Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

Tuesday, March 18, 2014

അമീബ - ഒരു ഏകകോശജീവി




സമയം ഏതാണ്ടൊരു പാതിരാ, പാതിരാമുക്കാല്‍ കഴിഞ്ഞിട്ടുണ്ടാവും. അമീബ ഇര പിടിക്കാനിറങ്ങുകയായിരുന്നു. വയസ്സായി വയ്യാതായിരിക്കുന്നു. എന്നാലും വിശപ്പ്‌ സഹിക്കാന്‍ കഴിയുന്നില്ല. തിന്നാനൊന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഇതുപോലെ മറ്റൊരാളെക്കൂടി കണ്ടിരുന്നെങ്കില്‍ വിശപ്പുകളെപ്പറ്റി സംസാരിച്ചെങ്കിലും ആശ്വസിക്കാമായിരുന്നു.

കുറേ കഴിഞ്ഞപ്പോള്‍ ഏതോ ഒരു ജീവി കുണുങ്ങിക്കുണുങ്ങി അമീബയുടെ അടുത്തുകൂടി പോയി. ഏതു സ്പീഷിസ് ആണെന്നറിയില്ല, കണ്ടിട്ടൊരു പെണ്ണിനെപ്പോലുണ്ട്. പിന്നിലൂടെ ചെന്ന് തട്ടത്തിലൊന്നു പിടിച്ചു. കുണുങ്ങി തിരിഞ്ഞുനിന്നു, നാണിച്ച് തട്ടം വലിച്ച് മുഖം പാതി മറച്ചു. അമീബയ്ക്ക് സന്തോഷമായി.

എവിടെയാ വീട്?”

കുണുങ്ങി മരക്കൂട്ടത്തിനിടയിലേയ്ക്ക് വിരല്‍ ചൂണ്ടി.
, ഞാനവിടെ വന്നിട്ടുണ്ട്

കുണുങ്ങി തിരിഞ്ഞ് ചുവടുകള്‍ വച്ചു. അങ്ങനെ വിട്ടാ പറ്റുവോ.. അമീബ പിന്നാലെ ചെന്നു.

അവിടെ ചന്ദ്രനും ശനിയുമില്ലേ, വലിയ ബിസിനസ്സുകാര്‍, എന്റെ ബന്ധുക്കളാണ്.കുണുങ്ങി ഒന്ന് ചിരിച്ചു.

പാട്ടൊക്കെ എഴുതുമോ? നാലഞ്ചുവര്‍ഷത്തിനകം ഏകകോശങ്ങളുടെ മൊഹബ്ബത്ത്എന്ന പേരില്‍ ഞാനൊരു ആല്‍ബം ഇറക്കുന്നുണ്ട്. നല്ല കുറച്ചുവരികള്‍ തന്നാല്‍ നമുക്കതില്‍ ഈണമിട്ടു ചേര്‍ക്കാം. ട്യൂണിംഗിന് ഞാന്‍ ബെസ്റ്റാ...

കുണുങ്ങി മൊഴിഞ്ഞു, “അപ്പനോട് ചോദിക്കണം”.

അതേറ്റു... അമീബ ഉള്ളില്‍ ചിരിച്ചു.

ചോദിച്ചിട്ട് മതി, അപ്പനെന്റെ പേര് കേട്ടുകാണും. പിന്നെയാവട്ടെ. ഇപ്പോള്‍ എന്റെയടുത്തിരിക്കൂ, വല്ലാത്ത ഏകാന്തത”. അമീബ മുഖത്ത് കഴിയുന്നത്ര വിഷാദം നിറച്ചു.

കുണുങ്ങി ഒന്നുനോക്കി മുഖം പിന്നെയും മറച്ചു.

