നും ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കണമെന്നും എന്തിനാണവള്‍ വാശി പിടിക്കുന്നത്‌?
"
അമ്മ പറഞ്ഞു, ഒളിച്ചോടരുതെന്ന്..." റിഷിയുടെ കണ്ണുകളില്‍ കരിനിഴല്‍.
"
അപ്പോള്‍ ഇതൊരു ഒളിച്ചോട്ടമല്ലേടാ, ജീവിതത്തില്‍ നിന്നുതന്നെയുള്ള..."
"
അമ്മ പറഞ്ഞത് ഒളിച്ചോടിപ്പോയി കല്യാണം കഴിക്കരുതെന്നാണ്. എനിക്ക് അമ്മ പറഞ്ഞാല്‍ അനുസരിക്കാതിരിക്കാന്‍ വയ്യാ.."
"
അപ്പോള്‍ ഇത്..."
അവള്‍ ചിരിച്ചു, "മരിക്കരുതെന്ന് അമ്മ പറഞ്ഞിട്ടില്ലെടാ..."

ആത്മഹത്യാപ്രവണത അവള്‍ക്കുള്ളതായി തോന്നിയിട്ടില്ല. മരണത്തോളം വലിയ ഒരാഗ്രഹം കൊണ്ടുനടക്കുന്ന ഒരാള്‍ക്ക്‌ അത് സാധിക്കുന്നില്ലെങ്കില്‍ പിന്നെ ശേഷിക്കുന്നത് മരണം മാത്രമാവുമോ? അല്ലെങ്കില്‍ പിന്നെന്തിനാണ് ജീവിതം ഏറ്റവും സുന്ദരമായി മുന്നില്‍ നില്‍ക്കുമ്പോഴും അവള്‍ അതവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നത്... ഇമാമുദ്ദീന്റെ മനസ്സില്‍ മാവിന്‍ചില്ലയില്‍ വട്ടം കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു കുട്ടിനിക്കറുകാരന്‍ തെളിഞ്ഞുവന്നു, ഉപ്പയും ഉമ്മയും വന്നു വിളിച്ചാലേ താഴെയിറങ്ങൂ എന്ന് വാശിപിടിച്ചിരുന്നപ്പോള്‍ മാവിന്‍തടിയില്‍ തുടയുരഞ്ഞ വേദനയും. മുറ്റത്തെ നിലവിളികള്‍ക്ക് നടുവിലേക്ക് വന്നുനിന്ന വെളുത്ത വണ്ടിയുടെ മേലെ ചുവന്ന അക്ഷരത്തില്‍ എഴുതിയിരുന്നത് വായിക്കാന്‍ അന്നവനറിയില്ലായിരുന്നു.

"
നിലാ..."
അവന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
"
നിനക്ക് പേടിയുണ്ടോ?"
ഉണ്ടോ? ഹേയ്, ഇല്ല. എന്നാലും വേണ്ടാത്ത ഒരു തീരുമാനമല്ലേ എന്നൊരു ശങ്ക. ജീവിതം ഉള്ളിടത്തോളം.... പക്ഷെ അവള്‍ക്ക് കൂട്ടുപോകാതിരിക്കാന്‍ കഴിയുന്നില്ല. അവളില്ലെങ്കില്‍ പിന്നെന്തിന്...
"
ഒന്നുകൂടി ചിന്തിക്കണ്ടേ നിനക്ക്, എന്റെ കൂടെ വരണോ എന്ന്?"
അവളുടെ ചുണ്ടുകള്‍ നേരിയതായി വിറയ്ക്കുന്നുണ്ടോ? നിലാവുദ്ദീന്‍ എന്ന് ആദ്യം വിളിച്ച ദിവസം അവള്‍ ഇങ്ങനെയായിരുന്നു. സര്‍ജിക്കല്‍ സെക്ഷന് പിന്നിലെ യക്ഷിപ്പാലയുടെ ചുവട്ടില്‍ കിടന്ന കരിങ്കല്ലിന്മേല്‍ കയറിനിന്ന്, താഴെനിന്ന തന്നെ കൈയടക്കം കൂട്ടിപ്പിടിച്ച് ചുണ്ടുകളില്‍ അമര്‍ത്തി ഉമ്മവച്ചശേഷമാണ്‌ അവള്‍ അങ്ങനെ വിളിച്ചത്. അപ്പോഴേയ്ക്കും സ്വതവേ ചുവന്ന അവളുടെ ചുണ്ടുകള്‍ തുടുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. 

