"മാ...കോഫി, മാ...കോഫി..."
കെറ്റിലില്‍ നിന്ന് കപ്പിലേയ്ക്ക് കോഫി
പകരുമ്പോള്‍ത്തന്നെ അടുക്കളവാതിലില്‍ വിളികേട്ടു.
രണ്ടുമൂന്നുദിവസമായി
മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. ശൂന്യതയുടെ
കൈപിടിച്ചെത്തുന്ന ഭീകരമായ ഏകാന്തത മാത്രമല്ല, നിസ്സംഗമായ
മനസ്സിനെ ഇന്നലെ മുതല്‍ മറ്റെന്തോകൂടി വല്ലാതെ അലട്ടുന്നു.
കപ്പില്‍നിന്ന് ഒരുതുള്ളി സ്പൂണിലെടുത്തുനോക്കി, പതിവുപോലെ
പാകം കൃത്യം. ഇനി റോബിയുടെ കണക്കില്‍ എങ്ങനെയാവുമോ എന്തോ.
ബെഡ്കോഫിയ്ക്കായി
മുന്നില്‍ നീട്ടിപ്പിടിച്ച ചെറിയ ട്രേയിലേയ്ക്ക് കപ്പും സോസറും
വച്ചുകൊടുത്തു. പച്ചബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ബീപ്.
റോബിയുടെ നെഞ്ചില്‍നിന്ന്
ഒരു സെക്കന്റില്‍ നീണ്ട ഗ്ലാസ്‌ട്യൂബ് പോലുള്ള
വിരല്‍ കോഫിയില്‍ തൊട്ടു. ഒരു നിമിഷത്തില്‍ ഒരു ഡബിള്‍ബീപ്. ഗ്ലാസ്‌ട്യൂബ് തിരികെ
പോയി. വെളുത്ത ലോഹംപോലുള്ള മൂക്കൊന്നുവിടര്‍ന്നു.
കയ്യില്‍ ട്രേയുമായി റോബി തിരിയുന്നതും സ്റ്റെയര്‍കേസിന്റെ
കൈവരിയിലൂടെ ട്രേയനങ്ങാതെ മുകളിലേയ്ക്കുകുതിക്കുന്നതും എന്നത്തെയുംപോലെ
ട്രീസ നോക്കിനിന്നു. കാപ്പിയ്ക്കോ ചായയ്ക്കോ
കടുപ്പം കുറഞ്ഞുപോയാല്‍ 'ലൈറ്റ്
കോഫി, ലൈറ്റ് ടീ...' എന്നുവിളിച്ച്
അവന്‍ അവിടെത്തന്നെ നിന്നുകളയും, മധുരം കുറഞ്ഞാല്‍ 'ലോ
ഷുഗര്‍, ലോ
ഷുഗര്‍' എന്നും, ചൂട്
കുറഞ്ഞാല്‍ 'കോള്‍ഡ് ടീ...' എന്നും.
പ്രശ്നം
പരിഹരിക്കാന്‍ രണ്ടുമിനിറ്റ് സമയം തരും. അതിനുള്ളില്‍
ശരിയാക്കി വീണ്ടും ട്രേയില്‍ വച്ചില്ലെങ്കില്‍
വരും, 'ടൂ
ബാഡ് മം...'. ഓരോന്നിനും റെക്കോര്‍ഡ് ചെയ്യപ്പെട്ട
സ്വരങ്ങള്‍. പിന്നെയും ഒരുമിനിറ്റ് തീരുന്ന സെക്കന്റില്‍
ഒഴിഞ്ഞ ട്രേയുമായി അവന്‍ കൈവരിയിലൂടെ മുകളിലേയ്ക്ക് കയറിപ്പൊയ്ക്കളയും.
ഇനി കൃത്യം ഒന്‍പതുമണിക്ക് ബ്രേക്ക്‌ഫാസ്റ്റ്.
ഇഡ്ഡലിത്തട്ടില്‍
മാവ് കോരിയൊഴിക്കുമ്പോള്‍ ട്രീസ
ഓര്‍ത്തു, എത്ര
കാലമായി ഡാനിയെ ഒന്നുകണ്ടിട്ട്, അവനോട് നേരില്‍ ഒരുവാക്ക്
സംസാരിച്ചിട്ട്... വലിയ മുറികളിലെ മടുപ്പിക്കുന്ന ഏകാന്തത.
അത്യാവശ്യമായി
എന്തെങ്കിലും പറയാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയില്‍
അടുക്കളയില്‍ സ്പീക്കര്‍ പോലുള്ള ഒരുപകരണം ഘടിപ്പിച്ചിരുന്നു ആദ്യമവൻ.
