Wednesday, May 21, 2014

ബേബീസ്‌ അണ്‍ലിമിറ്റഡ്‌


​​
നിനക്കായിരുന്നില്ലേ നിര്‍ബന്ധം? ഞാനെത്ര പറഞ്ഞതാ വേണ്ടാന്ന്...?”

കരുണ്‍ കത്തിക്കയറുകയായിരുന്നു, തരിപോലും കരുണയില്ലാതെ.
ഒടുവില്‍ നിന്‍റെ വാശിതന്നെ നടന്നു. എന്നിട്ടിപ്പോ എന്തായി?”
ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കേണ്ടിവന്നു ഡയാന്.

കാറിന്‍റെ കീയെടുത്ത് കാറ്റുപോലെ പുറത്തേയ്ക്കിറങ്ങാനൊരുങ്ങുമ്പോള്‍ സാവധാനം മാറിയ സ്ലൈഡിംഗ് ഡോറിന്‍റെ സൈഡില്‍ കരുണ്‍ കാലുമടക്കി തൊഴിച്ചു. ഡോര്‍ ചെറുതായി കുലുങ്ങി. രൂക്ഷമായ ഒരു തിരിഞ്ഞുനോട്ടം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രണ്ടുസെക്കന്റ് കൂടി കഴിഞ്ഞപ്പോള്‍ വെളുത്ത ചുവരും മേല്‍ത്തട്ടും, വെളുവെളുത്ത ടൈലുകളും വെളുപ്പുനിറമുള്ള ഫര്‍ണിച്ചറുകളും വിരിപ്പുകളും നിറഞ്ഞ ആ ശ്മശാനമുറിയില്‍ ഒറ്റയ്ക്കായിപ്പോയി അവള്‍.

സിഗ്നല്‍ കിട്ടി അണ്ടര്‍ഗ്രൗണ്ടില്‍നിന്ന് റോബോറിമോയിപ്പോള്‍ പോര്‍ച്ചില്‍ കാറെത്തിച്ചിട്ടുണ്ടാവും. അതില്‍ക്കയറി കരുണ്‍ ഹൈവേയിലൂടെ പറക്കുന്നുണ്ടാവും. കാര്‍ പാര്‍ക്ക്‌ ചെയ്യാനും പാര്‍ക്കിങ്ങില്‍നിന്ന് എടുത്തുവരാനും മാത്രമായി റോബോറിമോയെ വാങ്ങിവയ്ക്കണമെന്നതും കരുണിന്റെ നിര്‍ബന്ധമായിരുന്നു. മാത്രമല്ല ആറുമാസം ഡ്രൈവര്‍ക്ക് കൊടുക്കുന്ന ശമ്പളം മതിയത്രേ അഞ്ചുവര്‍ഷം വാറന്റിയുള്ള ഒരു റോബോറിമോയെ ഫിക്സ് ചെയ്യാന്‍, സ്വയം ഡ്രൈവ്‌ ചെയ്യുന്ന ഹരം നഷ്ടപ്പെടുകയുമില്ല.

വെളുത്ത മുറിയില്‍നിന്ന് പുറത്തിറങ്ങി ഡോറിനടുത്തുള്ള പവര്‍സ്വിച്ച് അവള്‍ ഓഫാക്കി. കഴിഞ്ഞ മൂന്നുവര്‍ഷമായി ആ സ്വിച്ച് അണച്ചിട്ടില്ല. മൂന്നുവര്‍ഷവും രണ്ടുമാസവും പിന്നെ... അവള്‍ വിരല്‍ മടക്കി, ആറുദിവസം കൂടിയായിരിക്കുന്നു ഇന്നലെ.

കരുണിനെ കുറ്റപ്പെടുത്താനാവില്ല, തെറ്റ് തന്റെ ഭാഗത്തുതന്നെയാണ്. വിവാഹം കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിക്കുമ്പോള്‍ കരുണ്‍ പറഞ്ഞിരുന്നു, “ഡയാന്‍, കുട്ടികള്‍... അതൊരു വല്ലാത്ത ഏര്‍പ്പാടാണ് ഇന്നത്തെ കാലത്ത്. ഒരു പ്രയോജനവുമില്ലാതെ, വെറുതെ ശല്യപ്പെടുത്തുന്ന...

ആദ്യരാത്രിയില്‍ കന്യാരക്തം വീണ ബെഡ്ഷീറ്റ് കണ്ട് കരുണ്‍ ചൊടിച്ചു, “ഛെ! നേരത്തെ പറയണ്ടേ? ഇതിപ്പോ നാണക്കേടായല്ലോ. എന്റെ മമ്മി കണ്ടാല്‍ എന്തുകരുതും? ഇത്രയ്ക്ക് പരിഷ്കാരിയല്ലാത്ത ഒരു നാട്ടിന്‍പുറത്തുകാരിയാണ് നീയെന്നു കരുതില്ലേ?” ഷാമ്പെയിനും ബോയ്‌ഫ്രണ്ട്സുമായി കറങ്ങിനടന്ന കൂട്ടുകാര്‍ കളിയാക്കിയപ്പോഴും വിവാഹരാത്രിയ്ക്കുവേണ്ടി അത് കാത്തുവച്ചതിനു കിട്ടിയ സമ്മാനം!

അപ്പോള്‍ത്തന്നെ ഷീറ്റ് മാറ്റി വേറൊന്ന് വിരിച്ചു. ബക്കറ്റില്ലാത്ത കുളിമുറിയിലെ ബാത്ടബ്ബിലിട്ട് കഴുകി ടവ്വല്‍സ്റ്റാന്‍ഡില്‍ വിരിച്ച ഷീറ്റില്‍ നോക്കിയപ്പോള്‍ കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ആ നാലഞ്ചുതുള്ളിയ്ക്കുവേണ്ടി സഹിച്ചതെന്തൊക്കെ? ഭീരുവെന്നും മാനസികരോഗിയെന്നും പറഞ്ഞ കൂട്ടുകാരികള്‍, സ്വവര്‍ഗ്ഗി എന്ന് മുഖത്തുനോക്കി വിളിച്ച ആണ്‍സുഹൃത്തുക്കള്‍...

റൂമില്‍ തിരിച്ചെത്തുമ്പോള്‍ പാതിമയങ്ങിയ കൈകൊണ്ട് ചേര്‍ത്തുപിടിച്ച് കരുണ്‍ പറഞ്ഞു, “നമുക്ക് കുട്ടികള്‍ വേണ്ട ഡയാന്‍, എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി”. ആ നിമിഷം ഇഷ്ടക്കൂടുതലിന്‍റെ സ്വാര്‍ഥതയാവും അതെന്നുകരുതി ആശ്വസിക്കാന്‍ ശ്രമിച്ചു, കുറച്ചുദിവസം കഴിയുമ്പോള്‍ ഒക്കെ മാറുമെന്നും.