കാമ്പസിലെ താരമായിരുന്ന റിഷിനയെന്ന  പെണ്‍കുട്ടി. എത്താക്കൊമ്പത്തെ മാമ്പഴം പോലെ വെറുതെ നോക്കിനിന്നിട്ടുണ്ട്. ഒരു ദിവസം കാന്റീന്‍ ടേബിളില്‍ ചായക്കപ്പും മുന്നില്‍വച്ച് വെറുതെ തിരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എതിര്‍സീറ്റില്‍ പെട്ടെന്നൊരാള്‍ വന്നിരുന്നത്. അത് റിഷിനയാണെന്ന് തിരിച്ചറിയാന്‍ അല്‍പ്പസമയമെടുത്തു.

മനസിലാവാത്തതുപോലെ നോക്കിയത് കണ്ടാവും, "ഇമാം, ഞാന്‍ റിഷി... റിഷിന... എന്നെ കണ്ടിട്ടില്ലേ..."
ആദ്യമായാണ് നേരില്‍ സംസാരിക്കുന്നത്. ഇമാമുദ്ദീന്‍ വെറുതെ ചിരിച്ചു. ഒരു സിപ്‌ ചായ കൂടി എടുത്തു.
റിഷിന അവനെ വീണ്ടും നോക്കി,
"
ഇമാം, സോറി, എന്തോ കാര്യമായ ആലോചനയിലാണെന്ന് തോന്നുന്നു... ഞാന്‍ ശല്യപ്പെടുത്തിയോ?"
അവന്‍ തലയുയര്‍ത്തി, "അതേ, ഒരു കാര്യം ആലോചിച്ചുകൊണ്ടിരിക്കയാണ്. പക്ഷേ കുട്ടിക്ക് എന്നെ സഹായിക്കാന്‍ കഴിയും."
റിഷിന അതിശയത്തോടെ അവനെ നോക്കി, "എനിക്കോ...? ഓക്കേ, പക്ഷേ അതിനുമുന്‍പ്‌ ഒരു കാര്യം, കുട്ടി എന്ന് വിളിക്കുന്നത്‌ എനിക്കിഷ്ടല്ല, എന്നെ റിഷി എന്ന് വിളിച്ചോളൂ"
"
ഓക്കേ റിഷി, ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്... ഒരു ഗ്ലാസ്‌ ചായയില്‍ പത്തു പച്ചെറുമ്പുകള്‍ തിളച്ചിറങ്ങിയാല്‍ അതിന്റെ രുചിക്ക് എന്ത് വ്യത്യാസമുണ്ടാവുമെന്നാണ്."
റിഷിന അവനെ തുറിച്ചുനോക്കി.
"
പച്ചെറുമ്പ് മീന്‍സ്‌... നീറ് എന്ന് പറയുന്ന, മാവിലൊക്കെ കൂടുവയ്ക്കുന്ന, കടിച്ചാല്‍ വലിയ നീറ്റല്‍ ഉണ്ടാവുന്ന..."
"
അതെയതെ, ചിലയിടങ്ങളില്‍ പുളിയുറുമ്പ്, മിശറ് എന്നൊക്കെ പറയും"
"
ഓക്കേയോക്കെ, എന്നിട്ട് എന്തുത്തരം കിട്ടി...?
"
ഒന്നും കിട്ടിയില്ല, ചിന്തിച്ചുതുടങ്ങിയതേയുള്ളൂ."
അവളുടെ കണ്ണുകളില്‍ അമ്പരപ്പ്‌ പടര്‍ന്നുതുടങ്ങിയപ്പോഴേയ്ക്കും റിഷിനയെത്തേടി ഒരു കൂട്ടുകാരി വന്നു, തിരിഞ്ഞുനോക്കിക്കൊണ്ട് അവള്‍ പോയി.

ദിവസങ്ങള്‍ക്കുശേഷം ക്ലാസില്‍നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോള്‍ അവള്‍ ഓടിവന്നു, വലതുകൈ മൂക്കിനടിയിലേയ്ക്ക് ചേര്‍ത്തുവച്ചു, "നോക്ക്, നോക്ക്... ഇതെന്തിന്റെ മണമാ...?"
ഒന്നാഞ്ഞുവലിച്ചു, "ഇത് ഇന്‍സുലിനല്ലേ, ഒരിക്കല്‍ എന്റെ കയ്യിലും ആയിട്ടുണ്ട്‌."
"
അതെയതെ, എന്താ... മണം!! അല്ലേ? ഹോ... ഭ്രാന്താവുന്നു..."
വന്നപോലെതന്നെ അവള്‍ പറന്നുപോയി.
അവളുടെ വിരലുകളുടെ സ്പര്‍‍ശനം ഏറെനേരമുണ്ടായിരുന്നു ചുണ്ടില്‍.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ലൈബ്രറിയില്‍ വന്ന് വിളിച്ചിറക്കി, "ഇമാം, ഒരത്യാവശ്യകാര്യം പറയാനുണ്ട്, ഒന്ന് വരൂ"
പോയത് മതിലിനരികിലുള്ള സര്‍പ്പഗന്ധിയുടെ ചുവട്ടിലേയ്ക്ക്. ചേര്‍ന്നുനിന്ന്, രണ്ടുകൈയും ചുമലിലേയ്ക്കുവച്ച് അവള്‍ പറഞ്ഞു, "ഇമാം എനിക്ക് നിന്നെ ഇഷ്ടമാണ്."
അന്തംവിട്ടുനിന്ന അവന്റെ മേലേയ്ക്കുചാഞ്ഞ് മുഖമുയര്‍ത്തി അവന്റെ ചുണ്ടുകള്‍ മണത്തുകൊണ്ട് അവള്‍ പറഞ്ഞു, "നിനക്ക് ഞാനിഷ്ടപ്പെടുന്ന ഒരു ഗന്ധമുണ്ട്".