ഒരു
ദിവസം വിളിച്ച് അനിയത്തിയുടെ മകള്‍ക്ക് കുട്ടിപിറന്നതും, മറ്റൊരിക്കല്‍
അമ്മായിയുടെ മരണവും അറിയിച്ചതോടെ അവനത് ഡിസ്കണക്റ്റ് ചെയ്തു, അതൊന്നും
അവനെ ബാധിക്കുന്ന കാര്യങ്ങളേയല്ലത്രെ.
സാമ്പാറില്‍ വറ്റല്‍മുളകും കറിവേപ്പിലയും
താളിച്ചുചേര്‍ത്ത് ട്രീസ വീണ്ടും എരിവുനോക്കി. ഉപ്പും മുളകും
നോക്കാനുള്ള സംവിധാനമുണ്ട് റോബിയുടെ കൈവിരലിന്‍റെ ഭാഗത്ത്.
അത്
പുറത്തേയ്ക്കുനീട്ടി കറികളില്‍ തൊട്ട് ടെസ്റ്റ് ചെയ്ത് ഓക്കേ
ആണെങ്കിലേ അവന്‍ ഭക്ഷണം കൊണ്ടുപോവൂ. കുഴപ്പം
വല്ലതുമുണ്ടെങ്കില്‍ രണ്ടുമിനിറ്റില്‍ പ്രശ്നം പരിഹരിച്ച്
ട്രേയില്‍ വീണ്ടും വച്ച് പച്ചബട്ടണ്‍ അമര്‍ത്തിയാല്‍ ഒരിക്കല്‍ക്കൂടിയുണ്ട്
ടെസ്റ്റിംഗ്. ഓക്കേ ആണെങ്കില്‍മാത്രം അതിവേഗതയില്‍ സ്റ്റെയറിന്‍റെ
കൈവരിയിലൂടെ മുകളിലേയ്ക്ക്. അത്ര സ്പീഡില്‍ പോവുമ്പോഴും
ട്രേ ഒന്നനങ്ങുകപോലും ചെയ്യാത്തതില്‍ ട്രീസയ്ക്ക് എന്നും
അത്ഭുതമാണ്.
രണ്ടാംനില മുഴുവന്‍ ഡാനിയുടെ സ്വന്തമാണ്. ഊണും ഉറക്കവും റിസേര്‍ച്ചും ബിസിനസും എല്ലാം അവിടെ. മുഷിയുന്ന തുണികള്‍ രണ്ടുദിവസം കൂടുമ്പോള്‍ റോബി എത്തിക്കും. കഴുകിയവ അപ്പോള്‍ത്തന്നെ കൊടുത്തയയ്ക്കണം. എപ്പോഴുമോര്‍ക്കും, ഇവനെന്താ തുണി കഴുകാനും കറിയ്ക്കരിയാനുമൊക്കെ പറ്റുന്ന ഒരു റോബോട്ടിനെ നിര്‍മ്മിച്ചാല്‍? കുട്ടിക്കാലത്ത് കണ്ണീരുതുടച്ചുകൊണ്ട് ചുവന്നുള്ളിയുടെ തൊലി കളയുന്നതുകാണുമ്പോള്‍ അവന്‍ പറയുമായിരുന്നു, ഞാന്‍ വലുതാവട്ടെ, അമ്മയ്ക്ക് ഉള്ളി പൊളിക്കാനറിയുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കിത്തരുന്നുണ്ട് എന്ന്.

സ്പീക്കര്‍ മാറ്റിയശേഷം എമര്‍ജന്‍സിയില്‍
മാത്രം ഉപയോഗിക്കാന്‍ ഒരു ചുവന്ന ബട്ടണ്‍ വച്ചിട്ടുണ്ട് ഡാനി അടുക്കളയില്‍, തികച്ചും
അടിയന്തരഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന മുന്നറിയിപ്പോടെ.
അതുവയ്ക്കാന്‍ വന്ന ദിവസമാണ് അവനെ അവസാനമായി കാണുന്നത്, ഒന്നരവര്‍ഷം മുന്‍പ്.
അന്ന്
അവന്‍ തോളില്‍ക്കൂടി ഒരുകൈകൊണ്ട് ചുറ്റിപ്പിടിച്ചതോര്‍ത്തപ്പോള്‍
ട്രീസയുടെ കണ്ണുകള്‍ നീറി.
റോബി വരുമ്പോള്‍ ഇടതുകൈത്തണ്ടില്‍ പിടിച്ചാല്‍ അരമിനിറ്റ് നേരത്തേയ്ക്ക്
ഡാനിയോടുള്ള കാര്യങ്ങള്‍ പറയാം. പലതിനും
മറുപടി കിട്ടാറില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍
അവന്‍ വന്നുനില്‍ക്കുമ്പോള്‍ 'മാ...' എന്നുമാത്രം
കേള്‍ക്കാം. അപ്പോള്‍ത്തന്നെ മുഖം തിരിച്ചാല്‍ സ്പീക്കറില്‍ ഒന്നോരണ്ടോ വാക്കുകള്‍
ഉണ്ടാവും.
