“നകുലേട്ടാ...”
പതിഞ്ഞ ശബ്ദത്തില്‍
സുമി വിളിച്ചു.
“ഉറങ്ങിയോ?”
ഇല്ലെങ്കില്‍
ഇല്ലെന്നു പറയേണ്ടതാണ്, ഉറക്കം വന്നുതുടങ്ങിയെങ്കില്‍ ‘ഉം...’ എന്ന്
മൂളേണ്ടതാണ്. എന്നാല്‍ ഇത്തവണ നകുലന്‍ അനങ്ങിയില്ല. ഒപ്പം
ശ്വാസത്തിന്‍റെ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.
ഗാഢനിദ്രയിലാണെങ്കില്‍ നേരിയ കൂര്‍ക്കംവലിയുണ്ടെന്ന് സുമി പറയാറുണ്ട്. ഉറക്കത്തില്‍നിന്ന്
ഉണര്‍വിലേയ്ക്ക് തെന്നിയെത്തിയ ഒന്നോ രണ്ടോ ദിവസങ്ങളില്‍ അതിന്‍റെ കാറ്റല നകുലന്‍റെ
ബോധമണ്ഡലം പിടിച്ചെടുത്ത് കാതുകളിലെത്തിച്ചിട്ടുമുണ്ട്.
ഇന്നത്തെ ഒരു
മൂളല്‍ പോലും അപകടമാണ്, നകുലനറിയാം, സുമി എന്താണ് പറയാന്‍ പോകുന്നതെന്നും. പലവുരു മഴയായും
മരമായും പെയ്തും തോര്‍ന്നും പിന്നെയും ചാറിയും അതങ്ങനെ നനഞ്ഞുതന്നെ നില്‍ക്കുകയാണ്.
ആ ആലോചന ആദ്യം
എടുത്തിട്ടത് നകുലനായിരുന്നു. നിനച്ചിരിക്കാത്ത നേരത്ത് ഒറ്റവാക്യത്തില്‍, “നമുക്കവരെ അങ്ങ്
കല്യാണം കഴിപ്പിച്ചാലെന്താ...” എന്ന്.
ശ്വാസം വിലങ്ങി
ഒരു നിമിഷം നിന്ന സുമി പെട്ടെന്ന് പൊട്ടിച്ചിരിച്ചു. വാസ്തവത്തില്‍
ഒന്നുമോര്‍ക്കാതെ പറഞ്ഞുപോയതായിരുന്നു നകുലന്‍. പിന്നീട് അവളുടെ
പൊട്ടിച്ചിരി പുഞ്ചിരിയായി ഒതുങ്ങുമ്പോഴാണ് അയാള്‍ അതിനെപ്പറ്റി ഗൗരവമായി
ചിന്തിച്ചുതുടങ്ങിയത്. അന്നത്തെ ഒരു ദിവസം മുഴുവന്‍ മനസ്സില്‍
തിരിച്ചും മറിച്ചുമിട്ട് വേവിച്ചശേഷമാണ് പിറ്റേന്ന് അയാളത് വീണ്ടും സുമിയുടെ
മുന്നില്‍ വച്ചത്.
അവളാകെ അമ്പരന്നു, “ദെന്താ, കുട്ടിക്കള്യാ...?”
“അല്ല സുമീ, ശരിക്കും ആലോചിച്ചിട്ടന്ന്യാ...”
ഒരു നിമിഷം അവള്‍
ഒന്നും മിണ്ടിയില്ല.
“നാട്ടുകാരെന്തുപറയും?”
നകുലന്‍
പൊട്ടിച്ചിരിച്ചു, “നാട്ടുകാര്... പോകാന്‍ പറ. അവരുടെ
ചെലവിലല്ലേ നമ്മളൊക്കെ ജീവിക്കുന്നത്.”
“എന്നാലും
നകുലേട്ടാ, ബന്ധുക്കള്‍...”
ഉം, ബന്ധുക്കള്‍...