പിന്നീടുള്ള  ദിവസങ്ങളില്‍ അവളൊരു ഭ്രാന്തായി മാറുകയായിരുന്നു.
അവളുടെ വീടിനുപിന്നില്‍ പുഴയിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്നാണ് ആദ്യമായി അവള്‍ തന്റെ ഉടുപ്പിന്റെ കുടുക്കുകള്‍ അഴിച്ചത്. നാവും തൊണ്ടയും വരണ്ട്, ഒന്നുതൊടാന്‍ കൂടി ഭയന്ന്, നോക്കാനും നോക്കാതിരിക്കാനുമാവാതെ നില്‍ക്കുമ്പോള്‍ അവള്‍ അടിയുടുപ്പിന്റെ കൊളുത്തുമഴിച്ചു. വേണ്ടാ...എന്ന് നാവുകുഴങ്ങി, ശബ്ദം പുറത്തുവന്നില്ല.

മുഖം ബലമായി പിടിച്ച് അവളുടെ മാറിടത്തിലേയ്ക്ക് താഴ്ത്തിയപ്പോള്‍ ഹൃദയം ദഫ്മുട്ടി. ശ്വാസം വിലങ്ങി. അവള്‍ ചിരിച്ചു, “മണ്ടാ, അവിടെ എന്താ മണമെന്നു നോക്ക്...അന്തംവിട്ട് പിടഞ്ഞുനിവര്‍ന്നശേഷം വീണ്ടും അവളുടെ മുലകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി. ഇത്തവണ അത് കിട്ടുകതന്നെ ചെയ്തു.
റിഷീ, നീയെന്തുഭാവിച്ചാ, അതൊരു ജീവന്‍രക്ഷാമരുന്നല്ലേ.. അതിങ്ങനെ ദുരുപയോഗിക്കാമോ? അതും നമ്മള്‍ തന്നെ...
അവളുടെ മുഖമൊന്ന് മങ്ങി.
അറിയാം നിലാ, പക്ഷേ എനിക്കതൊരു ഭ്രാന്താണ്. അഡിക്റ്റാണ് ഞാന്‍. ഇടയ്ക്കിടെ ടോപ്പിന്‍റെ കഴുത്തുവിടര്‍ത്തി മുഖം ഉള്ളിലേയ്ക്കിട്ട് ആ മണം വലിച്ചെടുക്കും. എന്റെ വിയര്‍പ്പില്‍ കലര്‍ന്നുവരുമ്പോള്‍ അതെന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നു.
ഒന്നുനിര്‍ത്തി മുഖം താഴ്ത്തി അവള്‍ തുടര്‍ന്നു, “ഒരു മാസം നാല്പതുയൂണിറ്റിന്റെ മൂന്നു ബോട്ടിലെങ്കിലും വേണമെനിക്ക്. ദിവസവും കുളി കഴിഞ്ഞാല്‍ രണ്ടുതുള്ളി കൈപ്പത്തിക്കുമേലെയും...

ഇമാമിന് അവളെ വല്ലാത്തൊരു ഭയം തോന്നി. അവന്‍ തന്നെ അവളുടെ ഉടുപ്പിന്റെ കുടുക്കുകള്‍ ഇട്ടുകൊടുത്തു. എന്നാല്‍ ഏറെക്കഴിയുംമുന്‍പേ അവളുടെ കന്യാവനങ്ങളുടെ ഇരുളിമയില്‍ അവന്റെ കാഴ്ച മങ്ങി.

