Thursday, April 28, 2011

നാരങ്ങാമിഠായി


നേരിയ മയക്കത്തിലാണ്ടിരുന്നപ്പോള്‍ കേട്ട ഒരു വിളിയില്‍ നിന്നാണ് എന്‍റെ സങ്കടങ്ങള്‍ തുടങ്ങിയത്. 

ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പിന്നിട്ട് തെക്കോട്ട് പായുകയായിരുന്നു.  മൂന്നുദിവസത്തെ യാത്രയുടെ ആലസ്യം.  മഴക്കാര്‍ മൂടിയ അന്തരീക്ഷവും ഇളംകാറ്റിന്‍റെ തണുപ്പും ചേര്‍ന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി.

“കടലമിഠായീ... നാരങ്ങാമിഠായീ... ചൂടുകടലമിഠായീ...” 
നീട്ടിവിളിക്കുന്നത് കേട്ടാണ് ഉറക്കം ഞെട്ടിയത്.  

കയ്യില്‍ ഒതുക്കിപ്പിടിച്ച ട്രേയില്‍ ശര്‍ക്കര ചേര്‍ത്തുണ്ടാക്കിയ പീനട്ട് കാന്‍ഡി.  

ഇറക്കുമതി ചെയ്തുവരുന്ന പീനട്ട് ബട്ടര്‍ സ്പൂണ്‍ കൊണ്ടെടുത്ത് ബ്രെഡില്‍ ചേര്‍ത്തുകഴിക്കാന്‍ മടിയില്ല കുട്ടികള്‍ക്ക്.  എന്നാല്‍ കടലമിഠായി അഥവാ കപ്പലണ്ടിമിഠായി അവര്‍ക്ക് ഇഷ്ടമല്ല.  വല്ലപ്പോഴും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇഷ്ടത്തോടെ വാങ്ങുന്നത് ഒറ്റയ്ക്ക് കഴിച്ചു തീര്‍ക്കേണ്ടി വരാറുണ്ട്.

ട്രേയിലേയ്ക്ക് വെറുതെ നോക്കി.
 
“നല്ല ചൂടുണ്ട് സാറേ...” വില്‍പ്പനക്കാരന്‍ പയ്യന്‍.

ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന് മനസ്സില്‍ പറഞ്ഞ് വിരല്‍ത്തുമ്പു കൊണ്ട് കവറിനു മേലെ തൊട്ടപ്പോള്‍.... അത്ഭുതം! അയാള്‍ പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ പായ്ക്കറ്റിലാക്കിയ ചൂട്‌.  എന്തിനെയും സംശയിക്കുന്ന മനസ്... തണുത്തുപോയ മിഠായി ചൂടാക്കാന്‍ അയാള്‍ എന്താവും ചെയ്തിരിക്കുക എന്ന് ചിന്തിച്ചു.

വേണ്ടെന്നു തലയാട്ടി അയാളെ പറഞ്ഞു വിടാനൊരുങ്ങുമ്പോഴാണ് ട്രേയില്‍ അടുത്തായി നാരങ്ങാമിഠായിയുടെ പായ്ക്കറ്റ് കണ്ടത്.

കുഞ്ഞുന്നാളിലെ നാടന്‍ മിഠായിയുടെ മധുരം നാവിന്‍തുമ്പില്‍ ഓടിക്കളിച്ചു.  പിന്നീടും പലപ്പോഴായി രുചിച്ചിട്ടുണ്ടെങ്കിലും നാടന്‍ അച്ചില്‍ തീര്‍ത്ത്‌ നാട്ടുമ്പുറത്തെ ചില്ലുഭരണിയിലിരുന്നു ചിരിക്കുന്ന അന്നത്തെ നാരങ്ങാമിഠായിയുടെ നിറവും മണവും രുചിയും പിന്നീട് എവിടെനിന്നും കിട്ടിയിട്ടില്ല.

പക്ഷെ ആ ട്രേയില്‍ കണ്ട മിഠായികള്‍ക്ക് അന്നത്തെ നിറമായിരുന്നു, നേരിയ ചൂടും...