ഒരിക്കല്‍ വിളികേട്ട് അവന്‍റെ
സ്വരം ഒന്നുകേള്‍ക്കാന്‍ ആര്‍ത്തിയോടെ തിരിഞ്ഞപ്പോള്‍,
"ഇനി പാല്‍ച്ചായ വേണ്ട, കട്ടന്‍
മതി" എന്നായിരുന്നു. ഡാനിയുടെ സ്വരവുമായി
എന്തോ ഒരു സാമ്യം തോന്നിയെന്നുമാത്രം. അവന്‍
'അമ്മേ..' എന്നൊന്നുവിളിച്ചിട്ട്
പറഞ്ഞിരുന്നെങ്കിൽ...
"മാ... ബ്രേക്ക്‌ഫാസ്റ്റ്..." റോബി എത്തിക്കഴിഞ്ഞു. ഹാളിലെ ക്ലോക്ക് സ്ലോ ആയിട്ടുണ്ട്, ഒന്‍പതടിച്ചിട്ടില്ല അതിൽ. റോബിയുടെ സമയം ഒരിക്കലും തെറ്റാറില്ല. കുറഞ്ഞപക്ഷം ഇവന്‍റെ സ്വരത്തിലെങ്കിലും 'അമ്മേ..' എന്നൊന്ന് കേട്ടിരുന്നെങ്കിൽ... ട്രേയില്‍ ചെറിയ കാസറോളില്‍ ഇഡ്ഡലിയും പ്ലേറ്റും സാമ്പാറും ചട്നിയും ഒരു ഗ്ലാസ് ഹോര്‍ലിക്സും വച്ചുകൊടുത്തപ്പോള്‍ ട്രീസ ചിന്തിച്ചു. ഭക്ഷണം എന്നല്ല, കോഫി കഴിക്കാന്‍പോലും ഡാനി താഴേയ്ക്കുവരാത്തതില്‍ വല്ലാത്ത വിഷമമുണ്ടായിരുന്നു ട്രീസയ്ക്ക്. മകന് വിളമ്പിക്കൊടുത്ത് അടുത്തിരുന്നൂട്ടാന്‍ ഏതമ്മയാണ് ആഗ്രഹിക്കാത്തത്.

ഡാനി അടുക്കളയില്‍വച്ച ചുവന്ന ബട്ടണ്‍ അമര്‍ത്തിനോക്കി ഒരിക്കല്‍,
അമ്മയ്ക്ക്
എന്തോ ആപത്തുപിണഞ്ഞെന്ന പേടിയില്‍ അവന്‍ ഇറങ്ങിവരുമ്പോള്‍ ഒന്നുകാണാം, എന്ന
പ്രതീക്ഷയിൽ. വെറുതെ വിളിച്ചതിന് വഴക്കുകേട്ടാലും വേണ്ടില്ലെന്നുകരുതി.
പക്ഷെ, അപ്പോഴും
വന്നത് റോബിയാണ്. നെറ്റിയുടെ ഭാഗത്ത്
നീട്ടിപ്പിടിച്ച കൊച്ചുക്യാമറയുമുണ്ടായിരുന്നു.
അവനെ
കണ്ടപ്പോള്‍ അടുക്കളയില്‍നിന്ന് വര്‍ക്കേരിയയിലേയ്ക്ക് മാറിക്കളഞ്ഞു.
അടുക്കളയിലും സ്റ്റോര്‍റൂമിലും ഓരോ സെക്കന്റ് നിന്ന റോബി നേരെ വര്‍ക്കേരിയയിലേയ്ക്ക്. അവന്റെ ക്യാമറ ആളെ സെന്‍സ് ചെയ്തിട്ടുണ്ടാവും. 'വാട്ട് ഹാപ്പന്‍ഡ്... വാട്ട് ഹാപ്പന്‍ഡ്...' എന്ന ചോദ്യം മുഴങ്ങി. 'വെറുതെ..' എന്നുപറയാന്‍ തോന്നിയില്ല. 'ഒന്നുതലകറങ്ങി, ഇപ്പോള്‍ കുഴപ്പമില്ല' എന്നുപറഞ്ഞ് പച്ച ബട്ടണും അമര്‍ത്തി അവനെ പറഞ്ഞുവിട്ടു. അതോടെ ആ അലാം അമര്‍ത്തിയാല്‍ ഡാനിയെ കാണാം എന്ന മോഹം തീര്‍ന്നു.