വിരലിലെണ്ണാവുന്ന ബന്ധുവീടുകളില്‍ ഓട്ടപ്രദക്ഷിണം കഴിഞ്ഞ് ഫ്ലൈറ്റിലിരിക്കുമ്പോള്‍ ഒരാഴ്ച ലീവെടുത്തപ്പോഴുണ്ടായ നഷ്ടങ്ങളും അതിനുവേണ്ടി ഉപേക്ഷിക്കേണ്ടിവന്ന രണ്ടുപ്രോജക്ടുകളും വരാന്‍പോകുന്ന സൂപ്പര്‍സോണിക് സ്പീഡ്‌ഫ്ലൈറ്റുകളും ഒക്കെയായിരുന്നു കരുണിന്‍റെ വിഷയങ്ങള്‍. അമ്മയുടെ ചിറകിന്‍കീഴില്‍നിന്ന് വീണുപോയ കുഞ്ഞിക്കിളി അനാഥത്വമെന്തെന്ന് ആദ്യമായി തിരിച്ചറിയുകയായിരുന്നു.

കൗതുകങ്ങളുടെ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യം വിരസത, പതിവായി ഫ്ലാറ്റില്‍ തനിച്ചാവുമ്പോള്‍ ഭയം. തുറന്നിടാനാവാത്തതിനാല്‍ ജനലുകളും, സൂര്യപ്രകാശമില്ലാത്തതിനാല്‍ ചെടികളുമില്ലാത്ത, തുറക്കാറില്ലാത്ത രണ്ടുമുറികള്‍ കൂടി അടങ്ങുന്ന ഫ്ലാറ്റ്‌. നാട്ടില്‍ അച്ഛനും അമ്മയും അനുജത്തിയുമുള്ള വീടിന്‍റെ പകുതിയോളം വരും ഓരോ മുറിയും. അടുത്തതിലേയ്ക്ക് കടക്കാന്‍ തനിയെ നീങ്ങുന്ന സ്ലൈഡിംഗ് ഡോറുകള്‍.

ആഴ്ചയിലൊരിക്കല്‍ ടൈംടേബിള്‍ പോലെ കൃത്യമായി നടക്കുന്ന ഔട്ടിംഗ്. അതില്‍ ഒരാഴ്ചത്തേയ്ക്കുള്ള ഷോപ്പിങ്ങുമുണ്ടാവും. ഒരൊറ്റ മൗസ്ക്ലിക്കില്‍ വേണ്ടതെല്ലാം ഫ്ലാറ്റിലെത്തുമെങ്കിലും പുറംലോകം ഒന്നുകാണാന്‍വേണ്ടി ഡയാന്‍ വച്ച നിബന്ധന തന്നെയായിരുന്നു അത്. അതിനിടയിലും കരുണ്‍ കാറിലിരുന്ന് ലാപ്പില്‍ ജോലികള്‍ തീര്‍ക്കും, ഡ്രൈവ്‌ ചെയ്യുമ്പോള്‍ ചെവിയിലും കോളറിലും തിരുകിയ ബട്ടന്‍പീസുകളില്‍ക്കൂടി സംസാരിച്ചുകൊണ്ടിരിക്കും.

ലാപ്പും ഫോണും മാറ്റിവയ്ക്കുന്ന ഇരുപതുമിനിറ്റ്‌... ആ സമയമാണ് അവള്‍ക്കു കിട്ടുന്നത്. അപ്പോള്‍ അവര്‍ ഡിന്നര്‍ കഴിക്കുകയാവും.  കുത്തരിച്ചോറോ പൊടിയരിക്കഞ്ഞിയോ ഒപ്പം ചെറുപയര്‍തോരനും തേങ്ങാച്ചമ്മന്തിയും പരിപ്പും സാലഡും ഉപ്പേരിയും പപ്പടവുമൊക്കെയായി സമൃദ്ധമായ ഊണ്, അതാണ്‌ ഡിന്നര്‍.

കല്യാണം കഴിച്ചതും കാണാമറയത്തേയ്ക്ക് കൊണ്ടുപോകുന്നതും നല്ല ഊണുണ്ടാക്കിത്തരാനാണെന്നു പറഞ്ഞത് തമാശയായാണ് ആദ്യമൊക്കെ കരുതിയത്‌. പക്ഷേ അത് സത്യമാണെന്നറിഞ്ഞതും, നല്ല നാടന്‍ഭക്ഷണമുണ്ടാക്കാനറിയുന്ന പെണ്‍കുട്ടിയെ തേടിയാണ് നാട്ടില്‍ത്തന്നെ വന്നതെന്നുമനസിലായതും ഇവിടെ എത്തിയക്കഴിഞ്ഞിട്ടായിരുന്നു. അതുകൊണ്ടാണ് ഒരു ഹൈസ്കൂള്‍മാഷിന്‍റെ മകളായിരുന്നിട്ടും ബ്രോക്കര്‍ വഴി കരുണ്‍ ആലോചനയുമായി വന്നതും, ഇതുതന്നെ മതിയെന്ന് തീരുമാനിച്ചതും. അത്യാധുനികജീവിതവും എന്നാല്‍ നാടന്‍ഭക്ഷണപ്രിയവും തമ്മിലുള്ള പൊരുത്തക്കേടിനെപ്പറ്റി പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ഡയാന് മടുത്തത് വളരെ പെട്ടെന്നായിരുന്നു. ആദ്യമൊക്കെ ഇന്റീരിയര്‍ അല്പമൊന്നു മാറ്റിമറിച്ചും പുതിയ കുഷ്യനുകള്‍ തുന്നിയും മൂവികള്‍ കണ്ടും നീങ്ങി പകലുകള്‍. തലച്ചോറിന്റെ അത്യദ്ധ്വാനത്തിനുശേഷം രാത്രിയിലെ ചടങ്ങുകള്‍ തീരുന്നതോടൊപ്പം ഉറങ്ങിത്തുടങ്ങുന്ന കരുണ്‍. ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അവനെ കളിപ്പിച്ചും അവനോടു സംസാരിച്ചും സമയം പോകുന്നതറിയില്ലായിരുന്നു.

രണ്ടുതവണ കരുണിനോട് സംസാരിച്ചുനോക്കി. തുടക്കത്തിലേതന്നെ അതുവേണ്ടെന്നു ഞാനാദ്യമേ പറഞ്ഞതല്ലേ...എന്നായിരുന്നു ചോദ്യം. കൂടുതലൊന്നും പറയാന്‍ സമ്മതിക്കാതെ കരുണ്‍ തിരിഞ്ഞുകിടന്നുറങ്ങിക്കളഞ്ഞു.

മനസ്സില്‍ പടര്‍ന്നുകയറിയ നിശ്ശബ്ദതയെ ഡിപ്രഷന്‍റെ തുടക്കമെന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ കരുണിന്‍റെ കമ്പനിഡോക്ടര്‍ അത് ശരിവച്ചു. ഒന്നിച്ചും ഒറ്റയ്ക്കും സംസാരിച്ചശേഷം മരുന്നുകള്‍ക്കൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഒരു കുഞ്ഞ് നല്ലൊരു പ്രതിവിധിയാവുമെന്ന് കരുണിന്‍റെ നെഞ്ചത്ത് ഡോക്ടര്‍ എഴുതി. രണ്ടാമതൊരു ഡോക്ടര്‍ കൂടി അത് ശരിവച്ചപ്പോള്‍ അയാളുടെ രാത്രികള്‍ അസ്വസ്ഥമായി.