ഒരു പായ്ക്കറ്റ് പന്ത്രണ്ടുരൂപ.  ഒന്നുവാങ്ങി കവറിന്‍റെ മൂലയ്ക്ക് കടിച്ചുപൊട്ടിച്ചു.  മാലിനിയും കുട്ടികളും കൂടെയില്ലാത്തതിന്റെ ആഘോഷങ്ങളില്‍ ഒന്ന്. 

കുട്ടികള്‍ക്ക് ഡാഡിയുടെ പെരുമാറ്റങ്ങള്‍ പലപ്പോഴും കള്‍ച്ചറില്ലാത്തവയാണ്.  പരിപ്പും തൈരുമൊക്കെ കൂട്ടിയുണ്ടിട്ട് ഒടുവില്‍ വിരല്‍ത്തുമ്പില്‍ പിടിച്ചിരിക്കുന്ന തരികളെ, മറ്റാരുമില്ലാത്തപ്പോഴാണെങ്കില്‍ മാത്രം, പതിയെ നാവില്‍ വയ്ക്കുമ്പോഴും, ഇത്തിരിമുറ്റത്തെ ആര്‍ഭാടമായ തെങ്ങിന്‍തൈയിലെ ഓലയില്‍നിന്ന് ഈര്‍ക്കിലൂരി നാക്കുവടിക്കുമ്പോഴും അവര്‍ പറയും, “ഛെ!!”.  ആ ഒരൊറ്റ അക്ഷരത്തില്‍ ഒരദ്ധ്യായത്തിന്റെ മുഴുവന്‍ ആക്ഷേപവും അടങ്ങിയിരിക്കുന്നു.

നാരങ്ങയല്ലിപോലെതന്നെ ഇളംമഞ്ഞനിറമുള്ള ഒരു മിഠായി എടുത്ത് നാവില്‍ വച്ചു.  ഉമിനീരില്‍ അലിഞ്ഞിറങ്ങിയ മധുരം... കണ്ണുകളടച്ചപ്പോള്‍.... വള്ളിനിക്കറുമിട്ട് ചുരുട്ടിയ വിരലുകള്‍ക്കുള്ളില്‍ പത്തുപൈസയുമായി അടുത്ത പെട്ടിപ്പീടികയിലേയ്ക്കോടുന്ന ഏഴുവയസ്സുകാരന്റേതായി മനസ്‌.  അതേ രുചി, അതേ മണം, അതേ പെട്ടിപ്പീടിക.... ചില്ലുഭരണി...

പിന്നെ ഒരോട്ടമായിരുന്നു, ലാപ്‌ടോപ്പടങ്ങിയ ബാഗ് സീറ്റിലിരിക്കുകയാണെന്നുകൂടി ചിന്തിക്കാതെ.  അടുത്ത കമ്പാര്‍ട്ടുമെന്റിന്റെ അങ്ങേയറ്റത്തെത്തിയിരുന്നു വില്‍പ്പനക്കാരന്‍.  വരുന്ന സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിപ്പൊയ്ക്കളയുന്നെങ്കിലോ?
 
അഞ്ചുപായ്ക്കറ്റ് കൂടി വാങ്ങി, പത്തുപൈസ കൊടുക്കുമ്പോള്‍ ചില്ലുഭരണിയില്‍ കയ്യിട്ട് കടക്കാരന്‍ എണ്ണിത്തരുന്ന നാല് മിഠായിയും കൈക്കുള്ളില്‍ ഇറുകെ പിടിച്ച് വീട്ടിലേയ്ക്ക് തിരിച്ചോടുന്ന വള്ളിനിക്കറുകാരനായി മനസ്.

തിരിച്ചെത്തിയപ്പോള്‍.... ഭാഗ്യം... ബാഗ് അവിടെത്തന്നെയുണ്ട്.  നാരങ്ങാമിഠായിക്കുപിന്നാലെ ഓടി ലാപ്‌ടോപ്‌ നഷ്ടപ്പെട്ടെന്ന് മാലിനിയോടു പറയേണ്ടിവന്നിരുന്നെങ്കില്‍.... ആ നിമിഷം അവള്‍ കുട്ടികളെയും കൂട്ടി അവളുടെ വീട്ടിലേയ്ക്ക് പോകുമായിരുന്നു.  പിന്നെ വരുന്നത് ചിലപ്പോള്‍ വക്കീല്‍ നോട്ടീസാവും.

