Thursday, February 3, 2011

ബോധി


പുലര്‍ച്ചയുടെ ആദ്യയാമങ്ങളിലെങ്ങോ അയാള്‍ മയക്കത്തിലേക്ക്‌ ഊളിയിട്ടു.
കൈക്കുടന്നയിലെ ആര്‍ദ്രതയുടെ കയത്തില്‍ അയാള്‍ നീന്തിത്തുടിച്ചു. മുഖത്തിന്‍റെ ആകൃതി മാറി, പല്ലുകള്‍ നീണ്ടുകൂര്‍ത്തു. ഇരുവശങ്ങളിലും അയാള്‍ക്ക്‌ ചിറകുകള്‍ മുളച്ചു. ശരീരം വഴുവഴുപ്പുള്ളതായി മാറി. കണ്ണുകള്‍ പുറത്തേയ്ക്കുന്തി. മിനുസമുള്ള എന്തോ ഒന്ന് ദേഹമാകെ വന്നുമൂടി. അയാള്‍ ഒഴുകി...

പെട്ടെന്ന്....

അണ്ണാക്കില്‍ കുരുങ്ങിയ മൂര്‍ച്ചയില്‍ തൂങ്ങിക്കിടന്ന് അയാള്‍ പിടഞ്ഞു. ചെകിളകള്‍ക്കിടയിലൂടെ ഒരു തിളയ്ക്കല്‍ പുറത്തേയ്ക്കൊഴുകി. കൈക്കുടന്നയിലെ ഇത്തിരി ജലം ചുവപ്പായി മാറി. അതിനുള്ളില്‍ അയാള്‍ക്ക്‌ ശ്വാസം മുട്ടി...

വീണ്ടും...

കുളിരിന്‍റെ വിരലുകള്‍ അയാളുടെ മുടിയിഴകള്‍ക്കിടയിലൂടെ പരതി. അരിച്ചെത്തിയ ആ നനവില്‍ ചുടുതുള്ളികള്‍ താഴേയ്ക്കൊഴുകി. അവയ്ക്കുമേലെ കനിവ് ധാരകോരി...

പിടഞ്ഞുര്‍ന്നപ്പോള്‍...

... അയാളാകെ വിയര്‍ത്തിരുന്നു
, വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. പാതിയടഞ്ഞ ജനല്‍പ്പാളിയിലൂടെ നിലാവിന്‍റെ തണുത്ത നിശ്വാസം തേടിയെത്തുന്നുണ്ടായിരുന്നു. കിടക്കയിലുര്‍ന്നിരുന്ന് അയാള്‍ തന്‍റെ താടിയെല്ല് തൊട്ടറിഞ്ഞു. അതിന്‍റെ ആകൃതി മാറിയിട്ടില്ലെന്ന് കണ്ടെത്തിയ ആശ്വാസത്തിന്‍റെ നിറവില്‍ അയാള്‍ ജനല്‍പ്പാളികള്‍ മലര്‍ക്കെ തുറന്നിട്ടു.

ആ നിമിഷം, പ്രാണവായുവില്‍ നിന്ന് ഒരു ഗന്ധത്തെ അയാളുടെ നാസിക വേര്‍തിരിച്ചെടുത്തു.

എവിടെയോ അറിഞ്ഞനുഭവിച്ച എന്നോ നിറഞ്ഞുമറഞ്ഞ ഒരു മണം... എന്തിന്‍റെയാവാമത്? അന്വേഷണത്തിന്‍റെ ചിറകടിച്ച് മനസ്സ്‌ ഭൂതകാലത്തിന്‍റെ മരുപ്പരപ്പില്‍ അലഞ്ഞു.

പെട്ടെന്ന്, അയാളത് കണ്ടെത്തി -
മുലപ്പാലിന്‍റെ മണം!

ഓര്‍മ്മയില്‍ അതെങ്ങനെ വന്നു? താനതനുഭവിച്ചിട്ടുണ്ടോ? ഉണ്ടാവാം, ഒരു കൈക്കുഞ്ഞായിരുന്നപ്പോള്‍. പക്ഷെ അതിന്‍റെ മണവും രുചിയും ഇപ്പോള്‍ എവിടെനിന്നുവന്നു...?

പൊടിമണ്ണിന്‍റെ വരള്‍ച്ചയില്‍ അമ്മയുടെ കനിവ് തനിക്കായി ചുരക്കുന്നുണ്ടാവുമോ?
ജീര്‍ണ്ണതയുടെ ധൂളിയില്‍ അത് ആര്‍ദ്രതയായി പടരുന്നുണ്ടാവുമോ?
ആ നിറവില്‍നിന്ന് അമ്മയുടെ സ്നേഹം ഈ രാത്രിയിലെ തന്നെത്തേടിയെത്തിയതാവുമോ?

