Wednesday, October 23, 2013

അരമണിക്കൂറില്‍ അയാള്‍...


ചുവരില്‍ ഉറപ്പിച്ചിരുന്ന ഘടികാരത്തിന്‍റെ സൂചികളിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്ന നിമിഷങ്ങളില്‍ ആ യന്ത്രമുണ്ടാക്കിയവനെ മനസ്സില്‍ ശപിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.  സില്‍വര്‍ ഫ്രെയിമിനുള്ളില്‍ ഗോള്‍ഡന്‍ ബായ്ക്ക്ഗ്രൗണ്ടില്‍ തിളങ്ങുന്ന വെള്ളിസൂചികള്‍, കറുത്ത ഡയല്‍ - മനോഹരമായ വാള്‍ക്ലോക്ക്‌. ഒരേയൊരു കുറവുമാത്രം, സെക്കന്റ് സൂചിയില്ല! 

വിദേശത്തൊരു യാത്ര കഴിഞ്ഞുവന്നപ്പോള്‍ കൃഷ്ണേട്ടന്‍ സമ്മാനിച്ചതാണ്. അത് ഈ മുറിയില്‍ത്തന്നെ കൊണ്ടുവച്ചതാരാണ്? എതിര്‍ചുവരിലെ പെയിന്റിങ്ങിന്റെ നിറവുമായി നല്ല ചേര്‍ച്ചയുണ്ടെന്നുപറഞ്ഞ് താന്‍ തന്നെയല്ലേ അതിവിടെ തൂക്കിയത്! ജീവിതത്തില്‍ ചെയ്തുകൂട്ടിയ അബദ്ധങ്ങളില്‍ ഏറ്റവും മാരകം ആ തീരുമാനമായിപ്പോയി. ചലിക്കുന്ന സൂചി ഇപ്പോള്‍ ഏറ്റവും വലിയൊരാശ്വാസമാവുമായിരുന്നു.

ആത്മനിയന്ത്രണത്തിന്‍റെ അവസാനകണികയും വിലക്കിയിട്ടും നോട്ടം മുന്നിലെ കസേരയിലേയ്ക്ക് പാളിവീണു. അഞ്ചുമിനിറ്റായി അയാള്‍ ഇവിടെയിരിക്കുന്നു. സെക്കന്റുകള്‍ കൂടി എണ്ണിപ്പറയാമായിരുന്നു. ക്ലോക്കിനെയും അത് ഡിസൈന്‍ ചെയ്തവനെയും ആ കമ്പനിയെയും ഒരിക്കല്‍ക്കൂടി മനസ്സറിഞ്ഞു ശപിച്ചു.  ആ ശാപത്തിന്‍റെ അസാംഗത്യത്തെക്കുറിച്ചോര്‍ത്തിട്ടും ചിരിക്കാന്‍ തോന്നിയില്ല.

മൂന്നുമണി കഴിഞ്ഞ് ഇരുപത്തിരണ്ടുമിനിറ്റ്‌. അതായത് അഞ്ചുമിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഈശ്വരാ! ഇനിയും ഇരുപത്തഞ്ചുമിനിറ്റ്‌ ബാക്കിയുണ്ട്.

കുടുസ്സുമുറിയില്‍ ഒറ്റപ്പെടുന്ന മനുഷ്യന് ചുവരില്‍ കാണുന്ന ഡ്രാക്കുളയുടെ ചിത്രത്തെ എത്ര നേരം അവഗണിക്കാന്‍ കഴിയും? ഭീതി തോന്നും വിധം ഭീകരമാണെങ്കില്‍പ്പോലും മറ്റൊന്നും ചെയ്യാനില്ലാതെ വരുമ്പോള്‍ വളരെ സാവകാശമാണെങ്കില്‍ക്കൂടി അയാള്‍ അതിനെ നോക്കിത്തുടങ്ങില്ലേ! വൈകാതെ ഭയം മാറിവന്ന് ഒരു വികാരവും മനസ്സില്‍ തോന്നാത്തത്ര ഈസിയായി അതിനെ നോക്കാനയാള്‍ക്ക് കഴിയില്ലേ?

ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു. ചേര്‍ത്തുപിടിച്ച കൈകളിലെ വിരലുകള്‍ മുറുക്കി ധൈര്യം സംഭരിച്ച്, ആ മുഖത്തേയ്ക്കു നോക്കാന്‍ ശ്രമിച്ചു.  മനസ്സ് വിലക്കുന്നു.  വീണ്ടും ശ്രമിച്ചു. ഇത്തവണ ആത്മവീര്യം വിജയിച്ചു. അവന്‍റെ കണ്ണിലേക്കുള്ള നോട്ടം സ്വാഭാവികമായിരിക്കാന്‍ ശ്രദ്ധിച്ചു. പക്ഷേ... കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍...

ആ ചെറുപ്പക്കാരന്‍റെ ആഗ്രഹം നിറവേറ്റാന്‍ സമ്മതം നല്‍കിയ നിമിഷത്തെ ശപിക്കുന്നത് എത്രാമത്തെ തവണയാണ്!  വീണ്ടും മുഖം തിരിച്ചപ്പോള്‍ അയാള്‍ ചെറുതായി പുഞ്ചിരിച്ചു.  അങ്കലാപ്പിനിടയില്‍ പുഞ്ചിരി പോയിട്ട് സ്വാഭാവികമായ പ്രസന്നത പോലും മുഖത്തുവന്നില്ല.

സമയം മൂന്ന് ഇരുപത്തിമൂന്ന്.  ഇനിയും ഇരുപത്തിനാലുമിനിറ്റ് ബാക്കി. ആറുകൊണ്ട് ഹരിച്ചാല്‍ കടന്നുപോയത്‌ ഒന്ന്, വരാനുള്ളത് നാല്...

ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ് - ഒരു ദിവസം ഓഫീസിലേയ്ക്കിറങ്ങുന്നതിനുമുന്‍പ്‌ ഒരു ഫോണ്‍കോള്‍ -
"രാജേശ്വരിയല്ലേ... എഴുത്തുകാരി...?"
"അതേ..."
"എന്‍റെ പേര്... പറഞ്ഞാലറിയില്ല... എനിക്കൊന്നു കാണണമായിരുന്നു..."

എട്ടരയുടെ ട്രെയിന്‍ ഇന്ന് പോയതുതന്നെ. പുതിയ ഓഫീസറാണ്. വൈകിയെത്തിയാല്‍ നോക്കുകൊണ്ടോ വാക്കുകൊണ്ടോ പ്രതികരിക്കുകയെന്നറിയില്ല. 

ശബ്ദം കഴിയുന്നത്ര സൗമ്യമാക്കി ചോദിച്ചു, "എന്താ കാര്യം...?"
"അത്... എനിക്കല്പസമയം... കാണണം..."
മനസിലായി മോനേ... ഇത് രോഗം വേറെയാണ്...

"ഇപ്പോള്‍ ഞാന്‍ തിരക്കിലാണ്. ഓഫീസിലേയ്ക്കിറങ്ങാന്‍ സമയമായി. മറ്റൊരു ദിവസം വിളിക്കൂ, പ്ലീസ്‌.."
മറുപടിക്കുകാക്കാതെ ഫോണ്‍ വച്ചിട്ട് ഇറങ്ങിയോടി.

വെറുതെവരുന്ന വിളികളിലൊന്നായി ആ ഫോണ്‍കോളിനെ മറന്നപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു വൈകുന്നേരം...
"ഞാന്‍ മുന്‍പൊരിക്കല്‍ വിളിച്ചിരുന്നു..."
"അതുശരി, പേരെന്താണെന്നാണ് പറഞ്ഞത്‌?"
"പേര് പറഞ്ഞിരുന്നില്ല.." പെട്ടെന്ന് ആ ശബ്ദം ഓര്‍മ്മവന്നു.

"പറയൂ"
"എന്‍റെ പേര്‍ നിരഞ്ജന്‍. നിരഞ്ജന്‍ ദാസ്‌"

'ഗുപ്ത' എന്നുകൂടി ഉണ്ടായിരുന്നെന്നും അതയാള്‍ വെട്ടിച്ചുരുക്കിയതാണെന്നും തോന്നി.

"ശരി, എന്താണ് വേണ്ടത്‌?"
"എനിക്കൊന്നു കാണണം"
"എന്താ കാര്യം?"
"അത്... ഒന്നുകണ്ടാല്‍ മതി"
"സംസാരിക്കാനാണോ?"
"അല്ല"
"മിസ്റ്റര്‍ നിരഞ്ജന്‍ ഇപ്പോള്‍ എവിടെയാണ്?"
"ഞാന്‍ സിറ്റിയില്‍ തന്നെയുണ്ട്"
"മറ്റന്നാള്‍ ശനിയാഴ്ച വൈകിട്ട് ടൗണ്‍ഹാളില്‍ ഒരു ശില്പശാല നടക്കുന്നുണ്ട്. ഞാനവിടെയുണ്ടാവും. കാണാനാണെങ്കില്‍ വന്നുകണ്ടോളൂ"
"അത്... അങ്ങനെ കണ്ടാല്‍ പോരാ. എനിക്ക് തനിച്ചൊന്നുകാണണം"

അയാളുടെ ഉദ്ദേശ്യം നല്ലതല്ലെന്നുതോന്നിയതുകൊണ്ട് സംസാരത്തിന്‍റെ 'ടോണ്‍' തനിയെ മാറി.
"മിസ്റ്റര്‍ നിരഞ്ജന്‍, നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നതെന്നറിയാമോ? നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള ഒരാളല്ല ഞാന്‍. അങ്ങനെ വരുന്നവരുണ്ടാവാം. ഞാന്‍ ഭര്‍ത്താവും മക്കളുമായി സ്വസ്ഥമായി കഴിയുകയാണ്. ഇനി വിളിക്കരുത്‌."

ഫോണ്‍ താഴെവച്ചുതിരിഞ്ഞപ്പോള്‍ വീണ്ടും ബെല്‍.
"മാഡം... ചേച്ചി... എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ്, ഞാനങ്ങനെയൊന്നും..."
"പ്ലീസ്‌, ഇനി ശല്യപ്പെടുത്തരുത്‌.." പറഞ്ഞിട്ട് റിസീവര്‍ വച്ചു.