റിസേര്‍ച്ച് സ്കോളര്‍ഷിപ്പ് കിട്ടി ജപ്പാനില്‍ പോകുന്നതുവരെ സാരിത്തുമ്പില്‍നിന്ന് മാറാത്ത
കുട്ടിയായിരുന്നു ഡാനി. എന്തിനും ഏതിനും, 'അമ്മേ, അമ്മേ...'ന്നുവിളിച്ച്, ഒരു
സങ്കടം വന്നാല്‍ വിതുമ്പിക്കൊണ്ട് അരികില്‍ വന്നിരിക്കുന്ന
ഒരമ്മക്കുട്ടി. പിന്നീടുള്ള ഫോണ്‍കോളുകളില്‍ ക്രമേണ അവന്‍റെ ശബ്ദം മാറിക്കൊണ്ടിരുന്നത്
അത്രത്തോളം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
മൂന്നുവര്‍ഷത്തിനുശേഷം തിരികെ വരുമ്പോള്‍ ഹാര്‍ട്ട്
അറ്റാക്ക് ആയി ഐ.സി.യുവില്‍ കിടക്കുന്ന സ്വന്തം അച്ഛനെ ഒരുനോക്കുകണ്ടിട്ട്
പുറത്തിറങ്ങി അവന്‍ പറഞ്ഞു, "രണ്ടുജോലിക്കാരെയും
ആശാരിമാരെയുംവേണം, വീടിന്‍റെ മുകളിലെ നിലയില്‍ ഇത്തിരി പണിയുണ്ട്."
അവന്‍റെ
കൈത്തലത്തില്‍ പച്ചയും ചുവപ്പും ബട്ടണുകള്‍
ആദ്യമായി കാണുന്നത് അപ്പോഴായിരുന്നു.
അടുത്തവീട്ടിലെ കൈമള്‍മാഷിനോടുപറഞ്ഞ്
ജോലിക്കാരെ ഏര്‍പ്പാടാക്കിക്കൊടുത്തു.
രണ്ടുദിവസം
കൊണ്ട് അവിടെയുണ്ടായിരുന്ന ഒന്നോ രണ്ടോ
ഫര്‍ണിച്ചറുകള്‍ ഒഴികെ മറ്റെല്ലാം താഴെയിറക്കി. മൂന്നാംദിവസം
രണ്ടുലോറികളിലായി അലുമിനിയം സ്റ്റീല്‍ റോഡുകളും പൈപ്പുകളും കൂടെ
കുറച്ചുജോലിക്കാരും വന്നു. പിന്നെ പായ്ക്കറ്റുകള്‍ക്കുള്ളിലും
അല്ലാതെയുമായി വലുതും ചെറുതുമായി കുറെ യന്ത്രഭാഗങ്ങളും.
അവന്‍ വന്നതിന്‍റെ അഞ്ചാംദിവസം ഒരു മാസീവ്
അറ്റാക്കില്‍ മരിക്കുന്നതിനുമുന്‍പ് ഡാനിയെ ഒന്നുകൂടി
കാണണമെന്ന് അച്ഛന്‍ പറഞ്ഞത് അവനെ അറിയിച്ചതാണ്.
എന്നിട്ടും
നാലുകിലോമീറ്റര്‍ അകലെയുള്ള ഹോസ്പിറ്റലില്‍ ഒന്നുപോകാനുള്ള മനസ്
അവന്‍ കാണിച്ചില്ല.
ബോഡി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ താഴെയിറങ്ങി രണ്ടുമിനിറ്റ്
അടുത്തിരുന്നു. സ്റ്റെയര്‍കേസ് വഴിയല്ല, കൈവരിയിലൂടെയാണ് അവന്‍
മുകളിലേയ്ക്ക് കയറിപ്പോയതെന്ന് അന്നാദ്യമായി ട്രീസ കണ്ടു.
സംസ്കാരത്തിന്
പള്ളിയിലേയ്ക്കെടുക്കുമ്പോള്‍ 'ഞാനില്ല..' എന്നൊരൊറ്റവാക്ക്.
പിന്നീട് താഴേയ്ക്ക് വന്നതെല്ലാം റോബിയായിരുന്നു. കുഴിമാടം
മണ്ണിട്ടുമൂടുന്നത് നോക്കിനിന്നപ്പോള്‍ മോനെ
അവസാനമായി ഒന്നുകാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന നെടുവീര്‍പ്പ്
അതില്‍നിന്നുയരുന്നതായി തോന്നി.
അരികഴുകി കുക്കറിലിട്ട് തോരനുള്ള
പച്ചക്കറികളുമായി ട്രീസ കസേരയിലിരുന്നു.
