Thursday, June 2, 2011

കൂടാരങ്ങള്‍


ഒരു വൈകുന്നേരം ചൂടുകാപ്പി ഊതിക്കുടിക്കുന്നതിനിടയിലാണ് ആല്‍ബി പറഞ്ഞത്,
"അമ്മേ, കഴിഞ്ഞ ദിവസം ബുക്ക്സ്റ്റോളില്‍ വച്ച് അമ്മയ്ക്ക് പരിചയപ്പെടുത്തിയ പെണ്‍കുട്ടിയില്ലേ, നീലക്കണ്ണുകളുള്ള മെര്‍ലിന്‍, അവള്‍ക്കെന്നോട് പ്രണയമാണെന്ന്..."

ഞാന്‍ ചിരിച്ചു, എനിക്കവളെ ഇഷ്ടമായിരുന്നില്ല.

"നമുക്കത് വേണ്ട മോനെ..."

അവനും ചിരിച്ചു,
"സാരമില്ലമ്മേ, അവള്‍ പ്രണയിച്ചോട്ടെ, എന്‍റെ കൈയെഴുത്തുകള്‍ മുഴുവന്‍ അവള്‍ ടൈപ്പ് ചെയ്ത് തരും."
 

തണുപ്പുള്ള രാത്രി.  നെരിപ്പോടിനരികിലിരുന്നപ്പോള്‍, വായിച്ചുകൊണ്ടിരുന്ന പുസ്തകം മടിയില്‍ മടക്കിവച്ച് എന്‍റെ നേരെ മുഖം തിരിച്ച് ആല്‍ബി പറഞ്ഞു,
"അമ്മേ, ഇന്നലെ എക്സിബിഷന്‍ ഹാളില്‍ എന്നോടൊപ്പം കണ്ട സില്‍വിയ.... ചുരുണ്ട മുടിയും കറുത്ത കണ്ണുകളുമുള്ള ഗോവന്‍ സുന്ദരി....  അവള്‍ക്കെന്നോട്...."

ഞാന്‍ ചിരിച്ചു, സുന്ദരിയാണെന്ന അഹങ്കാരം തലയ്ക്കു പിടിച്ച പെണ്ണ്.

"അവള്‍ പ്രണയിച്ചോട്ടെ അല്ലേ അമ്മേ.... എന്‍റെ പെയിന്റിംഗുകള്‍ നല്ല വിലയ്ക്ക് അവള്‍ വിറ്റുതരും.  കമ്മീഷനും കൊടുക്കേണ്ട."

മറുപടി പറയാന്‍ നോക്കുമ്പോള്‍ അവന്‍ പൊയ്ക്കഴിഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച, ചുവന്ന ചുണ്ടുകളും നീണ്ട കാലുകളുമുള്ള മിറാന്‍ഡയെന്ന ഉത്തരേന്ത്യക്കാരിയുമായി അവന്‍ വീട്ടിലെത്തി.  രാത്രിവൈകി അവളെ തിരികെ കൊണ്ടാക്കി മടങ്ങിയെത്തുമ്പോള്‍ വാതില്‍ തുറന്ന എന്‍റെ മുഖത്ത് ഒളിപ്പിച്ച ചിരി കണ്ട് അവന്‍ പറഞ്ഞു,
"ശരിയാ അമ്മേ, അവളും എന്നെ.....  പക്ഷേ എന്‍റെ ശില്പങ്ങള്‍ മുംബൈയിലും ദല്‍ഹിയിലുമുള്ള വലിയ ഹോട്ടലുകള്‍ നല്ല വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചത് അവള്‍ കാരണമാണ്."