എന്റെ ഓരോ മിനിറ്റിനും ലക്ഷങ്ങളുടെ വിലയുണ്ട്, നിനക്കറിയുമോ?” ഡയാന്‍ തലകുനിച്ചു. എനിക്ക് കഞ്ഞിവച്ചുതരാനും എന്‍റെ സുഖങ്ങള്‍ക്ക് കൂട്ടുകിടക്കാനും ഒരാള്‍ അത്യാവശ്യമായി വന്നപ്പോഴാണ് ഞാന്‍ നിന്നെ കൂട്ടിക്കൊണ്ടുവന്നത്. അല്ലാതെ കുട്ടികളും ശല്യങ്ങളുമായി കുടുംബജീവിതം നയിക്കാനല്ല

അന്നാണ് ഡയാന്‍ ആദ്യമായി ആ പരസ്യം ശ്രദ്ധിക്കുന്നത്. കുഞ്ഞുങ്ങളെ സപ്ലൈ ചെയ്യുന്ന ഒരു നഴ്സറി. പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ ഗ്ലാസ്‌ടാങ്കിനുള്ളില്‍ കാണാം. അതിന്‍റെ വളര്‍ച്ച കണ്ടറിയാം. ഏഴുമാസമാവുമ്പോള്‍ മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്യും. എട്ടാംമാസത്തില്‍ അവന്‍റെ ഐക്യു പോലും നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടാവും. സമയം തികയുമ്പോള്‍ ടാങ്കില്‍നിന്ന് പുറത്തെടുത്ത്‌ കുഞ്ഞിനെ ആവശ്യക്കാരെ ഏല്‍പ്പിക്കും. കാത്തിരിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് മുന്‍പേ പിറന്ന കുഞ്ഞുങ്ങളെയും നല്‍കും.

ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ എന്തുവന്നാലും സമ്മതിക്കില്ല എന്ന് തീര്‍ത്തുപറഞ്ഞ കരുണിന്‍റെ സ്വരം ഡയാന്‍ അപ്പോള്‍ വീണ്ടും കേട്ടു.

രാവിലെ ജോലിക്കുപോകുന്ന ഭര്‍ത്താവിന് പൊതിച്ചോറ് കെട്ടിക്കൊടുത്ത് കുട്ടികളെ സ്കൂളിലയച്ച്, വൈകുന്നേരം അവര്‍ക്കായി പലഹാരങ്ങളുമുണ്ടാക്കി കാത്തിരിക്കുന്ന, അവധിദിവസങ്ങളില്‍ ബീച്ചിലോ പാര്‍ക്കിലോ കളിക്കുന്ന കുട്ടികളെയും നോക്കി ഭര്‍ത്താവിനൊപ്പമിരിക്കുന്ന ഒരു സാധാരണ കുടുംബിനിയാവാനായിരുന്നു ഡയാന്‍ കൊതിച്ചത്.

അന്നുരാത്രി അത്താഴസമയത്ത്‌ ആ സൈറ്റിനെപ്പറ്റി കിരണിനോട്‌ പറഞ്ഞപ്പോള്‍ അയാള്‍ തുറിച്ചുനോക്കി,
നിനക്കതുകിട്ടിയേ പറ്റൂ അല്ലെ..?”
ഒന്ന് മയപ്പെടുത്തി അയാള്‍ തുടര്‍ന്നു, “നമുക്ക്‌ നമ്മള്‍ മതി ഡയാന്‍. ഞാനീ കഷ്ടപ്പെടുന്നതൊക്കെ നമ്മുടെ വിശ്രമജീവിതം സുരക്ഷിതമാക്കാനാണ്. മഡഗാസ്കറില്‍ ഞാനൊരു ദ്വീപ്‌ കണ്ടുവച്ചിട്ടുണ്ട്. ഒരാവശ്യവുമില്ലാത്ത ഒരു കുഞ്ഞിനുവേണ്ടി വെറുതെ പണം ചെലവഴിക്കണോ?”

പൊടിയരിക്കഞ്ഞിയില്‍ കണ്ണീര്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭക്ഷണത്തിനു മുന്നിലിരുന്ന് കരയരുതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു.

മ്ലാനമായ മുഖം കണ്ടിട്ടാവണം, മേശപ്പുറത്തുവച്ച കൈത്തലത്തില്‍ കരുണ്‍ കൈയമര്‍ത്തി. നീ വിഷമിക്കണ്ട, നമുക്ക് നോക്കാം.അപൂര്‍വമായി കിട്ടിയ ആ സാന്ത്വനത്തില്‍ ഡയാന്‍ നാട്ടുമുറ്റത്ത് പറന്നുകളിക്കുന്ന അപ്പൂപ്പന്‍താടിയായി.

പിറ്റേന്നുതന്നെ ഡയാന്‍ ബേബീസ് അണ്‍ലിമിറ്റഡ്‌എന്ന ആ സൈറ്റിലെ വിവരങ്ങള്‍ പരിശോധിച്ചു. ഇഷ്ടമുള്ള ഒരു കുട്ടിയെ സെലക്റ്റ്‌ ചെയ്യാം. കുട്ടിക്ക് അണ്ഡവും ബീജവും നല്‍കിയവരുടെ പേരും വിലാസവുമൊഴികെ മറ്റെല്ലാ വിവരങ്ങളും ഫ്ലൂയിഡ് ടാങ്കിനുമുകളില്‍ രേഖപ്പെടുത്തിയിരിക്കും. അതായത്, ഏതുരാജ്യക്കാര്‍, അവരുടെ പ്രായം, കാഴ്ചയില്‍ എങ്ങനെ, ഉയരം, നിറം, തൂക്കം, ശാരീരികസവിശേഷതകള്‍ ഇവയെല്ലാമറിയാം. സ്വര്‍ണ്ണത്തലമുടിയോ നീലക്കണ്ണുകളോ ഉള്ള കുഞ്ഞുങ്ങളെ വേണമെങ്കില്‍ അതും തെരഞ്ഞെടുക്കാന്‍ കഴിയും.

സെലക്റ്റ്‌ ചെയ്‌താല്‍ ആഴ്ചയിലൊരിക്കല്‍ പോയി കുഞ്ഞിനെ നേരില്‍ കാണാം. അവരുടെ സൈറ്റില്‍ ലോഗിന്‍ ചെയ്‌താല്‍ ക്യാമറയിലൂടെ മുഴുവന്‍ സമയവും ലൈവായി കുഞ്ഞിനെ കണ്ടുകൊണ്ടിരിക്കാം. ഡെമോ കണ്ടപ്പോള്‍ നാട്ടിലെ സ്വീകരണമുറിയിലെ കൊച്ചുവാട്ടര്‍ടാങ്കിലെ ഗോള്‍ഡ്‌ഫിഷിനെയാണ് ഡയാന് ഓര്‍മ്മവന്നത്.