അഞ്ചുപായ്ക്കറ്റും ബാഗിനുള്ളില്‍ ഭദ്രമായി വച്ചു.  മുഖത്തെ പുഞ്ചിരി കണ്ടിട്ടാവും എതിരെ ഇരുന്ന പെണ്‍കുട്ടി പകപ്പോടെ നോക്കി.  ഫുള്‍സ്ലീവ് ഷര്‍ട്ടും കണ്ണടയും നരകയറിത്തുടങ്ങിയ മുടിയിഴകളും നാരങ്ങാമിഠായിക്കാരന്റെ പിന്നാലെയുള്ള ഓട്ടവും, വിജയഭാവത്തിലെ തിരിച്ചുവരവും........ മൂന്നാമന്‍റെ കണ്ണിലൂടെ നോക്കിയപ്പോള്‍ അവള്‍ എന്താവും ചിന്തിച്ചിട്ടുണ്ടാവുകയെന്നൂഹിച്ചു.

ആദ്യം തുറന്ന പായ്ക്കറ്റ് ബാഗിന്‍റെ സൈഡിലെ ചെറിയ അറതുറന്ന് അതില്‍ ചരിയാതെ വച്ചു.  അതില്‍നിന്ന് ആരും കാണാതെ ഓരോന്നെടുക്കാം.  സീറ്റിലേയ്ക്ക് ചാഞ്ഞിരുന്ന്‍ ഒന്നും ശ്രദ്ധിക്കാത്തപോലെ കണ്ണടച്ചു.  

പിന്നീടുള്ള മൂന്നു മണിക്കൂര്‍ നാരങ്ങാമിഠായികളുടേതായിരുന്നു.  മഞ്ഞിറങ്ങുന്ന പാടവരമ്പുകള്‍...  കഴുത്തില്‍ തോര്‍ത്തുകെട്ടി കൈത്തോട്ടില്‍നിന്ന് പിടിച്ച ആരോന്‍, മുഷി, വാഴയ്ക്കാവരയന്‍... വറുത്ത പുഴമീനിന്റെ സ്വാദ്‌...

വീട്ടില്‍ ചെന്നുകയറുമ്പോള്‍ കുട്ടികള്‍ ഇന്‍റര്‍നെറ്റിനു മുന്നില്‍, ഭാര്യ സീരിയലിനുള്ളില്‍.  കുളിച്ച് വേഷം മാറി വരുമ്പോള്‍ ജോലിക്കാരി ചായയുമായെത്തി.  ഉന്നതപദവിയും അഹന്തയില്ലായ്മയും ഉത്തമവരന്റെ ഗുണങ്ങളായി കണ്ട മനുഷ്യന്റെ മകള്‍ക്ക് കുടുംബ മഹിമയും ആഡംബരവും കുറഞ്ഞ ഭര്‍ത്താവിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.  കുട്ടികളെ നിങ്ങളുടെ സംസ്കാരത്തില്‍ വളര്‍ത്തരുതെന്ന് ഒരിക്കല്‍ അവള്‍ തുറന്നടിച്ചപ്പോള്‍ പിന്നീടെല്ലാം അവളുടെ ഇഷ്ടത്തിനായിരുന്നു.  അവര്‍ അമ്മയുടെ സ്റ്റാറ്റസില്‍ വളര്‍ന്നു, ആരോടും മമതയില്ലാതെ, തികഞ്ഞ സ്വാര്‍ത്ഥരായി....

ചായ കുടിച്ചുകഴിഞ്ഞപ്പോഴാണ് നാരങ്ങാമിഠായി കുട്ടികള്‍ക്ക് കൊടുത്തുനോക്കിയാലോ എന്നാലോചിച്ചത്.  പായ്ക്കറ്റ് അവര്‍ കാണാന്‍ പാടില്ല.  നെസ്ലെയുടെയോ കാഡ്ബറിയുടെയോ പോലെ സ്റ്റൈലുള്ള പായ്ക്കറ്റില്‍ വരുന്നതേ കഴിക്കാന്‍ കൊള്ളൂ എന്ന ട്രെയിനിംഗ് അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

ബാഗില്‍നിന്ന് ഒരു പായ്ക്കറ്റ് എടുത്തുതുറന്ന് കയ്യില്‍ ഒളിപ്പിച്ചു.  