പിന്നീടുള്ള ദിവസങ്ങളില്‍ കാഴ്ചയും കേള്‍വിയും നഷ്ടമായി സ്വയമില്ലാതാവുന്ന നിമിഷങ്ങളുടെ എണ്ണം കൂടിക്കൂടിവന്നു. പുഴക്കരയിലേയ്ക്ക് തുറക്കുന്ന ബാല്‍ക്കണിയില്‍ വെയില്‍ത്തുള്ളികള്‍ വെളുത്തുതിളങ്ങുന്ന ചിത്രങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു.

അവളുടെ ഫാന്റസികളില്‍ എന്നും നിലാവുദ്ദീനും അത്ഭുതജീവിതവും നിറഞ്ഞുനിന്നിരുന്നു. പാതിരാത്രി ആരുമറിയാതെ വീട്ടില്‍ നിന്നിറങ്ങി, കാത്തുനില്‍ക്കുന്ന നിലാവുദ്ദീന്‍റെ കൂടെ ഇരുളിന്റെ മറവില്‍ക്കൂടി ആരെയൊക്കെയോ ഭയന്ന് ഒളിച്ചോടുന്നതും, അവളുടെ ഭീകരന്മാരായ അമ്മാവന്മാര്‍ അവളെത്തേടി പരക്കം പായുന്നതും, അവരുടെ കണ്ണുവെട്ടിച്ച് കല്ലും കാടും കടന്ന് വിജനമായ പാതയിലെത്തി രാത്രിവണ്ടിക്ക് കൈകാണിച്ച് കയറിപ്പോകുന്നതും, തമിഴ്നാട്ടിലെ പേരറിയാത്ത പട്ടണത്തില്‍ ചെന്നിറങ്ങുന്നതും വാടകയ്ക്ക് താമസിക്കാന്‍ വീടന്വേഷിക്കുന്നതും... അത്രയുമെത്തുമ്പോഴേയ്ക്കും അവളുടെ മിടിപ്പുകള്‍ അവന്റെ നെഞ്ചില്‍ കിതപ്പുകളായി ഒതുങ്ങിയിട്ടുണ്ടാവും, അവന്റെ കാതില്‍ അരിപ്രാവിനെപ്പോലെ അവള്‍ കുറുകുന്നുണ്ടാവും. ഒളിച്ചോട്ടം ചെവിയില്‍ മന്ത്രിക്കാത്ത ദിവസങ്ങളില്‍പ്പോലും അവളുടെ അടഞ്ഞ കണ്ണുകള്‍ക്കുള്ളിലെ ചലനചിത്രങ്ങള്‍ അതുതന്നെയാണെന്ന് ഇമാമിന് തോന്നിയിട്ടുണ്ട്.

അവന്റെ ഹൗസ്‌സര്‍ജന്‍സിയും തന്റെ അവസാനവര്‍ഷപരീക്ഷയും കഴിഞ്ഞപ്പോഴാണ് ഇമാമുദ്ദീന്‍ എന്ന മുസ്ലിം യുവാവുമായി താന്‍ പ്രണയത്തിലാണെന്ന് റിഷിന അവളുടെ അമ്മയെയും അച്ഛനെയും ധരിപ്പിക്കുന്നത്. അത്രത്തോളം ആവേശത്തോടെ അവളെ ഇമാം കണ്ടിട്ടുണ്ടായിരുന്നില്ല. ഇന്നത്‌ നടക്കും നിലാ... അറിഞ്ഞാല്‍ അവരെന്നെ തല്ലും, വീട്ടില്‍ പൂട്ടിയിടും, മൊബൈല്‍ഫോണ്‍ എടുത്തുമാറ്റും. രാത്രി പുഴവക്കത്ത് നീ വരണം. ജനലിലൂടെ ഞാന്‍ നിന്നെ കാണും. സമയവും മറ്റുകാര്യങ്ങളും നമുക്കപ്പോള്‍ തീരുമാനിക്കാം”. ഇമാമിന് എല്ലാമൊരു തമാശായിട്ടാണ് തോന്നിയത്.

പിറ്റേന്ന് പതിവുപോലെ റിഷി വന്നു, കാര്‍മേഘം മൂടിയ മുഖവുമായി. ഒന്നും നടന്നില്ല നിലാ...അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഇന്നലെ രണ്ടാളും ഒന്നും പറഞ്ഞില്ല. ഇന്നുരാവിലെ അമ്മ പറഞ്ഞു, ഒളിച്ചോടി കുടുംബത്തിന് ചീത്തപ്പേരും നാണക്കേടുമൊന്നും വരുത്തിവയ്ക്കരുത്, അത്രയ്ക്കിഷ്ടമാണ് നിങ്ങള്‍ രണ്ടാള്‍ക്കുമെങ്കില്‍ ഞങ്ങളത് നടത്തിത്തരുമെന്ന്.