മോളൂ, ഇവിടിരി, കഴിഞ്ഞ ആഴ്ച ആശുപത്രിയിലായിരുന്നു, നെഞ്ചുവേദന. തട്ടിപ്പോകാറായി എന്നാ തോന്നുന്നേ. അതിനുമുന്‍പ്‌ മോളുടെ കൂടെ ഇത്തിരിനേരം ഇരുന്നാല്‍ അതുമതി മരണം വരെ എനിക്ക് ജീവിക്കാന്‍.

കുണുങ്ങി ഒന്ന് നോക്കി. അടുത്തുകണ്ട കല്ലിലിരുന്നു. അമീബ വീണ്ടും ഹാപ്പി. ഏല്‍ക്കുന്നുണ്ട്...

കുണുങ്ങി പറഞ്ഞു, “അമീബേ, നീയൊരു ഏകകോശജീവിയാണ്. അക്കാര്യം മറന്നുപോകരുത്”.

അമീബ മുഖം കുനിച്ചു, “ഞാനൊരു ഏകകോശജീവിയായത് എന്റെ കുറ്റമാണോ?”

അല്ല, പക്ഷേ ഒരു ഏകകോശജീവിയായിട്ട് നീയിങ്ങനെ. അപ്പോള്‍ ഒരു കോശം കൂടിയുണ്ടായിരുന്നെങ്കില്‍...?!
?!”

കുണുങ്ങി എണീറ്റു. നിനക്കെന്നെ പിടിക്കാന്‍ കഴിയില്ല

അമീബയ്ക്ക് കരച്ചില്‍ വന്നു, “പോവാണോ, ഇനിയൊരു സത്യം പറയട്ടെ, വേറൊന്നുമല്ല, എനിക്ക് വിശന്നിട്ടാ...കുണുങ്ങി നടന്നകന്നു.

'നിന്നെ ഞാന്‍ കണ്ടോളാമെടീ...' അമീബ മോണ ഞെരിച്ചു. പോക്കറ്റില്‍നിന്ന് പ്രഷറിനുള്ള ഗുളികയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങി അമീബ തിരിച്ചുനടന്നു.

(05..01..2014)

Monday, May 27, 2013

ആലിലവയറുള്ള പെണ്‍കുട്ടി


'സ്ലിം ബ്യൂട്ടിയാക്കണേ...' ന്നുള്ള നിരന്തരമായ പ്രാര്‍ത്ഥന കേട്ടാണ് ദൈവം അവള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.

അതിയായ സന്തോഷത്തോടെ ദൈവത്തെ തൊഴുത്‌ അവള്‍ പറഞ്ഞു, "എത്രയൊക്കെ ശ്രമിച്ചിട്ടും തടി കുറയുന്നില്ല, ഇനി അങ്ങ് നേരിട്ട് വിചാരിച്ചാലേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ."

"എന്താണ് കുട്ടീ, നിനക്കു വേണ്ടത്‌?"  ദൈവം ചോദിച്ചു.

"എനിക്ക് 36-24-36 അളവില്‍ സ്ലിമ്മാവണം. ആ മാലിനീനായരുടെ പോലുള്ള ആലിലവയറും വേണം."

ദൈവം ഒന്ന് സംശയിച്ചു. "ഷെയ്പ് ഓക്കേ, എന്നാല്‍ മാലിനീടെ പോലുള്ള വയര്‍ എന്നൊക്കെ പറയുമ്പോള്‍... നീ ശരിക്കാലോചിച്ചിട്ടുതന്നെയാണോ പറയുന്നത്? അതിന്‍റെ ഭവിഷ്യത്തുകള്‍ എന്തായിരുന്നാലും അനുഭവിക്കാന്‍ തയ്യാറാണോ?"

"തയ്യാറാണ് ദൈവമേ... എനിക്ക് അവളുടെ പോലുള്ള വയര്‍ തന്നെ വേണം. എന്തുഭംഗിയാ കാണാന്‍..."

"ശരി, അങ്ങനെയാവട്ടെ..." ദൈവം മറഞ്ഞു.

