Tuesday, January 10, 2012

സ്നേഹപര്‍വ്വതം


ആചാരങ്ങളുടെ തീക്കൊള്ളികള്‍ ഇരുവീടുകളിലും പുകഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു,
"നമുക്ക് മരിച്ചാലോ?  ആരും നമ്മെ ജീവിക്കാന്‍ അനുവദിക്കുന്നില്ലല്ലോ...?"

അവള്‍ പറഞ്ഞു, "അവസാനമായി എനിക്കൊരാഗ്രഹമുണ്ട്, ഒരു അഗ്നിപര്‍വ്വതം പൊട്ടുന്നത് കാണണം."
അവന്‍റെ തല പുകഞ്ഞു.

ഉടന്‍ പൊട്ടാനിടയുള്ള അഗ്നിപര്‍വ്വതങ്ങളുടെ ലിസ്റ്റിനായി അവര്‍ ഇന്‍റര്‍നെറ്റില്‍ പരതി.  ഒടുവില്‍ ഫ്രാന്‍സിന്‍റെ പ്രാന്തപ്രദേശത്ത്‌, രണ്ടുമാസത്തിനകം പൊട്ടുമെന്നുകണ്ട ഒന്ന് തിരഞ്ഞെടുത്തു.

ആരുമറിയാതെ വിസ ശരിയാക്കി അവര്‍ ഫ്രാന്‍സിലേയ്ക്ക് പറന്നു.  പുകഞ്ഞുകൊണ്ടിരുന്ന ആ വലിയ അഗ്നിപര്‍വ്വതത്തിന്‍റെ താഴ്വരയില്‍ കുടില്‍കെട്ടി അവര്‍ താമസമാക്കി.  കിടപ്പുമുറിയുടെ ജനാല, പര്‍വ്വതത്തിന്‍റെ പുകയുന്ന ശിഖരത്തിലേയ്ക്ക് രാപ്പകലില്ലാതെ തുറന്നിരുന്നു.  സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികതാമസമൊരുക്കി അവര്‍ ആഹാരത്തിനും വസ്ത്രത്തിനുമുള്ള വക കണ്ടെത്തി.

അഗ്നിപര്‍വ്വതം ഉടന്‍ പൊട്ടുമെന്നും സുരക്ഷിതസ്ഥാനത്തേയ്ക്ക് നീങ്ങണമെന്നുമുള്ള നിര്‍ദേശങ്ങള്‍ അവര്‍ അവഗണിച്ചു. 

റേഡിയോ ട്യൂണ്‍ ചെയ്ത് വിദഗ്ധരുടെ നിരീക്ഷണങ്ങള്‍ കേട്ടു...  ഇന്നല്ലെങ്കില്‍ നാളെ, മറ്റന്നാള്‍.... ഉറക്കമൊഴിഞ്ഞ് അവര്‍ കാത്തിരുന്നു.  പുകഞ്ഞുകൊണ്ടിരുന്നതല്ലാതെ അഗ്നിപര്‍വ്വതം പൊട്ടിയില്ല.  വിരസമായ ദിവസങ്ങളില്‍ വിനോദങ്ങള്‍ക്ക് അവര്‍ക്കധികം വഴികളില്ലായിരുന്നു...

റേഡിയോ പറഞ്ഞുകൊണ്ടിരുന്നു, നാലാംതീയതി രാവിലെ ആറുമണിയ്ക്ക്, ഏഴാംതീയതി വൈകിട്ട് അഞ്ചുമണിയ്ക്ക്.....  പര്‍വ്വതം പുകഞ്ഞുകൊണ്ടിരുന്നു.

അവള്‍ മൂന്നുപ്രസവിച്ചു, നാലുചുണക്കുട്ടന്മാര്‍ താഴ്വാരത്തില്‍ കളിച്ചുവളര്‍ന്നു, ചിറകുവച്ചപ്പോള്‍ തീറ്റതേടി ദൂരേയ്ക്ക് പോയി.  പര്‍വ്വതം പുകഞ്ഞുകൊണ്ടിരുന്നു, റേഡിയോ പറഞ്ഞുകൊണ്ടിരുന്നു.

എണ്‍പതാംവയസ്സില്‍ അവള്‍ പറഞ്ഞു,
"ഇരുട്ടുമാത്രമേ കാണാന്‍ പറ്റുന്നുള്ളൂ, എന്നാലും
അഗ്നിപര്‍വ്വതം പൊട്ടിയാല്‍ എന്നെ വിളിക്കണേ."

കിടന്നകിടപ്പില്‍ പല്ലില്ലാത്ത മോണകാട്ടി അയാള്‍ ചിരിച്ചു. 

നാലുവര്‍ഷംകൂടി കഴിഞ്ഞപ്പോള്‍ ഒരു രാത്രി കാതടപ്പിക്കുന്ന ശബ്ദംകേട്ട് അവര്‍ ഞെട്ടിയുണര്‍ന്നു.  

 
അവള്‍ ഓടി ജനലരികില്‍ ചെന്നു, ഒന്നുംകാണാതെ തപ്പിത്തടഞ്ഞ് മുറ്റത്തിറങ്ങി ചുറ്റുംനോക്കി....
എങ്ങും തീക്ഷ്ണമായ ചൂടുമാത്രം....!

അവള്‍ ഓടി അകത്തുകയറി, കട്ടിലില്‍ തന്‍റെ പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ചുകിടന്നു...
ഒഴുകിവരുന്ന ലാവയും ചൂടുചാരവും ഇപ്പോള്‍വന്നുമൂടും, ഒന്നിച്ചുമരിക്കാമെന്ന പുരാതനസ്വപ്നം യാഥാര്‍ഥ്യമാവും.....
കനത്ത ഇരുട്ടുവന്ന് അവരെ മൂടി....

അസഹ്യമായ ചൂടായിരുന്നെങ്കിലും അയാള്‍ കുലുക്കിവിളിച്ചപ്പോഴാണ് അവള്‍ ഉണര്‍ന്നത്.

ചൂടുചാരം മൂടിയ കുടിലിനുള്ളില്‍ അവര്‍ മുഖത്തോടുമുഖം നോക്കി.  തിളയ്ക്കുന്ന ലാവ ആ കുടില്‍ വിട്ടുമാറിയൊഴുകിയത് അയാള്‍ ജനലിലൂടെ കണ്ടു...

ദിവസങ്ങള്‍ക്കുശേഷം ഹെലികോപ്റ്ററില്‍ നിന്ന് കയറിലൂടെയിറങ്ങി കുടിലിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്തുകടന്ന രക്ഷാപ്രവര്‍ത്തകന്‍ കണ്ടത്, പരസ്പരം പുണര്‍ന്ന നിലയില്‍ ചേതനയറ്റ രണ്ട് ശരീരങ്ങളായിരുന്നു,
സമീപത്തെ മേശപ്പുറത്ത് 

ഉറക്കഗുളികയുടെ ഒരു കാലിക്കുപ്പിയും....

(25..08..2011)