Saturday, June 22, 2013

അടയാളങ്ങള്‍ ഹോമിച്ചത്..."ഇത്തിരി സംഭാരം തരട്ടെ അച്ഛാ..."

ഊണുകഴിഞ്ഞ്, ആര്യവേപ്പില്‍ തട്ടിവരുന്ന ഔഷധഗുണമുള്ള കാറ്റുമേറ്റ്, ചൂരല്‍ക്കസേരയില്‍ ചാരിക്കിടന്നപ്പോള്‍ മയങ്ങിപ്പോയതറിഞ്ഞില്ല. സമയം മൂന്നുമണിയായിരിക്കുന്നു. ചായ അല്പം കഴിഞ്ഞിട്ടാവാം.

"ആയ്ക്കോട്ടെ, ഉപ്പിത്തിരി കുറച്ചുമതി"

ഇഷ പോകുന്നതിനുപിന്നാലെ അയാള്‍ നോക്കിയിരുന്നു. എന്തുകൊണ്ടും ആദിയ്ക്ക് യോജിച്ച പെണ്‍കുട്ടി. വിദേശത്ത് ജനിച്ചുവളര്‍ന്നതിന്‍റെ ലക്ഷണം പോലുമില്ല. ഒഴുക്കുള്ള മലയാളവും, മാതാപിതാക്കളോടുള്ള ബഹുമാനവുമൊക്കെ ഇന്ന് നാട്ടിലെ കുട്ടികളില്‍പോലും അപൂര്‍വമാണ്. ഒപ്പം ശ്രീത്വമുള്ള മുഖവും പുറം നിറഞ്ഞുകിടക്കുന്ന കറുത്തുനിബിഡമായ തലമുടിയും... 

"ഉണര്‍ന്നോ...?"  ഭാനുമതി ബാല്‍ക്കണിയിലേയ്ക്ക് കടന്നുവന്നു. "നേരത്തെ ഞാന്‍ വന്നപ്പോള്‍ നല്ല ഉറക്കമായിരുന്നല്ലോ"
"ഉം... താനും ഉറങ്ങിയില്ലേ?"
"പിന്നില്ലാതെ, നല്ല ഒന്നാന്തരം സദ്യ കഴിച്ചാല്‍ എങ്ങന്യാ ഉറക്കം വരാതിരിക്ക്യാ..."

ഭാനു പറഞ്ഞത് ശരിയാണ്, ഒരു കൊച്ചുസദ്യയുടെ ചിട്ടവട്ടങ്ങള്‍ ഒപ്പിച്ചായിരുന്നു അന്നത്തെ ഊണ്. ഇഞ്ചിക്കറിയും ഉപ്പേരിയും പായസവുമടക്കം എട്ടോ പത്തോ കറികള്‍... അതിശയിച്ചു എന്ന് പറഞ്ഞാല്‍ പോരാ. മരുമകളുടെ കൈപ്പുണ്യം ഗംഭീരം. 

"ഇത്രേം കാലത്തിനിടേല്‍ ഇത്ര രുചിയുള്ള നാരങ്ങാക്കറി കഴിച്ചിട്ടേയില്ല." 

ഒന്നുകൂടി അടുത്തേയ്ക്ക്  നീങ്ങിയിരുന്ന് ഭാനുമതി സ്വകാര്യമായി പറഞ്ഞു, "ആ നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ട് കൂടി തൊട്ടാല്‍ അസ്സല്‍ ഒരു നമ്പൂരിക്കുട്ടി..."

പുറമേ ഒന്ന് ചിരിച്ചെന്നുവരുത്തി. അത്ര പെട്ടെന്ന് ഗൗരവം വിടാന്‍ പാടില്ല. വളരെ പതിയെ മാത്രം അച്ഛന്‍ അയഞ്ഞതായി തോന്നണം. അല്ലെങ്കില്‍ ഇത്രനാള്‍ ബലംപിടിച്ചുനടന്നതൊക്കെ പൊളിയായിരുന്നെന്ന് എല്ലാവര്‍ക്കും തോന്നും.

"ആ കുട്ടി അച്ഛാ, അമ്മേ.. എന്നൊക്കെ വിളിക്കുന്നത്‌ കേട്ടുവോ? ജനിച്ചപ്പോള്‍ മുതല്‍ വിളിക്കുന്നപോലെ..."

അത്  ശരിയാണ്, ജീവിതത്തില്‍ ആദ്യമായിട്ടാവും അവള്‍ ആരെയെങ്കിലും അങ്ങനെ വിളിക്കുന്നത്‌. എന്നാല്‍ ആ വിളി കേള്‍ക്കുമ്പോള്‍ ജന്മങ്ങളായി അവള്‍ അങ്ങനെതന്നെ വിളിച്ചുകൊണ്ടിരുന്നപോലെ.