അമ്മ... അമ്മ... ആ ഓര്‍മ്മയില്‍ താനൊരു കൈക്കുഞ്ഞായതായി അയാള്‍ക്ക്‌ തോന്നി.

അമ്മയുടെ മടിയില്‍ കിടക്കുന്ന തന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ മുലപ്പാല്‍ നുരഞ്ഞൊഴുകുന്നു. കൗതുകത്തിന്‍റെ പാരമ്യതയില്‍ ആ കുഞ്ഞിക്കണ്ണുകള്‍. പൂവിതള്‍ത്തുമ്പിനെ ഓര്‍മ്മിപ്പിക്കുന്ന ചുവന്നുതുടുത്ത പാദങ്ങള്‍, ചുരുളായടഞ്ഞ കൈക്കുരുന്നുകള്‍...

നോക്കിനില്‍ക്കേ അയാളുടെ ലോകം അമ്മയിലേയ്ക്കൊതുങ്ങി. തന്‍റെ തടിച്ച ചുണ്ടുകളുടെ കോണില്‍ മുലപ്പാലിന്‍റെ  നുര പുരണ്ടിരിക്കുന്നതായി അയാള്‍ കണ്ടു.  കറപിടിച്ച അവയുടെ പശ്ചാത്തലത്തില്‍ വെണ്മ നിഷേധിക്കാനാവാത്ത പൊരുത്തക്കേടായി.
അമ്മയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിന് ആ ചുണ്ടുകളായിരുന്നെങ്കിലോ?

ഛെ! അങ്ങനെയൊരു സങ്കല്‍പം തന്‍റെ മനസ്സിന്‍റെ നികൃഷ്ടതയില്‍ നിന്നാണെന്നു മനസ്സിലാക്കവേ അവജ്ഞ അയാളെ വിഴുങ്ങിത്തുടങ്ങി.

കൈകാലിക്കുന്നവിശുദ്ധി, ആ ശാന്തി... അത് താനായിരുന്നു!

പുതിയൊരറിവിന്‍റെ വെളിപ്പെടുത്തല്‍! എന്തോ, ഉള്‍ക്കൊള്ളാനാവാത്തതുപോലെ.

പാല്‍മണം ചുരത്തുന്ന അധരങ്ങള്‍ - അത് തന്റേതായിരുന്നു. വിടരാത്ത വിരലുകളും കിളുന്നു കാലടിയും -  അവയും തന്റേതായിരുന്നു... ഇന്നത്തെ ഈ രൂപം തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത് എങ്ങനെയാണ്? എവിടെ വച്ചാണ്?

അയാള്‍ ആ കുഞ്ഞിനെ ഉറ്റുനോക്കി.
നോക്കിനില്‍ക്കെ അമ്മയുടെ മടിയില്‍നിന്ന് ആ കാലടികള്‍ മെല്ലെ നിവരുന്നതായി അയാള്‍ കണ്ടു.

അയാള്‍ രണ്ടു കാലുകള്‍ കണ്ടു.
പിച്ചവയ്ക്കുന്ന കാലുകള്‍.
തടഞ്ഞുവീഴുമ്പോള്‍ പിന്നിലെത്തി അവയെ നെഞ്ചിലേയ്ക്കുയര്‍ത്തുന്ന അമ്മയുടെ സ്നേഹം.
പിന്നെ, മുറ്റത്തെ പൂഴിപ്പരപ്പില്‍ ഓടിക്കളിക്കുന്ന കാലുകള്‍. നാട്ടുവഴിയിലേയ്ക്കിറങ്ങി നടക്കുന്ന കാലുകള്‍. പിന്നീടവ വഴിവക്കില്‍ നില്‍ക്കുന്നു. കുറ്റിച്ചെടികളുടെയും പൊന്തക്കാടുകളുടെയും മറവിലേയ്ക്ക് അവ നീങ്ങുന്നു, പിന്നില്‍നിന്ന് ചീറിവരുന്ന കല്ലുകളേക്കാള്‍ വേഗത്തില്‍ ഓടിമറയുന്നു.

