Saturday, July 30, 2011

പീഢനം


പരാതിക്കാരി അയലത്തെ ആശാട്ടി *...

വടക്കേവീട്ടിലും കിഴക്കേവീട്ടിലും പറഞ്ഞു.
നാലാള്‍ കൂടിയപ്പോള്‍ ഉച്ചത്തില്‍ പറഞ്ഞു,
"
പീഢനം..."

കേട്ടവര്‍ കേട്ടവര്‍ മൂക്കത്തുവിരല്‍വച്ചു. 
കൂട്ടത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു, "കേസാക്കാനാവില്ല".

ഞാന്‍ നിന്നുരുകി,
പ്രതി, എന്‍റെ വീട്ടില്‍, അവന്‍റെ കിടക്കയിലുറങ്ങുന്നു...!

നാലാളു ചോദിച്ചു, "കേട്ടത് സത്യമോ?"
ഞാന്‍ നിന്നുവിയര്‍ത്തു, ഉത്തരമറിയാതെ.
 

അന്നവന് അത്താഴപ്പട്ടിണിയായിരുന്നു.

പിറ്റേന്ന് രാവിലെ വിശന്ന വയറോടെ ദയനീയമായി അവനെന്നെ നോക്കി.
 

"കേട്ടത് നേരാണോ?"  ഞാന്‍ ചോദിച്ചു.
 

നിറഞ്ഞ സങ്കടത്തോടെ എന്നെ നോക്കി അവന്‍ പറഞ്ഞു,
 

"മ്യാവൂ..."


(04.07.2011)

*  ആശാട്ടി - പഴയ നിലത്തെഴുത്ത് സമ്പ്രദായത്തിലെ ആശാന്‍റെ സ്ത്രീ രൂപം.

-  ഇത് നടന്ന സംഭവം.  വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍റെ അയലത്ത് താമസിച്ചിരുന്ന ആശാട്ടി എന്നുവിളിക്കുന്ന അമ്മൂമ്മ.  അവരുടെ വയസ്സറിയിക്കാത്ത പിഞ്ചുപൂച്ചക്കുട്ടിയെ എന്‍റെ വീട്ടിലെ ആണ്‍പൂച്ച പിഴപ്പിച്ചുഗര്‍ഭിണിയാക്കിയെന്ന്‍ അയല്‍വീടുകളില്‍പോയി പരാതി പറഞ്ഞവര്‍.  അടുക്കള വാതിലിനരികില്‍ ചെന്നിരുന്ന് കണ്ണുകാണിച്ചു വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നത്രേ.  പിഴച്ചുപോയതുകൊണ്ട് അവളെ അവര്‍ വീട്ടില്‍ നിന്നിറക്കി വിട്ടപ്പോള്‍ ഞാനവള്‍ക്ക് അഭയം കൊടുത്തു. രണ്ട് മിടുക്കിക്കുട്ടികളുമുണ്ടായി അവര്‍ക്ക്.