ഇന്നലെ അത്താഴം കഴിഞ്ഞ്, എന്‍റെ മടിയില്‍ വന്നുകിടന്ന് എന്‍റെ വിരലുകള്‍ കവിളില്‍ ചേര്‍ത്ത് മടിച്ചുമടിച്ച് അവന്‍ പറഞ്ഞു,
"അതേ.... അമ്മേ.... രണ്ടുദിവസം മുന്‍പ് റഫറന്‍സ് പുസ്തകങ്ങള്‍ എടുക്കാന്‍ വന്നിരുന്നില്ലേ, യൂണിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് ചെയ്യുന്ന അലീന.... അവളെ..... ഞാന്‍..... പ്രണയിക്കുന്നു....."

ഞാന്‍ ചിരിച്ചില്ല, കാരണം അവളെ എനിക്കും ഇഷ്ടമായിരുന്നു.

ഇന്നുവൈകിട്ട് മാര്‍ക്കറ്റില്‍ നിന്നിറങ്ങുമ്പോള്‍ ഞാനവളെ കണ്ടു.  അവള്‍ എന്നെ കോഫി കഴിയ്ക്കാന്‍ ക്ഷണിച്ചു.  അവനിഷ്ടമായ പെണ്‍കുട്ടിയെ കണ്ണുനിറയെ ഞാന്‍ നോക്കി.

കോഫി കഴിച്ചിറങ്ങുമ്പോള്‍ ഞാനവളോട് പറഞ്ഞു, "മോളേ, എന്‍റെ മകന് നിന്നെ....."

അവള്‍ ചിരിച്ചു,
"ആല്‍ബിയെ കണ്ടിട്ട് രണ്ടു ദിവസമായി, എന്‍റെ തീസിസ് പകുതിയേ ആയിട്ടുള്ളൂ...."


(02..06..2011)
 

17 comments:

  1. മൊബൈലില്‍ കോള്‍ വരുമ്പോ എന്നോട് എന്‍റെ സീനിയര്‍ എപ്പോഴും പറയുന്ന ഒരു ഡയലോഗുണ്ടായിരുന്നു "നീ ആത്മാര്‍ത്ഥമായി പ്രേമിക്കുന്ന ഏതുപെണ്ണാടാ അവള്?"
    #ബൈ ദ ബൈ ഇങ്ങനാണിപ്പ,,,

    ReplyDelete
  2. ഇങ്ങോട്ട് ഇങ്ങോട്ട് എന്ന് മാത്രമേ ലഭിക്കുന്നവന്‍ ചിന്തിക്കു. അങ്ങോട്ട്‌ പോകുമ്പോള്‍ മാത്രേ വായ പൊളിക്കു.

    ReplyDelete
  3. ലാഭങ്ങൾക്കായി പ്രേമിക്കുന്നവരാണ് ഇന്നധികവും .കീശയുടെ വലുപ്പം നോക്കിയും ,ലഭിച്ചേകാവുന്ന ഗുണങ്ങളെകണ്ടും പ്രേമിക്കുന്നതിനെ പ്രേമമെന്നു പറയാൻ കഴിയുമോ?
    ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാനുള്ള വാക്യാർത്ഥം തന്നെ ഇന്നു മാറിയിരിക്കുന്നു..
    കഥയിൽ പറയാൻ ശ്രമിച്ചതും അതു തന്നെ .നന്നായിട്ടുണ്ട്

    ReplyDelete
  4. ഹ്ഹ്ഹ്ഹ് ഇഷ്ടപെട്ടു സംഭവം
    കവിതകള്‍ക്കും, കഥകള്‍ക്കും, വിരഹങ്ങള്‍ക്കും ഇടയിലൂടെ പ്രണയത്തിനിട്ടൊരു കുത്ത് ;)
    കഥയാണെങ്കില്‍ കൂടി യാഥാര്‍ത്ഥ്യവുമായി അടുത്ത് നില്‍ക്കുന്നു. അറിഞ്ഞോ അറിയാതെയോ നമുക്കുള്ളില്‍ തന്നെ പിറവിയെടുക്കുന്ന ആല്‍‌ബിമാരും, അലീനമാരും സാധാരണമായിരിക്കുന്നു.