വയ്യാതായിരിക്കുന്നു.
പൊള്ളുന്ന
പനിയുമായാണ് ഒരു ദിവസം കിടന്നത്. രാവിലെ
ഉണരുമ്പോള്‍ എണീക്കാന്‍ കഴിയുന്നില്ല. സമയം പോകുന്നതറിയുന്നുണ്ട്.
അടുക്കളയില്‍
അലാം ഉണ്ട്, എണീറ്റ് അവിടെവരെ പോകാന്‍വയ്യ.
ഏഴരയ്ക്ക്
ബെഡ്കോഫിക്ക് റോബി വരും. ശരീരം അനങ്ങുന്നില്ല, എത്രയൊക്കെ
ശ്രമിച്ചിട്ടും. ഒടുവില്‍ അങ്ങനെതന്നെ
കിടന്നു.
റോബി വന്നതും അടുക്കളയില്‍നിന്ന് പതിവുപോലെ, 'മാ... കോഫീ...' വിളിച്ചതും കേള്‍ക്കുന്നുണ്ടായിരുന്നു. അടുക്കളയില്‍ ആളെ കണ്ടില്ലെങ്കില്‍ അവന്‍റെ ക്യാമറക്കണ്ണ് നീളും. പിന്നെ എല്ലാ റൂമിലും തിരയും, ആളെ സെന്‍സ് ചെയ്യുന്നിടത്തോളം. ബെഡ്റൂമിന്‍റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നതുകൊണ്ട് അവന്‍ ഉള്ളിലേയ്ക്കുവന്നു. 'മാ... കോഫീ...' എന്ന വിളി വീണ്ടും കേട്ടു. കൈത്തണ്ടില്‍ പിടിച്ചു, അതിന് ലോഹത്തിന്റെ തണുപ്പ്. 'മോനേ, ഡാനീ, തീരെവയ്യെടാ, നല്ല പനി...' റോബി തിരികെ പോയി.
അഞ്ചുമിനിറ്റ് കഴിഞ്ഞ് ഡോര്‍ബെല്‍ കേട്ടപ്പോള്‍ മുന്‍വാതിലിന്‍റെ താക്കോല്‍ അകത്തുനിന്ന് തിരിയുന്നതറിഞ്ഞു. ഡാനിയായിരിക്കും എന്നുകരുതി. വന്നെങ്കില്‍ അവനെ ഒന്നുകാണാമായിരുന്നു. ഡാനി കട്ടിലില്‍ അടുത്തുവന്നിരിക്കുന്നതും നെറ്റിയില്‍ അവന്‍റെ തണുത്ത കൈത്തലം അമരുന്നതും... റൂമിലേയ്ക്ക് വാതിലോളം വഴികാണിച്ച റോബിയെ കണ്ട് സംശയിച്ച് കടന്നുവന്ന അടുത്ത ക്ലിനിക്കിലെ ഡോക്ടറെ കണ്ടപ്പോഴാണ് അപ്പോഴും ഡാനി താഴേയ്ക്കിറങ്ങിയിട്ടില്ലെന്ന് മനസിലാവുന്നത്.

മരുന്നുകള്‍ തന്നശേഷം പോകുന്നതിനുമുന്‍പ്
അനിയത്തിയെ ഫോണ്‍ചെയ്ത് വിവരമറിയിച്ചതും വരാന്‍പറഞ്ഞതും
ഡോക്ടര്‍ തന്നെയായിരുന്നു. സൈഡ് ടേബിളില്‍നിന്ന് പേഴ്സെടുക്കാന്‍
തുടങ്ങിയപ്പോള്‍ ഡോക്ടര്‍ വിലക്കി, "അത്
മിസ്റ്റര്‍ ഡാനി സെറ്റില്‍ ചെയ്യും".
"അതിന് അവനിങ്ങോട്ടുവന്നില്ലല്ലോ..." എന്ന് ശങ്കിച്ചപ്പോള്‍, "ഇത് ഇന്റര്‍നെറ്റ് യുഗമല്ലേ അമ്മേ..." എന്നുപറഞ്ഞ് ഡോക്ടര്‍ ചിരിച്ചു. രണ്ടാംദിവസം, 'എങ്ങനെയുണ്ട്..' എന്ന ഒറ്റവാക്കില്‍ റെക്കോര്‍ഡ് ചെയ്തപോലെ ഒരന്വേഷണം മാത്രമുണ്ടായി ഡാനിയുടെ. 'കുറവുണ്ട്..' എന്നുമാത്രംപറഞ്ഞ് തിരിച്ചയയ്ക്കുമ്പോള്‍ 'മോനേ..' എന്ന വിളി തൊണ്ടയില്‍ തട്ടി കയ്ക്കുന്നുണ്ടായിരുന്നു ട്രീസയ്ക്ക്.