നിറഞ്ഞ തെരുവില്‍ മറ്റനവധി കാലുകളോടോപ്പം ആ കാലുകളും ചലിക്കുന്നു. അവയുടെ മൃദുലത അവിടെ പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. പിന്നീടെപ്പോഴോ നിരത്തിനോരത്ത് രണ്ടും മൂന്നും കറുത്ത അക്ഷരങ്ങള്‍ പല്ലിളിക്കുന്ന ബോര്‍ഡുകള്‍ക്ക് മുന്നില്‍ യാന്ത്രികമായി അവ നിശ്ചലമാകുന്നു, ഉള്ളിലേയ്ക്ക് തിരിയുന്നു.

അയാള്‍ വീണ്ടും നോക്കി. തന്‍റെ പിഞ്ചുകരങ്ങള്‍! അമ്മയുടെ മാറത്ത്‌ പ്രഹരിച്ചുതിരഞ്ഞവ.
അവയിലേയ്ക്ക് കളിപ്പാട്ടങ്ങള്‍ വന്നു, പെന്‍സില്‍ വന്നു, പേന വന്നു, പിന്നെ... കത്തി വന്നു... കത്തിപ്പിടിയില്‍ അവ മുറുകി. ചുവന്ന ജീവന്‍ കത്തിമുനയില്‍ നിന്ന് താഴേക്കൊഴുകി, അത് ഉണങ്ങി ഇരുണ്ട കറയായി...

പിന്നെ ആ കൈകളിലേയ്ക്ക് നുരയുന്ന ലഹരികള്‍ വന്നു, മിനുത്ത ഉടലുകള്‍ വന്നു. ഒടുവില്‍ അവയിലേയ്ക്കൊരു കഴുത്തുവന്നു. അതില്‍ അയാളുടെ വിരലുകള്‍ അമര്‍ന്നു...

പിന്നെയെന്നോ മരുന്നുകളുടെ മണമുള്ള ഒരു മുറിയ്ക്കുള്ളില്‍വച്ച് ഉണങ്ങിവരണ്ട രണ്ടുകരങ്ങള്‍ അവയെ സ്വന്തം നെഞ്ചോട്‌ ചേര്‍ത്തുവച്ചു. വാത്സല്യവും ദു:ഖവും പൊള്ളുന്ന തുള്ളികളായി അവയിലേയ്ക്ക് വീണു. പിന്നെ ആ കൈകള്‍ അയഞ്ഞു...

ആ ഓര്‍മ്മ അയാളെ അസ്വസ്ഥനാക്കി.

വരണ്ട ആ കരങ്ങള്‍ക്ക് ജീവന്‍ പകരാന്‍ അയാള്‍ ശ്രമിച്ചു. അവയിലെ ചോറുരുളകള്‍ തുടുത്ത രണ്ടുപൂവിതളുകളിലേയ്ക്ക് അയാളെ എത്തിച്ചു.

മധുരമായ ജീവാമൃതം അവയിലൂടെ ഒഴുകിയിറങ്ങി. പിന്നെ രുചിയുള്ള ആഹാരങ്ങള്‍ അകത്തേയ്ക്ക്, കൂട്ടുകാരുടെ ചെല്ലപ്പേരുകള്‍
പുറത്തേയ്ക്കും.

പിന്നെപ്പിന്നെ ചവര്‍പ്പുള്ള ഉണക്കിലകള്‍ ചുരുണ്ട് അവയിലേയ്ക്ക് നീണ്ടു. കറുത്ത പുക അവയ്ക്കുള്ളിലൂടെ കടന്നു. അതിന്‍റെ കഠിനതയില്‍ അവ ഇരുണ്ടു. പതയുന്ന വിഷങ്ങള്‍ അവയ്ക്കിടയിലൂടെ അകത്തേയ്ക്ക് പോയി, കുറെയേറെ അസംബന്ധങ്ങള്‍ പുറത്തേയ്ക്കും.

വീണ്ടും പൂര്‍വ്വാധികം തീക്ഷ്ണമായി ആ ഗന്ധം, പൊരുളറിയാത്ത അതേ ഗന്ധം, അയാളെ തേടിയെത്തി.

അത് തന്നെ ഭ്രാന്തുപിടിപ്പിക്കുമെന്ന് അയാള്‍ക്കുതോന്നി. അത് അയാളിലേയ്ക്കിറങ്ങി. ഇടതുനെഞ്ചില്‍ വേദനയായി അത് തളംകെട്ടി.

അറിയാതെ അയാളുടെ കാലുകള്‍ കിടക്ക വിട്ടുയര്‍ന്നു. യാന്ത്രികമായി അവ പുറത്തേയ്ക്കിറങ്ങി. അവ ചലിച്ചു. തറവാട്ടുമുറ്റത്തെ അസ്ഥിത്തറയ്ക്കുമുന്നില്‍ അവ എത്തിനിന്നു.