കുട്ടികളുടെ സ്റ്റഡി റൂമില്‍ എത്തിയപ്പോള്‍ മകന്‍ ഹോംവര്‍ക്ക്‌ ചെയ്യുന്നു, മകള്‍ കോമിക്സ് വായിക്കുന്നു. 

‘ഹായ്‌....’ 
പറഞ്ഞതിന് മകന്‍ മുഖമുയര്‍ത്തിയും മകള്‍ കോമിക്സില്‍നിന്ന് കണ്ണെടുക്കാതെയും പറഞ്ഞു, ‘ഹായ്‌ ഡാഡീ...’

ആഴ്ചയില്‍ ഒരിക്കല്‍ അങ്ങാടിയില്‍ പോയിവരുന്ന അച്ഛന്‍ ഒതുക്കുകള്‍ കയറുമ്പോഴേ ഓടിപ്പോയി ഇരുകൈകളിലായി തൂങ്ങുമായിരുന്നു അനിയത്തിയും താനും.  കടലാസുപൊതിയില്‍ നിന്ന് അരിമുറുക്കും തേങ്ങാമിഠായിയും വീതിച്ചെടുത്ത് മുറ്റത്തെ താളിമാവിന്‍ കൊമ്പില്‍ ഇളംകാറ്റില്‍ ചാഞ്ഞുകിടന്നുകൊണ്ട് ഓരോന്നായി.......  എന്റെ കുട്ടികള്‍ക്ക് ഒന്നും ആവശ്യമില്ല, എന്നെപ്പോലും.

“നിഖില്‍, നിവ്യ... രണ്ടാളും ഒന്ന് കണ്ണടച്ചേ....”
നിവ്യ തലയുയര്‍ത്തിനോക്കി.
“എന്താ ഡാഡീ...?”  നിഖില്‍ ചോദിച്ചു.
“ഡാഡി ഒരു സാധനം തരാം”
ഒന്ന് സംശയിച്ച് നിഖില്‍ കണ്ണടച്ചു.  നിവ്യ രസച്ചരട് പൊട്ടിയതിന്റെ അലോസരത്തോടെയും.
 
“ഇനി രണ്ടാളും ‘ആ...’ തുറന്നേ....”
തുറന്ന ചുണ്ടുകള്‍ക്കിടയിലേയ്ക്ക് ഓരോ നാരങ്ങാ മിഠായി വച്ചുകൊടുത്തപ്പോള്‍ രണ്ടാളും കണ്ണുതുറന്നു.

നാവിലെ രുചി.... ഒന്ന് സംശയിച്ചിട്ട് നിവ്യ ചോദിച്ചു, “ഇതെന്താ?”
“മോള്‍ക്കിഷ്ടായോ?”  ഏറെ പ്രതീക്ഷയോടെയാണ് ചോദിച്ചത്.

ഉണ്ടെന്നോ ഇല്ലെന്നോ അവള്‍ പറയുന്നതിനുമുന്‍പ്‌ ഇടതുകയ്യില്‍ പിന്നിലൊളിപ്പിച്ചുവച്ചിരുന്ന പായ്ക്കറ്റ് നിഖില്‍ കണ്ടുപിടിച്ചു. 
പിന്നെ ഒരോട്ടമായിരുന്നു, വേസ്റ്റ്ബാസ്ക്കറ്റിനടുത്തേയ്ക്ക്. “ത്ഫൂ...”  ഇളം മഞ്ഞ മിഠായി അതാ വേസ്റ്റ് പേപ്പറുകള്‍ക്കു മുകളില്‍!  അവനു പിന്നാലെ നിവ്യയും.

“മമ്മി പറഞ്ഞിട്ടുണ്ട്, ഇങ്ങനെയുള്ളതൊന്നും വാങ്ങിക്കഴിക്കരുതെന്ന്, കമ്പനിപ്പേരില്ലാത്തത്.”  കുറ്റപ്പെടുത്തുന്ന മട്ടില്‍ നോക്കി നിഖില്‍, “മമ്മി കാണണ്ട...”