സംഭാരവുമായി ഇഷ കടന്നുവന്നു. "മോളിരിക്ക്..." ഭാനു പറഞ്ഞപ്പോള്‍ ഒന്നുസംശയിച്ച്, തന്നെ ഒന്നുനോക്കി അവള്‍ അടുത്തുകിടന്ന ചൂരല്‍ക്കസേരയില്‍ ഒതുങ്ങിയിരുന്നു. ഇളംതണുപ്പുള്ള, ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട് പാകത്തിനുപ്പും ചേര്‍ത്ത ഗംഭീരന്‍ സംഭാരം... അമ്മയെ ഓര്‍മ്മവന്നു. ഭാനു ഇന്നുവരെ ഇത്ര നല്ല സംഭാരം ഉണ്ടാക്കിയിട്ടില്ല.

"ഇവിടെ അടുത്താണോ മോളുടെ ഓഫീസ്‌?"

"അല്ലമ്മേ, കുറച്ചുദൂരമുണ്ട്. ഏട്ടന്‍റെ ഓഫീസിലേയ്ക്ക് പോകുന്ന വഴിയ്ക്കായതുകൊണ്ട് രാവിലെ കൊണ്ടുവിടും.  വൈകിട്ട് ഞാന്‍ ബസ്സിനുവരും. ഏട്ടന്‍ വരാന്‍ ലേറ്റാവും."

ഇഷയുടെ കയ്യില്‍ പിടിച്ചിരിക്കയാണ് ഭാനുമതി. അവള്‍ക്ക് മരുമകളെ വല്ലാണ്ടങ്ങ്‌ ഇഷ്ടമായിരിക്കുന്നു. ആദിക്കുശേഷം ഒരു പെണ്‍കുട്ടി കൂടി വേണം എന്ന് അതിയായ മോഹമുണ്ടായിരുന്നു ഭാനുവിന്. വേണ്ട എന്ന നിര്‍ബന്ധം തനിക്കായിരുന്നു. അതിനു കാരണവും ഉണ്ടായിരുന്നല്ലോ.

"നാട്ടിലേയ്ക്കൊന്നു വിളിക്കണ്ടേ, എത്തിയ വിവരത്തിന്?" ശ്രീലതേടത്തിയെ വിളിച്ചുപറഞ്ഞിട്ടില്ല ഇതുവരെയും. "ഉം... നീ വിളിക്കൂ"

"എന്‍റെ ഫോണില്‍ നിന്ന് വിളിക്കാം അമ്മേ..." ഇഷ എണീറ്റു. ഭാനുവും അവള്‍ക്കൊപ്പം അകത്തേയ്ക്ക് പോയി. 

ആര്യവേപ്പിന്‍റെ ശിഖരങ്ങള്‍ക്കിടയിലൂടെ അല്പമകലെയായി ബഹുനിലക്കെട്ടിടങ്ങള്‍ കാണാം. മകനെക്കാണാന്‍ ബാംഗ്ലൂരേയ്ക്ക് പോകുന്ന കാര്യം പകുതി സമ്മതിച്ചു എന്ന് കേട്ടപ്പോള്‍ത്തന്നെ ഏടത്തിയ്ക്ക് അത്ഭുതമായിരുന്നു. അത്രത്തോളമായിരുന്നല്ലോ അവര്‍ക്കൊക്കെ മുന്നില്‍ ഈ വിഷ്ണുനാരായണന്‍റെ പ്രകടനങ്ങള്‍. അന്യജാതിക്കാരി പെണ്‍കുട്ടിയെ വിവാഹം കഴിക്ക്യേ... ആര്? പൂജയും ഹോമവുമുള്ള, മന്ത്രവും തന്ത്രവും അറിയുന്ന കാരശ്ശേരി മനയ്ക്കല്‍ തിരുമേനിയുടെ ഏകമകന്‍!

ഉറഞ്ഞുതുള്ളി അന്ന്നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നില്‍, "എനിക്കിനി ഇങ്ങനെ ഒരു മകനില്ല..."

ഭാനുമതി നിശ്ശബ്ദയായി കണ്ണീര്‍ പൊഴിച്ചത് കണ്ടില്ലെന്നു നടിച്ചു.

കമ്പ്യൂട്ടര്‍ പഠിക്കാനാണ് ആദി പോയത്. അച്ഛന്‍റെ മന്ത്രതന്ത്രപാരമ്പര്യം തുടരാന്‍ ഏകമകനെ നിര്‍ബന്ധിക്കാത്തതെന്തേ.. എന്ന ബന്ധുക്കളുടെ ചോദ്യചിഹ്നത്തിനു മുന്നില്‍ ചിരിച്ചൊഴിഞ്ഞു. "അവന്‍ പുതിയ കാലത്ത്‌ ജീവിക്കേണ്ട കുട്ടിയല്ലേ. അവന്‍റെ ഇഷ്ടത്തിനു പഠിക്കട്ടെ."