അന്നും പിറ്റേന്നും ആ ഫോണ്‍കോള്‍ ഒരസ്വസ്ഥതയായി മനസ്സില്‍ കിടന്നു.
നാലുദിവസം കഴിഞ്ഞുകാണണം, വെളുത്ത കവറില്‍ ഇളംമഞ്ഞ നിറമുള്ള കടലാസില്‍ ഒരു കത്ത്‌ -
"ഞാന്‍ നിരഞ്ജന്‍. ഇനി വിളിക്കരുതെന്ന് പറഞ്ഞതുകൊണ്ടാണെഴുതുന്നത്. എന്‍റെ സംസാരം മാഡം വല്ലാതെ തെറ്റിദ്ധരിച്ചു. ഞാനങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞത് സത്യമാണ്. എനിക്കൊന്നു കാണണം. കഥകള്‍ ഞാന്‍ വായിക്കാറുണ്ട്. പല വേദികളിലുംവച്ച് കണ്ടിട്ടുമുണ്ട്. ഏതോ ഒരു ജന്മാന്തരബന്ധം പോലെ എന്തോ ഒന്ന്... വീണ്ടും കാണാന്‍ അതെന്നെ പ്രേരിപ്പിക്കുന്നു.

"എന്നെക്കുറിച്ച് പറഞ്ഞില്ല. ഞാന്‍ സിറ്റിയില്‍ ഒരു ചെറിയ തുണിക്കട നടത്തുന്നു. ബിരുദധാരിയാണ്. വീട്ടില്‍ ഞാനും അച്ഛനും മാത്രമേയുള്ളൂ. അമ്മ എനിക്ക് പന്ത്രണ്ടുവയസ്സുള്ളപ്പോള്‍ മരിച്ചു. സഹോദരങ്ങളില്ല.

"മാഡത്തിന്‍റെ 'പ്രിയപ്പെട്ടവര്‍ക്കു കഴിയാത്തത്‌....' എന്ന കഥയിലെ 'സുധീഷ്‌' - അത് ഞാനാണ്...

"ഞാന്‍ പറഞ്ഞുവന്നത്... എനിക്ക് ഒന്ന് കാണണം. ആ മുഖത്തേയ്ക്കുനോക്കി അല്‍പസമയമിരിക്കണം, ഒരു അര മണിക്കൂര്‍. ഞാന്‍ ശല്യപ്പെടുത്തില്ല. മാഡം വായിക്കുകയോ എഴുതുകയോ ടി.വി. കാണുകയോ എന്തും ചെയ്തോളൂ. ഞാന്‍ വെറുതെ കണ്ടുകൊണ്ടിരുന്നുകൊള്ളാം.

"സ്വസ്ഥയായിരിക്കാന്‍ കഴിയുന്ന ഒരിടത്ത്‌... എനിക്കുവേണ്ടി അര മണിക്കൂര്‍ മാത്രം... മാഡത്തിന്‍റെ വീട്ടില്‍ത്തന്നെയാവാം... എന്‍റെ വീട്ടില്‍... ഞാന്‍ പറഞ്ഞില്ലേ, ഞാനും അച്ഛനും മാത്രമേയുള്ളൂ.

"മറുപടി പ്രതീക്ഷിച്ചുകൊണ്ട്...

മനസിലാവാതെ ഒരിക്കല്‍ക്കൂടി വായിച്ചു. അവനെന്താണ് വേണ്ടത്? എന്നില്‍ മരിച്ചുപോയ അമ്മയെയോ, പിറക്കാതെ പോലെ സഹോദരിയെയോ കാണുന്നുണ്ടോ? അതോ...

'പ്രിയപ്പെട്ടവര്‍ക്കു കഴിയാത്തത്‌..' എന്ന കഥയിലെ സുധീഷ്‌ പതിനൊന്നുകാരനാണ്. തെരുവിന്‍റെ കൈകളില്‍ നശിച്ചുപോകുന്ന, അച്ഛനുമമ്മയുമില്ലാത്ത കുട്ടി. ഒടുവില്‍ ആരുമല്ലാത്ത ഒരാളുടെ സ്നേഹവും സഹായവും മൂലം അവന്‍ രക്ഷപ്പെടുന്നു.  നിരഞ്ജനും അങ്ങനെയൊരു ബാല്യമുണ്ടായിരുന്നോ? അതാണോ അവന്‍ തന്നെ കാണണമെന്നാഗ്രഹിക്കുന്നത്?

കൃഷ്ണേട്ടന്‍ ഓഫീസ്‌ വിട്ടുവന്നപ്പോള്‍ വൈകി. എങ്കിലും വീട്ടുവിശേഷങ്ങളോടൊപ്പം നിരഞ്ജനെയും കത്തിനെയും കുറിച്ച് പറഞ്ഞു.  കത്തില്‍ വിലാസമില്ലെന്നു കണ്ടെത്തിയത്‌ കൃഷ്ണേട്ടനായിരുന്നു. "നിനക്ക് മറുപടിയെഴുതി ബുദ്ധിമുട്ടേണ്ടല്ലോ..." കൃഷ്ണേട്ടന്‍ ചിരിച്ചു.

ഒരാഴ്ചയ്ക്കുശേഷം വീണ്ടും വന്ന കത്തില്‍ വിലാസം വയ്ക്കാത്തതിനു ക്ഷമാപണവും വിലാസവുമുണ്ടായിരുന്നു. നിരഞ്ജന്‍ ദാസ്‌, പി.ബി.നമ്പര്‍ 24, ....

പി.ബി.നമ്പറിനുള്ളില്‍ ഒളിച്ചിരിക്കുന്ന വ്യക്തിവിലാസങ്ങള്‍ എന്നും ഒരസ്വസ്ഥതയായിരുന്നു.  പതിനഞ്ചുവയസ്സില്‍ തുടങ്ങിയ തൂലികാസൗഹൃദം. കണ്ണൂര്‍നഗരത്തിലെ പി.ബി.നമ്പര്‍-31 ല്‍ നിന്ന് വരാറുണ്ടായിരുന്ന കത്തുകള്‍. 'ഫീനിക്സ്' - അതായിരുന്നു പേര്. ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പ്രതീകം. ആണോ പെണ്ണോ എന്നറിയാതെ രണ്ടുവര്‍ഷത്തോളം കത്തുകളയച്ചു. സ്കൂള്‍ യുവജനോല്‍സവത്തിലെ പദ്യംചൊല്ലല്‍ വേദിയില്‍നിന്നാണത്രേ തന്നെ പരിചയം.  സൗഹൃദം നിറഞ്ഞ, നര്‍മ്മരസമുള്ള, ചാപല്യങ്ങളില്ലാത്ത കത്തുകള്‍. സുഹൃത്ത് ഒരു പെണ്‍കുട്ടി തന്നെയെന്നുറപ്പിച്ച് പതിനഞ്ചുവയസ്സിന്‍റെ അപക്വചിന്തകള്‍ വരെ ആ വിലാസത്തില്‍ കത്തുകളുടെ രൂപത്തില്‍ പൊയ്ക്കൊണ്ടിരുന്നു.

ഡിഗ്രി ഒന്നാംവര്‍ഷം പഠിക്കുമ്പോഴാണ് കോളേജില്‍ ഫീനിക്സിന്‍റെ സന്ദര്‍ശനം. ഏതാണ്ട് ഇരുപത്തെട്ടുവയസ്സ് വരുന്ന ഒരു ചെറുപ്പക്കാരന്‍. അത്ര സുന്ദരനല്ലെങ്കിലും വിരൂപനുമല്ല. വൈകുന്നേരം കോഫിഷോപ്പിലേയ്ക്ക് ക്ഷണിച്ചു. അപ്രതീക്ഷിതമായി കണ്ടതിന്‍റെ പകപ്പുണ്ടായിരുന്നെങ്കിലും ക്ഷണം സ്വീകരിച്ചു. അന്ന് മാന്യമായ പെരുമാറ്റമായിരുന്നു.  ഒരാഴ്ച കഴിഞ്ഞ് വീണ്ടും അയാള്‍ വന്നു. കാണാന്‍വേണ്ടിമാത്രം ദൂരെ നിന്നെത്തിയതാണെന്നും ഒന്നുകണ്ടപ്പോള്‍ വീണ്ടും കാണണമെന്നുതോന്നിയെന്നും.... അപകടങ്ങളിലേയ്ക്കാണ് ആ ബന്ധം തുഴയുന്നതെന്നു തോന്നിയപ്പോള്‍ ഇനി വരരുതെന്ന് വിലക്കി. അന്ന്, അയയ്ക്കാന്‍ വേണ്ടി എഴുതിയതെന്നുപറഞ്ഞ് ഒരു കത്തുതന്നിട്ട് മറുപടി തരണമെന്നുപറഞ്ഞ് അയാള്‍ പോയി.

ആ കത്തില്‍ നിറയെ പ്രണയത്തിന്‍റെ പൂമ്പാറ്റകളായിരുന്നു!!

ഇനി ഇങ്ങനെ എഴുതരുതെന്നും തനിക്കതിനാവില്ലെന്നും, പഠിക്കാന്‍ ധാരാളമുള്ളതുകൊണ്ട് ഇനി കത്തെഴുതാന്‍ സമയം കുറവാണെന്നും പറഞ്ഞ് മറുപടി കുറിച്ചു. 

അയാള്‍ക്ക്‌ മറക്കാനാവില്ലെന്ന്... വീണ്ടും പലതവണ കത്തുകള്‍ വന്നു. കോളേജിലെ വാകമരച്ചുവട്ടില്‍ ഒരു വൈകുന്നേരം അയാളെ കണ്ടപ്പോഴേ മാറിക്കളഞ്ഞു. സാവകാശം കത്തുകള്‍ വരാതായി. ഏറെനാള്‍ കഴിഞ്ഞാണ് ആ ഫീനിക്സിനെക്കുറിച്ചുള്ള ഭയങ്ങള്‍ മാറിയത്‌. അതോടെയാണ് സ്ഥാപനങ്ങളുടേതല്ലാത്ത പി.ബി.നമ്പര്‍ വിലാസങ്ങളെ ഭയപ്പെട്ടുതുടങ്ങിയതും.