തികച്ചും പരാജിതനായി സ്റ്റഡിറൂമിനു പുറത്തേയ്ക്കിറങ്ങുമ്പോള്‍ ആലോചിക്കുകയായിരുന്നു, അരിമുറുക്കും തേങ്ങാമിഠായിയും ഏതു കമ്പനിയുടേതായിരുന്നു.... ഉത്സവം കാണാന്‍ പോകുമ്പോള്‍ അച്ഛന്‍ വാങ്ങിത്തന്നിരുന്ന കുഴലപ്പവും ശര്‍ക്കരവരട്ടിയും....

മനസ്സിന്‍റെ നീറ്റല്‍ വിഷാദമായി മാറിയപ്പോള്‍ ഭക്ഷണം കഴിച്ചെന്നു വരുത്തി.  മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം  കിടപ്പുമുറിയിലെത്തുമ്പോള്‍... മാലിനി വിവാഹത്തിനുസമ്മതിച്ചത് വരന്‍റെ വിരിഞ്ഞ നെഞ്ചും കനത്ത മസിലുകളും മാത്രം കണ്ടിട്ടാണെന്ന യാഥാര്‍ത്ഥ്യം ഒരുദിവസത്തേയ്ക്ക് മറക്കാം എന്ന് തീരുമാനിച്ചിരുന്നു.  വാഴയ്ക്കും തെങ്ങിനും തടം പിടിച്ചും വെള്ളം കോരിയും ഉണ്ടായതാണ് ആ മസിലുകള്‍ എന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നേ അവള്‍ ഒരുപക്ഷെ....

“ഇന്നെന്താ ഉറങ്ങാനാണോ ഭാവം...?”  ചോദ്യം കേട്ടില്ലെന്നു നടിച്ചു.
അസ്വസ്ഥമായ രാത്രിയ്ക്കുശേഷം ഉണര്‍ന്നപ്പോള്‍ കണ്ണുതുറന്നത് വാശിയാണ്.
 
വൈകിട്ട് ഓഫീസിനടുത്തുള്ള ബേക്കറിയില്‍ കയറി ജ്യൂസ് കഴിക്കുമ്പോള്‍ ബേക്കറി ഉടമയുടെ കൈവശം നാരങ്ങാമിഠായിയുടെ നാലുപായ്ക്കറ്റ് എടുത്തുകൊടുത്തു.

“ഹാ.... ഇത് നമ്മുടെ പഴയ നാരങ്ങാമിഠായിയല്ലേ സാറേ...?”
“അതെ, ഇവിടെ നട്സൊക്കെ പൊടിക്കുന്ന ചെറിയ ക്രഷര്‍ ഉണ്ടാവുമല്ലോ, അതിലിട്ട് ഇതൊന്നു പൊടിയാക്കിത്തരണം.”  

കടക്കാരന്‍ സംശയത്തോടെ നോക്കി, 
“എന്തിനാ സാറേ ഇത്?”
“പുഡിംഗ് ഡെക്കറേറ്റ്‌ ചെയ്യാനാ.”

ചിരിച്ചു തലയാട്ടി അയാള്‍ അകത്തേയ്ക്ക്പോയസമയത്ത് ബേക്കറി മുഴുവന്‍ പരിശോധിച്ചു.  ഒടുവില്‍ തേടിയത് കണ്ടെത്തി – ഇറക്കുമതി ചെയ്ത ചോക്കലേറ്റ്‌.  അറബി വായിക്കാന്‍ എന്തായാലും മാലിനിയ്ക്കോ കുട്ടികള്‍ക്കോ അറിയില്ല.
 