"ഒന്നേയുള്ളൂ നിനക്ക്, പഠിച്ചുപഠിച്ച് അവന്‍ ദൂരദേശത്ത് പോയാപ്പിന്നെ വയസ്സാങ്കാലത്ത്‌ നിനക്കാരുണ്ടെന്റുണ്ണീ..." അമ്മയുടെ പായാരം.

"ജീവിക്കാന്‍ വേണ്ടതിലും കൂടുതല്‍ ഇതീന്ന് കിട്ടില്ലേ, നീയാ മന്ത്രങ്ങളും ഹോമവിധികളും ഒക്കെ നേരാംവണ്ണം അവനെയും പഠിപ്പിച്ചാല്‍ പോരെ..."  ശ്രീലതേടത്തിയുടെ ഉപക്ഷേപം.

"നിന്‍റെ കൈപ്പുണ്യം അവനും കിട്ടീട്ടുണ്ടാവും, കുടുംബപാരമ്പര്യല്ലേ, ഒന്ന് ഓതിക്കൊടുത്തോണ്ടൂ..." അമ്മാവന്‍റെ ഉപദേശം.

അച്ഛനും അമ്മാവനും പേരുകേട്ട താന്ത്രികരായിരുന്നു. അത് തുടര്‍ന്നാല്‍ രണ്ടു മുത്തച്ഛന്മാരുടെ പാരമ്പര്യം അവകാശപ്പെടാം ആദിശങ്കരന്. അമ്മാവന്‍റെ മകളെത്തന്നെ വിവാഹം ചെയ്യണം എന്നത് ഒരാചാരമായിരുന്നു കുടുംബത്തില്‍. ഭാനുമതി സുന്ദരിയായിരുന്നതിനാല്‍ മറിച്ചൊന്നും ചിന്തിച്ചുമില്ല. 

എന്നാല്‍ ആ പാരമ്പര്യം ആദിയിലൂടെ തുടരുന്നതില്‍ പണ്ടുതൊട്ടേ താല്പര്യം തോന്നിയിരുന്നില്ല. ചെറുപ്പത്തില്‍ത്തന്നെ കൂടെ നിര്‍ത്തി തന്ത്രവിധികള്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവനും...

ആദി അവന്‍റെ ഇഷ്ടത്തിനൊത്തു പഠിച്ചു. ബാംഗ്ലൂരില്‍ നല്ലൊരു കമ്പനിയില്‍ അരലക്ഷത്തിലേറെ ശമ്പളം പറ്റുന്ന ജോലിയില്‍ കയറി. രണ്ടുവര്‍ഷം കൊണ്ട് അതിരട്ടിയാവുമത്രേ. അപ്പോഴും മനസ്സില്‍ ആശങ്കകള്‍ മാത്രമായിരുന്നു. അവനു വിവാഹം കഴിക്കാന്‍ പാകത്തില്‍ കുടുംബത്തില്‍ പെണ്‍കുട്ടികള്‍ ഒന്നുമില്ല. അകന്ന ബന്ധത്തില്‍പ്പെട്ട കുട്ടികളുണ്ട്, എന്നാല്‍ അവനാണെങ്കില്‍ പഠിപ്പും ജോലിയുമുള്ള കുട്ടി മതി എന്ന വാശിക്കാരനും. നേരിട്ടറിയുന്ന ഒരു കുടുംബത്തില്‍ നിന്നായിരിക്കണം അവന്‍റെ വിവാഹം എന്ന് മുന്‍പേ തീര്‍ച്ചപ്പെടുത്തിയിരുന്നതാണ്.

നാലുവര്‍ഷം കഴിഞ്ഞപ്പോഴാണ്.... കാച്ചിയ മോരും പാവയ്ക്കാത്തീയലും കൊണ്ടാട്ടവും കൂട്ടി അമ്മയുരുട്ടിക്കൊടുക്കുന്ന ചോറിനുവേണ്ടി രണ്ടുദിവസം ലീവില്‍ ഓടിവരുമായിരുന്ന ആദി... ഒരുദിവസം ഊണ് കഴിഞ്ഞപ്പോള്‍ ഭാനുവുമൊത്ത്‌ മുഖം താഴ്ത്തി ഉമ്മറത്ത് ചാരുകസേരയുടെ അടുത്ത് വന്നുനിന്നത്, എന്തോ പറയാനുണ്ടെന്ന ഭാവത്തില്‍.

"ഊം... ന്താ...."

"അത്... അച്ഛാ...."

എന്തോ ഗൗരവമുള്ള കാര്യമാണ് എന്ന് മനസ്സിലായി. "എന്താണ്ടാ..."

