Friday, November 12, 2010

അവിശ്വാസിയുടെ കാഴ്ചപ്പാടുകള്‍


"ദൈവത്തെക്കുറിച്ച് നിനക്കെന്തറിയാം?"  ഞാന്‍ വീണ്ടും ചോദിച്ചു.
തല നൂറ്റിയെണ്‍പതുഡിഗ്രി പിന്നിലേയ്ക്ക് തിരിച്ച് അവന്‍ -- അത് എന്നെ നോക്കി.

 
മൂന്നാമത്തെ തവണയാണ് ഇനിയും മറുപടി കിട്ടാത്ത ആ ചോദ്യം ഞാനാവര്‍ത്തിക്കുന്നത്.  അവനു പറയാനുള്ളത് കേള്‍ക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു.  അതുകൊണ്ടുമാത്രമാണ് ധിക്കാരവും അഹംഭാവവും നിറഞ്ഞ അവന്റെ സംസാരം ഇതുവരെയും സഹിച്ചത്.

"ഞാന്‍ പറഞ്ഞില്ലേ, എനിക്ക് പലതും അറിയാം..."
എനിക്ക് കുറേശ്ശെ ദേഷ്യം വന്നുതുടങ്ങിയിരുന്നു.  ഞാനാരെന്നാണിവന്‍  വിചാരിക്കുന്നത്?

"ദൈവത്തിനു നാലുകാലുകളും ഒരു വാലുമുണ്ട്...."
അവന്‍ എന്നെ കളിയാക്കുകയാണെന്നു ഞാനുറച്ചു.  പാറക്കല്ലിനു മേലേനിന്ന് ഞാനെണീറ്റു.  പിണങ്ങി പ്പോവുകയാണെന്നു തോന്നിയിട്ടാവും അവന്‍ വീണ്ടും പറഞ്ഞു.
"ഞാന്‍ പറഞ്ഞത് സത്യമാണ്.  ദൈവത്തിന്റെ കാലുകള്‍ നടക്കാനുള്ളതല്ല, വായുവില്‍ തുഴയാനുള്ളതാണ്.  വാല്‍ നിന്നെപ്പോലുള്ളവര്‍ കുരുത്തക്കേട്‌ കാണിക്കുമ്പോള്‍ നല്ല പെട തരാനും."

മുന്നോട്ട് വച്ച കാല്‍ പിന്നിലേയ്ക്കു വലിച്ച്‌ ഞാന്‍ തിരിഞ്ഞു.
"വായുവില്‍ തുഴയാനോ?"
"അതെ, ഭൂമിയില്‍ക്കൂടി നടന്നാല്‍ നീയൊക്കെ ചെയ്തുകൂട്ടുന്ന മുഴുവന്‍ കാര്യങ്ങളും കാണാന്‍ പറ്റില്ലല്ലോ."

നാലുകാലും വാലുമായി ആകാശത്തുയര്‍ന്നുനില്‍ക്കുന്ന  ദിനോസറിനെപ്പോലൊരു രൂപം...!!!
ഛെ, ഇതാണോ ദൈവം!!  ഇവനോട് സംസാരിക്കാന്‍ നിന്ന എന്നെപ്പറഞ്ഞാല്‍ മതി.

ഒന്നരയേക്കര്‍ പുരയിടത്തില്‍ പാറയും പുല്ലും നിറഞ്ഞ സ്ഥലത്താണ് ഞാനവനെ കണ്ടത്.  ആദ്യം ഒരു കുമ്പളങ്ങ പോലെ ഉരുണ്ടുവരുന്നത്‌ കണ്ടു.  പിന്നെ വയലറ്റ് നിറത്തില്‍ അമ്മിക്കുഴവി പോലെ നീണ്ടു.  ഒടുവില്‍ ചുവപ്പ് കലര്‍ന്ന തവിട്ടുനിറത്തില്‍ ശിവലിംഗം പോലെയായി.  എന്നെ പേടിപ്പിക്കുകയായിരുന്നിരിക്കണം അവന്റെ ലക്‌ഷ്യം.  പൊട്ടിമുളച്ചതുപോലെ  രണ്ടു കണ്ണും ഒരു വായും ചെവികളും പുറത്തേയ്ക്ക് തുറന്നു.  അതിനു താഴെ ഇടുങ്ങിയ ഒരു കഴുത്തും, കുറുകിയ കൈകളും.

"ഞാന്‍ മാടനാണ്, ചാത്തനാണ്..."
ഞാന്‍ ഭയക്കുന്നില്ലെന്നുകണ്ട് തോല്‍ക്കാന്‍ മടിച്ചിട്ടാവും മുറുകിയ ശബ്ദത്തില്‍ 'അത്' പറഞ്ഞു.

"നീ ആരായാലെനിക്കെന്താ?"