അരമണിക്കൂര്‍ കഴിയാറായിട്ടുണ്ടാവുമെന്ന ആശ്വാസത്തിലാണ് വീണ്ടും ക്ലോക്കിലേയ്ക്കു നോക്കിയത്.

ദൈവമേ! അതിന്റെ ചലനം നിലച്ചുപോയോ? ഇത്രയേറെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തിട്ടും വെറും മൂന്നു മിനിറ്റ്‌ മാത്രമാണ് കടന്നുപോയത്‌!

കയ്യില്‍ വാച്ചോ മേശപ്പുറത്ത് ടൈംപീസോ ഇല്ല. തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരന്‍റെ കൈത്തണ്ടില്‍ വാച്ചുണ്ട്. ചോദിക്കണോ? വേണ്ട, അതൊരു ഓപ്പണിംഗ് ആവണ്ട.

മൗനം... വല്ലാതെ അസഹ്യമാവുന്നു.  എഴുത്തില്‍ മുഴുകി എത്രയോ മണിക്കൂറുകള്‍ കടന്നുപോയിരിക്കുന്നു. ശബ്ദം പോലും അസഹ്യമായിത്തോന്നിയിട്ടുള്ള രാത്രിയുടെ എത്രയോ യാമങ്ങള്‍. പക്ഷെ ഇപ്പോള്‍... ഒരു സ്വരം കേള്‍ക്കാന്‍... ഒരു വാക്ക് മിണ്ടാന്‍ വല്ലാത്ത കൊതി തോന്നുന്നു. അടുത്ത വീട്ടിലെ നായ്‌ രണ്ടുതവണ കുരയ്ക്കുന്നതു കേട്ടു.  ജോലിക്കാരി ജ്യൂസര്‍ പ്രവര്‍ത്തിപ്പിക്കുന്ന ശബ്ദവും ഒരിക്കല്‍ കേട്ടു. അതൊരാശ്വാസമായി തോന്നി.

കോളിംഗ്ബെല്‍ കിടക്കയോട് ചേര്‍ന്നുതന്നെയില്ലേ എന്ന് പതിയെ ശ്രദ്ധിച്ചു. ഉണ്ട്, അവിടെത്തന്നെയുണ്ട്.  വേണമെങ്കില്‍ അതമര്‍ത്താം. അടുക്കളയിലെ ജോലിക്കാരിയും സിറ്റൌട്ടിലോ ലിവിംഗ്റൂമിലോ ഇരിക്കുന്ന ഭര്‍ത്താവും ഓടിയെത്തും. പക്ഷെ അതും കരാര്‍ ലംഘനമാണ്. ശല്യപ്പെടുത്തില്ലെന്ന് അയാള്‍ക്ക് വാക്കുകൊടുത്തുപോയി. അല്ലെങ്കിലും അയാള്‍ ഉപദ്രവിക്കുന്നില്ലെങ്കില്‍ പിന്നെ...

മുറിയില്‍ നിന്നിറങ്ങുംമുന്‍പ്‌ കൃഷ്ണേട്ടന്‍ പറഞ്ഞിരുന്നു, "നീ പേടിക്കേണ്ട, ഞാന്‍ പുറത്തുണ്ട്. എന്തെങ്കിലുമൊരു മിസ്‌ബിഹേവിയര്‍ അവന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ പതിയെ നീ ബെല്ലമര്‍ത്തിയാല്‍ മതി. അവനിരിക്കുന്നിടത്തുനിന്ന് ബെല്‍ കാണാന്‍ പറ്റില്ലല്ലോ."

ബെല്ലടിച്ച് എന്ത് മിസ്‌ബിഹേവിയറിനെക്കുറിച്ചാണ് പരാതിപ്പെടേണ്ടത്? ഒരു യുവാവ്‌ മുഖത്തേയ്ക്കുതന്നെ നോക്കിയിരിക്കുന്നെന്നോ? അരമണിക്കൂര്‍ അവനുമുന്നിലായിരിക്കാമെന്ന് സമ്മതിച്ചതല്ലേ..

കൃഷ്ണേട്ടനാണ് എല്ലാത്തിനും കാരണം. സ്വന്തം ഭാര്യയുടെ മുഖത്ത് മറ്റൊരു പുരുഷന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് ഏതുഭര്‍ത്താവാണ് സഹിക്കുക? ഇതങ്ങനെയല്ല, ഈയൊരു സാഹസത്തിനു പ്രേരിപ്പിച്ചതുതന്നെ കൃഷ്ണേട്ടനായിരുന്നു.

വിലാസമടങ്ങിയ രണ്ടാമത്തെ കത്തിനും  മറുപടി അയച്ചിരുന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഫോണില്‍ പഴയ സ്വരം വീണ്ടും...
"ഞാന്‍ നിരഞ്ജനാണ്..."
"........."
"ഞാന്‍ രണ്ടുകത്തുകളയച്ചിരുന്നു..."
"........."
"മറുപടിയൊന്നും കണ്ടില്ല....?"

എന്താണ് പറയേണ്ടതെന്നാലോചിക്കുകയായിരുന്നു. പി.ബി.നമ്പര്‍ വിലാസം ഇഷ്ടമല്ലാത്തതുകൊണ്ടാണെന്ന് പറഞ്ഞാലോ?
"വിളിക്കരുതെന്നു പറഞ്ഞിരുന്നു, അയാം സോറി... മറുപടിയൊന്നും കാണാതായപ്പോള്‍..."
"........."
"മാഡം..."

ഫോണ്‍വച്ചിട്ടുപോയെന്ന് കരുതിയിട്ടുണ്ടാവും. അയാളോട് സംസാരിക്കാന്‍ അകാരണമായ ഭയം തോന്നി.
"എനിക്ക് താല്പര്യമില്ല"
"പ്ലീസ്‌ മാഡം... അങ്ങനെ പറയരുത്, സമയക്കുറവാണെങ്കില്‍ പറയൂ. അരമണിക്കൂര്‍ കണ്ടെത്താന്‍ കഴിയുന്നതുവരെ ഞാന്‍ കാത്തിരിക്കാം. പ്ലീസ്‌..."
"സോറി, എനിക്കൊന്നും പറയാനില്ല"
"മാഡം....

കാത്തുനില്‍ക്കാതെ ഫോണ്‍ വച്ചു. പൊടുന്നനെ പതിനൊന്നുകാരന്‍ സുധീഷ്‌ കടന്നുവന്നു, കുറ്റപ്പെടുത്തുന്ന നോട്ടവുമായി. 'പ്രിയപ്പെട്ടവര്‍ക്കു കഴിയാത്തത്‌...'

ഒരു വീണ്ടുവിചാരത്തില്‍ റിസീവറെടുക്കുമ്പോള്‍ ലൈന്‍ കട്ടായിരുന്നു.

അയാള്‍ വീണ്ടും വിളിച്ചെങ്കില്‍ എന്നാഗ്രഹിച്ചു. വിളിച്ചാല്‍ എന്താണ് പറയേണ്ടത്? നിങ്ങള്‍ക്കുമുന്നില്‍ അരമണിക്കൂര്‍ ഞാനിരുന്നുതരാമെന്നോ? എന്‍റെ വീട്ടിലേയ്ക്ക് വരൂ എന്നോ...?

കൃഷ്ണേട്ടന്‍ ചിരിച്ചതേയുള്ളൂ... "നിനക്ക് ഒരേസമയം രണ്ടുമനസ്സാണ്.."

പക്ഷെ താനയാളെ ഭയക്കുന്നുണ്ടോ? ഇല്ല. പക്ഷെ ഇല്ലേ...? ഉണ്ടെന്നു തോന്നുന്നു. ആവോ...

പിന്നീട് നിരഞ്ജനെക്കുറിച്ചു കേട്ടില്ല, മാസങ്ങളോളം.

ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷമാണത് സംഭവിച്ചത്‌.

രാവിലെ ട്രെയിന്‍ എത്താറായിരുന്നു. റയില്‍വേസ്റ്റേഷനുമുന്നില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയതാണ്. ഒതുക്കിനിര്‍ത്തിയ വണ്ടിയില്‍നിന്ന് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ കാല്‍വയ്ക്കുന്നത് ഒരു കുഴിയിലേയ്ക്കാണെന്നറിഞ്ഞിരുന്നില്ല. ബാലന്‍സ്‌ കിട്ടാതെ കൈകുത്തിമറിഞ്ഞപ്പോള്‍ കാലിന് വലിയ പ്രശ്നമൊന്നും തോന്നിയതുമില്ല.

ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ശേഷമാണ് വേദന തുടങ്ങിയത്. എത്തേണ്ട സ്റ്റേഷനില്‍നിന്ന് പുറത്തേയ്ക്കിറങ്ങാന്‍ വീല്‍ചെയര്‍ വേണ്ടിവന്നു. എക്സ്റേ, ഫ്രാക്ചര്‍, ബാന്‍ഡേജ്, പ്ലാസ്റ്റര്‍... രണ്ടുമാസത്തെ പരിപൂര്‍ണ്ണവിശ്രമം.

അതൊരാഘാതമായി ആദ്യമൊന്നും തോന്നിയിരുന്നില്ല. ഓഫീസിലെയും കലാരംഗത്തെയും സുഹൃത്തുക്കള്‍, സന്ദര്‍ശനങ്ങള്‍. അവരുടെ സൗകര്യാര്‍ത്ഥം ലിവിംഗ് റൂമിനടുത്തുള്ള അതിഥിമുറിയിലേയ്ക്ക് കിടപ്പുമാറ്റി.  സഹതപിക്കാനെത്തുന്നവരെ ബെഡ്റൂം വരെ നടത്തേണ്ടല്ലോ. കട്ടിലിനോടുചേര്‍ന്ന് ഒരു കോളിംഗ്ബെല്ലും വച്ചുതന്നു കൃഷ്ണേട്ടന്‍. ഒരാവശ്യത്തിനുവിളിച്ചാല്‍, അടുക്കളയിലോ മുറ്റത്തോ ആയിരിക്കുന്ന ജോലിക്കാരിയും ടി.വി. കാണുകയോ പഠിക്കുകയോ ചെയ്യുന്ന കുട്ടികളും കേട്ടില്ലെങ്കിലോ എന്നുഭയന്ന്.  അദ്ദേഹം ചെയ്ത ഏറ്റവും നല്ല കാര്യമതായിരുന്നു.