ടാങ്കില്‍നിന്ന് പുറത്തെടുത്താല്‍ രണ്ടുദിവസത്തിനകം കുഞ്ഞിനെ ലഭിക്കും. കുഞ്ഞിന് ഓരോ പ്രായത്തിലും ഓരോ നേരത്തും നല്‍കേണ്ട ഭക്ഷണക്രമവും ധരിപ്പിക്കേണ്ട വേഷവിധാനവും സംബന്ധിച്ച ചാര്‍ട്ട് അവര്‍ നല്‍കും. അതില്‍ പറയുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കുഞ്ഞിന് നല്‍കാന്‍ പാടില്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവന്‍റെ അന്തരീക്ഷം മുഴുവന്‍ സമയവും എയര്‍കണ്ടീഷന്‍ഡായിരിക്കണം എന്നതായിരുന്നു...!

സ്വാഭാവികമായ പ്രതിരോധശേഷി കുറവായതിനാല്‍ പുറത്തുകൊണ്ടുപോകുമ്പോള്‍ മാസ്ക് ധരിപ്പിക്കണം. കാറിന്‍റെ എസിയില്‍ നിന്ന് പുറത്തിറക്കിയാല്‍ മാക്സിമം അരമണിക്കൂറിനകം തിരികെ കാറില്‍ കയറ്റിക്കൊള്ളണം. ചൂടിലോ വെയിലിലോ ഒരു കാരണവശാലും അവനെ നിര്‍ത്തരുത്. എന്നെങ്കിലുമൊരിക്കല്‍ കുഞ്ഞിനെ വേണ്ട എന്നുണ്ടെങ്കില്‍ കുഞ്ഞിന്‍റെ മേലുള്ള എല്ലാ അവകാശങ്ങളും കമ്പനിയ്ക്ക് തിരികെ എഴുതിക്കൊടുത്ത് അവനെ തിരിച്ചേല്‍പ്പിക്കാം. പിന്നീടൊരിക്കലും അന്വേഷിക്കാന്‍ പാടില്ല...

ഡയാന്‍റെ കണ്ണുകള്‍ നിറഞ്ഞു. കുഞ്ഞിനെ ഒന്ന് പാര്‍ക്കിലോ പുറത്തോ കൊണ്ടുപോകാനോ വിരല്‍ത്തുമ്പില്‍ കൂട്ടിനടക്കാനോ കഴിയില്ല. പുറത്തുള്ള അവന്‍റെ കളികള്‍ നോക്കിയിരിക്കാനാവില്ല. എങ്കിലും അമ്മേ... എന്ന് വിളിക്കാന്‍ ഒരു കുഞ്ഞുണ്ടാവും... കളിപ്പിക്കാനും കുളിപ്പിച്ചുറക്കാനും കൊഞ്ചിക്കാനും അക്ഷരമെഴുതിക്കാനും സ്കൂളിലെ വിശേഷങ്ങള്‍ ചോദിച്ചറിയാനും ഒക്കെ...

ഏറെനേരത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അന്നുരാത്രി അത്താഴസമയത്ത്‌ ഡയാന്‍ കരുണിനോട് താന്‍ കണ്ടെത്തിയ വിവരങ്ങള്‍ പറഞ്ഞു. മറുപടിയൊന്നുമുണ്ടായില്ല. കരുണിന്‍റെ ലാപ്പിനുമുന്‍പേതന്നെ ഡയാന്‍ ഉറങ്ങിയ മൂന്നുരാത്രികള്‍ക്കുശേഷം ഒരിക്കല്‍ മാത്രം കൂടെവരാമെന്ന് അയാള്‍ സമ്മതിച്ചു.

നാലുദിവസങ്ങള്‍ക്കും കുറെയേറെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കും ശേഷമാണ് ബേബീസ് അണ്‍ലിമിറ്റഡില്‍ പോകാന്‍ കരുണ്‍ സമയം കണ്ടെത്തിയത്‌. കാറിന്‍റെ മുന്‍സീറ്റില്‍ പിടയ്ക്കുന്ന ഹൃദയത്തോടെ ഡയാന്‍ ഇരിക്കുമ്പോള്‍ ചെവിയില്‍ തിരുകിയ ബ്ലൂടൂത്തില്‍ക്കൂടി കരുണ്‍ മാനേജര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു, മെയിലുകള്‍ക്കുള്ള മറുപടിയും. ഡയാന്‍റെ മനസിലെ ഫ്ലൂയിഡ്ടാങ്കില്‍ അപ്പോള്‍ ഒരു ചോരക്കുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു.

ബേബീസ് അണ്‍ലിമിറ്റഡിന്‍റെ ഓട്ടോമേറ്റഡ് സിസ്റ്റം അവര്‍ക്ക് ആദ്യപടിയായി രണ്ട് ഓപ്ഷനുകളാണ് നല്‍കിയത്. സ്വന്തം അണ്ഡവും ബീജവും നല്‍കിയാല്‍ ഒരു കുഞ്ഞിനെ നിര്‍മ്മിച്ചുകൊടുക്കും. അല്ലെങ്കില്‍ മറ്റൊരു കുഞ്ഞിനെ തെരഞ്ഞെടുക്കാം.

ഡയാന് സന്തോഷമായി. ഗര്‍ഭം, പ്രസവം ഇവയൊക്കെയാവണം കരുണിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നത്. ഇതാവുമ്പോള്‍ അതൊക്കെ ഒഴിവാകും, സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞിനെയും കിട്ടും. ഡയാന്‍ ആദ്യ ഓപ്ഷനില്‍ അമര്‍ത്താന്‍ ഒരുങ്ങിയപ്പോള്‍ കൈതട്ടിമാറ്റി കരുണ്‍. വേണ്ട... അപ്പോള്‍ എന്നെങ്കിലുമൊരിക്കല്‍ കുഞ്ഞിനെ തിരിച്ചേല്‍പ്പിക്കേണ്ട ഒരു സാഹചര്യം വന്നാല്‍ അതിന് ഡയാന്‍ സമ്മതിക്കില്ല എന്ന് അയാള്‍ക്കറിയാമായിരുന്നു. രണ്ടാമത്തെ ഓപ്ഷന്‍ മതി..അത് അപ്പീലില്ലാത്ത തീരുമാനമായിരുന്നു.