കത്തിയും ഫോര്‍ക്കും സ്പൂണുംകൊണ്ട് കഴിക്കാന്‍ പറ്റുന്നതുമാത്രമേ ഡാനിയ്ക്ക് കൊടുത്തുവിടാവൂ എന്നാണ്. വറുത്ത മത്തി വളരെ ഇഷ്ടമായിരുന്ന കുട്ടി. ഇപ്പോള്‍ മുള്ളുകളഞ്ഞ് ചെറിയകഷണങ്ങളാക്കി കൊടുത്തുവിടും. കുളിക്കാനും ഉറങ്ങാനുമൊക്കെ സമയം കിട്ടുന്നുണ്ടാവുമോ ആവോ അവന്.
അവിയല്‍ തിളച്ചപ്പോള്‍ അരപ്പുചേര്‍ത്ത് ബീഫ് ഉലര്‍ത്താനിട്ടതിന്‍റെ തീ കുറച്ചു. തേങ്ങാക്കൊത്തുചേര്‍ത്ത് വരട്ടിയ ബീഫ് അവനെന്നുമിഷ്ടമായിരുന്നു. ഇപ്പോഴുള്ള ഇഷ്ടമോ ഇഷ്ടക്കേടുകളോ ഒന്നുമറിയില്ല. മൂന്നുവര്‍ഷം കൊണ്ട് തികച്ചും അപരിചിതനായി മാറിയിരിക്കുന്നു അവൻ.
ശ്വാസകോശങ്ങള്‍ ദുര്‍ബലമാണെന്നും ഇനി ഭാരമെടുക്കരുതെന്നും ഡോക്ടര്‍ പറഞ്ഞത് ക്ലിനിക്കില്‍നിന്ന് തിരികെ വീട്ടിലെത്തുംമുന്‍പേതന്നെ അവനറിഞ്ഞിരുന്നു. പേഷ്യന്റിന്‍റെ ആരോഗ്യസ്ഥിതി ഉത്തരവാദപ്പെട്ടവരെ ഇ-മെയിലില്‍ അറിയിക്കുമത്രേ. ഇനി അരിയും പച്ചക്കറികളും മറ്റും വാങ്ങാന്‍ പുറത്തുപോകേണ്ട എന്ന മെസേജ് വന്നു റോബിയോടൊപ്പം.
ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് എഴുതി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം റോബിയുടെ ട്രേയില്‍ വച്ചുകൊടുക്കുക. ഒരു മണിക്കൂറിനകം സൂപ്പര്‍മാര്‍ക്കറ്റിന്‍റെ വണ്ടിയില്‍ കവറുകളില്‍ നന്നായി പായ്ക്ക് ചെയ്ത് ലിസ്റ്റിലെ വസ്തുക്കള്‍ ഒന്നൊഴിയാതെ വീട്ടിലെത്തും. അടുക്കളവാതില്‍ തുറന്നുകൊടുത്താല്‍ അവര്‍തന്നെ എല്ലാം അകത്തെടുത്ത് അറേഞ്ച് ചെയ്തുവച്ചുതരും. ആദ്യവട്ടം ക്യാഷ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ 'മിസ്റ്റര്‍ ഡാനിയുടെ അക്കൌണ്ടില്‍ നിന്ന് പേ ചെയ്തു' എന്നുപറഞ്ഞ് ഒരു സ്ക്രാച് ആന്‍ഡ് വിന്‍ കാര്‍ഡുംതന്ന് അവര്‍ തിരികെ പോയി.
ട്രീസ ചോറും കറികളും ട്രേയില്‍ എടുത്തുവച്ചു. ഒന്നും വിട്ടുപോയിട്ടില്ലല്ലോ എന്ന് ഒന്നുകൂടി നോക്കി. കുടിക്കാനുള്ള വെള്ളം ബോട്ടിലിലാക്കി. ഉച്ചയ്ക്കും രാത്രിയും ഓരോ ബോട്ടില്‍ വെള്ളം, അതാണ് കണക്ക്. ആഹാരം കഴിച്ചിട്ട് ഒന്നുകിടക്കണം. കഴുകാനും തുടയ്ക്കാനുമായി ഏര്‍പ്പാടാക്കിയ സ്ത്രീ രണ്ടുദിവസമായി വരുന്നില്ല.