ആ തീര്‍ഥയാത്രയില്‍ അയാളുടെ കാലുകള്‍ മൃദുലമായ ചോരക്കാലുകളായി.


ആ അസ്ഥിത്തറ ഒരു ബോധിയായി.
അതിന്‍റെ തണലില്‍ അയാളിരുന്നു.
ആത്മജ്ഞാനത്തിന്‍റെ നിറവില്‍ അയാള്‍ ബുദ്ധനായി.
മുള്ളുകൊണ്ടതുപോലെ കണംകാലില്‍നിന്ന് ചോരയൊഴുകിയത് അയാള്‍ അറിഞ്ഞിരുന്നില്ല.

പൊടുന്നനെ അസ്ഥിത്തറയില്‍ നിന്ന് ഒരു ആര്‍ദ്രത പൊട്ടിപ്പുറപ്പെടുന്നത് അയാളറിഞ്ഞു. അത് അയാളുടെ ശിരസ്സിലേയ്ക്കു പരന്നു. തണുവിന്‍റെ, കനിവിന്‍റെ, വെണ്മയുടെ ഒരു പ്രവാഹം!

മണ്ണിനടിയില്‍ ചുരക്കുന്ന അമ്മയുടെ വാത്സല്യം അയാള്‍ അതില്‍ രുചിച്ചറിഞ്ഞു.

ശിരസ്സില്‍നിന്ന് അത് താഴേയ്ക്ക് പതഞ്ഞൊഴുകി. സ്നേഹത്തിന്‍റെ, പരിശുദ്ധിയുടെ സ്നാനത്തില്‍ പുളകിതനായി അയാളിരുന്നു. 

അധരങ്ങളിലൂടെ അകത്തേയ്ക്കുകടന്ന വിഷം ഒന്നായി പുറത്തേയ്ക്കുവമിച്ചു.  അവയിലൂടെ ഉള്ളിലായ പുക, അവയിലൂടെത്തന്നെ പുറത്തേയ്ക്കുപോയി.

ആ ക്ഷീരധാര വീണ്ടും താഴേയ്ക്കൊഴുകി.
കൈകളില്‍ പുരണ്ട രക്തക്കറ കറുത്ത തുള്ളികളായി ഭൂമിയിലേയ്ക്കുവീണു.
അയാളുടെ ശരീരം ചെറുതായി. അത് ഒരു പിഞ്ചുകുഞ്ഞിന്റേതായി. അമ്മ അതിനെ മടിയിലേറ്റി. ഇടനെഞ്ചില്‍ കുരുങ്ങിയ വേദനയില്‍ അമ്മ വിരലോടിച്ചു.

അപ്പോള്‍... ആ ആര്‍ദ്രതയില്‍... അയാളൊരു സ്വര്‍ണ്ണമത്സ്യമായി!
എന്നാല്‍ അതിന്
കൊച്ചരിപ്പല്ലുകളായിരുന്നു.
അതിന്‍റെ മുഖം അയാളെന്ന കുഞ്ഞിന്റേതായിരുന്നു.
ധവളവിശാലതയില്‍ അയാള്‍ നീന്തിത്തുടിച്ചു.
പിഞ്ചുവിരലിലൂടെ ഒഴുകിയിറങ്ങിയ നിണം പാല്‍ക്കടലില്‍ നീലവരകള്‍ തീര്‍ത്തുകൊണ്ടിരുന്നു.

അപ്പോള്‍ പ്രപഞ്ചങ്ങള്‍ക്കപ്പുത്തുനിന്ന് അമ്മയുടെ ആത്മാവ് തന്നെത്തേടിയെത്തുന്നതായി അയാളറിഞ്ഞു.
ആ അറിവിന്‍റെ നിറവില്‍ അയാള്‍ പഞ്ചഭൂതങ്ങളില്‍ ലയിച്ചുചേര്‍ന്നു.

--------------------------------------
(09.02.1995)

പതിനെട്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂത്ത്‌ഫെസ്റ്റിവല്‍ കഥാമല്‍സരത്തില്‍ 'മടക്കയാത്ര' എന്ന വിഷയത്തില്‍ എഴുതിയ കഥ. (മൂന്നാംസ്ഥാനം ലഭിച്ചു).

2 comments:

  1. പുകയുന്ന കഥ....... നല്ല കഥ ആശംസകൾ

    ReplyDelete
  2. രണ്ട് വട്ടം വായിക്കേണ്ടി വന്നു..

    ReplyDelete