അതിന്റെ അഹങ്കാരം വ്രണപ്പെട്ടെന്നു  തോന്നി.  ഞാന്‍ തിരിഞ്ഞിരുന്നു.  ഈശ്വരവിശ്വാസിയാണെങ്കിലും  മാട-മറുത-കാളി-കൂളികളിലൊന്നും എനിക്കത്ര വിശ്വാസം പോരാ. 

എന്റെ മുന്നില്‍ വന്നുനിന്ന്  'അത്' വീണ്ടും പറഞ്ഞു.
"നിനക്കറിയാത്തത് പലതുമുണ്ട് ലോകത്ത്."
ഞാന്‍ മൗനം പാലിച്ചു.

"നിനക്ക് കഴിയാത്ത കോടിക്കണക്കിനു കാര്യങ്ങളുണ്ട്".
അവന്‍ വിടാന്‍ ഭാവമില്ല. 

അതിനെ അവന്‍ എന്ന് കരുതാമോ എന്ന് ഞാന്‍ സന്ദേഹിച്ചു.  അവന്‍ എന്നാല്‍ മനുഷ്യന്റെ സര്‍വ്വനാമം.  ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഒന്നാണല്ലോ ഇത്, സംസാരിക്കുന്നുമുണ്ടല്ലോ.

ഞാന്‍ അവഗണിക്കുക യാണെന്ന് തോന്നിയപ്പോള്‍ അവന്‍ ഒരു വശത്തേയ്ക്ക് തിരിഞ്ഞു പുല്‍ക്കൂട്ടത്തിലേയ്ക്കൂതി.  പുല്‍ച്ചെടികളില്‍  ചുവപ്പും ഓറഞ്ചും കലര്‍ന്ന പൂക്കള്‍ വിരിഞ്ഞു.

"ഇതാണോ നിനക്കറിയാവുന്ന ഇത്ര വലിയ കാര്യം!  മുതുകാടും സാമ്രാജും തുടങ്ങി പത്തും പന്ത്രണ്ടും വയസ്സായ കുട്ടിമജീഷ്യന്മാര്‍ പോലും ഇതും ഇതിനപ്പുറവും ചെയ്യും".

അവന് താന്‍ വീണ്ടും കൊച്ചാവുന്നതുപോലെ തോന്നിക്കാണും.  ആദ്യമായാവും ഇങ്ങനെയൊരനുഭവം.  അവന്റെ ആദ്യത്തെ രൂപമാറ്റം കാണുമ്പോള്‍ത്തന്നെ ഭയന്നോടുന്നവരാവണം  അവന്‍ കണ്ടിട്ടുള്ളവരെല്ലാം. 

അവന്‍ ഞാനിരിക്കുന്നതിനു മുന്നിലുള്ള കറുത്ത പാറക്കല്ലിനുനേരെ ചൂണ്ടുവിരല്‍ നീട്ടി.  അതില്‍നിന്ന് ഒരു ജലധാര പുറപ്പെട്ടു.  വിരലില്‍ തണുത്ത വെള്ളം വീണപ്പോള്‍ ഞാന്‍ കാല്‍ പിന്നിലേയ്ക്കു വലിച്ചു.
വലതുവശത്തുനിന്ന പാഴ്ചെടിയില്‍ അവനൊന്നു തൊട്ടു.  നൊടിയിടയില്‍ അത് വളര്‍ന്നു പന്തലിച്ചു.  അതിന്റെ ചില്ലയില്‍ രണ്ടു കാക്കക്കൂടുകളും കണ്ടു.  ഞാന്‍ ചിരിച്ചു -  തണലുണ്ട്, കൊള്ളാം.

വടവൃക്ഷത്തിന്റെ വേരില്‍ കയ്യൂന്നിയിരുന്നു  ഞാനാലോചിച്ചു.  ഇവന്‍ ശരിക്കും എന്താണ്?
"ഇപ്പോള്‍ നിനക്ക് വിശ്വാസമായോ?"  അവന്‍ ചോദിച്ചു,  "ഞാന്‍ മാടനാണ്, സാക്ഷാല്‍ കുട്ടിച്ചാത്തന്‍".

ഞാനവനെ നോക്കി.
"നീ ഒന്നുമല്ല, മാടനെന്നൊന്നില്ല.  നീ കാണിച്ചതൊക്കെ വെറും മാജിക്.  കണ്‍കെട്ടുവിദ്യ.  ഏതാനും മാസങ്ങള്‍ പരിശീലിച്ചാല്‍ ആര്‍ക്കും കാട്ടാന്‍ കഴിയുന്നത്‌..."
സ്വന്തം അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടത് അവനെ ക്ഷുഭിതനാക്കിയിരിക്കണം.