അതൊരു പ്രശ്നം തന്നെയാണ്. അവര്‍ മൂക്കത്ത് വിരല്‍ വച്ചുകളയും!
“എന്‍റെ സുമീ, ബന്ധുക്കളെ വിട്, കല്യാണക്കാര്യം
മാത്രം നോക്കൂ, അവര്‍ക്കത് സന്തോഷമായിരിക്കുമെന്ന് നിനക്ക്
തോന്നുന്നില്ലേ?”
“ആയിരിക്കാം, ന്നാലും...”
“ഒരെന്നാലുമില്ല, നമുക്ക് സമ്മതം, അവര്‍ക്ക്
സന്തോഷം, പിന്നിവിടാര്‍ക്കാ...”
“എന്നാലും
നകുലേട്ടാ... പുരോഗമനവും വിപ്ലവവും ഒക്കെ... പറയാന്‍ കൊള്ളാം, ഇതിപ്പോ...”
നകുലന് കുറേശ്ശെ
ദേഷ്യം വന്നുതുടങ്ങിയിരുന്നു.
“നോക്ക് സുമീ, സ്വന്തമായി
സമ്പാദിക്കുന്നുണ്ട്, ഒരു പെണ്ണിനെ പോറ്റാനുള്ള ആരോഗ്യവുമുണ്ട്. നിന്‍റെ
ഏട്ടന്‍, എന്‍റെ പുന്നാര
അളിയച്ചാരാണേല്‍ ഒരു വലിയ പൊട്ടിച്ചിരിക്കൊടുവില്‍ ‘എന്തേലും
ചെയ്യ്...’ എന്നുപറഞ്ഞ് കയ്യൊഴിഞ്ഞു. ഇനി നമ്മള്‍ മുന്‍കൈയെടുത്തുവേണം
അത് നടത്തിക്കൊടുക്കാന്‍.”
എന്നിട്ടും
സുമിയുടെ നെറ്റി ചുളിഞ്ഞുതന്നെ.
“ഇവിടെ
വച്ചായിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നും...”
“ഇവിടെ വന്നുനില്‍ക്കാന്‍
പറഞ്ഞതല്ലേ രണ്ടാളോടും, എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കാമെന്ന്.
എന്‍റെ കമ്പനിയില്‍ത്തന്നെ ആവാമായിരുന്നു, അതുപക്ഷേ ഒരു കുറച്ചിലായി തോന്നരുതല്ലോ. വലിയ
ആത്മാഭിമാനിയല്ലേ. ഇനി, ഞാന്‍ വിചാരിച്ചാല്‍ ഈ ബാംഗ്ലൂരില്‍ വേറൊരു ജോലി
കിട്ടാനാണോ പ്രയാസം?”
അകത്തെ മുറിയില്‍
നിന്ന് ഫോണിന്‍റെ റിംഗ് കേട്ട് നകുലന്‍ പോകുമ്പോള്‍ അവള്‍ ഒരു വലിയ ചോദ്യചിഹ്നമായി
നിന്ന് വെള്ളരിക്ക മുറിക്കുകയായിരുന്നു.
മൂന്നുദിവസം മുന്‍പ്
അക്കാര്യം പറഞ്ഞപ്പോള്‍ തൊട്ടാണ് സുമിയുടെ ഉറക്കം നഷ്ടപ്പെട്ടതെന്ന് അയാള്‍ക്കറിയാം. വൈകിട്ട് ഓഫീസില്‍
നിന്നെത്തിയാല്‍ ചായയും ഉള്ളിവടയും ആശങ്കയും. രാത്രി ഊണിന് ഒഴിച്ചുകറിയോടൊപ്പം വേവലാതി. ഉറക്കറയില്‍ ഒരു
ഗ്ലാസ് പാലും നെടുവീര്‍പ്പും. പ്രാതലിന് ഇഡ്ഡലിയും സാമ്പാറും അങ്കലാപ്പും. രണ്ടുദിവസം
കഴിച്ചപ്പോള്‍ അയാള്‍ക്ക് മടുത്തു.