അവള്‍ ഇമാമിന്റെ കൈ പിടിച്ചു, “എന്താ നിലാ അവരിങ്ങനെ? കേള്‍ക്കുമ്പോഴേ പ്രശ്നമുണ്ടാക്കുമെന്നാ ഞാന്‍ കരുതിയേ. അങ്ങനെയെന്തിനാ എനിക്ക് നിന്നെ?”
ശരിയാണ്, അവള്‍ എന്നും പറയുമായിരുന്നു, വീട്ടുകാര്‍ എതിര്‍ക്കുമ്പോള്‍ ഒളിച്ചോടി കല്യാണം കഴിക്കണം, അതിനാണ് മാപ്പിളച്ചെക്കനെത്തന്നെ നോക്കി പ്രണയിച്ചതെന്ന്. പക്ഷേ അതവളുടെ ഒരു വെറും ആഗ്രഹമോ തമാശയോ മാത്രമായാണ് കണ്ടത്. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു, “ആ റോഷന്‍ പറഞ്ഞത് എന്താന്നറിയോ, അച്ഛനും അമ്മയ്ക്കും നിന്നെ വലിയ ഇഷ്ടമാണെന്ന്, നീ ആത്മാര്‍ഥതയുള്ളവനാണെന്ന് അവര്‍ പറഞ്ഞത്രേ

അവളുടെ അനുജനാണ് റോഷന്‍. രണ്ടോ മൂന്നോ തവണ മാത്രമാണ് നേരില്‍ കണ്ടതെങ്കിലും അവനും അച്ഛനും അമ്മയും വളരെ നല്ല രീതിയിലാണ് പെരുമാറിയത്. ഇമാമിന് വളരെ സന്തോഷം തോന്നി. അവരോടൊപ്പം ഒരു കുടുംബമായി ജീവിക്കാന്‍ കഴിയുകയെന്നത് ഒരു ഭാഗ്യം തന്നെയാണ്.

എനിക്ക് വേണ്ട നിലാ, അങ്ങനെയൊരു ജീവിതം. എനിക്ക് അങ്ങനെ കല്യാണം കഴിക്കണ്ട. ഇങ്ങനെയുമുണ്ടോ പാരന്‍സ്!! ജാതീം മതോം ഒന്നും ഒരു പ്രശ്നമല്ലാത്തതെന്താ അവര്‍ക്ക്?”

ഇങ്ങനെയൊരു പെണ്ണ്! ഇമാം പലതും ആലോചിച്ചു. അവളുടെ ആഗ്രഹമിതാണെന്ന് സ്വകാര്യമായി അച്ഛനെയും അമ്മയെയും ധരിപ്പിച്ചാലോ... എന്നിട്ട് അവള്‍ക്കുവേണ്ടി അവരോട് അല്‍പ്പം എതിര്‍പ്പഭിനയിക്കാന്‍ പറഞ്ഞാലോ... പക്ഷേ എന്നെങ്കിലും അവളതറിഞ്ഞാല്‍... ഒരിക്കലും മാപ്പുകിട്ടില്ല തനിക്ക്.

അവരിങ്ങനെയാണെങ്കില്‍ ഞാന്‍ പിന്നെ ജീവനോടെ കാണില്ല നിലാ...അതുകേട്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നിനക്ക് ഭ്രാന്താണ് റിഷി, എത്രയോ ആളുകള്‍ ഇങ്ങനെയുള്ള പാരന്‍സിനെ കിട്ടാന്‍ കൊതിക്കുന്നു, ഇവിടെ എല്ലാം അവര്‍ നിന്റെ ഇഷ്ടത്തിനു വിടുമ്പോള്‍...
നിലാ...അവള്‍ ചാടിയെണീറ്റു. നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ, എന്റെ ആഗ്രഹമെന്താണെന്ന്. അത് നടന്നില്ലെങ്കില്‍... പിന്നെ ഞാന്‍ ജീവനോടെയുണ്ടാവില്ല

പിന്നീട് വിളിച്ചപ്പോള്‍ അവള്‍ ഫോണെടുത്തില്ല. രാത്രി പിന്നെ വന്നത് ഒരു മെസേജായിരുന്നു, അഞ്ചോ പത്തോ മതി നിലാ, ഞാനത് കണ്‍ഫേം ചെയ്തു. നേരെ ബ്ലഡിലേയ്ക്ക്... ഡിം!!