അവന്‍ അമ്മയെ നോക്കുന്നതുകണ്ടു. ഭാനുവിന്‍റെ കണ്ണില്‍ പതിവില്ലാത്ത ഭയപ്പാടുകള്‍. എന്നിട്ടും പറഞ്ഞുതുടങ്ങിയത് അവളാണ്.

"അത്... ആദിയ്ക്ക്...  ഒരു കുട്ടിയെ ഇഷ്ടമാണെന്ന്..."

നെഞ്ചിന്‍കൂടില്‍ നിന്ന് ഹൃദയം പൊങ്ങി മച്ചില്‍ തട്ടി... 'പരദൈവങ്ങളെ.... ആരാത്...'

നടുക്കം  പുറത്തുകാട്ടാതെ ചോദിച്ചു, "ഊം, ഏതാ കുട്ടി?"

"അവന്‍ അവിടെവച്ച് പരിചയപ്പെട്ടതാണത്രേ."

നേരിട്ട് അറിയാത്ത  ഒരു കുട്ടി...! കുടുംബത്തില്‍ ഒന്നുപോലും ഇല്ലാതായിപ്പോയല്ലോ അവനുചേരുന്നത്...

ആദി ഒന്നുമടിച്ച് തുടര്‍ന്നു, "അച്ഛാ, അവളുടെ പേര് ഇഷ.  അച്ഛനും അമ്മയും ഖത്തറിലാണ്. അവള്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ അവിടെത്തന്നെ..."

ആദ്യത്തെ നടുക്കത്തില്‍നിന്ന് ഒന്നുണര്‍ന്നു. ഇല്ല, ആശ്വസിക്കാന്‍ സമയമായിട്ടില്ല. 

സംശയത്തോടെ മുഖത്തേയ്ക്ക് പാളിനോക്കി ആദി തുടര്‍ന്നു, "എന്നാല്‍ വിദേശത്ത് ജനിച്ചുവളര്‍ന്നതിന്‍റെ ഒരു ദോഷവുമില്ല. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളേക്കാള്‍ നാടന്‍... കാഴ്ചയിലും പെരുമാറ്റത്തിലും ഒക്കെ. അസ്സലായി ഭക്ഷണമുണ്ടാക്കാനും അറിയാം..."

"നാട്ടില്‍ എവിടെയാ...?" ആദ്യം  വന്ന ചോദ്യം അതാണ്‌.

"പാലക്കാട് ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു. പക്ഷെ അവര്‍ നാട്ടിലേയ്ക്ക് വരാറില്ല, നാട്ടില്‍ അങ്ങനെ അടുത്ത ബന്ധുക്കളായി ആരുമില്ലെന്നാണ് പറഞ്ഞത്."

"ഊം....  ആ കുട്ടിയുടെ അച്ഛനും അമ്മയുമൊക്കെ എങ്ങനെ...?"

"അത് അച്ഛാ.... അവര്‍ക്ക് സമ്മതമല്ല..."
ഒന്നുനിര്‍ത്തി മടിച്ചുമടിച്ച് അവന്‍ പറഞ്ഞു, "ഇഷ ഒരു മുസ്ലിം കുട്ടിയാണ്."

എങ്ങനെയാണ്  കസേരയില്‍നിന്ന് ചാടി എണീറ്റത് എന്നറിയില്ല. പിന്നെ ഒരലര്‍ച്ചയായിരുന്നു, "ഞാന്‍ സമ്മതിക്കില്ലാ..."

ഭാനുമതിയും ആദിയും നടുങ്ങുന്നതുകണ്ടു. കൊടുങ്കാറ്റുപോലെ പുറത്തേയ്ക്ക് പായുന്നതിനിടയില്‍ "അരിഞ്ഞുകളയും ഞാന്‍..." എന്നുകൂടി പറഞ്ഞെന്നു തോന്നുന്നു.

സര്‍പ്പക്കാവിനടുത്തുള്ള പേരാലില്‍ ചാരിയിരുന്നു... ഹൃദയമിടിപ്പ്‌ ശമിക്കുന്നില്ല. അതെന്തിന്‍റെയായിരുന്നു?

മകന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് അന്യമതക്കാരി കുട്ടി ആയതുകൊണ്ടോ? അതൊരു പ്രശ്നം തന്നെയാണ്. ആരും അവനെ അനുകൂലിക്കില്ല. അവന്‍റെ തീരുമാനത്തില്‍ മാറ്റമുണ്ടാവാനുമിടയില്ല. കാരണം, രണ്ടില്‍ ഒന്നെന്ന് ഉറപ്പില്ലായിരുന്നെങ്കില്‍ അക്കാര്യം അവന്‍ അച്ഛനോട് പറയില്ലായിരുന്നു. 