വീട്ടിലേയ്ക്ക് പോയവഴിയില്‍ കാര്‍ ഒതുക്കി വളരെ സൂക്ഷിച്ച് ചോക്ലേറ്റ്‌ പായ്ക്കറ്റ് എടുത്ത് അകത്തെ പ്ലാസ്റ്റിക്‌ കവര്‍ ശ്രദ്ധയോടെ തുറന്നു.  ഉള്ളിലെ ചോക്ലേറ്റ്‌ പുറത്തെടുത്ത് കവറില്‍ തരികളായി പൊടിച്ച നാരങ്ങാമിഠായി നിറച്ചു.  ഓഫീസ്‌കിറ്റില്‍ നിന്നും പശ എടുത്ത് പായ്ക്കറ്റും പുറംകവറും ശ്രദ്ധയോടെ ഒട്ടിച്ചു.  അവള്‍ക്ക് ഒരു സംശയവും തോന്നരുത്.

വീട്ടിലെത്തി.  അല്പം വിശ്രമത്തിനുശേഷം മാലിനിയെ വിളിച്ചു,
“നീ പോയി അല്പം മില്‍ക്ക്ഷേക്ക് ഉണ്ടാക്ക്.”

മാലിനിയുടെ പുരികം ചുളിഞ്ഞു.  ഒരിക്കല്‍പ്പോലും മില്‍ക്ക്ഷേക്ക്‌ആവശ്യപ്പെടാത്ത ഒരാള്‍...!  

മിഠായിത്തരി നിറച്ച പായ്ക്കറ്റ് എടുത്ത് അവളെ ഏല്‍പ്പിച്ചു,   “ഇതുകൂടി ചേര്‍ത്തോളൂ, നന്നായിരിക്കും.  കുട്ടികള്‍ക്കും കൊടുക്ക്‌, അവര്‍ക്കും ഇഷ്ടാവും.”

അല്പസമയം കഴിഞ്ഞപ്പോള്‍ ഗ്ളാസില്‍ ഷേക്കുമായി മാലിനി എത്തി. 
“ഇതെന്തിന്റെ പൊടിയാണ്?  നല്ല സ്വാദുണ്ട്”.

സ്പൂണില്‍ അല്പമെടുത്ത്‌ രുചിച്ചുനോക്കി, കൊള്ളാം.

“കുട്ടികള്‍ക്കു കൊടുത്തോ?”

“ഉം.... അവര്‍ ദാ അവിടെ ഇനിയും വേണമെന്നുപറഞ്ഞ് നില്‍ക്കുന്നു.”

ഉള്ളില്‍ ചിരിപൊട്ടി.  

“പക്ഷേ എനിക്കിഷ്ടായില്ല.  ഇതുകൂടി അവര്‍ക്കു കൊടുത്തേയ്ക്കു...”

മാലിനിയുടെ കണ്ണുകള്‍ക്ക്‌ മൂര്‍ച്ചയേറിയപ്പോള്‍ മുഖം തിരിച്ചു.

ഡോര്‍ കടന്ന് വെളിയിലേയ്ക്കുപോകുന്ന അവളുടെ സ്വരം - “അല്ലെങ്കിലും നല്ലതൊന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല...”

ചിരിയമര്‍ത്തി തിരിഞ്ഞപ്പോള്‍ എതിര്‍വശത്തെ കണ്ണാടിയില്‍ കണ്ട മുഖം തിരിച്ചറിയാന്‍ വൈകി.  പത്താംതരത്തില്‍ രണ്ടാംറാങ്ക് നേടിയെന്നറിഞ്ഞ പൊടിമീശക്കാരനായിരുന്നു അതില്‍....


(ഇപ്പോഴും തൃശൂരിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ ട്രെയിനില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന നാടന്‍ നാരങ്ങാമിഠായിയുടെ സ്വാദ്‌ പലതവണ അറിഞ്ഞപ്പോള്‍ എഴുതാന്‍ തോന്നിയത്.)

16 comments:

  1. തലമുറകള്‍ തമ്മിലെ വിടവ് "മധുരമായി" അവതരിപ്പിച്ചു.എവിടെയും കാണുന്ന രംഗങ്ങള്‍ .എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അഭിനന്ദനങ്ങള്‍ .