പടച്ചോനേ... ഇവള്‍ ശരിക്കും കാര്യമായിട്ടാണോ? ഇമാമിന് ഭയം തോന്നി. മാവിന്‍തടിയില്‍ തുടയുരഞ്ഞ നീറ്റല്‍ മാറിയത്‌ വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ ഉമിനീരിലാണ്. ഓര്‍ഫനേജില്‍നിന്ന് പുറത്തേക്കിറങ്ങിനടക്കുമ്പോള്‍ കാണുന്ന എല്ലാ കണ്ണുകളും അനാഥനെന്നാവും വിളിക്കുന്നത്‌ എന്ന വേദന തീരുന്നത്, 'ഇവന്‍ എന്റെയാണ്, ഞാനിവന്റെയും' എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് റിഷിനയെന്ന സുന്ദരി ക്യാമ്പസിനുള്ളിലും പുറത്തുമായി കൊണ്ടുനടന്നപ്പോഴാണ്. അവളില്ലെങ്കില്‍ താനുമില്ലെന്ന് എത്രയോ മുന്‍പേ തന്നെ അയാള്‍ തീരുമാനിച്ചതാണ്.

മറ്റൊരു മാര്‍ഗ്ഗവും ശരിയാവില്ല. അതെല്ലാം ശരീരവും മുഖവും ഭാവവുമെല്ലാം മോശമാക്കുന്ന വഴികളാണ്. ഇതാവുമ്പോള്‍ നോ പ്രോബ്ലംപിറ്റേന്നവള്‍ പറഞ്ഞു.
അവളെ നഷ്ടപ്പെടുത്താന്‍ ഇമാം ഒരുക്കമായിരുന്നില്ല. നമുക്ക് വേറെ ഒരു വഴി നോക്കിയാലോ...മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു. അവളുടെ സഹപാഠി ലതീഷിനെ രണ്ടുഫുള്ളിന് വാടകയ്ക്കെടുത്തു. സംശയം തോന്നിക്കാത്ത രീതിയില്‍ മോര്‍ഫ്‌ ചെയ്ത ഇമാമിന്റെ ഏതാനും ഫോട്ടോകളുടെ പ്രിന്റുമായി ലതീഷ്‌ റിഷിനയുടെ അച്ഛനെ കാണാന്‍ പോയി. പ്രാര്‍ത്ഥനകളുമായി റിഷി കാത്തിരുന്നു, അവള്‍ക്കുവേണ്ടി ഇമാമും.

ലതീഷ്‌ തിരിച്ചെത്തിയത്‌ വളരെ സന്തോഷത്തോടെയാണ്, ഡാ, സക്സസ്...റിഷി അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചില്ലെന്നേയുള്ളൂ. ക്ലിനിക്കില്‍ പോയാ എവടെ തന്ത ഡോക്ടറെ കണ്ടത്. ഞാന്‍ നിന്റെ കയ്യിലിരിപ്പൊക്കെ വിളമ്പി. തെളിവിന് ഫോട്ടോ കൂടി കാണിച്ചപ്പോ അയാടെ മൊഖം മാറി. എനിക്ക് ചായ വരുത്തിത്തന്നു. നന്ദീം പറഞ്ഞു. ഇപ്പഴെങ്കിലും അറിഞ്ഞതുകൊണ്ട് എന്റെ മോടെ ജീവിതം രക്ഷപ്പെട്ടു എന്നൊക്കെ പറഞ്ഞു..

റിഷി അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടുകയായിരുന്നു. രക്ഷപ്പെട്ടു നിലാ... നമുക്ക് ഒന്നിച്ചു ജീവിക്കാം. ഇന്നുരാത്രി അവരെന്നോട് നിന്നെ ഉപേക്ഷിക്കാന്‍ പറയും. എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്ത പോലെ തന്നെ നടക്കും. ബീച്ചില്‍ ഒരു തൂണിന്റെ മറവെങ്കിലുമുണ്ടായിരുന്നെങ്കില് ആ നിമിഷം അവള്‍ തന്റെ ബെല്‍റ്റഴിക്കുമായിരുന്നെന്ന് തോന്നി ഇമാമിന്.

രാത്രി പത്തുമണിയോടെ റിഷിയുടെ ഫോണ്‍കോള്‍.ഒന്നും നടന്നില്ല നിലാ... അവള്‍ പൊട്ടിക്കരയുകയായിരുന്നു. അച്ഛന്‍ ഫോട്ടോസ് അവള്‍ക്കു കൊടുത്തിട്ട് പറഞ്ഞത്രേ, “ഇമാമിനെ എനിക്കറിയാം, ഫോട്ടോമോര്‍ഫിങ്ങും അറിയാം. ഇത് നശിപ്പിച്ചേക്ക്. പിന്നെ ആ ചെക്കന്‍ കഷ്ടപ്പെട്ടുവന്നതല്ലേ, ഇത്തിരി സന്തോഷിച്ചോട്ടെ എന്ന് കരുതിയാ അപ്പോള്‍ ഒന്നും പറയാതെ വിട്ടത്. നീ ഇമാമിനെത്തന്നെ കല്യാണം കഴിച്ചാല്‍ മതി

പിറ്റേന്ന് റിഷിയെ ഫോണില്‍ വിളിച്ചത് അവളുടെ ഉഗ്രപ്രതാപിയായ അമ്മാവന്മാരിലൊരാള്‍. അച്ഛനും അമ്മയും സമ്മതിച്ച സ്ഥിതിക്ക് അവരും കൂടെയുണ്ടാവുമെന്ന് പറയാന്‍. അതോടെ റിഷിയുടെ അവസാനപ്രതീക്ഷയും നഷ്ടമാവുകയായിരുന്നു.