എന്നാല്‍ ആശ്വാസത്തിന്റേതായിരുന്നോ? അച്ഛനും അമ്മയും കണ്ടെത്തുന്ന കുട്ടി മതി എന്നവന്‍ തീരുമാനിക്കില്ല എന്നു നിശ്ചയം. എന്നെങ്കിലും അവനൊരു കുട്ടിയെ ഇഷ്ടമാണെന്നുപറഞ്ഞ് വന്നാല്‍, എതിര്‍ക്കാന്‍ ഒരു കാരണവും കിട്ടാതിരുന്നാല്‍, അല്ലെങ്കില്‍ അവന്‍ കേള്‍ക്കാതിരുന്നാല്‍... എത്രയോ രാത്രികളില്‍ ആവര്‍ത്തിച്ചുകണ്ട ഒരു പേടിസ്വപ്നമായിരുന്നു അത്. ആ സ്വപ്നത്തില്‍ കണ്ട പെണ്‍കുട്ടികള്‍ക്കെല്ലാം ഒരേ വേഷമായിരുന്നു, കസവുമുണ്ടും നേര്യതും!

പ്രസിദ്ധനായ  താന്ത്രികനാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. പതിനെട്ടുതലമുറകള്‍ പാരമ്പര്യമായി കൈമാറിക്കിട്ടിയ താളിയോലകള്‍... പൂജയും ഹോമവും യാഗവുമെല്ലാം ചെയ്യുന്ന പേരുകേട്ട കാരശ്ശേരിത്തിരുമേനിമാരുടെ തറവാട്. താവഴിപ്പെരുമയില്‍ വിഷ്ണുനാരായണനും മറിച്ചൊന്നു ചിന്തിക്കാനില്ലായിരുന്നു.

നന്നേ  ചെറുപ്പത്തില്‍ത്തന്നെ ജ്യോതിഷവും മന്ത്രങ്ങളും പഠിച്ചു. ഹോമപൂജാവിധികള്‍ സ്വായത്തമാക്കി. കര്‍മ്മങ്ങളില്‍ അച്ഛന് കൈയാളായി. "അച്ഛനെക്കാള്‍ കേമനാവും മകന്‍..." എന്നായി. പതിനേഴുകടന്നപ്പോള്‍ത്തന്നെ മകന് തിരക്കായി. 

ഇരുപത്തിമൂന്നില്‍ ഭാനുമതിയുടെ കൈപിടിച്ചു, തൊട്ടടുത്ത വര്‍ഷം ആദിയുടെ ജനനവും അച്ഛന്‍റെ മരണവും. താന്ത്രികവിധികള്‍ കൂടുതല്‍ കാര്യഗൗരവത്തോടെ എടുത്തതും ആഴത്തില്‍ പഠിച്ചതും ആ സമയത്താണ്. മൃത്യുഞ്ജയ-ധന്വന്തരീ-ലക്ഷ്മികുബേരഹോമവിധികള്‍ കൂടുതല്‍ ധനസമ്പാദനത്തിന് വഴിയൊരുക്കുമെന്നു കണ്ടെത്തിയതും.

എന്നാല്‍ വിധിപ്രകാരമുള്ള ശുദ്ധവും വൃത്തിയും എല്ലാം വിട്ടൊഴിഞ്ഞത് ഒരിക്കല്‍ സന്താനഗോപാലഹോമത്തിനായി വെണ്ണക്കല്ലില്‍ കടഞ്ഞപോലെ ഒരു വേണീദേവിയും ഭര്‍ത്താവും വന്നപ്പോഴായിരുന്നു. ആറുവര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്, കുട്ടികളില്ല. കണ്ണെടുക്കാന്‍ തോന്നിയില്ല, ആ സൗന്ദര്യത്തില്‍നിന്ന്. ചിട്ടവട്ടങ്ങള്‍ തെറ്റുകയായിരുന്നു...

ഇരുപത്തെട്ടിന്‍റെ നാള്‍വഴികള്‍ ചോദിച്ചറിഞ്ഞു. ദിവസം കുറിച്ചു. ഭര്‍ത്താവുമൊത്ത് വരാന്‍ പറഞ്ഞു. പിന്നെയുള്ള ഏഴുദിവസങ്ങള്‍ മന്ത്രവും ഉറക്കവും അവള്‍ തെറ്റിച്ചു...

ആ ദിവസം എത്തി. അവരെ ഹോമപ്പുരയില്‍ വിളിച്ചിരുത്തി.  നാലു കസവുമുണ്ടുകള്‍ കരുതിയിരുന്നു, ഒന്നുടുക്കാനും മറ്റൊന്ന് പുതയ്ക്കാനും. മറ്റെല്ലാം മാറ്റി അവമാത്രം ധരിക്കാന്‍ ആവശ്യപ്പെട്ടു. സഹായിയെ പുറത്താക്കി, വാതിലുകളും ജനലുകളും ബന്ധിച്ച് ഹോമം തുടങ്ങി.