    ReplyDelete
  2. എനിക്ക് വളരെയധികം ഇഷ്ടമായി ഈ കഥ. വളരെ മനോഹരമായി അത് പറയുകയും ചെയ്തിട്ടുണ്ട്. പഴയ നാരങ്ങാമുട്ടായിയും ലൂബിക്കാ ഉപ്പിലിട്ടതും ഒക്കെ ഇപ്പോള്‍ കിട്ടുന്നുണ്ടല്ലേ.. കാണാറേ ഇല്ല.. നല്ല എഴുത്ത്. ഇനിയും വരാന്‍ ശ്രമിക്കുന്നതാണ്.

    ReplyDelete
  3. കഥ രണ്ടു ദേശങ്ങളിലായിത്തന്നെ പറയാമായിരുന്നു...

    ReplyDelete
  4. കുട്ടികൾക്കുവേണ്ടി വാങ്ങുന്ന കടലമിഠായി കൊതി അടക്കാനാവാതെ മുഴുവനും കഴിച്ചുപോകുന്ന അച്ഛനായ എനിക്ക് ഈ കഥ വളരെയധികം ഇഷ്ടപ്പെട്ടു. പുതിയ തലമുറയ്ക്ക് ഇത്തരം 'കൺട്രി' ഭക്ഷണങ്ങളോട് താൽപ്പര്യം പൊതുവേ കുറവാണ്. കുട്ടിക്കാലത്ത് അച്ഛൻറെ മടിശ്ശീലയിൽ വരുന്ന അരിമുറുക്കിനും കടലമിഠായിക്കും വേണ്ടി കാത്തിരിക്കുമായിരുന്ന ബാല്യം ഓർമ്മവന്നു ഈ ലേഖനം വായിച്ചപ്പോൾ.

    ReplyDelete
  5. കഥ ഇഷ്ടായി . കാലം ഏറെയൊന്നും തിരിഞ്ഞു നോക്കാനില്ലാത്തത്രയും ദൂരത്തിരുന്ന് ഞാനും കഴിച്ചിരുന്നല്ലോ ഈ നാരങ്ങാ മിഠായി .
    പക്ഷേ സ്വാര്‍ത്ഥതയുടെ കാര്യം പറഞ്ഞത് എന്തോ ഒരു കല്ലു കടി . ആര്‍ക്കാണ് സ്വാര്‍ത്ഥതയില്ലാതിരുന്നത് . കുടുംബജീവിതത്തില്‍ അന്ന്‍ ഒട്ടും സ്വാര്‍ത്ഥതയില്ലായിരുന്നോ ?

    ReplyDelete
  6. നല്ല കഥ, മനോഹരമായ അവതരണം.
    ആശംസകള്‍ .....

    ReplyDelete
  7. കാരക്ക ഉപ്പിലിട്ടത്‌ കഴിച്ചതു പോലെ അതി രസം.All the Best

    ReplyDelete
  8. വായനയില്‍ ഒരേ സമയം ഉള്ളില്‍ നിന്നൊരു ചിരിയും കണ്ണുകളിലൊരു ഈര്‍പ്പവും നിറഞ്ഞു.

    ബാല്യത്തിലനുഭവിച്ചവയൊക്കെ കുഞ്ഞുങ്ങള്‍ക്ക് അന്ന്യമാക്കി വക്കുന്നതും ഈ മാതാപിതാക്കളൊക്കെ തന്നെയല്ലേ. അപ്പൊ പിന്നെ ആരെ കുറ്റം പറയാന്‍. കുറേ നല്ല ഓര്‍മ്മകള്‍ തെളിഞ്ഞുവന്നു. നന്ദി.

    ReplyDelete
  9. വളരെ നല്ല കഥ.. നഷ്ടമാകുന്ന ഗ്ര്ഹാതുരതയുടെ മധുരം നാവിൽ തടയുന്നു. ഈ ബ്ലോഗ് ഇപ്പോഴാ കാണുന്നുത്

    ReplyDelete
  10. ഇതാണ് ..ഇതാണ് പോസ്റ്റ്‌ .പക്ഷെ അവസാനം അല്പം കൃത്രിമത്വം തോന്നും . എന്നാലും അത് വരെ നോസ്ടാല്‍ജിക് ആന്‍ഡ്‌ ബോംബ്ലാസ്റിക്

    ReplyDelete
  11. ഫേഷ് ഫേഷ്..ബലേഫേഷ്..
    നാരങ്ങ മുട്ടായിയും, ലവ്‌ലോലി ഉപ്പിലിട്ടതും ഓര്മ വന്നു..

