Tuesday, June 7, 2011

ഇന്‍റര്‍നെറ്റിന്‍റെ ക്രൂരതകള്‍


താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ട് ഇന്‍റര്‍നെറ്റിനെ ഞാന്‍ അതികഠിനമായി വെറുക്കുന്നു :

ഒന്ന് -

വലിച്ചുകീറിയ കത്തുകള്‍ ഞാനില്ലാത്ത നേരത്ത് മുറിയില്‍ക്കടന്ന് ചവറ്റുകൊട്ടയില്‍നിന്നെടുത്ത് അവന്‍ വായിച്ചു, പണ്ട്. 
അങ്ങനെ ഞാനവനെ പ്രണയിക്കുന്നെന്ന് അവനറിഞ്ഞു.  

ജിമെയിലില്‍ ആറേഴു പേജോളം അടിച്ചുകൂട്ടിയ ഡ്രാഫ്റ്റ് ഡിസ്കാര്‍ഡ് ചെയ്തപ്പോള്‍ പെറുക്കിക്കൂട്ടാന്‍ എനിക്കുപോലും കഴിഞ്ഞില്ല.

രണ്ട് -

കാത്തിരുന്ന വര്‍ത്തമാനം കാതോരം ചൊല്ലാനും നെഞ്ചോട്‌ ചേരാനും മോഹിച്ച്, റിസള്‍ട്ട് കാത്ത് ലാബിനു പുറത്തു ഞാനിരിക്കുമ്പോള്‍ മൊബൈലില്‍ അവന്‍റെ കോള്‍, "എടിയേ... നീയറിഞ്ഞോ, ഞാനൊരു അച്ഛനാവാന്‍ പോകുന്നു!!!".  


പ്രിന്റെടുക്കും മുന്‍പേ ലാബില്‍നിന്ന് റിസള്‍ട്ട് അവന്‍റെ ഇ-മെയിലില്‍ പോയത് ഞാനറിഞ്ഞിരുന്നില്ല.

മൂന്ന് -

ആത്മഹത്യാക്കുറിപ്പെഴുതി ഷെഡ്യൂള്‍ഡ് പോസ്റ്റാക്കി ബ്ലോഗിലിട്ടു.  


പിറ്റേന്ന് നോക്കുമ്പോള്‍ എന്‍റെ ബ്ലോഗ്‌ ഡിലീറ്റായിപ്പോയിരുന്നു.  

ഇനിയൊരു ബ്ലോഗ്‌ തുടങ്ങാനും, ഇനിയുമൊരു കുറിപ്പെഴുതാനുമുള്ള മടികൊണ്ട് എനിക്കിന്നും മരിക്കാന്‍ കഴിയുന്നില്ല.  
  
ഇനി പറയൂ, ഇന്‍റര്‍നെറ്റിനെ വെറുക്കാന്‍ എനിക്കു മതിയായ കാരണങ്ങളില്ലയോ?

(05..06..2011)

Thursday, June 2, 2011

കൂടാരങ്ങള്‍


ഒരു വൈകുന്നേരം ചൂടുകാപ്പി ഊതിക്കുടിക്കുന്നതിനിടയിലാണ് ആല്‍ബി പറഞ്ഞത്,
"അമ്മേ, കഴിഞ്ഞ ദിവസം ബുക്ക്സ്റ്റോളില്‍ വച്ച് അമ്മയ്ക്ക് പരിചയപ്പെടുത്തിയ പെണ്‍കുട്ടിയില്ലേ, നീലക്കണ്ണുകളുള്ള മെര്‍ലിന്‍, അവള്‍ക്കെന്നോട് പ്രണയമാണെന്ന്..."

ഞാന്‍ ചിരിച്ചു, എനിക്കവളെ ഇഷ്ടമായിരുന്നില്ല.

"നമുക്കത് വേണ്ട മോനെ..."

അവനും ചിരിച്ചു,
"സാരമില്ലമ്മേ, അവള്‍ പ്രണയിച്ചോട്ടെ, എന്‍റെ കൈയെഴുത്തുകള്‍ മുഴുവന്‍ അവള്‍ ടൈപ്പ് ചെയ്ത് തരും."
 