ആ ശരീരത്തുനിന്ന് കണ്ണെടുക്കാനാവാതെ തെറ്റിയ മന്ത്രങ്ങള്‍ ആവര്‍ത്തിക്കേണ്ടിവന്നു. ഹോമശേഷം ഓരോ മണ്‍കോപ്പയില്‍ തുളസീതീര്‍ത്ഥം കൊടുത്തപ്പോഴേ പറഞ്ഞിരുന്നു നേരിയതായി മയക്കം വരുമെന്ന്. ചുവരില്‍ ചാരിയിരുന്ന് ഇരുവരും മയക്കത്തിലാണ്ടപ്പോള്‍....

മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മധുരപലഹാരങ്ങളുമായി എത്തി. യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ വേണീദേവി വന്നില്ല...

ഹോമം കഴിഞ്ഞുപോകുന്ന പലരും ശുഭവാര്‍ത്തയുമായി വരാറില്ല. എന്തുകൊണ്ട് ഇനി ഇതിങ്ങനെതന്നെ ആയിക്കൂടാ...?

നനുത്ത  ആ ഉടലിന്‍റെ ഓര്‍മ്മകളുമായി പിന്നീടുള്ള ഹോമങ്ങള്‍ നടന്നു. ഓരോന്നിനും നാലുകസവുമുണ്ടുകള്‍ വീതം വേണ്ടിവന്നു. ഒരു മണിക്കൂറോളം മയക്കം വിടാത്ത പൊടികള്‍ വേണ്ടിവന്നു. ഓരോ ഹോമത്തിനും ശേഷം തിരുമേനിക്ക് തറ്റുമുണ്ട് അഴിച്ചുടുക്കേണ്ടിവന്നു. പലപ്പോഴും ഒരു മാസത്തിനുള്ളില്‍ മധുരപലഹാരങ്ങളും അധികദക്ഷിണയും തിരുമേനിയെത്തേടിയെത്തുകയും ചെയ്തു. 

എത്രയെന്നോര്‍മ്മയില്ല... പല ദേശങ്ങള്‍, പല നിറങ്ങള്‍, ഭാഷകള്‍... വിഷ്ണുനാരായണന്‍നമ്പൂതിരിയുടെ ഖ്യാതി എങ്ങും വ്യാപിച്ചു. സന്താനഗോപാലഹോമം കഴിഞ്ഞ് മറ്റൊന്നിനും സമയമില്ലാതായി. ദിവസം രണ്ടുഹോമങ്ങള്‍ മാത്രം... അത്രയേ കഴിയുമായിരുന്നുള്ളൂ...

ആദി  വലുതായി വന്നപ്പോഴാണ് ആധി തുടങ്ങുന്നതും. പലരേയും ഓര്‍മ്മയില്ല. നാളെ അവനൊരു കുട്ടിയെ ഇഷ്ടമായാല്‍... അവള്‍ വൈകി ജനിച്ച കുട്ടിയാണെങ്കില്‍... അതും തന്‍റെ ഹോമത്തില്‍... അങ്ങനെയുണ്ടായ കുട്ടികള്‍ അറിയാതെ പരസ്പരം കല്യാണം കഴിക്കുന്നുണ്ടാവാം, പക്ഷെ ആദി... അവനോട് പറയാന്‍ കഴിയുമോ അവള്‍ സഹോദരിയാണെന്ന്...

ഓര്‍ക്കുമ്പോള്‍ ഒരന്തമില്ലാതായി. ഒഴിവാക്കാനുള്ള വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു. ഇപ്പോഴിതാ അവന്‍ ഒരു പെണ്‍കുട്ടിയുമായി...

ദീര്‍ഘമായി നിശ്വസിച്ചു. അവള്‍ ഒരു മുസ്ലിം കുട്ടിയാണ്. ഒരര്‍ത്ഥത്തില്‍ അതുനന്നായി. ഹിന്ദുസമുദായത്തിലുള്ളവര്‍ക്കുവേണ്ടി മാത്രമേ ഹോമം നടത്താവൂ എന്നത് കാരശ്ശേരി മനയ്ക്കലെ തായ്‌വഴിച്ചിട്ടയാണ്. അത് താനും പാലിച്ചിട്ടുണ്ട്. ആധികള്‍ അവസാനിക്കുകയാണ്. എന്നാല്‍ അങ്ങനങ്ങ് വിട്ടുകൊടുക്കാമോ... കുടുംബക്കാരുടെ മുന്നില്‍ അവനെ എതിര്‍ത്തേ പറ്റൂ. മകനും അന്യമതക്കാരിയുമായുള്ള ബന്ധത്തിന് കൂട്ടുനിന്നാല്‍ നഷ്ടപ്പെടുന്നത് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജനസമ്മതിയാവും.