ഡയാന് തിരികെ പോവാമെന്നു തോന്നി. കരുണ്‍ രണ്ടാമത്തെ ബട്ടണില്‍ വിരലമര്‍ത്തി. വീണ്ടും അവര്‍ക്കുമുന്നില്‍ രണ്ട് ഓപ്ഷനുകള്‍. ഹാച്ചറിയില്‍ അപ്പോഴുള്ള കുഞ്ഞുങ്ങളില്‍ നിന്ന് സെലക്റ്റ്‌ ചെയ്യുന്നോ, അതോ താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു ഡോണറെ തെരഞ്ഞെടുത്തുകൊടുക്കുന്നോ എന്ന്. ഡയാന്‍റെ മുഖത്തേയ്ക്ക് നോക്കാതെതന്നെ ആദ്യ ഓപ്ഷനില്‍ കരുണ്‍ വിരലമര്‍ത്തി. എങ്ങനെയും ഇതൊന്നവസാനിപ്പിച്ച് തിരികെ പോയാല്‍ മതിയായിരുന്നു അയാള്‍ക്ക്‌.

ഇപ്പോള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കുഞ്ഞ് വേണോ, അതോ പിറന്ന കുഞ്ഞുങ്ങള്‍ മതിയോ എന്നതിനും രണ്ടാമതൊന്നാലോചിക്കാതെ പിറന്ന കുഞ്ഞുങ്ങള്‍ മതി എന്നമര്‍ത്തിയപ്പോള്‍ ഡയാന്‍ പക്ഷെ എതിര്‍ത്തു. അപ്പോള്‍ കുഞ്ഞ് വളരുന്നതും ജനിക്കാനായുള്ള കാത്തിരിപ്പും ഒന്നും വേണ്ടേ?”

വേണ്ട കരുണിന് സംശയമേയില്ലായിരുന്നു. തനിയെ ആഹാരം കഴിക്കാനും സമയാസമയം ടോയ്‌ലറ്റില്‍ പോകാനും ഉറക്കത്തില്‍ കരയാതിരിക്കാനും പ്രായമായതിനെ മതി.

ഡയാന്‍റെ ഉള്ളിലെ അമ്മ മരിക്കുകയായിരുന്നു. കാലില്‍ കിടത്തി എണ്ണതേച്ച് കുളിപ്പിക്കാനും കൂവരക് കുറുക്കി കോരിക്കൊടുക്കാനും നെഞ്ചില്‍ കിടത്തി ഉറക്കാനും...

പിന്നീടുവന്ന വിന്‍ഡോയില്‍ നാലുവയസ്സിനുമുകളില്‍ പ്രായമുള്ള കുട്ടികളുടെ ചിത്രവും മറ്റുവിവരങ്ങളുമുണ്ടായിരുന്നു. ഇതില്‍നിന്ന് ഇഷ്ടമുള്ള ഒന്നിനെ തിരഞ്ഞെടുത്തോളൂ, ഇനി ഒരിക്കല്‍ക്കൂടി വരാന്‍ വയ്യാ...കരുണ്‍ സെക്രട്ടറിയെ കണക്റ്റ്‌ ചെയ്ത് ഒരു ലെറ്റര്‍ ഡിക്റ്റേറ്റ് ചെയ്യാന്‍ തുടങ്ങി.

ഡയാന്‍ ചിത്രങ്ങളും അവയോടൊപ്പമുള്ള വിവരങ്ങളും പരിശോധിച്ചു. ഒടുവില്‍ കറുത്ത മുടിയും കറുത്ത കണ്ണുകളുമുള്ള ഇരുനിറത്തിലുള്ള രണ്ടുകുഞ്ഞുങ്ങളെ അവള്‍ക്കിഷ്ടമായി.
അതുരണ്ടും ബ്ലാക്കല്ലേ, വേറെ നോക്ക്..കരുണിന്‍റെ പുരികം ചുളിഞ്ഞു.
എനിക്കിതുമതി..ഡയാന്‍റെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞുതന്നെയിരുന്നു.

ഇഷ്ടമാവുന്ന മൂന്നുകുഞ്ഞുങ്ങളെ നേരില്‍ കാണാനും സംസാരിക്കാനും അവസരമുണ്ട്. ആദ്യംകണ്ട കുഞ്ഞിനെത്തന്നെ ഡയാനിഷ്ടമായി. ജെയ്ക് അതായിരുന്നു അവന്‍റെ പേര്. നിരയൊത്ത മനോഹരമായ പല്ലുകളും മിനുസമുള്ള ശരീരവും കണ്ണുകളിലെ അഗാധഭാവവും അവളെ ആകര്‍ഷിച്ചു.
ഹായ്‌ മാം...അവന്‍ ഗ്രീറ്റ് ചെയ്തു. ആറുവയസ് തികഞ്ഞിട്ടില്ല ജെയ്ക്കിന്.

അസുഖങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ കരുണിന്‍റെയും ഡയാന്‍റെയും രക്തപരിശോധന നടന്നു. വളരെ വേഗം തന്നെ മറ്റുഫോര്‍മാലിറ്റീസ് എല്ലാം പൂര്‍ത്തിയാക്കി ജെയ്ക് അവര്‍ക്ക് സ്വന്തമായി.

നിര്‍ദേശങ്ങള്‍ അടങ്ങിയ ചാര്‍ട്ട് മെയിലില്‍ അയച്ചതുകൂടാതെ ഒരു കോപ്പി ജെയ്ക്കിനും നല്‍കി, അതനുസരിച്ചാണോ കാര്യങ്ങളെല്ലാം നടക്കുന്നത് എന്നറിയാന്‍. മാസത്തിലൊരിക്കല്‍ ഇന്‍സ്പെക്ഷനുണ്ടത്രേ. ഒപ്പം കുഞ്ഞിന്‍റെ റൂമിലെ കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയില്‍ക്കൂടി, ആവശ്യപ്പെടുമ്പോഴൊക്കെ കമ്പനിക്ക് കുഞ്ഞിനെ കാണാനുള്ള അവസരമുണ്ടാവണം. ചാര്‍ട്ട് പ്രകാരമുള്ള റൂം റെഡിയാക്കിയിട്ട് മൂന്നുദിവസം കഴിഞ്ഞ് കൂട്ടിക്കൊണ്ടുവരാന്‍ പോകാമെന്ന തീരുമാനത്തില്‍ അവര്‍ വീട്ടിലേയ്ക്ക് തിരിച്ചു.

തുറക്കാതിരുന്ന ഒരു റൂം തുറന്നുവൃത്തിയാക്കുമ്പോഴും അണുവിമുക്തമാക്കി, വെളുത്ത കര്‍ട്ടനും വിരിപ്പുകളുമിട്ട് തയ്യാറാക്കുമ്പോഴും ഡയാന് അതിയായ സന്തോഷമുണ്ടായിരുന്നു. ജെയ്ക്കിനെക്കൊണ്ട് അമ്മേ, അച്ഛാ... എന്ന് വിളിപ്പിക്കുന്നതും അവനെ മലയാളം പഠിപ്പിക്കുന്നതുമെല്ലാം അവളുടെ മനസ്സില്‍ക്കൂടി പിച്ചവച്ചുനടന്നു.

