പിന്തിരിഞ്ഞുനോക്കാതെ ഓരോരുത്തരായി നടന്നുനീങ്ങുന്നതുകണ്ട് അയാളിരുന്നു.
ഇരുള് വീണു തുടങ്ങിയിരുന്നു. ചിതയില്‍ ഇപ്പോഴും തീയാളുന്നുണ്ട്. ഇടയ്ക്കിടെ എല്ലുകള്‍ പൊട്ടുന്നശബ്ദം, കത്തുന്ന മാംസത്തിന്റെ അസുഖകരമായ ഗന്ധം.
"എല്ലാരും പോയോ?"
പിന്നില്‍നിന്ന് പെട്ടെന്നൊരു ശബ്ദം കേട്ട് അയാള്‍ ഞെട്ടി.
"ഹാ...രാ......?"
"പേടിക്കേണ്ട, കുറച്ചുസമയമായി ഞാനുമിവിടെയിരിക്കുന്നു, നിങ്ങളെപ്പോലെ തന്നെ."
ഇരുള് വീണു തുടങ്ങിയിരുന്നു. ചിതയില്‍ ഇപ്പോഴും തീയാളുന്നുണ്ട്. ഇടയ്ക്കിടെ എല്ലുകള്‍ പൊട്ടുന്നശബ്ദം, കത്തുന്ന മാംസത്തിന്റെ അസുഖകരമായ ഗന്ധം.
"എല്ലാരും പോയോ?"
പിന്നില്‍നിന്ന് പെട്ടെന്നൊരു ശബ്ദം കേട്ട് അയാള്‍ ഞെട്ടി.
"ഹാ...രാ......?"
"പേടിക്കേണ്ട, കുറച്ചുസമയമായി ഞാനുമിവിടെയിരിക്കുന്നു, നിങ്ങളെപ്പോലെ തന്നെ."
അതൊരു സ്ത്രീയാണെന്നുകണ്ട് അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു. സൗമ്യമായ ഒരു വാക്കിനോ സ്പര്‍ശത്തിനോ വേണ്ടി താന്‍ കൊതിയ്ക്കുന്നുണ്ടായിരുന്നെന്ന് അയാള്‍ തിരിച്ചറിഞ്ഞതപ്പോഴാണ്.
മുഖം തിരിച്ച് അയാള്‍ അവളെ നോക്കി, നന്നായി കാണാന്‍ കഴിയുന്നില്ല.
തലേന്ന് രാത്രി ഉറക്കമൊഴിഞ്ഞതുപോലെ കണ്ണുകള്‍ക്കൊരു മങ്ങല്‍. ഇന്നലെ രാത്രി ശരിക്കുറങ്ങിയിരുന്നില്ലേ? ഓര്‍ക്കാന്‍ കഴിയുന്നില്ല.
കണ്ണടച്ച് നന്നായി തിരുമ്മി അയാള്‍ വീണ്ടും അവളെ നോക്കി, "നിങ്ങളുടെ ആരായിരുന്നു.... അത്?"
അവള് പതിയെ ചിരിച്ചു, "എന്റെ ആരുമല്ല."
"പിന്നെ...?"
അവളുടെ മൗനം മൂടിയ കണ്ണുകളെ പിന്തുടര്ന്ന് അയാളെത്തിയത് വീണ്ടും ചിതയിലേയ്ക്കായിരുന്നു.
ഒരു നിമിഷത്തിനുശേഷം അവള് പറഞ്ഞു, "ജീവിച്ചിരുന്നെങ്കില്‍ എന്നെ വിവാഹം കഴിയ്ക്കാനിരുന്നയാള്‍".
"ക്ഷമിക്കണം, ഞാനറിഞ്ഞില്ല." ആ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് അയാള്‍ക്കു തോന്നി.
"സാരമില്ല, നിങ്ങള്‍ക്ക് എന്നെപ്പോലുമറിയില്ലല്ലോ." അവള് ചിതയില്‍നിന്നു നോട്ടം മാറ്റി.
മീനമാസമായതുകൊണ്ടാവണം ഇരുള് വീണിട്ടും തണുപ്പ് പടരുന്നില്ല. ആളിക്കത്തിയെങ്കിലും തീയുടെ ചൂടും അവിടെവരെ എത്തുന്നില്ല. കുറച്ചുസമയം അവര്‍ക്കിടയില്‍ മൗനം മാത്രമായിരുന്നു.