ഭാനുമതി കരഞ്ഞു, കാര്യമില്ലെന്നറിഞ്ഞിട്ടും. രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞ് അവന്‍റെയും ഇഷയുടെയും ചിത്രം അയച്ചുതന്നപ്പോള്‍ നന്നായി നോക്കി, നല്ല കുട്ടി. എന്നിട്ടും ഭാനുവിനുമുന്നില്‍ താന്‍ പിടിവാശിക്കാരനായ അച്ഛനായി.

ആറുമാസം കഴിഞ്ഞപ്പോള്‍ താനൊരു മുത്തച്ഛനാവാന്‍ പോകുന്നു എന്ന് ഭാനുമതി പറഞ്ഞറിഞ്ഞു. അതുവരെ മാത്രം എതിര്‍പ്പ് കാണിക്കാനായിരുന്നു ഉദ്ദേശ്യവും. ആദി അക്കാര്യം അച്ഛനോട് നേരിട്ട് പറയണം എന്ന് പറഞ്ഞത്രേ. അതോടെ അവന്‍റെ മുന്നിലെ പിടിവാശിക്കാരന്‍ അച്ഛന്‍ അയഞ്ഞുതുടങ്ങി.

അച്ഛനും  അമ്മയും നാലഞ്ചുദിവസം ബാംഗ്ലൂര്‍ പോയി നിന്നശേഷം പിന്നീട് അവര്‍ ഒന്നിച്ച് നാട്ടിലേയ്ക്ക് വരാം എന്ന് പറഞ്ഞതും ആദിയായിരുന്നു, മറ്റുബന്ധുക്കള്‍ കാണുന്നതിനുമുന്‍പേ അമ്മ മരുമകളെ കാണണം, ഇഷ്ടപ്പെടണം... അതവന്‍റെ വാശിയായിരുന്നു. ഇപ്പോള്‍ മരുമകളെ സ്വന്തം മകളെപ്പോലെ ഇഷ്ടമായിരിക്കുന്നു അവള്‍ക്ക്, തനിക്കും.

അകത്തുനിന്ന് സംസാരശകലങ്ങള്‍ കേള്‍ക്കാം. അവള്‍ എന്താണാവോ ആ കുട്ടിയോട് പറയുന്നത്

എണീറ്റ്‌ അകത്തെ മുറിയിലേയ്ക്ക് ചെന്നപ്പോള്‍ ഭാനുമതിയുടെ മുഖത്ത് സൂര്യപ്രകാശം.. "കേട്ടോ, മോള്‍ പറയുകയാ, ഇവിടെ അടുത്ത് പേരുകേട്ട ഒരു ദേവീക്ഷേത്രമുണ്ട്, ആദി വരുമ്പോഴേയ്ക്കും നമുക്ക് പോയി തൊഴുതുവരാമെന്ന്... അടുത്ത ദിവസങ്ങളില്‍ അവനും ലീവാത്രേ..."

ഒന്നുചിരിച്ചു. ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടറിഞ്ഞുപെരുമാറുന്ന മകള്‍ തന്നെ. 

മുറിയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ മേശപ്പുറത്തെ ലാപ്‌ടോപ്പിന്‍റെ സ്ക്രീനില്‍ ഒരു ചിത്രം കണ്ട് അയാള്‍ നോക്കി. ഇഷയോടൊപ്പം മറ്റൊരാള്‍. 

ഇഷ സ്ക്രീന്‍ മുകളിലേയ്ക്ക് നിവര്‍ത്തി, "ഇതാണച്ഛാ എന്‍റെ ഉമ്മാ..."

പ്രായത്തിന്റേതായ ചുളിവുകളുണ്ടെങ്കിലും ഭംഗിയുള്ള മുഖം.

സൂക്ഷിച്ചുനോക്കിയപ്പോള്‍ വിഷ്ണുനാരായണന്‍ ഞെട്ടി...!

അയാള്‍  വ്യക്തമായോര്‍ക്കുന്നു,
അവരുടെ ഇടതുതുടയില്‍ ഒരു വലിയ കാക്കപ്പുള്ളിയുണ്ടായിരുന്നു...

(01.06.2013)

13 comments:

 1. This comment has been removed by the author.

  ReplyDelete
 2. ശ്ശോ...
  പണിപാളിയല്ലോ
  ആ പണ്ടത്തെ പൊലീസുകാരന്റെ ഗതിയായല്ലോ

  ReplyDelete
 3. പുതിയ കഥ എന്നൊന്നില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.പ്രമേയം പഴയത് എങ്കിലും കഥകൾ പറയുന്ന രീതിയിലാണ് കാര്യം എന്ന് തോന്നുന്നു. അവസാനം എന്താവും എന്നറിഞ്ഞു കൊണ്ട് തന്നെയും പല കഥകളും ആസ്വദിച്ചു വായിക്കാനാവും. പക്ഷെ ഇവിടെ അതും ലഭിക്കുന്നില്ല എന്ന് വേദനയോടെ പറയട്ടെ.