നോക്കിയിരിക്കേ എന്റെ വലംകൈ വളരാന്‍ തുടങ്ങി!!

കളി കാര്യമാവുകയാണോ?  അമ്പരപ്പ് പുറത്തു കാണിച്ചില്ല.  തോറ്റുകൊടുക്കാന്‍ ഞാനൊരുക്കമല്ലായിരുന്നു.

വലം കൈ നീളം വയ്ക്കുകയാണ്.
ഞാന്‍ കൈയുയര്‍ത്തി വൃക്ഷത്തിന്റെ മേലെക്കൊമ്പില്‍നിന്നു ഒരു തളിരില പറിച്ചു വായിലിട്ടു ചവച്ചു.  നാവില്‍ ഇളം മധുരവും ചവര്‍പ്പും കലര്‍ന്നു.

ശിവലിംഗം പോലിരുന്ന അവനെ ഞാന്‍ കൈ മടക്കി എടുത്തു.  വിരല്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ച് ഞാനവനെ ആകാശത്തേയ്ക്കുയര്‍ത്തി.  അവന്‍ ഭയന്നുവിളിച്ചു.
"എന്നെ താഴെയിറക്ക്‌ .... ഉം... വേഗം..."
എറിഞ്ഞു കളയാനാണെന്ന് അവന്‍ കരുതിയിരിക്കണം.

"നീ മാടനല്ലേ, നിനക്ക് രക്ഷപ്പെടാനറിയില്ലേ?"
അവന്‍ വിരണ്ട കണ്ണുകളോടെ എന്നെ നോക്കി.  എന്നിട്ട് വിക്കിവിക്കി പറഞ്ഞു -
"ഞാന്‍... ഞാന്‍... ഗ്രൌണ്ട് സ്റ്റാഫാണ്.  ആകാശത്തെ ഡ്യൂട്ടിക്ക് വേറെ ആളാണ്‌."
അതിശയത്തോടെ ഞാനവനെ നോക്കി.   ഇംഗ്ലീഷ് പറയുന്ന മാടനോ!!

"നീ സി.ബി.എസ്.ഇ.യോ, ഐ.സി.എസ്.ഇ.യോ?" - ഞാനവനോട് ചോദിച്ചു.

"വയറ്റിപ്പിഴപ്പിനു വേണ്ടി പഠിച്ചതാ.  എഴുതാനും വായിക്കാനുമൊന്നുമറിയില്ല."

ഞാനവനെ താഴെയിറക്കി.  ഒരു കോംപ്രമൈസ് മണത്തിട്ടാവും അവന്‍ എന്റെ കൈ പഴയപടിയാക്കി.
"ശരി, നിനക്കെന്തൊക്കെയറിയാം?"  ഞാനും അവനോടു സംവദിക്കാന്‍ തയ്യാറായിരുന്നു.

"എനിക്ക് ദൈവത്തെക്കുറിച്ചറിയാം."  അവന്‍ കണ്ണിറുക്കിച്ചിരിച്ചു.
"ദൈവത്തെക്കുറിച്ച് നിനക്കെന്തറിയാം?"
"നിങ്ങളൊക്കെ പറയുന്നതും ചിന്തിക്കുന്നതും ശരിയാണെന്നാണ് നിങ്ങളുടെ വിചാരം.  പക്ഷെ സത്യത്തില്‍ ഒരു പിണ്ണാക്കുമറിയില്ല നിങ്ങള്‍ക്ക്‌."
എന്റെ നെറ്റി ചുളിയുന്നത്‌ കണ്ടിട്ടാവാം അവന്‍ തുടര്‍ന്നു, "എനിക്കറിയാവുന്നതുപോലെ സത്യം നിങ്ങള്‍ക്കാര്‍ക്കുമറിയില്ല."

"എന്തറിയാം നിനക്ക്?"  എനിക്ക് ശുണ്
ഠി   വരുന്നുണ്ടായിരുന്നു.   അവന്‍ ചിരിച്ചു, ഒന്നും പറയാതെ.
മൂന്നാമതും ചോദിച്ചപ്പോഴാണ് ......

അവനറിയാമെന്ന വിശ്വാസമെനിക്കില്ലായിരുന്നു.  ദൈവത്തെക്കുറിച്ചുള്ള അവന്റെ 'വേര്‍ഷന്‍' കൌതുകകരമാവുമെന്നു തോന്നിയതുകൊണ്ട് ചോദിച്ചതാണ്.  അവന്‍ പ്രപഞ്ച സ്രഷ്ടാവിനെ ആകാശത്തു കറങ്ങി നടക്കുന്ന ഒരു പറക്കും മൃഗമാക്കി മാറ്റി!