    ReplyDelete
  12. great soni great, ithanu katha. . . .thudakkam muthal ellam gambeeram. . .oro vakkukalkkum madhuryam erunnu vaayikkumbol. . .makkalekondu narangamittayi thinippikkanam ennu ithrayadhikam agrahicha verorachan undavilla

    ReplyDelete
  13. പ്രിയപ്പെട്ട സോണീ എനിക്കൊരുപാട് ഇഷ്ട്ടമായി ...ഈ കഥ എന്നെ ഒരുപാട് കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു ....അഞ്ചു പൈസ കൊണ്ട് ഇത് പോലോത്ത പെട്ടിക്കടയിലേക്ക് ഓടുന്നതും....വീട്ടില്‍ ഉണക്കി വെച്ച അടക്കയും കശുവണ്ടിയും മോഷ്ട്ടിച്ചു കടക്കാരന്റെ കയ്യി നിന്നും വാങ്ങുന്ന ആ നാരങ്ങ മിട്ടായിയുടെ രുചി ഇന്നത്തെ കുട്ടികള്‍ക്ക് മാസ്സിലാകുമോ എന്നറിയില്ല ..പക്ഷെ വര്‍ഷങ്ങള്‍ക് ശേഷവും നാവില്‍ വെള്ളമൂറുന്നു ....ആ ശംസകള്‍ ..ഇനിയും നല്ല കഥകള്‍ ഉണ്ടാവട്ടെ

    ReplyDelete
  14. 'നാരങ്ങാമിഠായി "ഹൃദയ സ്പര്‍ശിയായി.. പല ഭാഗങ്ങളും അസ്സലായിട്ടുണ്ട് ..
    like..,
    .."ആഴ്ചയില്‍ ഒരിക്കല്‍ അങ്ങാടിയില്‍ പോയിവരുന്ന അച്ഛന്‍ ഒതുക്കുകള്‍ കയറുമ്പോഴേ ഓടിപ്പോയി ഇരുകൈകളിലായി തൂങ്ങുമായിരുന്നു അനിയത്തിയും താനും. കടലാസുപൊതിയില്‍ നിന്ന് അരിമുറുക്കും തേങ്ങാമിഠായിയും വീതിച്ചെടുത്ത് മുറ്റത്തെ താളിമാവിന്‍ കൊമ്പില്‍ ഇളംകാറ്റില്‍ ചാഞ്ഞുകിടന്നുകൊണ്ട് ഓരോന്നായി....... എന്റെ കുട്ടികള്‍ക്ക് ഒന്നും ആവശ്യമില്ല, എന്നെപ്പോലും."

    "..അരിമുറുക്കും തേങ്ങാമിഠായിയും ഏതു കമ്പനിയുടേതായിരുന്നു.... ഉത്സവം കാണാന്‍ പോകുമ്പോള്‍ അച്ഛന്‍ വാങ്ങിത്തന്നിരുന്ന കുഴലപ്പവും ശര്‍ക്കരവരട്ടിയും..."

    "..ചിരിയമര്‍ത്തി തിരിഞ്ഞപ്പോള്‍ എതിര്‍വശത്തെ കണ്ണാടിയില്‍ കണ്ട മുഖം തിരിച്ചറിയാന്‍ വൈകി. പത്താംതരത്തില്‍ രണ്ടാംറാങ്ക് നേടിയെന്നറിഞ്ഞ പൊടിമീശക്കാരനായിരുന്നു അതില്‍.... "

    കഥയില്‍ ചോദ്യമില്ലാത്തത് കൊണ്ട് , ഇത്തരമൊരു ക്ലൈമാക്സ്‌ സംഭവിക്കാനുള്ള സാധ്യതയുടെ ഒരു ലോജിക് (Logic) ഞാന്‍ അവഗണിക്കുന്നു .

    ജീവിത ഗന്ധിയായ കഥ , ഒരുപക്ഷെ ഈ ബ്ലോഗില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടമായത്
    ഇനിയും എഴുതുക , അഭിനന്ദനങ്ങള്‍.. !!

    ReplyDelete