  സോണിയുടെ മറ്റു കഥകൾ പോലെ നന്നായി തോന്നിയില്ല. ഇങ്ങനെ ഉള്ള അവസരത്തിൽ സാധാരണ ഗതിയിൽ അഭിപ്രായം പറയാതെ പോകുകയാണ് പതിവ് . എങ്കിലും, ഇത്തവണ ആ പതിവ് തെറ്റി!

  ReplyDelete
  Replies
  1. നന്ദി, സുഹൃത്തേ, തുറന്നുപറഞ്ഞതിന്.

   Delete
 4. ഭാഷയുടേയും, ഒതുക്കത്തിന്റേയും, കൈയ്യടക്കത്തിന്റേയും കാര്യത്തില്‍ കഥ മികവ് പുലര്‍ത്തുന്നു. കഥയില്‍ കൈകാര്യം ചെയ്ത വിഷയം അന്ധവിശ്വാസങ്ങളുടെ യഥാര്‍ത്ഥ മുഖം തുറപ്പിക്കുന്നത് ആയതുകൊണ്ട് തന്നെ വലിയ സാമൂഹ്യപ്രസക്തിയുള്ളതാണ്. മന്ത്രങ്ങളുടെ തന്ത്രം ഇതൊക്കെത്തന്നെ.... കഥയിലെ ആ തന്ത്രി., സ്വന്തം ദുഷ്കര്‍മ്മങ്ങളുടെ ഫലം അനുഭവിച്ചു എന്നതുകൊണ്ട് ആ വ്യക്തിയോട് യാതൊരു അനുകമ്പയും തോന്നുന്നില്ല.......

  എഴുത്തുകാരെ സ്വന്തം രചനകളുടെ നിഴല്‍ തന്നെ പലപ്പോഴും പിന്തുടരാറുണ്ട്.... തുന്നിച്ചേര്‍ക്കാത്ത ബട്ടണുകള്‍ പോലെ ആനുകാലികങ്ങളെ വെല്ലുന്ന മികച്ച കഥകള്‍ എഴുതിയ തൂലികയില്‍ നിന്ന് ആ നിലവാരത്തില്‍ ഉള്ള കഥകള്‍ പ്രതീക്ഷിക്കുന്ന വായനക്കാരെ ഈ കഥ തൃപ്തിപ്പെടുത്തുകയില്ല......

  ReplyDelete
 5. അകത്തളത്തിലെ ഇരുളിനും വിശ്വാസങ്ങൾക്കും അപ്പുറത്തേക്ക്‌ പുതിയൊരു സ്വരൂപം വാർത്തെടുക്കൽ..
  ആ ജീവിതങ്ങൾകുന്ന ലാളിത്യവും അവതരണവും വാർത്തെടുക്കാൻ എഴുത്തിനായിരിക്കുന്നു..
  ഇഷ്ടമായി..നല്ല കഥ..!

  ReplyDelete
 6. ജീവിതങ്ങൾക്കുതങ്ങുന്ന *

  ReplyDelete
 7. നല്ലൊരു വായനാസുഖം തന്നില്ലെങ്കിലും മോശമായില്ല ........

  ReplyDelete
 8. <>

  ഏത് പണീക്കരാ ഞെട്ടിയത്?

  പടം കണ്ടത് വിഷ്ണുനാരായണൻ നമ്പൂരി അല്ലെ

  ആകെ കൺഫ്യൂസ്ഡ്

  ReplyDelete
  Replies
  1. അത് എഴുതിയപ്പോള്‍ വന്ന മിസ്റ്റേക്ക് ആയിരുന്നു.
   തിരുത്തിയിട്ടുണ്ട്. നന്ദി.

   Delete
 9. എന്തോ ഒരു തൃപ്തി കിട്ടിയില്ലല്ലോ...

  ReplyDelete
 10. Kollaam Soni... thaankalude Blogil vannu chernnathil valare santhosham...
  Vaaleduthavan vaalaal ennu parayunnathu ithinaavum, lle?
  Oru pazhaya kadha kooduthal manoharamaakki avatharippichu, adyavasaanam aa puthumayode...
  Pakshe avasanam.. engane oru Muslim sthree ullil vannu?

  ReplyDelete
 11. കഥ ഇഷ്ടമായി,
  ഇത്തരം ഹോമത്തിലൂടെ സന്താനലബ്ധി ഉണ്ടായ ദമ്പതികളെ പറ്റി കേട്ടിരിക്കുന്നു നേരത്തെയും...എന്താല്ലേ !!
  ആശംസകള്‍

  ReplyDelete