നാലഞ്ചുദിവസം ലീവെടുത്തപ്പോഴേയ്ക്കും തുടര്‍ച്ചയായ ഫോണ്‍വിളികള്‍ കൃഷ്ണേട്ടനെ ഓഫീസിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

വായിക്കാന്‍ കഴിയാതെ ശേഷിച്ച പുസ്തകങ്ങള്‍ക്കുകൊടുക്കാന്‍ വേണ്ടുവോളം സമയമുണ്ടെന്ന സന്തോഷത്തിലായിരുന്നു.

ഒരാഴ്ച വളരെ വേഗത്തിലും രണ്ടാമത്തെ ആഴ്ച സാവധാനത്തിലും കടന്നുപോയി. സന്ദര്‍ശകര്‍ ക്രമേണ വരാതായി. വായന മടുപ്പായി. മൂന്നാമത്തെ ആഴ്ച വിരസത അറിഞ്ഞുതുടങ്ങി. ഒന്നുമെഴുതാന്‍ തോന്നുന്നില്ല. ടി.വി.ചാനലുകളില്‍ ആവര്‍ത്തനങ്ങള്‍. സി.ഡി.പ്ലെയറില്‍ പാട്ടുകേട്ടു. സമയം പോകുന്നതേയില്ല.

ആ ആഴ്ചയ്ക്കൊടുവിലാണ് ഫോണില്‍ പഴയ ശബ്ദം വീണ്ടും കേട്ടത്.
"മാഡം...?"
ഒരാന്തലുണ്ടായി. അതില്‍ ഉല്‍ക്കണ്ഠയും സന്തോഷവും ഭയവുമൊക്കെയുണ്ടായിരുന്നു. 

മടിച്ചുമടിച്ച് അയാള്‍ തുടര്‍ന്നു, "സമയക്കുറവും തിരക്കും കാരണംപറഞ്ഞാണ് മാഡം എന്നെ ഒഴിവാക്കിയത്‌. ഇപ്പോള്‍ ആവശ്യത്തിലേറെ സമയമുണ്ടല്ലോ, അരമണിക്കൂര്‍ എനിക്കനുവദിച്ചുതന്നുകൂടെ?"

പഴയ ഞെട്ടല്‍ തോന്നിയില്ല കേട്ടപ്പോള്‍. പിറ്റേന്നുവിളിക്കാമെന്നുപറഞ്ഞ് ഫോണ്‍ കട്ടായി. കാര്യമറിഞ്ഞപ്പോള്‍ കൃഷ്ണേട്ടനാണ് നിര്‍ബന്ധിച്ചത്‌, "തനിക്കൊരു ചെയ്ഞ്ചാവും, അയാള്‍ വരട്ടെ"

"എന്നാലും അയാളെന്തിനാണ്..."
"അതയാള്‍ക്കു വിടൂ. മറ്റന്നാള്‍ വെള്ളി, എനിക്ക് ഓഫ് ആണ്, അയാളോട് വരാന്‍ പറയൂ.."
"വേണോ...?"
"നീ ധൈര്യമായി പറയ്‌."  വീട്ടില്‍ തന്നെ ഒറ്റയ്ക്കാക്കി പോകുന്നതിന്‍റെ നിരാശ കൃഷ്ണേട്ടന് എന്നുമുണ്ടായിരുന്നു. ലീവെടുക്കാനാവാത്ത വിഷമവും. എങ്കിലും കൃഷ്ണേട്ടന്‍റെ ഒരു ഓഫ്ഡേ മൂഡ്‌ നശിപ്പിക്കാന്‍ മനസ്സ്‌ മടിക്കുന്നുണ്ടായിരുന്നു.

പിറ്റേന്നു നിരഞ്ജന്‍ വിളിച്ചപ്പോള്‍ വെള്ളിയാഴ്ച ആവാമെന്ന് പറഞ്ഞു. അവിശ്വസനീയതയുടെ ശ്വാസം ഉള്ളിലേയ്ക്കുവലിയുന്ന സ്വരം ഫോണിലൂടെ കേട്ടു.
"എനിക്ക്... വിശ്വസിക്കാമോ...?"
ഈര്‍ഷ്യ തോന്നി. അത് മറയ്ക്കാതെ തന്നെ പറഞ്ഞു, "ഇയാള്‍ക്ക് നിര്‍ബന്ധമുണ്ടെങ്കില്‍ മാത്രം വന്നാല്‍ മതി"
"ഞാന്‍ വരും.... ഞാന്‍ വരും...."

അല്‍പസമയത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാള്‍ പറഞ്ഞു,
"ഞാന്‍ ഒരു ശല്യമാവില്ല. പക്ഷെ മാഡം എന്‍റെയടുത്തുണ്ടാവണം. ഇനിയൊരിക്കലും ഞാനിതാവശ്യപ്പെടുകയുമില്ല"
"ശരി, വാക്കുപാലിക്കുക"  അയാള്‍ ഫോണ്‍ വച്ചു.

'പ്രിയപ്പെട്ടവര്‍ക്കു കഴിയാത്തത്‌...' താന്‍ വീണ്ടും വായിച്ചെന്നും അതുകൊണ്ടാണ് അയാള്‍ വന്നുപോകാനാവശ്യപ്പെട്ടതെന്നും കൃഷ്ണേട്ടന്‍ അന്ന് പറഞ്ഞു.

ഇന്ന് വെള്ളി. രാവിലെ മുതല്‍ അസ്വസ്ഥത വലയം ചെയ്തുനില്‍ക്കുകയായിരുന്നു. ആഹാരം കഴിക്കാന്‍ തോന്നുന്നില്ല. മുറ്റവും സിറ്റൌട്ടും കാണാവുന്ന വിധത്തില്‍ തലയണ ശരിപ്പെടുത്തിവച്ചു. അകാരണമല്ലാത്ത ഭയം. എന്താണവനു വേണ്ടത്? അഹിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ക്കൂടി പ്രേരണാക്കുറ്റത്തിന് കൃഷ്ണേട്ടനെ ശിക്ഷിക്കണമെന്നു തീര്‍ച്ചയാക്കി. 

ദൈവമേ.. വീണ്ടും മൂന്നുമിനിറ്റേ കഴിഞ്ഞിട്ടുള്ളൂ. ഇനിയും പതിനെട്ടുമിനിറ്റുകള്‍.

ജീവിതത്തിലാദ്യമായാണ് ഇത്രയും ഭീകരമായ ഒരവസ്ഥ നേരിടേണ്ടിവരുന്നത്.  ലോകത്തൊരു നരകമുണ്ടെങ്കില്‍ അത് ലേബര്‍റൂമിനുവെളിയിലെ ഒബ്സര്‍വേഷന്‍ റൂമാണെന്ന് മുന്‍പൊരിക്കല്‍ വനിതാമാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ലേബര്‍ റൂം ഒരു സത്യമാണ്, അവിടെ പിറക്കുന്നത് ജീവനാണ്. ഉള്ളില്‍ കടക്കുന്ന സ്ത്രീയ്ക്ക് ചെയ്യാനൊരു കര്‍ത്തവ്യമുണ്ട്, അതുകഴിഞ്ഞാല്‍ അവള്‍ സ്വതന്ത്രയാണ്. 

നേരെ മറിച്ചാണ് 'ഒബ്സര്‍വേഷന്‍ റൂം' എന്നറിയപ്പെടുന്ന ഗ്രീന്‍ റൂം. പ്രസവിക്കാന്‍ സമയമടുത്തവര്‍, മറ്റുപല പ്രശ്നങ്ങളാല്‍ വേദന കാത്തുകഴിയുന്നവര്‍... അവര്‍ക്ക് ചെയ്യാനൊന്നുമില്ല.  ജസ്റ്റ്‌ ലൈ ആന്‍ഡ്‌ വെയിറ്റ്‌. ഒരു ചുവരിനപ്പുറം നരകമാണ്.  നരകത്തിനു വെളിയില്‍ നിന്നാല്‍ കേള്‍ക്കാവുന്ന ദീനരോദനങ്ങള്‍, പതംപറച്ചിലുകള്‍, എതിര്‍പ്പുകള്‍, പരാതികള്‍...

കണ്ണുകള്‍ വീണ്ടും തെന്നി നിരഞ്ജന്‍റെ മുഖത്തേയ്ക്കുപാഞ്ഞു. കണ്ണിമയ്ക്കാതെ അയാള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. നെറ്റിയിലേയ്ക്കോ കണ്ണിലേയ്ക്കോ അയാള്‍ നോക്കുന്നത്? നോട്ടം മുഖത്തേയ്ക്കാണെങ്കിലും അയാള്‍ മറ്റെവിടെയോ ആണ്. ആഴങ്ങളിലെങ്ങോ മുങ്ങിപ്പോയ കണ്ണുകള്‍.

അപരിചിതനായ പുരുഷന്‍റെ നോട്ടത്തിനുമുന്നില്‍ മുഖം തിരിക്കാനേ അന്നും ഇന്നും കഴിഞ്ഞിട്ടുള്ളൂ. നന്നേ ചെറുപ്പത്തില്‍ ചൊല്ലിത്തന്ന പാഠം. ധിക്കാരത്തോടെ മറുനോട്ടം നോക്കാന്‍ ആര്‍ക്കുനേരെയും കഴിഞ്ഞിട്ടില്ല, അയാള്‍ മനസ്സിന്‍റെ പ്രഖ്യാപിതശത്രുവല്ലെങ്കില്‍. പെണ്ണെഴുത്തുകാരി എന്ന് പരിഹസിക്കപ്പെടുന്ന അനിത പുരുഷന്മാരെ നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്, ആ നോട്ടത്തിനുമുന്നില്‍ മുഖം കൊടുക്കാനാവാതെ അവര്‍ ചൂളുന്നതും.