കിടക്കയില്‍
തലേന്നുരാത്രിയും അവള്‍ വിളിച്ചു, “നകുലേട്ടാ...”
പാതിയുറക്കത്തില്‍
മൂളിയത് അബദ്ധമായിപ്പോയി.
“അവര്‍ക്ക്
കല്യാണം കഴിക്കണമെന്നുണ്ടോ?”
അയാള്‍ക്കു
ചിരിവന്നു.
“അത് നമ്മള്‍
കണ്ടറിഞ്ഞു ചെയ്യേണ്ടതല്ലേ. അല്ലാതെ അവരിങ്ങോട്ട് ആവശ്യപ്പെടണമെന്നുണ്ടോ?”
“അതല്ല, അവര്‍ തമ്മില്‍
ശരിക്കും...”
നകുലന്‍റെ ഉറക്കം
അപ്പോഴേയ്ക്കും ജനല്‍കടന്നുപോയിരുന്നു.
“നീയെന്താ
ഇപ്പറേന്നത്, ഒന്നുമില്ലാതിരുന്നിട്ടാണോ രാവിലേം വൈകിട്ടും
കാണാന്‍ പോകുന്നത്, ബീച്ചില്‍ പോയിരിക്കയും പാനിപൂരി കഴിക്കുകയും
ചെയ്യുന്നത്, രാത്രി വൈകിയും മൊബൈല്‍ഫോണില്‍ കോളുകള്‍
വരുന്നത്, അവര്‍
ഒന്നിച്ചുതന്നെ ജീവിക്കുകയാണെടോ, ഇനി നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാതെ
എത്രയും വേഗം...”
“ന്നാലും
നകുലേട്ടാ...”
ഈ ‘എന്നാലും’
കണ്ടുപിടിച്ചവനെയിങ്ങുകിട്ടിയിരുന്നെങ്കില്‍...
“ഇനിയാ വാക്ക്
മിണ്ടിപ്പോകരുത്...”
സുമി ഒന്നടങ്ങി.
ഇരച്ചുകയറിയ രക്തം താഴേയ്ക്കിറങ്ങിയപ്പോള്‍ അയാളുറങ്ങി.
“നകുലേട്ടാ...” വീണ്ടും പതിഞ്ഞ
വിളി.
വേണ്ട, ഇന്നിനി അവളുമായി
സംസാരിക്കാന്‍ വയ്യ. നകുലന്‍ ഉറക്കം നടിച്ചു.
പിറ്റേന്ന്
ഓഫീസില്‍നിന്നെത്തുമ്പോള്‍ സുമിയുടെ മുഖം പ്രസന്നമായിരുന്നു. തീരുമാനിച്ചുറച്ചതിന്‍റെയല്ല, ‘എന്താന്നുവച്ചാ
ആയിക്കോ’ എന്ന വിട്ടൊഴിയല്‍. അതുമതിയായിരുന്നു
നകുലന്.
എന്നിട്ടും രാത്രി
ചപ്പാത്തിയും സ്റ്റ്യൂവും കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അയാള്‍ പറഞ്ഞത്, “മറ്റന്നാള്‍
നമ്മള്‍ നാട്ടില്‍ പോകുന്നു. ഒരാഴ്ചത്തേയ്ക്ക് ഞാന്‍ ലീവ് പറഞ്ഞിട്ടുണ്ട്.”
സുമി മുഖമുയര്‍ത്തി
അയാളെ നോക്കി. പിന്നീട് സ്റ്റ്യൂവില്‍ നിന്ന് ഉരുളക്കിഴങ്ങിന്‍റെ ഒരു കഷണമെടുത്തു
ചവച്ച് പ്ലേറ്റിലേയ്ക്കുതന്നെ തലതാഴ്ത്തി.