തണുപ്പുള്ള രാത്രി.  നെരിപ്പോടിനരികിലിരുന്നപ്പോള്‍, വായിച്ചുകൊണ്ടിരുന്ന പുസ്തകം മടിയില്‍ മടക്കിവച്ച് എന്‍റെ നേരെ മുഖം തിരിച്ച് ആല്‍ബി പറഞ്ഞു,
"അമ്മേ, ഇന്നലെ എക്സിബിഷന്‍ ഹാളില്‍ എന്നോടൊപ്പം കണ്ട സില്‍വിയ.... ചുരുണ്ട മുടിയും കറുത്ത കണ്ണുകളുമുള്ള ഗോവന്‍ സുന്ദരി....  അവള്‍ക്കെന്നോട്...."

ഞാന്‍ ചിരിച്ചു, സുന്ദരിയാണെന്ന അഹങ്കാരം തലയ്ക്കു പിടിച്ച പെണ്ണ്.

"അവള്‍ പ്രണയിച്ചോട്ടെ അല്ലേ അമ്മേ.... എന്‍റെ പെയിന്റിംഗുകള്‍ നല്ല വിലയ്ക്ക് അവള്‍ വിറ്റുതരും.  കമ്മീഷനും കൊടുക്കേണ്ട."

മറുപടി പറയാന്‍ നോക്കുമ്പോള്‍ അവന്‍ പൊയ്ക്കഴിഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച, ചുവന്ന ചുണ്ടുകളും നീണ്ട കാലുകളുമുള്ള മിറാന്‍ഡയെന്ന ഉത്തരേന്ത്യക്കാരിയുമായി അവന്‍ വീട്ടിലെത്തി.  രാത്രിവൈകി അവളെ തിരികെ കൊണ്ടാക്കി മടങ്ങിയെത്തുമ്പോള്‍ വാതില്‍ തുറന്ന എന്‍റെ മുഖത്ത് ഒളിപ്പിച്ച ചിരി കണ്ട് അവന്‍ പറഞ്ഞു,
"ശരിയാ അമ്മേ, അവളും എന്നെ.....  പക്ഷേ എന്‍റെ ശില്പങ്ങള്‍ മുംബൈയിലും ദല്‍ഹിയിലുമുള്ള വലിയ ഹോട്ടലുകള്‍ നല്ല വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ചത് അവള്‍ കാരണമാണ്."

ഇന്നലെ അത്താഴം കഴിഞ്ഞ്, എന്‍റെ മടിയില്‍ വന്നുകിടന്ന് എന്‍റെ വിരലുകള്‍ കവിളില്‍ ചേര്‍ത്ത് മടിച്ചുമടിച്ച് അവന്‍ പറഞ്ഞു,
"അതേ.... അമ്മേ.... രണ്ടുദിവസം മുന്‍പ് റഫറന്‍സ് പുസ്തകങ്ങള്‍ എടുക്കാന്‍ വന്നിരുന്നില്ലേ, യൂണിവേഴ്സിറ്റിയില്‍ റിസേര്‍ച്ച് ചെയ്യുന്ന അലീന.... അവളെ..... ഞാന്‍..... പ്രണയിക്കുന്നു....."

ഞാന്‍ ചിരിച്ചില്ല, കാരണം അവളെ എനിക്കും ഇഷ്ടമായിരുന്നു.

ഇന്നുവൈകിട്ട് മാര്‍ക്കറ്റില്‍ നിന്നിറങ്ങുമ്പോള്‍ ഞാനവളെ കണ്ടു.  അവള്‍ എന്നെ കോഫി കഴിയ്ക്കാന്‍ ക്ഷണിച്ചു.  അവനിഷ്ടമായ പെണ്‍കുട്ടിയെ കണ്ണുനിറയെ ഞാന്‍ നോക്കി.

കോഫി കഴിച്ചിറങ്ങുമ്പോള്‍ ഞാനവളോട് പറഞ്ഞു, "മോളേ, എന്‍റെ മകന് നിന്നെ....."

അവള്‍ ചിരിച്ചു,
"ആല്‍ബിയെ കണ്ടിട്ട് രണ്ടു ദിവസമായി, എന്‍റെ തീസിസ് പകുതിയേ ആയിട്ടുള്ളൂ...."


(02..06..2011)
 

Thursday, April 28, 2011

നാരങ്ങാമിഠായി


നേരിയ മയക്കത്തിലാണ്ടിരുന്നപ്പോള്‍ കേട്ട ഒരു വിളിയില്‍ നിന്നാണ് എന്‍റെ സങ്കടങ്ങള്‍ തുടങ്ങിയത്. 

ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പിന്നിട്ട് തെക്കോട്ട് പായുകയായിരുന്നു.  മൂന്നുദിവസത്തെ യാത്രയുടെ ആലസ്യം.  മഴക്കാര്‍ മൂടിയ അന്തരീക്ഷവും ഇളംകാറ്റിന്‍റെ തണുപ്പും ചേര്‍ന്നപ്പോള്‍ കണ്ണുകള്‍ അറിയാതെ അടഞ്ഞുപോയി.

“കടലമിഠായീ... നാരങ്ങാമിഠായീ... ചൂടുകടലമിഠായീ...” 
നീട്ടിവിളിക്കുന്നത് കേട്ടാണ് ഉറക്കം ഞെട്ടിയത്.  

കയ്യില്‍ ഒതുക്കിപ്പിടിച്ച ട്രേയില്‍ ശര്‍ക്കര ചേര്‍ത്തുണ്ടാക്കിയ പീനട്ട് കാന്‍ഡി.  

ഇറക്കുമതി ചെയ്തുവരുന്ന പീനട്ട് ബട്ടര്‍ സ്പൂണ്‍ കൊണ്ടെടുത്ത് ബ്രെഡില്‍ ചേര്‍ത്തുകഴിക്കാന്‍ മടിയില്ല കുട്ടികള്‍ക്ക്.  എന്നാല്‍ കടലമിഠായി അഥവാ കപ്പലണ്ടിമിഠായി അവര്‍ക്ക് ഇഷ്ടമല്ല.  വല്ലപ്പോഴും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇഷ്ടത്തോടെ വാങ്ങുന്നത് ഒറ്റയ്ക്ക് കഴിച്ചു തീര്‍ക്കേണ്ടി വരാറുണ്ട്.

ട്രേയിലേയ്ക്ക് വെറുതെ നോക്കി.
 
“നല്ല ചൂടുണ്ട് സാറേ...” വില്‍പ്പനക്കാരന്‍ പയ്യന്‍.

ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന് മനസ്സില്‍ പറഞ്ഞ് വിരല്‍ത്തുമ്പു കൊണ്ട് കവറിനു മേലെ തൊട്ടപ്പോള്‍.... അത്ഭുതം! അയാള്‍ പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ പായ്ക്കറ്റിലാക്കിയ ചൂട്‌.  എന്തിനെയും സംശയിക്കുന്ന മനസ്... തണുത്തുപോയ മിഠായി ചൂടാക്കാന്‍ അയാള്‍ എന്താവും ചെയ്തിരിക്കുക എന്ന് ചിന്തിച്ചു.

വേണ്ടെന്നു തലയാട്ടി അയാളെ പറഞ്ഞു വിടാനൊരുങ്ങുമ്പോഴാണ് ട്രേയില്‍ അടുത്തായി നാരങ്ങാമിഠായിയുടെ പായ്ക്കറ്റ് കണ്ടത്.

കുഞ്ഞുന്നാളിലെ നാടന്‍ മിഠായിയുടെ മധുരം നാവിന്‍തുമ്പില്‍ ഓടിക്കളിച്ചു.  പിന്നീടും പലപ്പോഴായി രുചിച്ചിട്ടുണ്ടെങ്കിലും നാടന്‍ അച്ചില്‍ തീര്‍ത്ത്‌ നാട്ടുമ്പുറത്തെ ചില്ലുഭരണിയിലിരുന്നു ചിരിക്കുന്ന അന്നത്തെ നാരങ്ങാമിഠായിയുടെ നിറവും മണവും രുചിയും പിന്നീട് എവിടെനിന്നും കിട്ടിയിട്ടില്ല.

പക്ഷെ ആ ട്രേയില്‍ കണ്ട മിഠായികള്‍ക്ക് അന്നത്തെ നിറമായിരുന്നു, നേരിയ ചൂടും...


ഒരു പായ്ക്കറ്റ് പന്ത്രണ്ടുരൂപ.  ഒന്നുവാങ്ങി കവറിന്‍റെ മൂലയ്ക്ക് കടിച്ചുപൊട്ടിച്ചു.  മാലിനിയും കുട്ടികളും കൂടെയില്ലാത്തതിന്റെ ആഘോഷങ്ങളില്‍ ഒന്ന്. 