മൂന്നുമണികഴിഞ്ഞപ്പോഴാണ് നിരഞ്ജന്‍ വന്നത്. സിറ്റൗട്ടില്‍ കയറി കോളിംഗ് ബെല്ലമര്‍ത്തുമ്പോള്‍ ഊരിയിട്ട അയാളുടെ ചെരിപ്പുകളിലേയ്ക്ക് ശ്രദ്ധിക്കുകയായിരുന്നു.

മുന്നില്‍ ഒരു ഷൂസിന്‍റെയും പിന്നില്‍ സാധാരണ ചെരിപ്പിന്‍റെയും രൂപമുള്ള പാദരക്ഷകള്‍. അത്തരം ചെരിപ്പുകള്‍ പണ്ടേ ഇഷ്ടമായിരുന്നില്ല. അവ ഉപയോഗിക്കുന്നവര്‍ 'അകത്തൊന്നും പുറത്തൊന്നും' തരക്കാരാണെന്ന തോന്നലായിരുന്നു.

കൃഷ്ണേട്ടനാണ് അയാളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ആകാംക്ഷയെന്നോ ഉത്കണ്ഠയെന്നോ വേര്‍തിരിക്കാന്‍ കഴിയാത്ത വികാരമായിരുന്നു ആ മുഖത്ത്. വന്നയുടന്‍ കട്ടിലിനടുത്തുകിടന്ന ഒരു പ്ലാസ്റ്റിക്‌ കസേരയില്‍ അയാളിരുന്നു. പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണെടുത്ത് അതില്‍ കൗണ്ട് ഡൌണ്‍ ടൈമര്‍ ഓണ്‍ ചെയ്തു. "അരമണിക്കൂര്‍.." അയാള്‍ ചിരിച്ചപ്പോള്‍ ഒന്നുചിരിച്ചെന്നുവരുത്തി.

എന്നും പതിവുള്ള ഉച്ചമയക്കം ഇന്ന് തെറ്റിയതാണ്, അയാളെ പ്രതീക്ഷിച്ചിരുന്നതുകൊണ്ട്. കണ്ണടച്ചുകിടന്നു. വേണമെങ്കില്‍ ഉറങ്ങാം. പക്ഷെ ഏതാനും സെക്കന്റുകള്‍ക്കകം തന്നെ മനസ്സിലായി, അതുകഴിയില്ലെന്ന്. ഒരു മനുഷ്യന്‍, അതും അപരിചിതനായൊരാള്‍ മുഖത്തേയ്ക്കു തുറിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഉറങ്ങാന്‍ കഴിയില്ല. കണ്ണടച്ചുകിടക്കാന്‍ ശ്രമിച്ചു. അയാളെന്താവും ചെയ്യുന്നത്! പോക്കറ്റില്‍നിന്ന് തോക്കെടുത്ത്‌ തന്റെ നേര്‍ക്ക്‌ ചൂണ്ടാം. കത്തിയെടുത്ത്‌...

കണ്ണുതുറക്കുന്നതാണ് നല്ലതെന്നുതോന്നി. അടുത്ത് ഏതാനും പുസ്തകങ്ങളുണ്ട്. വായിക്കാന്‍ ശ്രമിക്കാം. കണ്ണുതുറന്ന് ആദ്യം നോക്കിയത് ചുവരിലെ ക്ലോക്കിലേയ്ക്കാണ്! രണ്ടുമിനിറ്റ്‌ കഴിഞ്ഞുകാണും.

ആദ്യം കയ്യില്‍ തടഞ്ഞത്‌ പുസ്തകമല്ല, ഒരു വാരികയാണ്. ഇങ്മര്‍ ബര്‍ഗ്മാന്‍റെ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ഒരു ആസ്വാദനക്കുറിപ്പ്‌ - പാതിവായിച്ചുവച്ചതാണ്. തുടര്‍ന്നുവായിക്കാന്‍ ശ്രമിച്ചു. എവിടെയാണ് നിര്‍ത്തിയത്‌. ഓര്‍മ്മയില്ല.

ഏതാനും നിമിഷങ്ങള്‍ക്കകം ഒരക്ഷരംപോലും വായിക്കാന്‍ കഴിയില്ലെന്നുറപ്പായി.

നാവുവരളുന്നു. മേശപ്പുറത്ത്‌ വെള്ളമുണ്ട്. കൈനീട്ടിയപ്പോള്‍ വെള്ളമിരുന്ന ജഗ് അയാള്‍ അടുത്തേയ്ക്കു നീക്കിവച്ചു. മുഖത്തേയ്ക്കുനോക്കാന്‍ കഴിഞ്ഞില്ല. ഗ്ലാസില്‍ എടുത്ത വെള്ളം പകുതിമാത്രം കുടിച്ചു. ഇറങ്ങുന്നില്ല. പൊടുന്നനെ ഒരു ചിന്ത മനസിലേയ്ക്ക് കടന്നുവന്നു. അയാള്‍ തന്‍റെ ശരീരത്തിലേയ്ക്ക് നോക്കുന്നുണ്ടാവുമോ? ഹൗസ്‌കോട്ടിനുമേലെ കഴുത്തിനുതൊട്ടുതാഴെവരെ പുതപ്പുണ്ടെങ്കിലും രൂപം വ്യക്തമാണ്‌.

ദൈവമേ... ബെല്ലിലേയ്ക്കുള്ള ദൂരമറിയാന്‍ പാളിനോക്കി. കൈ പതിയെ ഒന്ന് നീട്ടിയാല്‍ മതി.

അയാളുടെ മുഖത്തേയ്ക്കുനോക്കാന്‍ ധൈര്യം പോരാ. അയാള്‍ക്കുപിന്നിലെ ചുവരില്‍ ഒരു കലണ്ടര്‍ തൂങ്ങുന്നുണ്ട്. വീടുവയ്ക്കാന്‍ ലോണെടുത്ത ബാങ്കിന്‍റെ. രവിവര്‍മ്മയുടെ ഒരു പെയിന്റിംഗ് ആണ് അതിലെ ചിത്രം. തീയതി നോക്കാനെന്നപോലെ അതിലേയ്ക്ക് നോക്കാം.

കലണ്ടറിലേയ്ക്ക് ശ്രദ്ധിച്ചപ്പോഴാണ് ഒക്കെ വെറും തോന്നലാണെന്നു മനസിലായത്. നോട്ടം മുഖത്തേയ്ക്കുതന്നെ, സംശയമില്ല. പക്ഷേ ഇങ്ങനെ അരമണിക്കൂര്‍ എങ്ങനെ തള്ളിനീക്കും? സമയം പോകുന്നില്ല. ബെല്ലടിച്ച് കൃഷ്ണേട്ടനെ വിളിച്ച് അയാള്‍ എന്‍റെ മുഖം കാണാനല്ല വന്നതെന്ന് പരാതിപ്പെട്ടാലോ? ഛെ! അതുവേണ്ട.

രണ്ടാമതും ക്ലോക്കിലേയ്ക്ക് ശ്രദ്ധിച്ചപ്പോഴാണ് സെക്കന്റ് സൂചിയില്ലാത്ത അതിനോട് ജീവിതത്തിലാദ്യമായി വെറുപ്പുതോന്നിയത്.

വയറിനുള്ളില്‍ അല്‍പനേരമായി തോന്നുന്ന ഒരസ്വസ്ഥത കൂടിക്കൂടി വരുന്നു. വായു കയറിയതാവണം. ഉച്ചയ്ക്ക് ഊണിനൊപ്പം ഉരുളക്കിഴങ്ങ് ഉപ്പേരിയുണ്ടായിരുന്നു. ശരീരമനങ്ങാത്തതുകൊണ്ട് കീഴ്ശ്വാസമായേ പുറത്തുപോവൂ.

ദൈവമേ! അപരിചിതനായൊരാള്‍ അടുത്തിരിക്കുമ്പോള്‍...? ചിലപ്പോള്‍ നേരിയ ശബ്ദമുണ്ടായേക്കാം. ചിലപ്പോള്‍ ദുര്‍ഗന്ധമുണ്ടായേക്കാം. സ്വകാര്യമായി അതാസ്വദിക്കാനിഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാല്‍, മറ്റൊരാളുടെ സാന്നിദ്ധ്യത്തില്‍ അത് തികഞ്ഞ നാണക്കേടാവുന്നു.

പിടിച്ചുനിര്‍ത്തിയാല്‍ വയറിനുള്ളില്‍ വായു ഉരുണ്ടുകൂടില്ലേ? വേദനയും ചിലപ്പോള്‍ മനംപുരട്ടലും തീവ്രമായാല്‍ തലകറക്കവും...

പുറത്തുവിട്ടാല്‍... ഛെ! എത്രയും വേഗം അരമണിക്കൂര്‍ കഴിഞ്ഞെങ്കില്‍... സമയം ഒരിക്കലും ഇത്രത്തോളം ദുസ്സഹമായിരുന്നിട്ടില്ല. ഏതാനും നിമിഷങ്ങള്‍ കൂടി കഴിയുമ്പോഴേയ്ക്കും തന്‍റെ ശ്വാസം നിലയ്ക്കുകയും കണ്ണുകളടയുകയും ചെയ്യുമോ? ഒരാളെ നോക്കിക്കൊന്നതിന്‍റെ പേരില്‍ ഇവന്‍ ശിക്ഷിക്കപ്പെടുമോ?

സമയം മൂന്നര കഴിഞ്ഞിരിക്കുന്നല്ലോ. കുട്ടികള്‍ സ്കൂളില്‍നിന്ന് ഇനിയും എത്താത്തതെന്തേ? അവര്‍ വന്നുകിട്ടിയിരുന്നെങ്കില്‍ ഓടി അടുത്തെത്തുമായിരുന്നു. അവരോടു സ്കൂളിലെ വിശേഷങ്ങള്‍ ചോദിക്കാമായിരുന്നു. അങ്ങനെ ഈ അസഹ്യതയ്ക്ക് ഒരു വിരാമമാവുമായിരുന്നു. നിരഞ്ജന്‍റെ മൊബൈലിലെ കൗണ്ട്ഡൌണ്‍ ടൈമര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ചിലയ്ക്കുന്നതുവരെ അവരെ കട്ടിലിനരികില്‍ പിടിച്ചുനിര്‍ത്താമായിരുന്നു.