"വല്ലാതെ വരണ്ട കാലാവസ്ഥ അല്ലേ?" എന്തെങ്കിലുമൊന്നു ചോദിക്കേണ്ടേ എന്ന് കരുതി അയാള്‍. അവള് വെറുതെ മൂളി.
അവള്‍ക്ക് സംസാരിക്കാന്‍ താല്പര്യമുണ്ടാവില്ല, അയാളോര്‍ത്തു. പ്രതിശ്രുതവരന്റെ ചിതയ്ക്ക് മുന്നിലാണ് അവളിരിയ്ക്കുന്നത്. ഇരമ്പുന്ന ഓര്‍മ്മകള്‍, തകര്‍ന്ന സ്വപ്നങ്ങള്‍... അവളെ ഒറ്റയ്ക്ക് വിടാം.
അയാള്‍ തിരിഞ്ഞു കിഴക്കേ മാനത്തേയ്ക്ക് നോക്കി. ഒരേ ദിശയിലേയ്ക്ക് ഒറ്റയ്ക്കും തെറ്റയ്ക്കും പറന്നുപോവുന്ന പക്ഷികള്‍. ഒരേ മരത്തിലാണോ അവയെല്ലാം ചേക്കേറുന്നത്? ഒരേ ദിക്കിലേയ്ക്കാണോ അവയെന്നും തീറ്റ തേടിയിറങ്ങുന്നത്? വലതുകാലിന്റെ പെരുവിരല്‍കൊണ്ട് തറയിലെ മണ്ണില്‍ അയാള്‍ അമര്‍ത്തി. മണ്ണിനു നേരിയ നനവുണ്ട്, ഇന്ന് വൈകിട്ടും മഴ പൊടിഞ്ഞിരുന്നു.
"പക്ഷികള്‍ കൊതിയ്ക്കുന്നുണ്ടാവുന്നില്ലേ നമ്മെപ്പോലെ ഭൂമിയില്‍ നടക്കാന്‍?"
" ങ്ങ്... ഹേ...?" അയാള്‍ ഞെട്ടി.
അവള് വീണ്ടും, "അതേ, അവയെപ്പോലെ ആകാശത്തു പറക്കാന്‍ നമ്മള് കൊതിയ്ക്കുന്നത് നമുക്ക് പറക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ, അപ്പോള്‍ നമ്മെപ്പോലെ ഭൂമിയില്‍ ജീവിക്കാന്‍, ഓടാനും, ചാടാനും, നീന്താനുമൊക്കെ, അവരും കൊതിയ്ക്കുന്നുണ്ടാവില്ലേ?"
അയാള്‍ക്ക് ഒന്നും പറയാന്‍ തോന്നിയില്ല, ഒന്നിനെക്കുറിച്ചും ചിന്തിക്കാനും.
"പക്ഷികളെപ്പോലെ പറക്കാനും മത്സ്യങ്ങളെപ്പോലെ നദിയിലൂടെയൊഴുകാനും എനിക്കും മോഹമുണ്ടായിരുന്നു, ഏതാനും ദിവസങ്ങള്‍ മുന്‍പുവരെ... ഇപ്പോഴതില്ല."
അതിന് കാരണമെന്തെന്ന് അയാള്‍ ചോദിച്ചില്ല. വിട്ടുപോയ ഏതൊക്കെയോ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാനുണ്ടെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു.
അവള് വീണ്ടും പതിയെ ചിരിച്ചു, "തുമ്പിയുടെ ചിറകുകള് ഫോസിലുകള്‍ പോലിരിക്കുന്നത് എന്തുകൊണ്ടെന്നറിയുമോ? അല്ലെങ്കില്‍ ഏറ്റവും സുന്ദരമായ ജീവികള്‍ കടലിന്റെ അടിത്തട്ടില്‍ ജീവിക്കുന്നത് എന്തുകൊണ്ടെന്ന്? പോട്ടെ, ആ മുരിക്കിന്റെ ഉണങ്ങിയ ചില്ലയിലൂടെ കാണുന്ന ഇളംചുവപ്പുനക്ഷത്രം ആറുവര്ഷങ്ങള്ക്കുമുന്പ് എരിഞ്ഞുതീര്‍ന്നതാണെന്നറിയുമോ?"