    ReplyDelete
  5. ഈ ചെറു കഥയിലൂടെ വലിയ ഒരു സത്യം പറഞ്ഞിരിക്കുന്നു..പക്ഷെ എല്ലാ പ്രണയങ്ങളും അങ്ങിനെ ആകണമെന്നില്ലല്ലോ?

    ReplyDelete
  6. എല്ലാവര്‍ക്കും നന്ദി.

    @ തൂവലാൻ : എല്ലാ പ്രണയങ്ങളും ഇങ്ങനെയല്ല, എന്നാല്‍ ഇങ്ങനെയും ഉണ്ടെന്നുമാത്രം.

    @ പാവപ്പെട്ടവന്‍ : ലഭിച്ചേക്കാവുന്ന ഗുണങ്ങളെ കണ്ടു പ്രേമിക്കുന്നവര്‍ പ്രേമിക്കുകയല്ല, തിരികെ അവരെ ആത്മാര്‍ഥമായി പ്രണയിക്കുന്നവരെ ചൂഷണം ചെയ്യുക മാത്രമാണ്.

    അതാണ്‌ 'കൂടാരങ്ങള്‍' - താല്‍ക്കാലിക ആവശ്യത്തിനായി മാത്രം കെട്ടിയുണ്ടാക്കുന്നവ.

    ReplyDelete
  7. പാവം അവന്‍ !
    അങ്ങിനെയെങ്കിലും ചിരിച്ചു കാണുന്നുണ്ടല്ലോ !
    അമ്മയ്ക്ക് സമാധാനമായി ....

    ReplyDelete
  8. paavam amma
    avarude swapnagal ennu sakshatkarikkum

    ReplyDelete
  9. കൊടുത്താല്‍ കൊല്ലത്തും എന്നല്ലേ..സോണി നല്ല ഒരു ചെറു കഥയിലൂടെ കാര്യം പറഞ്ഞു..ഞാനാണേല്‍ കുട്ടിയാലിയും ശുക്കൂരും ഒക്കെയായി..എന്റമ്മോ!!! ഇങ്ങനത്തെ നല്ല ചെറു കഥകള്‍ ഇനിയും പോന്നോട്ടെ ..വായിക്കാന്‍ ഒരു സുഖം ഉണ്ട്.

    ReplyDelete
  10. ഇഷ്ടപ്പെട്ടു. നല്ല ശൈലി. ക്രാഫ്റ്റ് നന്നായി വഴങ്ങുന്നു,കഥ എഴുതാനറിയാം.

    അലീനയുടെ മനസ് എന്താണെന്ന് എഴുത്തുകാരി മൗനം ഭജിച്ച് ഞങ്ങള്‍ വായനക്കാര്‍ക്ക് പൂരിപ്പിക്കുവാനായി വിട്ടു തരാമായിരുന്നു...
    തികച്ചും വ്യക്തി നിഷ്ടമായ എന്റെ ഒരു തോന്നലാണേ.

    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. വളരെ നന്നായി. നമ്മള്‍ക്കറിയുന്ന ,നമ്മള്‍ കാണാറുള്ള പ്രണയം. പക്ഷെ ഇത് വരെ വായിച്ചിട്ടില്ല. മനോഹരമായി, വളരെ ലളിതമായി എഴുതിവെച്ചിരിക്കുന്നു . വലിച്ചു നീട്ടാതെ , വളരെ പെട്ടന്ന്‍ പറഞ്ഞു നിര്‍ത്തിയെങ്കിലും അത് സൂക്ഷിച്ച ആശയവും , ചൂണ്ടിക്കാട്ടിയ 'പ്രണയവും' ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു.
    എഴുത്ത് തുടരുക.ആശംസകള്‍

    ReplyDelete
  12. കുറച്ചു കൂടി നാടകീയത ആവാമായിരുന്നു ., ഒപ്പം ക്ലൈമാക്സ്‌ ഞാന്‍ ഊഹിച്ചത് തന്നെ ആയി :)
    ഇനിയും എഴുതുക , ആശംസകള്‍

    ReplyDelete