ഈശ്വരാ! ഇന്ന് വെള്ളിയാഴ്ചയല്ലേ! പതിവിലും വൈകിയല്ലേ അവര്‍ വരൂ! കൃഷ്ണേട്ടന്‍ വെള്ളിയാഴ്ച തന്നെ തിരഞ്ഞെടുത്തു! അല്ലെങ്കിലും ഇതിനെല്ലാം കാരണം തന്നെ കൃഷ്ണേട്ടനാണ്. വിവാഹം കഴിഞ്ഞ് പന്ത്രണ്ടുവര്‍ഷമായിട്ടും ഒരിക്കലും തോന്നാത്ത ഈര്‍ഷ്യയും ദേഷ്യവും ആ മനുഷ്യനോട് തോന്നുന്നുണ്ടിപ്പോള്‍.

കൃഷ്ണേട്ടന്‍റെ പ്രേരണയില്ലായിരുന്നെങ്കില്‍ ഇയാള്‍ക്ക് തലവയ്ക്കാന്‍ ഇടം കൊടുക്കില്ലായിരുന്നു, എന്താണയാള്‍ക്കു വേണ്ടതെന്ന കൗതുകമുണ്ടായിരുന്നെങ്കിലും. ഏറെക്കാലമായുള്ള അയാളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായാണ് ഈശ്വരന്‍ ഈ കിടക്കയില്‍ പിടിച്ചിട്ടതെന്ന് തോന്നിയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. അതുകൊണ്ടാണ് ആദ്യം എതിര്‍ത്തിട്ടും പിന്നീട് സമ്മതം മൂളിയത്.

ഒരിക്കല്‍ക്കൂടി അയാളുടെ മുഖത്തേയ്ക്ക് നോക്കാന്‍ തീരുമാനിച്ചു. ഇത്തവണ അത് മുന്‍പെന്ന പോലെ അത്ര ദുഷ്കരമായി തോന്നിയില്ല.

അയാള്‍ ഇരിക്കുകയാണ്...
ശബ്ദമില്ലാതെ...
ചലനമില്ലാതെ...
താന്‍ നോക്കുന്നതയാളറിയുന്നില്ല. മനസ്സ്‌ ആഴങ്ങളിലെവിടെയോ ആണ്. കണ്ണുകളില്‍ നേരിയ നനവുണ്ട്.

ക്ലോക്കില്‍ മൂന്ന്‍ മുപ്പത്തൊന്‍പത്. ഇനി എട്ടുമിനിറ്റ്‌ കൂടി. വീണ്ടും നിരഞ്ജനെ നോക്കി. ഓര്‍മ്മകളില്‍ മുഴുകിയിരിക്കുമ്പോള്‍ അയാള്‍ മുഖത്തേയ്ക്ക് നോക്കുന്നുണ്ടാവില്ലെന്ന, നോക്കിയാലും കാണുന്നുണ്ടാവില്ലെന്ന വിശ്വാസമാവും ശക്തിപകര്‍ന്നത്. വെട്ടിയൊതുക്കിയ, കറുപ്പിനേക്കാള്‍ കറുത്ത മുടി, ഇരുനിറത്തേക്കാള്‍ വെളുപ്പ്‌. ഇടത്തരം കട്ടിയുള്ള മീശ. കാഴ്ചയില്‍ ഒരു ഇരുപത്താറുവയസ്സ് തോന്നും.

അലക്കുകല്ലില്‍നിന്ന് സോപ്പെടുത്തുകളിക്കുന്നതിനിടയില്‍ കുളത്തിലേയ്ക്ക് വഴുതിപ്പോയ കുഞ്ഞനിയന്‍. അവനുണ്ടായിരുന്നെങ്കില്‍ കാണാന്‍ ഏതാണ്ടിതുപോലാവുമായിരുന്നു. അവന്‍റെ ചലനമറ്റ ശരീരം കരയ്ക്കെടുത്തുകിടത്തിയപ്പോള്‍ കുഞ്ഞുവിരലുകള്‍ക്കുള്ളില്‍ അപ്പോഴും മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു സണ്‍ലൈറ്റ്‌ സോപ്പിന്‍റെ ഒരു കൊച്ചുകഷണം.

നീണ്ട വിരലുകളുണ്ടായിരുന്നു അവന്. നിരഞ്ജന്‍റെ വിരലുകളിലേയ്ക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഉണ്ണിയുടേതുപോലെ നീണ്ടുമെലിഞ്ഞ വിരലുകള്‍. അവന്‍റെ വലതുകൈപ്പത്തിയ്ക്കു മുകളില്‍ ചുവപ്പുകലര്‍ന്ന കറുപ്പുനിറത്തില്‍ ഒരു കാക്കപ്പുള്ളിയുണ്ടായിരുന്നു. നെഞ്ചില്‍ കൈ രണ്ടും പിണച്ചുകെട്ടിയിരിക്കുകയാണ് നിരഞ്ജന്‍. ആ വലതുകൈപ്പത്തി ഒന്നുകാണണം എന്ന് തോന്നി. പറയാന്‍ വയ്യ. എണീക്കുമ്പോള്‍ ഒന്നുനോക്കാം.

നിരഞ്ജന്‍റെ മുഖത്ത് ഉണ്ണിയുടെ മുഖം സൂപ്പര്‍ ഇമ്പോസ്‌ ചെയ്യാന്‍ ശ്രമിച്ചു. അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്, ജനിക്കുമ്പോള്‍ അച്ഛന്‍റെ തനിസ്വരൂപമായിരുന്നത്രേ ഉണ്ണി. നിരഞ്ജന്‍റെപോലെ കട്ടിമീശയും വിഷാദം നിഴലിക്കുന്ന കണ്ണുകളുമുണ്ടായിരുന്നു അച്ഛന്. ഇത്ര വെളുത്തിട്ടായിരുന്നില്ല. എന്നാല്‍ ഉണ്ണിയ്ക്ക് നല്ല നിറമുണ്ടായിരുന്നു. 'കറമ്പിക്കുട്ടീ....'ന്ന് അവന്‍ വിളിക്കുമ്പോള്‍ ശുണ്ഠിയെടുക്കാതിരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും ആ വിളി കേള്‍ക്കാന്‍ ഒരുപാടിഷ്ടമായിരുന്നു. പശുക്കുട്ടിയുടെ വാലില്‍ പിടിക്കാനുള്ള അവന്‍റെ ഓട്ടവും അമ്മ തല്ലാന്‍ പിടിക്കുമ്പോള്‍ പിടികൊടുക്കാതെ പിന്നില്‍നിന്ന് വട്ടം ചുറ്റിപ്പിടിച്ചുള്ള നില്‍പ്പും നോക്കി എത്ര ചിരിച്ചിട്ടുണ്ട്.... കറവക്കാരനെ ചുറ്റിപ്പറ്റി നീലിപ്പശുവിന്‍റെ അകിടില്‍നിന്ന് വായിലേയ്ക്ക് പാല്‍വീഴ്ത്തിച്ചുകുടിക്കുമ്പോള്‍ മുഖം നിറയെ ചൂടുപാല്‍ത്തുള്ളികളുമായി അവന്‍റെ കണ്ണിറുക്കല്‍...

"കറമ്പിക്കുട്ടിയ്ക്ക് മൈലാഞ്ചിപ്പൂക്കളുടെ മണാ..." അവന്‍ പറയും.
"നീ പോടാ ചെക്കാ, മൈലാഞ്ചിപ്പൂക്കള്‍ക്ക് മണമൊന്നുമില്ല."
തര്‍ക്കിച്ചാലും അവന്‍ വിടില്ല.
"അതേയ്, പൂവ് മണത്താല്‍ കാണില്ല. അതിന്‍റെ അടുത്തുന്ന് മാറി ഇരിക്കണം, അപ്പൊ കാറ്റടിച്ചുവരും.."

ടിങ് ടിങ് ടിങ്.... ടിങ് ടിങ് ടിങ്....

പാല്‍സൊസൈറ്റിയുടെ വണ്ടിയാണ്. ക്യാനിന്‍റെ ഒരു പിടിയില്‍ ഉണ്ണിയുണ്ടാവും എന്നും...

അല്ലാ, ഇത് ഫോണില്‍ നിന്നാണല്ലോ... എട്ടുമിനിറ്റ്‌ ഇത്രവേഗം കടന്നുപോയോ? ഉണ്ണിയും ഒന്നുഞെട്ടിയതുപോലെ തോന്നി. ഓര്‍മ്മകളുടെ ഏതോ ആഴങ്ങളില്‍നിന്ന് നീന്തിക്കയറിയതുപോലെ.

ദൈവമേ...! ഉണ്ണിയോ? എന്താണോര്‍ത്തത്! ഇത് നിരഞ്ജനല്ലേ? ഉണ്ണിയുടെ ഓര്‍മ്മകളില്‍നിന്ന് വഴുതിമാറാന്‍ മനസ്സുമടിക്കുന്നു.

ഫോണിലെ റിംഗ് ഓഫാക്കി പോക്കറ്റിലിട്ട് നിരഞ്ജന്‍ ചിരിച്ചു.
"നന്ദിയുണ്ട്, വളരെ വളരെ..."

ഉണ്ണി മനസ്സില്‍നിന്ന് പോയിട്ടില്ല. അവന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തിയതുകൊണ്ടാവാം നിരഞ്ജനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു ഇപ്പോള്‍.

"ഒരിക്കലും എനിക്കീ ദിവസം മറക്കാനാവില്ല"
ഹൃദ്യമായി ചിരിക്കാനാണ് തോന്നിയത്‌. അവനൊരു ശല്യമായിരുന്നില്ലെന്നു പറഞ്ഞാലോ?

നിരഞ്ജന്‍ എണീറ്റുനിന്ന് കൈകൂപ്പി.
"പോവുകയാണ്.." കണ്‍കോണില്‍ അപ്പോഴും വറ്റാത്ത നീര്‍ത്തിളക്കം.

അവസാനമെന്നപോലെ ഒരിക്കല്‍ക്കൂടി നോക്കി നിരഞ്ജന്‍ വാതില്‍ കടന്നുപോയി.

ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. ഭയന്നതുപോലെ ഒന്നുമുണ്ടായില്ല. ഗ്ലാസിലെ ബാക്കി വെള്ളം കൂടി കുടിച്ചു. ഗേറ്റ് തുറക്കുന്നതും കുട്ടികളുടെ കലപിലയും... അവരെത്തിയിരിക്കുന്നു.

സിറ്റൗട്ടിലേയ്ക്ക് നോക്കുമ്പോള്‍ നിരഞ്ജന്‍ ചെരിപ്പുകളിടുകയായിരുന്നു. വലതുകൈ പതിയെ ചുവരില്‍ താങ്ങിയിരിക്കുന്നു. മുഖം തിരിക്കുമ്പോഴാണതു കാണുന്നത്, ആ കൈപ്പത്തിയുടെ നടുവില്‍ ഒരു കാക്കപ്പുള്ളി...!!!

ഞെട്ടിത്തിരിഞ്ഞുവീണ്ടും നോക്കുമ്പോള്‍ മുറ്റത്തെ ചരലില്‍ കാല്‍നടശബ്ദം.

"കൃഷ്ണേട്ടാ... അയാളെ വിളിക്ക്..."

"കൃഷ്ണേട്ടാ...കൃഷ്ണേട്ടാ..."

"എന്താ.... എന്താ രാജീ...?" കൃഷ്ണന്‍ ഓടിയെത്തി.

"
കൃഷ്ണേട്ടാ...അയാളെ വിളിക്ക്, ആ നിരഞ്ജനെ..."
"നിനക്കെന്താ രാജീ, അയാള്‍ പോയല്ലോ..."
"അയാളെ വിളിക്ക് കൃഷ്ണേട്ടാ...."

കൃഷ്ണന്‍ ജനലിലൂടെ നോക്കുമ്പോള്‍ നിരഞ്ജന്‍ ബൈക്കില്‍ ഗേറ്റ് കടന്നുപോയിരുന്നു.
ഒന്നും മനസ്സിലാവാതെ കണ്ണുമിഴിച്ച് അയാള്‍ തിരിയുമ്പോള്‍ സൈഡ്ടേബിളിന്‍റെ വലിപ്പ് കൈയെത്തി തുറന്ന് മാഗസിനുകള്‍ക്കിടയില്‍ ഉപേക്ഷിച്ച നിരഞ്ജന്‍റെ കത്തിനു പരതുകയായിരുന്നു രാജേശ്വരി...


37 comments:

  1. കഥ വളരെ നന്നായിട്ടുണ്ട്.... ആശംസകള്‍....

    ReplyDelete
  2. മരിച്ചു പോയി എന്ന് വിശ്വസിക്കുന്ന പലതും മരിച്ചിട്ടെ ഉണ്ടായിരുന്നുള്ളൂ പോയിരുന്നില്ല എന്നുള്ളതാണ് സത്യം പിന്നെ പോയിട്ടുണ്ടെങ്കിൽ അത് കൊന്നിട്ടാണ് അപ്പോഴാണ് പല മരണങ്ങളും ഒരു കൊലപാതകം ആണെന്ന് തിരിച്ചറിഞ്ഞു നമ്മൾ നിരപരാധികൾ ആകുന്നതു
    നല്ല കഥ പറഞ്ഞ രീതി തന്നെയാണ് കഥ

    ReplyDelete
  3. ഇടയ്ക്ക് അല്പം ദുര്‍ഗന്ധമുണ്ടായെങ്കിലും ബാക്കി സമയമൊക്കെ നല്ല കഥയായിരുന്നു
    എന്തായാലും പി.ബി നമ്പര്‍ 24-ല്‍ നിരഞ്ജന്‍ എപ്പോഴെങ്കിലും വരൂലോ
    പിടിയ്ക്കാം. കൈപ്പത്തീലെ കാക്കപ്പുള്ളിയൊന്ന് വിഅശദമായി ചെക്ക് ചെയ്യാം!

    ReplyDelete
  4. ആദ്യവാസാനം വരെ ആകാംക്ഷ നിലനിര്‍ത്തിയ ഒരു കഥ , ചില ഭാഗങ്ങള്‍ എന്തോ ഇഷ്ട്ടമായില്ല :)

    ReplyDelete
  5. കുറെ നേരമെടുത്തു കഥ പറഞ്ഞു തീര്‍ക്കാന്‍.
    ആഗതനിലെ സഹോദരസാമീപ്യം മനസിന്റെ വെറും തോന്നലോ യാദൃശ്ചികമോ ഇനി അതല്ല യാഥാര്‍ത്ഥ്യം തന്നെയോ എന്നത് കഥ പറയാനുള്ള ഒരു കാരണം മാത്രമായി കാണാനാണ് എനിക്ക് തോന്നുന്നത്. അതേസമയം, കഥയില്‍ പറയുന്ന രാജേശ്വരി എന്ന എഴുത്തുകാരി ഒരു പുരുഷന് നേരെ നോക്കുമ്പോള്‍ {തിരിച്ചും} ചൂളിപ്പോകുന്ന വിധത്തില്‍ ഇപ്പോഴും ആത്മബലവും ബോധവും നേടിയിട്ടില്ലാത്ത ഒരു ദുര്‍ബല ചിത്തയാണ് എന്ന് വായിക്കുമ്പോള്‍ എന്നിലത്ഭുതമാണ് നിറയുന്നത്..? 'ഇങ്ങനെയും ഒരെഴുത്തുകാരി' എന്ന ആശ്ചര്യം കഥ വായനക്കൊടുവിലും അവശേഷിക്കുന്നു. അത് കഥയുടെ രസത്തെ കെടുത്തുകയും ചെയ്യുന്നുണ്ട്. അതേസമയം എന്തോ ഒന്ന് അവസാനം വരെ വായിപ്പിക്കുന്നുണ്ട്. അതൊരുപക്ഷേ, ഇനിയും മറ്റെന്തോ ഒന്ന്‍ കുഴിച്ചെടുക്കാന്‍ ഉണ്ടാകും എന്ന ഒരു വായനക്കാരന്റെ ആഗ്രഹമോ പ്രതീക്ഷയോ ആവണം. എന്തായാലും, നേരത്തെ വായിച്ച സോണിയുടെ പല എഴുത്തുകളേയും അപേക്ഷിച്ച് അത്ര സന്തോഷമുള്ള ഒരു വായനയല്ല ഈയെഴുത്ത് എന്ന്‍ സങ്കടപ്പെടുന്നു.

    ReplyDelete
  6. അടുത്തിടെ ഒരു സുഹൃത്ത് (കാലൊടിഞ്ഞ ഒരു സുഹൃത്ത് എന്ന് കൂടുതല്‍ വിശദമായി) ഒരു ദിവസം എങ്ങനെ തള്ളി നീക്കുന്നു എന്നെന്നോട് പറഞ്ഞത് ഓര്‍മ്മ വന്നു ഇത് വായ്ച്ചപ്പോള്‍! കഥകള്‍ എഴുതാന്‍ അറിയാത്ത എനിക്ക് എല്ലാ കഥയും ഒരു അത്ഭുതമാണ്! വളരെ നന്നായിരിക്കുന്നു.. എങ്കിലും പ്രതീക്ഷിച്ചൊരു അന്ത്യം - യുക്തിക്ക് സമ്മതിക്കാന്‍ വിശദീകരണങ്ങള്‍ ഇല്ല താനും! ആശംസകള്‍

    ReplyDelete
  7. വിശ്വസിക്കാൻ ഒരല്പം വിഷമമുള്ളത് പോലെ തോന്നി...
    പക്ഷെ ഇങ്ങനെ നടന്നു കൂടായ്ക ഇല്ല...
    ഇരുത്തി വായിപ്പിച്ചു ഈ എഴുത്ത് ... നന്നായിരിക്കുന്നു...

    ReplyDelete
  8. ‘അരമണിക്കൂറില്‍’ നടന്നത് വായിക്കാന്‍ ഒരുമണിക്കൂറെടുത്തു..!:)
    ‘ചിലഭാഗങ്ങള്‍’ ഒഴിവാക്കിയിരുന്നെങ്കില്‍ക്കൂടി നായികയുടെ മനോനില വായനക്കാരനു മനസ്സിലാകുമായിരുന്നു. എങ്കിലും, വ്യതസ്ഥമായ ഒരാശയം ആകാംഷയോടെ വായിപ്പിക്കുന്നതില്‍ കഥാകാരി വിജയിച്ചു.
    ഇനിയും പുകയുന്നകഥകള്‍ പിറക്കട്ടെ. ആശംസകള്‍..!!

    ReplyDelete
  9. ശ്വാസം പിടിച്ച് വായിച്ച് തീർത്തു.

    മനോഹരമായ ആഖ്യാനം

    ReplyDelete
  10. മഴവില്ലില്‍ ഒരുപാടു കഥകളുടെ കൂടെ വായിച്ചപ്പോള്‍ മുഷിപ്പിച്ചിരുന്നു.പിന്നെ വായിച്ചപ്പോള്‍ അല്പം സ്വാധിനിച്ചു .മുഖ്യ കാരണം ,അവതരണം .

    ReplyDelete
  11. എഴുത്തുകാരി രാജേശ്വരിയുടെ മനോനിലകള്‍ അതേപടി കഥയില്‍ പകര്‍ത്താന്‍ കഴിഞ്ഞു എന്ന് പറയാം. വെറും ഒരു തോന്നലിനെ, ഇത്ര കാതലുള്ള ഒരു കഥയായി രൂപപ്പെടുത്തിയെടുക്കാനുള്ള കഴിവിനെ അംഗീകരിക്കുന്നു. അവതരണം കൊണ്ട് മികച്ചത്.
    ആശംസകള്‍.

    ReplyDelete
  12. കഥയില്‍ ചോദ്യമില്ലാത്തത് കൊണ്ട് തന്നെ.. ഒന്നും ചോദിക്കുന്നില്ല.. അവതരണം നന്നായിരിക്കുന്നു.. ഒടുവില്‍ എന്തൊക്കെയോ പ്രതീക്ഷിച്ചു, അത് കിട്ടിയതുമില്ല..

    ReplyDelete
  13. കഥ നന്നായിട്ടുണ്ട്.... ആശംസകള്‍....