ഒരു നിമിഷത്തില്‍ തനിക്ക് പെര്‍ഫക്റ്റ് ബോഡി ഷെയ്പും ആലിലവയറും കൈവന്നതുകണ്ട് അവള്‍ അതിയായി സന്തോഷിച്ചു.

എന്നാല്‍ ദൈവത്തിനുമാത്രമേ അറിയുമായിരുന്നുള്ളൂ, മാലിനിയുടെ അടിവയറിനുള്ളില്‍ തരിശായിപ്പോയൊരു ഗര്‍ഭപാത്രവും, നാലുവര്‍ഷങ്ങള്‍ക്കപ്പുറം മുളപൊട്ടാനിരിക്കുന്ന അര്‍ബുദത്തിന്‍റെ വിത്തുകളുമുണ്ടായിരുന്നെന്ന്...

(26..05..2013)

Saturday, July 30, 2011

പീഢനം


പരാതിക്കാരി അയലത്തെ ആശാട്ടി *...

വടക്കേവീട്ടിലും കിഴക്കേവീട്ടിലും പറഞ്ഞു.
നാലാള്‍ കൂടിയപ്പോള്‍ ഉച്ചത്തില്‍ പറഞ്ഞു,
"
പീഢനം..."

കേട്ടവര്‍ കേട്ടവര്‍ മൂക്കത്തുവിരല്‍വച്ചു. 
കൂട്ടത്തില്‍ മുതിര്‍ന്നവര്‍ പറഞ്ഞു, "കേസാക്കാനാവില്ല".

ഞാന്‍ നിന്നുരുകി,
പ്രതി, എന്‍റെ വീട്ടില്‍, അവന്‍റെ കിടക്കയിലുറങ്ങുന്നു...!

നാലാളു ചോദിച്ചു, "കേട്ടത് സത്യമോ?"
ഞാന്‍ നിന്നുവിയര്‍ത്തു, ഉത്തരമറിയാതെ.
 

അന്നവന് അത്താഴപ്പട്ടിണിയായിരുന്നു.

പിറ്റേന്ന് രാവിലെ വിശന്ന വയറോടെ ദയനീയമായി അവനെന്നെ നോക്കി.
 

"കേട്ടത് നേരാണോ?"  ഞാന്‍ ചോദിച്ചു.
 

നിറഞ്ഞ സങ്കടത്തോടെ എന്നെ നോക്കി അവന്‍ പറഞ്ഞു,
 

"മ്യാവൂ..."


(04.07.2011)

*  ആശാട്ടി - പഴയ നിലത്തെഴുത്ത് സമ്പ്രദായത്തിലെ ആശാന്‍റെ സ്ത്രീ രൂപം.

-  ഇത് നടന്ന സംഭവം.  വര്‍ഷങ്ങള്‍ക്കുമുന്‍പ് എന്‍റെ അയലത്ത് താമസിച്ചിരുന്ന ആശാട്ടി എന്നുവിളിക്കുന്ന അമ്മൂമ്മ.  അവരുടെ വയസ്സറിയിക്കാത്ത പിഞ്ചുപൂച്ചക്കുട്ടിയെ എന്‍റെ വീട്ടിലെ ആണ്‍പൂച്ച പിഴപ്പിച്ചുഗര്‍ഭിണിയാക്കിയെന്ന്‍ അയല്‍വീടുകളില്‍പോയി പരാതി പറഞ്ഞവര്‍.  അടുക്കള വാതിലിനരികില്‍ ചെന്നിരുന്ന് കണ്ണുകാണിച്ചു വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നത്രേ.  പിഴച്ചുപോയതുകൊണ്ട് അവളെ അവര്‍ വീട്ടില്‍ നിന്നിറക്കി വിട്ടപ്പോള്‍ ഞാനവള്‍ക്ക് അഭയം കൊടുത്തു. രണ്ട് മിടുക്കിക്കുട്ടികളുമുണ്ടായി അവര്‍ക്ക്.