ജെയ്ക് വീട്ടിലെത്തി. കാറില്‍ അടുത്ത് ചേര്‍ന്നിരിക്കാന്‍ വിസമ്മതിച്ചത് അപരിചിതത്വം മൂലമാവാം എന്ന് ഡയാന്‍ ആശ്വസിച്ചു.

വീട്ടില്‍ എത്തിയ ഉടനെ അവന്‍ ചോദിച്ചു, “മമ്മാ, വേറീസ്‌ മൈ റൂം?” ചാര്‍ട്ട് പ്രകാരമുള്ള ഭക്ഷണവും വസ്ത്രവും കരുതിയിരുന്നു ഡയാന്‍. വൈകാതെ അവനെ സാധാരണ കേരളീയഭക്ഷണത്തിലേയ്ക്കും വസ്ത്രത്തിലേയ്ക്കും കൊണ്ടുവരാനാവുമെന്ന് അവള്‍ക്കുറപ്പായിരുന്നു.

ഭക്ഷണം കഴിഞ്ഞ് അര മണിക്കൂര്‍ ടിവി ചാനലുകള്‍ മാറിമാറി കണ്ട് അവന്‍ എണീറ്റു. മൈ ടൈം ടു സ്റ്റഡി...അതിനിടയില്‍ അവനോട് പലതും സംസാരിക്കാന്‍ ഡയാന്‍ ശ്രമിച്ചെങ്കിലും ചോദ്യങ്ങള്‍ക്ക് മറുപടിയല്ലാതെ മറ്റെന്തെങ്കിലും സംസാരിക്കാന്‍ അവന്‍ കൂട്ടാക്കിയില്ല.

രണ്ടുമണിക്കൂര്‍ പഠനം കഴിഞ്ഞ് മയങ്ങിയ അവന് കോഫിയുമായി ഡയാന്‍ റൂമിലെത്തി. കോഫി ടേബിളില്‍ വച്ചശേഷം അവന്‍റെ നനുത്ത നെറ്റിയിലൂടെ വിരലോടിച്ചു.
മമ്മാ... പ്ലീസ്‌ ഡോണ്ട് ഡിസ്റ്റെര്‍ബ് വൈല്‍ ആം സ്ലീപ്പിംഗ്... ആന്‍ഡ്നെവര്‍ ബ്രിങ്ങ് കോഫി ടു മൈ ബെഡ്റൂം..
തണുത്തുതുടങ്ങിയ കോഫി തിരികെ ഡൈനിംഗ്ടേബിളില്‍ വയ്ക്കുമ്പോള്‍ ഡയാന്‍റെ മനസ്സില്‍ ചൂടുകൂടുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റെ സ്വപ്‌നങ്ങളെല്ലാം കരിഞ്ഞുപോയിരിക്കുന്നതായി ഡയാന്‍ മനസ്സിലാക്കി. സ്കൂളില്‍ വിടാന്‍ കഴിയില്ല ജെയ്ക്കിനെ. ഇന്റര്‍നെറ്റിലാണ് അവന്‍റെ പഠനം. കളികള്‍ എന്നാല്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ മാത്രം. ശരീരം വിയര്‍ക്കാന്‍ പാടില്ല. ചാര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ടിന്‍ഫുഡല്ലാതെ മറ്റൊന്നും കൊടുക്കരുത്. അല്പം പൊടിയരിക്കഞ്ഞി കഴിപ്പിക്കാന്‍ ശ്രമിച്ച ദിവസം അവന്‍ മുരണ്ടു, “ഐ വില്‍ റിപ്പോര്‍ട്ട് ദിസ്...

അമ്മേ.. എന്ന് വിളിപ്പിക്കാന്‍ ശ്രമിച്ച് ഡയാന്‍ പരാജയപ്പെട്ടു. സ്നേഹത്തോടെ ഒന്ന് ചേര്‍ത്തുപിടിക്കാനോ ഉമ്മവയ്ക്കാനോ പോയാല്‍ അവന് താല്പര്യമുണ്ടാവില്ല. ഉറങ്ങുന്ന കുഞ്ഞിനെയുംനോക്കി ഡയാന്‍ ഏറെ നേരമിരിക്കും. അവന്‍റെ മുടിയിഴകളില്‍ക്കൂടി ഇടയ്ക്ക് വിരലോടിക്കും. ഒരിക്കല്‍ അവനുണര്‍ന്നു.. മമ്മാ... ഡോണ്ട് ഡിസ്റ്റെര്‍ബ്...അതിനുശേഷം അവനെ തൊടാന്‍ ഡയാന്‍ ധൈര്യപ്പെട്ടില്ല. എങ്കിലും ഏകാന്തത കാര്‍ന്നുതിന്ന ജീവിതത്തില്‍ വന്ന അതിഥി ഡയാന്‍ ജെയ്ക്കിനെ സ്നേഹിച്ചു, അതുപ്രകടിപ്പിക്കാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ലെങ്കിലും.

ഒരിക്കല്‍ ആപ്പിള്‍ മുറിച്ചിട്ട് ഡൈനിംഗ്ടേബിളില്‍ വച്ചിരുന്ന കത്തിയില്‍ത്തട്ടി ജെയ്ക്കിന്‍റെ വിരല്‍ മുറിഞ്ഞു. അടുക്കളയില്‍നിന്ന് ഡയാന്‍ എത്തുന്നതിനു മുന്‍പുതന്നെ ഫ്രിഡ്ജ് തുറന്ന് ഐസ്ക്യൂബ്‌ എടുത്ത്‌ മുറിവിനുമേല്‍ വച്ചിരുന്നു ജെയ്ക്. മുറിവില്‍ മരുന്നുവച്ച് ബാന്‍ഡേജ് ചുറ്റിയശേഷം കുഞ്ഞിനെ ഒന്ന് ചേര്‍ത്തുപിടിക്കാന്‍ നോക്കി ഡയാന്‍, അവന് വേദനിക്കുന്നുണ്ടാവും. ജെയ്ക് കൈതട്ടി മാറ്റി, “ആം ഫൈന്‍ മമ്മാ...

കരുണ്‍ ജെയ്ക്കിനെ കാണുന്നുണ്ടായിരുന്നില്ല. അവരുടെ ഡിന്നര്‍ സമയത്തിനുമുന്‍പേ ജെയ്ക് ഉറങ്ങിയിട്ടുണ്ടാവും. കരുണ്‍ അവനെ തിരക്കുന്നുമുണ്ടായിരുന്നില്ല. അതിനെച്ചൊല്ലി ആദ്യദിനങ്ങളിലെ പരിഭവങ്ങള്‍ക്കുശേഷം ഡയാന്‍ മിണ്ടാതായി.

മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ് ശപിക്കപ്പെട്ട ആ ദിവസമുണ്ടായത്. സിറ്റിസൗത്തിലേയ്ക്കുള്ള പവര്‍പ്ലാന്റ് പതിവില്ലാതെ നിശ്ചലമായി. ഒരിക്കലും ഇലക്ട്രിസിറ്റി മുടങ്ങാത്ത നഗരമായിരുന്നു അത്. അടിയന്തരഘട്ടങ്ങള്‍ക്കായി ഫ്ലാറ്റില്‍ കരുതിയിരുന്ന ജനറേറ്ററുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമായി. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിളക്കുകള്‍ വീണ്ടും അണഞ്ഞു. അഞ്ചുമിനിറ്റ്‌, പത്തുമിനിറ്റ്‌... കറന്റ് വരുന്നില്ല. മുറിയിലെ തണുപ്പ് കുറഞ്ഞുതുടങ്ങി, ജെയ്ക് അസ്വസ്ഥനാവാനും.

ഡയാന്‍ ഫ്ലാറ്റിന്‍റെ കെയര്‍ടേക്കറെ വിളിച്ചു, “സോറി മാഡം, പവര്‍പ്ലാന്റിലെ പ്രശ്നം പരിഹരിക്കാന്‍ രണ്ടുമണിക്കൂര്‍ എടുക്കുമെന്ന് കേള്‍ക്കുന്നു. ഒപ്പം, ഇവിടെ മുകള്‍നിലകളിലേയ്ക്കുള്ള എട്ടുജനറേറ്ററുകളുടെ സെന്‍ട്രല്‍ കണക്ഷന് എന്തോ തകരാറുണ്ട്...

ഡയാന് ഭൂമി കറങ്ങുന്നതുപോലെ തോന്നി. നിങ്ങളെന്താണ് പറയുന്നത്, എന്‍റെ കുഞ്ഞിന് അരമണിക്കൂറിലധികം ഏസിയില്ലാതിരിക്കാന്‍ കഴിയില്ല. ഇതെപ്പോള്‍ ശരിയാവും...?”

മെക്കാനിക് വിംഗ് മുഴുവന്‍ അങ്ങോട്ട്‌ പോയിട്ടുണ്ട്, ഉടന്‍ ശരിയാവുമെന്നാണ് കരുതുന്നത്. പക്ഷേ അവര്‍ അവിടെ എത്താനെടുക്കുന്ന സമയം... പിന്നെ മാഡം, നാല്‍പ്പത്തഞ്ചാമത്തെ ഫ്ലോര്‍ വരെ  കറന്റ് ഉണ്ട്, അവിടെ എത്താന്‍ കഴിഞ്ഞാല്‍...

ഡയാന് പരിഭ്രമമായി. ലിഫ്റ്റില്‍ നൂറ്റിയിരുപത്താറാംനിലയിലെത്താന്‍ പന്ത്രണ്ടുസെക്കന്റ് മതി. ഇപ്പോള്‍ എണ്പതുനിലകള്‍ ഇറങ്ങണമെങ്കില്‍... ജെയ്ക്കിന് കഴിയുമോ? അവന് വിയര്‍ക്കാനും പാടില്ലല്ലോ. ഒന്‍പതുവയസ്സായ അവനെ എടുത്തുനടക്കാനുമാവില്ല... ഇപ്പോള്‍ പതിനഞ്ചുമിനിറ്റ്‌... ഇനിയും കാത്തിരുന്നാല്‍... അതിനിടയില്‍ കറന്റ് വരാതിരുന്നാല്‍...

ഡയാന് കണ്ണുകളില്‍ ഇരുട്ടുകയറി. ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ല. കിരണിന്‍റെ ഓഫീസില്‍ ഒരു ഹെലികോപ്റ്ററുണ്ട്, അത്യാവശ്യങ്ങള്‍ക്കുപയോഗിക്കാന്‍‍. ഇവിടെ നൂറ്റിപ്പതിനഞ്ചാം നിലയില്‍ ഹെലിപ്പാഡുമുണ്ട്. ഡയാന്‍ വീണ്ടും ഫോണെടുത്തു.
നിനക്കെന്താ ഡയാന്‍, ഭ്രാന്തുണ്ടോ? സ്വകാര്യാവശ്യങ്ങള്‍ക്കായി ഞാനതുപയോഗിക്കാറില്ലെന്ന് നിനക്കറിഞ്ഞുകൂടെ?”
പ്ലീസ്‌ കരുണ്‍... ഞാനെന്തുചെയ്യും, ജെയ്ക്കിനെ...വിതുമ്പലിന്‍റെ വക്കോളമെത്തിയിരുന്നു ഡയാന്‍.
ട്രൈ ടു മാനേജ് യുവര്‍സെല്‍ഫ്‌..ഫോണ്‍ ഡിസ്കണക്ടായി.

ഡയാന്‍ എമര്‍ജന്‍സി ഡയല്‍ ചെയ്തു. കോപ്റ്റര്‍ സര്‍വീസ്‌ അവര്‍ക്കുമുണ്ട്. ഇടറുന്ന സ്വരത്തില്‍ അവള്‍ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങി.
"സോറി മാം, വി ഹാവ്‌ സ്ട്രിക്റ്റ് ഇന്‍സ്ട്രക്ഷന്‍ നോട് ടു യൂസ് ദ കോപ്റ്റര്‍ അണ്‍ലെസ്‌ ഇറ്റീസ് ഫയര്‍ ഓര്‍ ദ ബില്‍ഡിംഗ് കൊളാപ്സ്ഡ്... സോറി..."

ഇനി പത്തുമിനിറ്റ്‌ മാത്രം. ഡയാന്‍ ജെയ്ക്കിന്‍റെ കൈപിടിച്ച് ഡോര്‍ തുറന്ന് പുറത്തിറങ്ങി സ്റ്റെയര്‍കേസിനെ ലക്ഷ്യമാക്കി ഓടി. മമ്മാ... ഐ കാണ്ട്... അവന്‍ പറയുന്നത് കേള്‍ക്കാന്‍ ഡയാന്‍ നിന്നില്ല.

തിടുക്കത്തില്‍ സ്റ്റെപ്പുകള്‍ ഇറങ്ങാന്‍ തുടങ്ങിയ അവള്‍ക്കൊപ്പമെത്താന്‍ ജെയ്ക്കിന് കഴിഞ്ഞില്ല. ഡയാന്‍ വേഗത കുറച്ചു. ജെയ്ക് സാവധാനം ഇറങ്ങിത്തുടങ്ങി. 125, 124, 123, 122… ജെയ്ക് അവളുടെ പിടിവിടുവിച്ച് സ്റ്റെപ്പിലിരുന്നു. അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞുതുടങ്ങിയിരുന്നു. ഐ കാണ്ട് മമ്മാ...

അവന്‍റെ കിതപ്പ്‌ മാറാന്‍ ഒരു മിനിറ്റ്‌ കൊടുത്തശേഷം വീണ്ടും ഡയാന്‍ അവനെയുംകൂട്ടി സ്റ്റെപ്പുകള്‍ ഇറങ്ങിത്തുടങ്ങി. കൈവരിയില്‍ പിടിച്ചുപിടിച്ച് സാവധാനം അവളുടെ പിന്നാലെ നടന്നു ജെയ്ക്. 119, 118, 117….  അരമണിക്കൂര്‍ കഴിയാറാവുന്നു. അതുകഴിഞ്ഞാല്‍ എന്തുണ്ടാവുമെന്ന് ഡയാനറിയില്ല.