"ഞാന്‍ കണ്ടിട്ടുണ്ട് ദൈവത്തെ..."  അവന്‍ വീറോടെ വാദിച്ചു.
ഹും... നീ കണ്ടത് മരപ്പട്ടിയെയാവും!  ഞാന്‍ മനസ്സില്‍ പറഞ്ഞുകൊണ്ട് മറ്റൊരു കല്ലിന്മേല്‍ ഇരുന്നു.

അവന്റെ വാക്കുകള്‍ ഞാന്‍ ഗൌനിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവന്‍ തുടര്‍ന്നു,
"ദൈവത്തിനു പകലും രാത്രിയും കാണാന്‍ കഴിയും.  മേഘങ്ങള്‍ക്ക് മുകളില്‍ മിന്നലില്ലാത്ത സ്ഥലത്താണ് താമസം.  മൂന്നു നക്ഷത്രങ്ങളുടെ വെളിച്ചം കൂട്ടിമുട്ടുന്നിടത്ത് ആഹാരം പാകം ചെയ്യും.  പച്ചയിറച്ചി കഴിക്കില്ല.  ശനിഗ്രഹത്തിന്റെ വലയത്തില്‍ കുന്തിച്ചിരുന്നാണ്...."

"മതി... മതി..."  ഞാന്‍ തടഞ്ഞു,  "നീ പറയുന്ന ജന്തു, അങ്ങനെയൊന്നുണ്ടെങ്കില്‍, ദൈവമല്ല."
അവന്‍ എന്നെ ചരിഞ്ഞുനോക്കി,  "ആരുപറഞ്ഞു!  അമ്പലമെന്നും പള്ളിയെന്നും പറഞ്ഞ് ആളുകൂടി പ്രാര്‍ഥിക്കുമ്പോള്‍  ദൈവം ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്".

ഗ്രൌണ്ട് സ്റ്റാഫെന്നവകാശപ്പെടുന്നവന്‍, ആകാശത്തു പോകാത്തവന്‍ ദൈവത്തെ കാണുന്നതെങ്ങനെ?  എന്റെ സംശയം ആ വഴിക്കായിരുന്നു.  അവന്‍ അത് മനസ്സിലാക്കിയിരിക്കണം.
"ആകാശത്ത് ഡ്യൂട്ടിയുള്ള രണ്ടുപേര്‍ പനിപിടിച്ചുകിടപ്പായപ്പോള്‍ പകരം പോയതാണ്.  അതിനു പ്രത്യേക അലവന്‍സുണ്ടായിരുന്നു."

"മതി, എനിക്ക് നിന്റെ അസംബന്ധങ്ങളൊന്നും കേള്‍ക്കേണ്ട.  നിന്റെ ദൈവത്തെക്കുറിച്ചറിയുകയും വേണ്ട."  ഞാന്‍ പാറക്കല്ലില്‍ നിന്നെണീറ്റു.  ഉടുത്തിരുന്ന വെളുത്ത മുണ്ടിന്റെയരികുകളില്‍ സമീപത്തെ ചിതല്‍പ്പുറ്റില്‍  നിന്ന് ചുവന്ന മണ്ണ് പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.

'മാടന്‍' ദയനീയമായി എന്നെ ഒന്നു നോക്കി.  അവന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ ആരുമില്ലെന്ന മ്ലാനത.

എന്റെ മുഖത്ത് വെയിലടിച്ചു.  ഞാന്‍ മുകളിലേയ്ക്ക് നോക്കി.  സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ പാതി മറഞ്ഞു ജ്വലിക്കുന്നു.  മാടന്‍ സൃഷ്ടിച്ച മരം മറഞ്ഞിരിക്കുന്നു.  വിരിഞ്ഞ പൂക്കളും ഉയര്‍ന്ന ജലധാരയും കാണാനില്ല.  ഞാനവനെ നോക്കി.  ശിവലിംഗം അമ്മിക്കുഴവിയായും കുമ്പളങ്ങയായും മാറി.  അവന്റെ ചെവി മടങ്ങി.  കണ്ണ് കുഴിഞ്ഞു.

"പോകുവാണല്ലെ...?"  അവന്‍ ചോദിച്ചു,  "എന്നുമിങ്ങനെയാണ്, ഞാന്‍ പറയുന്നത് ആരും കേള്‍ക്കില്ല."

ഞാന്‍ തിരിഞ്ഞു നടന്നു.  തുടങ്ങിവച്ച നിരൂപണം പൂര്‍ത്തിയാക്കാനുണ്ട്.

നാലഞ്ചുചുവടുവച്ചപ്പോള്‍ പിന്നില്‍ നിന്നൊരു വിളി കേട്ടു.

"സാറേ..."

തിരിഞ്ഞു നോക്കിയപ്പോള്‍ -

"ഒരു പത്തുരൂപ തര്വോ....
രാവിലെ ഒന്നും കഴിച്ചില്ല...."

      **************************

                 (2008)