അവള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു, അതും അവളുടെ ഭാവിവരന് ഇനിയും എരിഞ്ഞുതീരാത്ത ഈ സമയത്ത്? ഒരുപക്ഷെ അവര്‍ തമ്മില്‍ അത്രയ്ക്കൊന്നും അടുപ്പമുണ്ടായിരുന്നിരിക്കില്ല, അല്ലെങ്കില്‍....
"വരൂ....ഇനിയും ഇവിടെയിരുന്നിട്ടു കാര്യമില്ല".
അവള് പോവാനായെണീറ്റതാണെന്ന് അയാളറിഞ്ഞു.
പെട്ടെന്ന് അയാള്‍ക്ക് ഭയം തോന്നി. ഒരാശ്രയത്തിന് അവളുടെ കൈകളില്‍ പിടിക്കാന്‍ അയാള്‍ കൊതിച്ചു. അറിയാതെതന്നെ അയാളും എണീറ്റു.
നീങ്ങിത്തുടങ്ങിയപ്പോള്‍ അവള് പറഞ്ഞുകൊണ്ടിരുന്നു,
"നിങ്ങള്‍ക്കറിയില്ല, നിങ്ങളുടെ ജാതകത്തില്‍ എകവിവാഹയോഗം... അത് ഞാനായിരുന്നു...
ഒറ്റയ്ക്കുള്ള ജീവിതം നിങ്ങള്‍ക്ക് വിധിച്ചിട്ടുണ്ടായിരുന്നില്ല...
നാലു ദിവസങ്ങള്‍ക്കുമുന്‍പ് സിഗ്നല്‍ തെറ്റിവന്ന കാര്‍ തട്ടി റോഡില്‍ തലയടിച്ചു വീഴുമ്പോള്‍ ഞാനും ഇതൊന്നുമറിഞ്ഞിരുന്നില്ല....
ഇന്നലെ വൈകിട്ട് കണ്‍സ്ട്രക്ഷന്‍ സൈറ്റിന് മുകള്‍നിലയില്‍നിന്ന് കാല്‍വഴുതി പിന്നിലേയ്ക്ക് നിങ്ങള്‍ മറിയുമ്പോള്‍....
താങ്ങാന്‍ അവിടെ ഞാന്‍ മാത്രമായിപ്പോയതുകൊണ്ട്.... "
അയാള്‍ തിരിച്ചറിവുകളിലേയ്ക്ക് നടക്കുകയായിരുന്നു.
അവള് പറഞ്ഞുകൊണ്ടിരുന്നു,
"അതുപോട്ടെ,
ഏതു പാത്രത്തിലാണ് നിലാവിരിക്കുന്നതെന്ന്....
തുമ്പിയുടെ ചിറകുകളും കരിഞ്ഞ നക്ഷത്രവും ഇരുട്ടിലും ചിരിക്കുന്ന.....
ഞാന്‍ നിങ്ങള്‍ക്ക് വേറെയും ചിലത്...."
അയാള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല...
പുല്‍ക്കൊടിത്തുമ്പില്‍നിന്നുയര്‍ന്ന് മരക്കൊമ്പുകളില്‍ ചേക്കയിരിക്കുന്ന പക്ഷികള്‍ക്ക് നടുവിലൂടെ, ചൂടും തണുപ്പുമില്ലാത്ത ആകാശരാത്രിയിലേയ്ക്ക് അവളോടൊപ്പം നീങ്ങുമ്പോള്‍ അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നു,
'നാലുദിവസങ്ങള്‍ക്കുമുന്‍പ് ഇവളുടെ നിശ്വാസത്തിന് ഏതുപൂവിന്റെ ഗന്ധമായിരുന്നിരിക്കും...?'
(14..06..2011)
'നാലുദിവസങ്ങള്‍ക്കുമുന്‍പ് ഇവളുടെ നിശ്വാസത്തിന് ഏതുപൂവിന്റെ ഗന്ധമായിരുന്നിരിക്കും...?'
(14..06..2011)