റോബി വന്നു. വെള്ളത്തിന്‍റെ കാലിയായ ബോട്ടില്‍ ഉണ്ടായിരുന്നു ട്രേയില്‍. ബക്കറ്റില്‍ കഴുകാനുള്ള വസ്ത്രങ്ങളും. കഴിഞ്ഞ ഉത്രാടത്തിന് ഇരുപത്തൊന്‍പതായി ഡാനിയ്ക്ക്. ഇങ്ങനെ കഴിയുന്ന അവനോട് എങ്ങനെയാണ് കല്യാണക്കാര്യം പറയുക? എന്നിട്ടും ഒരു ദിവസം അവനോട് ചോദിച്ചു, "ഡാനീ, നിന്‍റെ വിവാഹക്കാര്യം എങ്ങനെയാണ്? അമ്മ ഒരു കുട്ടിയെ നോക്കട്ടെ?"
"ആവശ്യമുള്ളപ്പോള്‍ ഞാന്‍ പറയാം, എന്നിട്ടുമതി..." എന്ന മറുപടി വന്നു, റോബിയോടൊപ്പം.
ട്രീസ ഊണുകഴിച്ച് പാത്രങ്ങള്‍ കഴുകിവച്ചു. ഇനി നാലരയ്ക്ക് ചായ. അഞ്ചുമണിയ്ക്ക് 'മാ... പോസ്റ്റ്..' എന്ന് ചിലമ്പിക്കൊണ്ട് റോബി വരും. അന്നത്തെ കൊറിയറില്‍വരുന്ന പായ്ക്കറ്റുകള്‍ കളക്റ്റ് ചെയ്യാനുള്ള വരവാണ്. തനിക്ക് എടുത്തുപൊന്തിക്കാന്‍കൂടി കഴിയാത്തത്ര ഭാരമുള്ള പായ്ക്കറ്റുകളും അവന്‍ ഈസിയായി പൊക്കിക്കൊണ്ടുപോകുന്നത് കാണാറുണ്ട്. ആ യന്ത്രത്തെപ്പോലും ഇപ്പോഴിപ്പോള്‍ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നുവോ?
കട്ടിലിലേയ്ക്ക് നടുവുനിവര്‍ത്തുമ്പോള്‍ വല്ലാത്തൊരു ദേഷ്യം തോന്നി ട്രീസയ്ക്ക്. മൂന്നുവര്‍ഷംമുന്‍പ് അദ്ദേഹം പോയപ്പോള്‍ മുതല്‍ ഒറ്റയ്ക്കാണ്. ഉറക്കം വരാത്ത ചില രാത്രികളില്‍ മുറ്റത്ത് കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നതുപോലെ തോന്നും. തനിക്കുശേഷം ഡാനിയുടെ കാര്യങ്ങള്‍ ആരുനോക്കും എന്നായിരുന്നു ആദ്യമൊക്കെ ചിന്തിക്കാറുള്ളത്. അവന് സുഖമാണോ എന്തോ. ഒരു മൂക്കൊലിപ്പുവന്നാല്‍ "വയ്യാ....മ്മേ..." ന്നുവിളിച്ച് മടിയില്‍വന്നുപതുങ്ങുമായിരുന്ന കുട്ടി. വല്ല പനിയോ ജലദോഷമോ മറ്റോ ഉണ്ടോ ആവോ അവനിപ്പോള്‍. ഒരിക്കല്‍ ഡാനിയെ ഒന്ന് കാണാമെന്നുകരുതി രണ്ടാംനിലയുടെ സ്റ്റെയര്‍ കയറി മുകളില്‍ ചെന്നപ്പോള്‍ വാതില്‍ക്കല്‍ റോബി! 'ഗോ ബായ്ക്ക്...' എന്ന മുരളലില്‍ അവന്‍ വാതിലിനുകുറുകെ കൈകള്‍ വിരിച്ചുപിടിച്ചു. ഒപ്പം കൈത്തലത്തിലെ ചുവന്ന ബട്ടണില്‍നിന്ന് ഒരു സൈറനും മുഴങ്ങിത്തുടങ്ങി. ഭയന്ന് തിരികെപ്പോന്നശേഷം ഒരിക്കല്‍ക്കൂടി അതിന് മുതിര്‍ന്നിട്ടില്ല.