“രണ്ടാളെയും നേരില്‍
കണ്ട് സംസാരിക്കുന്നു. വേണ്ട എന്നുപറയില്ലെന്നാണ് എന്‍റെ പ്രതീക്ഷ.
ഇനി പറഞ്ഞാല്‍ത്തന്നെ, വേണ്ടേ... എന്നൊരു ചോദ്യമുണ്ടാവും അതില്‍, നീ കണ്ടോ...”
“ഉം...” മറുപടി ഒരു
മൂളലില്‍ ഒതുങ്ങിയപ്പോള്‍ അയാള്‍ക്ക് ആശ്വാസമായി.
--- --- --- --- --- --- --- --- --- ---
ഒരാഴ്ചയ്ക്കുശേഷം
ബാംഗ്ലൂരിലേയ്ക്കുള്ള മടക്കയാത്ര.
പച്ചപ്പിന്‍റെ
കാഴ്ചകള്‍ പിന്നിലേയ്ക്കോടിമറയുന്നതും നോക്കിയിരിക്കുന്ന സുമിയുടെ മുഖത്തെ നേര്‍ത്ത
പുഞ്ചിരി അയാള്‍ കണ്ടു. ഇന്നലെ പകല്‍ ക്ഷേത്രനടയില്‍ വധൂവരന്മാരെയും
കാത്ത് തുളസീമാലയും താലിയുമായി നില്‍ക്കുമ്പോഴും പിന്നീട് സാക്ഷികളായി
രജിസ്റ്ററില്‍ ഒപ്പ് ചാര്‍ത്തുമ്പോഴും വിദേശത്തുള്ള അളിയന് അയച്ചുകൊടുക്കാന്‍
പ്രത്യേകം ഫോട്ടോകള്‍ എടുത്തപ്പോഴും ആ പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.
രാത്രി നെഞ്ചില്‍
പറ്റിക്കിടന്ന് അവള്‍ പറയുന്നുണ്ടായിരുന്നു, “ന്‍റെ നകുലേട്ടന്‍ ഒരു സംഭവം തന്ന്യാ, ട്ടോ....” ഭാര്യ
പ്രശംസിക്കുമ്പോള്‍ എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും തോന്നുന്ന അതേ സന്തോഷം, അഭിമാനം...
അടുത്ത മുറിയില്‍
മിഥുനങ്ങളുടെ ആദ്യരാത്രി.
സുമിയുടെ
ചുണ്ടുകള്‍ അയാളുടെ കാതില്‍ ഉരുമ്മി, “എന്‍റെ അച്ഛനാണെന്നുപറഞ്ഞിട്ട്
കാര്യമൊന്നുമില്ല, ആളൊരു കള്ളനാണ്...”
നകുലന്‍ ചിരിച്ചു.
എന്നാല്‍ “എന്‍റെ അമ്മയൊരു കള്ളിയും...” എന്ന് പൂരിപ്പിക്കാന്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കഴിഞ്ഞില്ല.
എന്നാല്‍ “എന്‍റെ അമ്മയൊരു കള്ളിയും...” എന്ന് പൂരിപ്പിക്കാന്‍ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കഴിഞ്ഞില്ല.
(08..12..2012)
(മഴവില്ല് പുതുവല്‍സരപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)
(ചിത്രം വരച്ചുതന്ന ഇസഹാക്ക് ഭായ്‌യ്ക്കും
കളര്‍ ചെയ്തുതന്ന അദ്ദേഹത്തിന്‍റെ മകള്‍ ആരിഫയ്ക്കും
പ്രത്യേകം നന്ദി.)
(മഴവില്ല് പുതുവല്‍സരപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)
(ചിത്രം വരച്ചുതന്ന ഇസഹാക്ക് ഭായ്‌യ്ക്കും
കളര്‍ ചെയ്തുതന്ന അദ്ദേഹത്തിന്‍റെ മകള്‍ ആരിഫയ്ക്കും
പ്രത്യേകം നന്ദി.)