    ReplyDelete
  14. അല്പം ചുരുക്കാമായിരുന്നു എന്ന് തോന്നി. നാമൂസിന്റെ സംശയം എനിക്കും ഉണ്ടായിരുന്നു.
    ആശംസകള്‍.

    ReplyDelete
  15. കഥാകാരിയുടെ മനോഗതങ്ങള്‍ ഇഷ്ടപ്പെട്ടു.
    പക്ഷേ.....മരിച്ച ഒരാള്‍..........??

    ReplyDelete
  16. ഫാന്റസി..!! കൊള്ളാം.. ഒക്കെ ഓരോ തോന്നലാന്നേയ്..
    എന്തായാലും അവസാനം ഒരു ത്രില്ലടിച്ചു.. കേട്ടോ..!!
    നിരഞ്ജന്‍ അങ്ങിനെ വാനിഷ് ആയി.. ആ.. പോട്ട്..

    കഥ ഇഷ്ടം...
    കഥാകാരിയ്ക്ക് അഭിനന്ദനങ്ങള്‍ ..!!

    ReplyDelete
  17. ആദ്യാവസാനം ആകാംക്ഷ നിലനിര്‍ത്തിയത്തില്‍ പൂര്‍ണമായും വിജയിച്ചു.. എന്തോ കിട്ടാനുണ്ട് എന്ന് പ്രതീക്ഷിപ്പിച്ചു, അവസാനം ഒന്നും തന്നില്ലാ.. കാരണം...

    ReplyDelete
  18. വളരെ നല്ലൊരു തീം... നല്ല അവതരണം! കുറേക്കാലം കൂടി വായിച്ച, മനസ്സിനെ സ്പര്‍ശിച്ച നല്ലൊരു കഥ, വലരെ ഇഷ്ടമായി.

    ആ അര മണിക്കൂറിന്റെ വിവരണം വീര്‍പ്പടക്കിയിരുന്നാണ് വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നില്‍ക്കുന്നത് നിരഞ്ജന്റെ ... അല്ല ഉണ്ണിയുടെ മുഖമാണ്.

    ReplyDelete
  19. കഥ വായിച്ചു... ആശംസകള്‍ സോണീ.. .

    ReplyDelete
  20. ആസ്വദിച്ചു വായിച്ചു...ആശംസകള്‍ !!

    ReplyDelete
  21. ചില മഴദിനങ്ങളിൽ ആരെയൊ പ്രതീക്ഷിച്ച്‌ വെറുതനേ ഉമ്മറപ്പടിയിൽ നോക്കി ഇരിക്കാറുണ്ട്‌..
    അത്തരമൊരു വായനയാണു നിയ്ക്ക്‌ സാധ്യമായത്‌..
    എന്നാൽ മഴ ആസ്വദിച്ചുതാനും..
    ആശംസകൾ ട്ടൊ..!

    ReplyDelete
  22. ഉണ്ണി ചിന്തയില്‍ വന്നപ്പോഴേ ഊഹിച്ചു ഇങ്ങനെതന്നെ യാവും അന്ത്യം എന്ന്..എന്തായാലും നന്നായി...

    ReplyDelete
  23. ചിലനേരങ്ങളില്‍ ചിലമനുഷ്യര്‍...
    സെക്കന്‍ഡ്‌ സൂചിയില്ലാത്ത ഘടികാരം ...
    മനോഹരം!
    ആശംസകള്‍

    ReplyDelete
  24. ഒരു നിമിഷാർദ്ധത്തിലെ മനുഷ്യമനസ്സുകൊണ്ട് ഒരു കഥയുണ്ടാക്കാം എന്ന് മുമ്പെവിടെയോ വായിച്ചതോർക്കുന്നു...

    ReplyDelete
  25. അപരിചിതനായ ഒരു യുവാവിന്‍റെ നോക്കിനു മുന്‍പിലെ ഉദ്വേഗജനകമായ മുപ്പതു മിനിട്ടുകള്‍...........നന്നായി പറഞ്ഞിരിക്കുന്നു ,ആശംസകള്‍ !

    ReplyDelete
  26. കഥ എത്ര വലുതായാലും വായ്ക്കിന്നവന്റെ മാനസ്സു മടുപ്പിക്കരുതെന്നേയുള്ളൂ. മടുപ്പാണ് പലരുടെയും കണ്ണിലെ ദൈര്‍ഘ്യത്തിന്‍റെ അളവ് . കഥയും അവതരണവും എന്നെയോരിക്കലും മടുപ്പിച്ചില്ല .( ഞാന്‍ ഭക്ഷണം കഴിച്ചു കൊണ്ടാണ് വായിച്ചത് , ഭക്ഷണം പകുതിലധികവും ഇപ്പോഴും പ്ലേറ്റില്‍ ബാക്കി കിടപ്പുണ്ട് )
    യുക്തി കുന്തം കുടച്ചക്രം എന്നൊക്കെ പറയുന്നവരോട് പോകാന്‍ പറ :) നല്ല കഥ . ആശംസകള്‍

    ReplyDelete
  27. അവസാനം വരെ ആകാംഷ നില്നിര്തുന്നു, പറഞ്ഞു കേള്ക്കാത്ത ഒരു വിഷയവും . ആശംസകൾ..

    ReplyDelete
  28. ഇഷ്ടത്തോടെ രണ്ടു തവണ വായിച്ചിരുന്നു. ഇന്ന് വീണ്ടും നോക്കിയപ്പോള്‍ എന്റെ കമന്റ്‌ ഇല്ല. അങ്ങനെ പല സ്ഥലത്തും സംഭവിക്കുന്നു. ഞാന്‍ കമന്റ്‌ മനസ്സില്‍ മാത്രം എഴുതുന്നെയുള്ളോ കമന്റ്‌ ബോക്സില്‍ ഇടുന്നില്ലേ എന്നാണു എന്റെ ഇപ്പോഴത്തെ സംശയം..
    ആ സന്ദര്‍ശകന്‍ ഉണ്ണിയായിരുന്നെങ്കില്‍...എന്ന് ഞാനും ആശിച്ചു പൊയ്

    ReplyDelete
  29. മാഗസിനില്‍ വായിച്ചിരുന്നു. ഇപ്പോഴാണ് ഇവിടെ വരാന്‍ തരമായത്. ആകാംക്ഷ ഒടുക്കം വരെ നിലനിര്‍ത്തി. പക്ഷെ എല്ലാ ഭാവങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരെഴുത്തുകാരി ഭര്‍ത്താവ് പുറത്ത് കാത്തിരുന്നിട്ടും എന്തിനിത്ര അസ്വസ്ഥയാകുന്നു എന്ന് തോന്നി. യാഥാര്‍ത്ഥ്യം വന്ന് ഭവിച്ചാല്‍ അങ്ങനെയാകാം അല്ലേ?.വയറിനുള്ളിലെ അസ്വസ്ഥത ഭംഗിയാക്കി. എങ്കിലും അവസാനം എന്തോ ഒരു പ്രതീക്ഷ ബാക്കിയാക്കി...കഥയല്ലേ?

    ReplyDelete
  30. വായിച്ചു.. നന്നായി.. ഒന്ന് കൂടി വായിച്ചു വിമര്‍ശിക്കാം..

    ReplyDelete
  31. അൽപം ദീർഘമായ ഒരു കഥ. എങ്കിലും എങ്ങോ ഒരു നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന ആകാംക്ഷ വായനാന്ത്യം വരെ നില നിർത്താൻ കഥഖ്യാനത്തിനു കഴിഞ്ഞു. കഥാന്ത്യം നിരാശപ്പെടുത്താതെ മറ്റൊരു വഴിയിലേക്ക് ഭാവനയുടെ വാതിൽ തുറന്നിട്ട്‌ കഥാകാരി പിൻവാങ്ങുന്നു.

    കഥയിലെ കഥാകാരിക്ക് നിരഞ്ചനോട് തോന്നിയത് ഉണ്ണിയോടുള്ള സാദൃശ്യമാവാം. എന്നാൽ അയാൾക്ക് കേവലം കൃത്യമായ അര മണിക്കൂർ കഥാകാരിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കണം എന്ന നിർബന്ധത്തിനു പിന്നിലെ ചേതോ വികാരം എന്തോ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു..

    കഥ നന്നായി. അഭിനന്ദനങ്ങൾ.

    ReplyDelete
  32. നല്ല കഥ.

    നീണ്ട കഥ. നിരന്ജനെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല. അയാൾ വെറും അര മണിക്കൂർ മാത്രം. കഥ പറയുന്ന ആൾ ഞങ്ങളുടെ എത്ര നാഴികകൾ?

    ReplyDelete
  33. കഥയുടെ നീളം കൂടിപ്പോയെന്ന തോന്നൽ എന്തുകൊണ്ടോ ഇല്ല. അരമണിക്കൂർ നേരത്തെ ആത്മഗതങ്ങൾ വായനയെ തടസ്സപ്പെടുത്താതെ നിർത്തുന്നു.
    ഭാവുകങ്ങൾ.

    ReplyDelete
  34. മഴവില്ലില്‍ വായിച്ചില്ല. അന്ന് നോക്കിയപ്പോള്‍ വളരെ നീളക്കൂടുതല്‍ ഉള്ള ഒരു കഥ എന്ന് കരുതി ഒഴിവാക്കി.
    ഒഴിവാക്കാവുന്ന ചില വിവരണങ്ങള്‍ കഥയുമായി പൊരുത്തപ്പെട്ടു പോകാതെ സമാന്തര ദിശയില്‍ ചരിക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ വായന വിരസമാവുന്നു എന്ന സത്യം പറയാതെ വയ്യ. കുറുംകവിതകളിലൂടെ ഏറെ സംവദിക്കാറുള്ള എഴുത്തുകാരിക്ക് ഈ കഥ ഇത്രയും പരത്തി പറയാതെ തന്നെ ലക്ഷ്യത്തില്‍ കൊണ്ടെത്തിക്കാമായിരുന്നു എന്ന് വായനക്ക് ശേഷം തോന്നി.

    കഥ പറച്ചിലില്‍ വേറിട്ടൊരു വഴി തന്നെ സോണി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ഇവിടെ നിന്നും മനസ്സിലാക്കാം

    ReplyDelete