റിഷി...അവന്‍ വിളിച്ചു.
ഉം...അവള്‍ വിളികേട്ടു.
എപ്പഴാ...?”
വൈകണ്ട...
ഇനി ഒന്നൂടി വേണോ?”
അവള്‍ ഒന്നാലോചിച്ചു. വേണ്ട നിലാ... മൂന്നുതവണ കഴിഞ്ഞില്ലേ... ഇനിയുമായാല്‍ ക്ഷീണിച്ച് ചിലപ്പോള്‍ മയങ്ങിപ്പോയാലോ നമ്മള്‍

ശരിയാണ്, ഉഷാറായിത്തന്നെയിരിക്കണം. ഇടതുകഴുത്തിനുതാഴെ വിരല്‍ കൊണ്ട് തൊട്ടു അവന്‍. നേരിയ നീറ്റലുണ്ട്. അവളുടെ കീരിപ്പല്ലുകളുടെ പാട് ചുവന്നുകിടക്കുന്നുണ്ടാവും.
മുഖം തിരിച്ച് ഇമാമിന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു അവള്‍.
ഒന്ന് കുളിക്കണ്ടേ...അവന്‍ ചോദിച്ചു.
വേണ്ടാ... എനിക്ക് ചുറ്റിലും മുന്നിലുമിപ്പോള്‍ നീ മാത്രമാണ്. ഞാനറിയുന്ന അവസാനഗന്ധം നിന്‍റെ നിശ്വാസമായിരിക്കണം. എനിക്കൊരിക്കലും കടന്നുചെല്ലാന്‍ കഴിയാത്ത നിന്‍റെയാഴങ്ങളിലിറങ്ങി ചുറ്റിത്തിരിഞ്ഞുവരുന്ന നിന്‍റെയുള്ളടക്കങ്ങളുടെ ഗന്ധം.

ഇമാം കൈനീട്ടി അവളെ ചേര്‍ത്തുപിടിച്ചു. ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ അവള്‍ ഒതുങ്ങിക്കൂടി. ഇനി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ട് ഫലമില്ലെന്ന് അവനും അറിയാമായിരുന്നു. എന്തായാലും അവള്‍ പോകും, കൂടെ പോകണമെന്നത് തന്‍റെ മാത്രം തീരുമാനം.
നിലാ...
ഉം...
ലവ് യൂ ടാ....
അവളുടെ നിറുകയില്‍ അമര്‍ത്തി ചുംബിച്ചു അവന്‍. കണ്ണുകള്‍ നനയുന്നുണ്ടോ? ഇല്ല. ആര്‍ക്കും സന്ദേശങ്ങളൊന്നും ബാക്കിവയ്ക്കരുതെന്നതും സാധാരണയായി ആരും തെരഞ്ഞെടുക്കാത്ത ഒരു രീതി തന്നെ വേണമെന്നും അവളുടെ നിര്‍ബന്ധമായിരുന്നു. "നാളെ എല്ലാവരും അതിശയിക്കണം, നാമെന്തിനാണിത് ചെയ്തതെന്ന്". അതിനായി അവള്‍ കണ്ടെത്തിയ വഴി എന്താണെന്നറിഞ്ഞപ്പോള്‍ ഇമാമിന് എതിര്‍ക്കാനായില്ല. അതിനുവേണ്ടിയാണോ അവള്‍ ഇതൊക്കെ ചെയ്യാന്‍ തീരുമാനിച്ചത് എന്നുവരെ സംശയം തോന്നിപ്പോയിരുന്നു. എന്നാല്‍ രണ്ടുദിവസം മുന്‍പ്‌...