ഒരേ വീടിനുള്ളിലായിരുന്നിട്ടും സ്വന്തം മകനെ ഒന്നുകാണാന്‍ കഴിയാതെ, അവനെ ഒന്നുതൊടാന്‍ കഴിയാതെ ഒരു റോബോട്ടിനെ മാത്രം കണ്ട് എത്രകാലമാണിങ്ങനെ കഴിയുക? വീണ്ടും ജപ്പാനിലേയ്ക്കുതന്നെ അവന്‍ പോയിരുന്നെങ്കിൽ... ഒരുപക്ഷെ യാത്രപറയാനെങ്കിലും അവനൊന്നടുത്തുവരാതിരിക്കില്ല, പോയി വരാം അമ്മേ... എന്ന് കൈയിലെങ്കിലും ഒന്നുപിടിക്കാതിരിക്കില്ല... ട്രീസയുടെ കണ്ണുകള്‍ നിറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് മയങ്ങുമ്പോഴായിരുന്നു കോളിംഗ്ബെല്‍ കേട്ടത്. നോക്കുമ്പോള്‍ റെഡിമെയ്ഡ് ഷോപ്പില്‍നിന്ന് ഏതാനും പായ്ക്കറ്റുകൾ. ഡാനിയ്ക്കുള്ള ഡ്രസ്സുകളാണ്. കഴിഞ്ഞ ആഴ്ച അവന്‍റെ പിറന്നാളിന് രാവിലെ ഒന്നു പള്ളിയില്‍ പോകാന്‍കൂടി കഴിഞ്ഞില്ല, പോയിവരുമ്പോഴേയ്ക്ക് അവന്‍റെ ആഹാരത്തിന്‍റെ പതിവുകളൊക്കെ തെറ്റുമല്ലോ എന്നുഭയന്ന്. ഉച്ചകഴിഞ്ഞ് പുറത്തുപോയി അവനിഷ്ടമായിരുന്ന ഒലിവ് ഗ്രീന്‍ കളറില്‍ ഒരു ഷര്‍ട്ട് വാങ്ങി. വൈകിട്ട് കൊറിയര്‍ പായ്ക്കറ്റുകളോടൊപ്പം 'ഹാപ്പി ബര്‍ത്ത്ഡേ' പറഞ്ഞ് അത് കൊടുത്തുവിട്ടു.
അത്താഴം എടുക്കാന്‍ റോബി
വന്നപ്പോള്‍ ആ പായ്ക്കറ്റ് തിരികെവന്നു.
ഒപ്പം ഒരു മെസേജും, "ശരിയാവില്ല".
അളവ്
പാകമാവാത്തതാണോ എന്നാദ്യം സംശയിച്ചു. നിവര്‍ത്താത്ത
ഷര്‍ട്ട് കണ്ടപ്പോഴാണ് കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ അവന്‍ എത്രത്തോളം
മാറിയിട്ടുണ്ടെന്ന് ഒരു രൂപവുമില്ലല്ലോ എന്നോര്‍ത്തത്.
മയക്കത്തിലേയ്ക്ക്
വഴുതുമ്പോള്‍ "അമ്മേ..."ന്നു
ചിരിച്ചുകൊണ്ട് പടികളിറങ്ങിവരുന്ന ഡാനിയുടെ അവ്യക്തമായ സ്വപ്നമായിരുന്നു ട്രീസയുടെ
കണ്ണുകളിൽ.
നാലുമണി. ട്രീസ എണീറ്റ് ഡാനിയുടെ ഷര്‍ട്ടുകള്‍ ഇസ്തിരിയിട്ടുവച്ചു. കപ്പിലേയ്ക്ക് ചായ പകരാന്‍നേരം റോബി എത്തി. അവന്‍റെ സ്പീക്കറില്‍ ഒരു മേസേജുണ്ടായിരുന്നു, "നാളെ ഞാന്‍ സിംഗപ്പൂര്‍ പോകുന്നു, അഞ്ചുവര്‍ഷം കഴിഞ്ഞേ വരൂ..."
ട്രീസയുടെ കണ്ണീര്‍ഗ്രന്ഥികള്‍ തരിച്ചു. പോകാനിറങ്ങുമ്പോഴെങ്കിലും ഒന്നുകാണാമെന്ന ചിന്ത വെറുതെയാവുമോ? കാണാന്‍ കഴിയുന്നില്ലെങ്കിലും അവന്‍ കൂടെയുണ്ടെന്നത് ഒരാശ്വാസമായിരുന്നുവോ? ഇനി ആ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും ഫോണില്‍ "സുഖമാണോ അമ്മേ...?" എന്നവന്‍ തിരക്കുമോ? റോബിയെക്കൊണ്ടെങ്കിലും വിളിപ്പിച്ച് "മാ, ആം ഫൈന്‍ ഹിയർ" എന്ന് പറയുമോ?
കെറ്റിലില്‍നിന്ന് കപ്പിലേയ്ക്ക് ചായ പകരുന്നതിനിടയില്‍ അറിയാതെ ഒരുതുള്ളി കണ്ണീര്‍, കപ്പിന്‍റെ വക്കില്‍ തട്ടി ചിതറി. പതിവുപരിശോധന കഴിഞ്ഞപ്പോള്‍ റോബി വിളിച്ചു,

'സോള്‍ട്ടി
ടീ, സോള്‍ട്ടി
ടീ...'
*******************************
*******************************
(20..12..2012)