രണ്ടുനിലകള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഏതാനും സെക്കന്റുകള്‍ ജെയ്ക് നില്‍ക്കും. അവന്‍റെ കുഞ്ഞുഹൃദയം ശക്തിയായി മിടിക്കുന്നത് ഡയാനറിയുന്നുണ്ടായിരുന്നു. എത്രയും വേഗം നാല്‍പ്പത്തഞ്ചിലെത്തണം. അവനെ കൈകളില്‍ എടുത്തുനടക്കാന്‍ നോക്കി, കഴിയുന്നില്ല. 113, 112, 111…

സമീപത്തുകണ്ട നാലോ അഞ്ചോ ഫ്ലാറ്റുകളില്‍ ഡോറില്‍ തട്ടിവിളിച്ചു ഡയാന്‍, പ്രതീക്ഷിച്ചതുപോലെതന്നെ ആരും തുറന്നില്ല. കരുത്തുള്ള ഒരാളെ കിട്ടിയിരുന്നെങ്കില്‍, എങ്ങനെയും കാര്യം പറഞ്ഞുബോധ്യപ്പെടുത്തി ജെയ്ക്കിനെ ഒന്നെടുത്ത് താഴെയെത്തിക്കാന്‍ കാലുപിടിക്കാമായിരുന്നു.

മമ്മാ... ഐ നീഡ് സം വാട്ടര്‍...
ലാന്റിങ്ങിലെ വാള്‍ഷെല്‍ഫില്‍ നിന്ന് തണുത്തവെള്ളത്തിന്‍റെ ബോട്ടില്‍ എടുത്ത്‌ ജെയ്ക്കിനുകൊടുത്തിട്ട് അവള്‍ കെയര്‍ടേക്കറെ വീണ്ടും വിളിച്ചു. സോറി മാം, അല്പം കോംപ്ലിക്കേറ്റഡാണ്, ഇനിയും ഒരു മണിക്കൂറെങ്കിലും....

അവള്‍ ജെയ്ക്കിന്‍റെ കൈപിടിച്ചു. 108, 107, 106… അവനാകെ തളര്‍ന്നതുപോലെ തോന്നി. ജെയ്ക് പ്ലീസ്‌... നമുക്കിനിയും അറുപതോളം നിലകള്‍ താഴെയെത്തണം, വരൂ....

ഐ കാണ്ട് മമ്മാ, ഐ കാണ്ട് വോക് ദാറ്റ്‌ മച്ച്...
ഡയാന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ജെയ്ക്, പതിയെ വരൂ, എന്‍റെ കൈപിടിക്കൂ...അവള്‍ അവനെ ചേര്‍ത്തുപിടിച്ചു.

നാല്‍പ്പതുമിനിറ്റോളം കഴിഞ്ഞിരിക്കുന്നു. കുഴഞ്ഞുതുടങ്ങിയ അവനെയുമെടുത്ത് നടക്കാന്‍ ഒരു വിഫലശ്രമം കൂടി ഡയാന്‍ നടത്തിനോക്കി.

രണ്ടുനിലകള്‍ കൂടി താഴെയെത്തിയപ്പോള്‍ ജെയ്ക് സ്റ്റെയറിന്‍റെ കൈവരിയില്‍ തലചായ്ച്ചിരുന്നു. അവന്റെ ചുണ്ടുകള്‍ വല്ലാതെ വിളറിയിരിക്കുന്നതായി ഡയാന്‍ കണ്ടു.

വെള്ളം വേണോ ജെയ്ക്?” വേണ്ടെന്നവന്‍ തലയാട്ടി.
അവന്‍റെ പള്‍സ് വീക്കാവുന്നത് ഡയാനറിഞ്ഞു.
സാവധാനം ജെയ്ക്കിന്റെ ശരീരം നീലിച്ചുവരുന്നത് അവള്‍ കണ്ടു.
അവളുടെ കണ്ണുകളില്‍ ഇരുട്ടുകയറി.
ജെയ്ക്....അവളലറി.
നീണ്ട കോറിഡോറില്‍ അവളുടെ ശബ്ദം തട്ടി പ്രതിധ്വനിച്ചു.
അവളുടെ കൈയമര്‍ന്നിരുന്ന അവന്‍റെ ശരീരഭാഗങ്ങള്‍ അലിയാന്‍ തുടങ്ങി.
ബോധം മറയുമ്പോള്‍ ജെയ്ക് ഉരുകിയുരുകി ജലമായിത്തീരുന്നതുപോലെ ഒരു കാഴ്ചയുണ്ടായിരുന്നു ഡയാന്‍റെ കണ്ണുകളില്‍...


പവര്‍സ്വിച്ച് അണച്ച്, വെളുത്ത വിരിപ്പുകളിട്ട  മുറി പൂട്ടിയശേഷം ഡയാന്‍ ഡ്രസ്സിംഗ് റൂമിലേയ്ക്ക് നടന്നു.

വാര്‍ഡ്രോബിനടിയില്‍നിന്ന് ഒരു ബ്രീഫ്കേസ്‌ വലിച്ചെടുത്ത്‌ തന്‍റെ വസ്ത്രങ്ങള്‍ അടുക്കിവയ്ക്കുമ്പോള്‍ ടീച്ചറെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന നാട്ടിന്‍പുറത്തെ കുറെ കുരുന്നുമുഖങ്ങളായിരുന്നു അവളുടെ മുന്നില്‍...

3 comments:

  1. നാട്ടിൻ പുറത്ത് വളർന്നിട്ടും അതിൻറെ നന്മകൾ അറിയാത്ത പാവം ഡയാൻ. കന്യാ ചർമം കാത്തു സൂക്ഷിച്ച ഡയാൻ ഒരു ഉരുകുന്ന ടെസ്റ്റ്‌ ടുബ്‌ ശിശുവിനെ വാങ്ങാൻ പോകുന്നതിനു പകരം യന്ത്ര മായ കരുണിനെ കളഞ്ഞ് സ്നേഹിക്കാൻ അറിയുന്ന ഏതെങ്കിലും നല്ലൊരു പുരുഷന്റെ കൂടെ പോയിരുന്നെങ്കിൽ ആരോഗ്യമുള്ള ഒരു ചക്കര കുട്ടനെയും കൊണ്ട് നാട്ടിലേക്കു പോകാമായിരുന്നു.
    ഒതുക്കി പറയുന്നതാണ് കഥയുടെ ഭംഗി.
    കഥ കൊള്ളാം.

    ReplyDelete
  2. സ്ടോറി അണ്‍ലിമിറ്റഡ്.
    വായിച്ച് സ്തബ്ധനായിപ്പോയി.

    ReplyDelete
  3. വായിച്ചു.ഏതാണ്ടു പോലെ.

    ReplyDelete