ന്യൂറോ ഓങ്കോളജിയില്‍ സ്പെഷ്യലൈസ് ചെയ്ത ഡോ. ടോണി റൊസാരിയോ കാണണമെന്ന് പറഞ്ഞപ്പോള്‍ എന്തിനാവുമെന്ന് ഒരൂഹവുമുണ്ടായിരുന്നില്ല ഇമാമിന്. റിഷിനയെന്നു പേരെഴുതിയ ഫയല്‍ തരുമ്പോള്‍ കാതില്‍ ഒരിരമ്പം പോലെ ഡോ.ടോണിയുടെ വാക്കുകള്‍... "തനിക്കറിയുമോ എന്നെനിക്കറിയില്ലജീവിച്ചിരിക്കുന്നിടത്തോളം ആരോടും പറയരുതെന്ന് എന്നെക്കൊണ്ടവള്‍ സത്യം ചെയ്യിച്ചതാണ്. ഇടതുകൈയിലെ ചെറുവിരല്‍ പാതി മടങ്ങി നിവരാതായപ്പോഴാണ് അവള്‍ എന്റെയടുക്കല്‍ വരുന്നത്. ബ്രെയിനിന്റെ റൈറ്റ്‌ കോര്‍ട്ടക്സില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ട്യൂമര്‍...
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത്...
മെഡിക്കല്‍ സയന്‍സിന് ഒന്നും ചെയ്യാനില്ല.
അവളുടെ പേരന്‍സിനു പോലുമറിയില്ല ഇക്കാര്യം...
നാളെ അവളില്ലാതാവുമ്പോള്‍ തനിക്കതൊരു ഷോക്കാവാതിരിക്കാനാണ് ഇപ്പോള്‍...
ഒരിക്കലും റിഷി ഇതറിയരുത്..."

ആ നിമിഷത്തിന്റെ നടുക്കത്തിലാണ് ഇമാമിന് റിഷിയെ മനസ്സിലാവുന്നത്, അവളെ തോല്‍പ്പിക്കാന്‍ ഒന്നിനും കഴിയില്ലെന്നും...

കൈനീട്ടി മേശപ്പുറത്തെ പായ്ക്കറ്റ് എടുത്തു അവള്‍, അതില്‍നിന്ന് രണ്ടുസിറിഞ്ചുകളും. നമുക്ക് വിഷം തന്നെന്നുപറഞ്ഞ് ആരെയും പോലീസ്‌ പിടിക്കില്ല.അവള്‍ ചിരിച്ചു. ഇപ്പോള്‍ മനസ്സ് സ്വസ്ഥമാണ്. അവളുടെ മനോഹരമായ ചിരി ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അവളുടെ ആഗ്രഹം സഫലമാവുന്ന നിമിഷങ്ങളില്‍ കൂടെയായിരിക്കാന്‍ കഴിയുന്നില്ലേ... അതുതന്നെയല്ലേ അവള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം...

ബോട്ടിലുകളില്‍ നിന്ന് ഓരോ സിറിഞ്ചിലും നിറയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു, “റിസ്ക്‌ എടുക്കണോ? പത്തുമതിയായില്ലെങ്കിലോ... പതിനഞ്ചെടുക്കട്ടെ... അല്ലെങ്കില്‍ ഇരുപത്...ഇമാം ചിരിച്ചു, “നിന്‍റെയിഷ്ടം
ഞരമ്പിലേയ്ക്ക് സൂചി കയറുമ്പോള്‍ ഇമാം അവളെ നോക്കി. എത്ര സുന്ദരിയാണവള്‍!!
സിറിഞ്ചും ബോട്ടിലുകളും മാറ്റിവച്ച് അവള്‍ അവനിലേയ്ക്ക് ചേര്‍ന്നു.

അവന്‍റെ കൈകള്‍ക്കുള്ളില്‍ അവന്‍റെ നിശ്വാസം ശ്വസിച്ചുകൊണ്ട്, അവന്‍റെ ചുണ്ടുകള്‍ മണത്തുകൊണ്ട് അവള്‍ കിടന്നു. അവളുടെ വിരല്‍ത്തുമ്പുകള്‍ അവന്‍റെ ചെവിമടക്കുകള്‍ക്കിടയിലൂടെ പരതിക്കൊണ്ടിരുന്നു.

അവന്റെ ചുണ്ടുകള്‍ക്കുള്ളിലേയ്ക്ക് അവള്‍ വിളിച്ചു,
നിലാ....
ഉം...
നമുക്കൊളിച്ചോടാം...
ഉം....
എവിടേയ്ക്കാ...
നീ പറയ്‌...
നിലാവുള്ള എവിടേയ്ക്കും...
ഉം....
"നിലാ...
 .................."

തുറക്കാത്ത വാതിലിനെപ്പറ്റി ഹോട്ടല്‍ മാനേജര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വന്ന പോലീസ്‌ ഓഫീസര്‍ക്ക്‌ നിശ്ചലമായ ശരീരങ്ങളോടൊപ്പം മുറിയില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത് രണ്ടുസിറിഞ്ചും ഇന്‍സുലിന്‍ ബോട്ടിലുകളും മാത്രമായിരുന്നു.



(26..12..2013)