കുട്ടികള്‍ക്ക് ഡാഡിയുടെ പെരുമാറ്റങ്ങള്‍ പലപ്പോഴും കള്‍ച്ചറില്ലാത്തവയാണ്.  പരിപ്പും തൈരുമൊക്കെ കൂട്ടിയുണ്ടിട്ട് ഒടുവില്‍ വിരല്‍ത്തുമ്പില്‍ പിടിച്ചിരിക്കുന്ന തരികളെ, മറ്റാരുമില്ലാത്തപ്പോഴാണെങ്കില്‍ മാത്രം, പതിയെ നാവില്‍ വയ്ക്കുമ്പോഴും, ഇത്തിരിമുറ്റത്തെ ആര്‍ഭാടമായ തെങ്ങിന്‍തൈയിലെ ഓലയില്‍നിന്ന് ഈര്‍ക്കിലൂരി നാക്കുവടിക്കുമ്പോഴും അവര്‍ പറയും, “ഛെ!!”.  ആ ഒരൊറ്റ അക്ഷരത്തില്‍ ഒരദ്ധ്യായത്തിന്റെ മുഴുവന്‍ ആക്ഷേപവും അടങ്ങിയിരിക്കുന്നു.

നാരങ്ങയല്ലിപോലെതന്നെ ഇളംമഞ്ഞനിറമുള്ള ഒരു മിഠായി എടുത്ത് നാവില്‍ വച്ചു.  ഉമിനീരില്‍ അലിഞ്ഞിറങ്ങിയ മധുരം... കണ്ണുകളടച്ചപ്പോള്‍.... വള്ളിനിക്കറുമിട്ട് ചുരുട്ടിയ വിരലുകള്‍ക്കുള്ളില്‍ പത്തുപൈസയുമായി അടുത്ത പെട്ടിപ്പീടികയിലേയ്ക്കോടുന്ന ഏഴുവയസ്സുകാരന്റേതായി മനസ്‌.  അതേ രുചി, അതേ മണം, അതേ പെട്ടിപ്പീടിക.... ചില്ലുഭരണി...

പിന്നെ ഒരോട്ടമായിരുന്നു, ലാപ്‌ടോപ്പടങ്ങിയ ബാഗ് സീറ്റിലിരിക്കുകയാണെന്നുകൂടി ചിന്തിക്കാതെ.  അടുത്ത കമ്പാര്‍ട്ടുമെന്റിന്റെ അങ്ങേയറ്റത്തെത്തിയിരുന്നു വില്‍പ്പനക്കാരന്‍.  വരുന്ന സ്റ്റേഷനില്‍ അയാള്‍ ഇറങ്ങിപ്പൊയ്ക്കളയുന്നെങ്കിലോ?
 
അഞ്ചുപായ്ക്കറ്റ് കൂടി വാങ്ങി, പത്തുപൈസ കൊടുക്കുമ്പോള്‍ ചില്ലുഭരണിയില്‍ കയ്യിട്ട് കടക്കാരന്‍ എണ്ണിത്തരുന്ന നാല് മിഠായിയും കൈക്കുള്ളില്‍ ഇറുകെ പിടിച്ച് വീട്ടിലേയ്ക്ക് തിരിച്ചോടുന്ന വള്ളിനിക്കറുകാരനായി മനസ്.

തിരിച്ചെത്തിയപ്പോള്‍.... ഭാഗ്യം... ബാഗ് അവിടെത്തന്നെയുണ്ട്.  നാരങ്ങാമിഠായിക്കുപിന്നാലെ ഓടി ലാപ്‌ടോപ്‌ നഷ്ടപ്പെട്ടെന്ന് മാലിനിയോടു പറയേണ്ടിവന്നിരുന്നെങ്കില്‍.... ആ നിമിഷം അവള്‍ കുട്ടികളെയും കൂട്ടി അവളുടെ വീട്ടിലേയ്ക്ക് പോകുമായിരുന്നു.  പിന്നെ വരുന്നത് ചിലപ്പോള്‍ വക്കീല്‍ നോട്ടീസാവും.

അഞ്ചുപായ്ക്കറ്റും ബാഗിനുള്ളില്‍ ഭദ്രമായി വച്ചു.  മുഖത്തെ പുഞ്ചിരി കണ്ടിട്ടാവും എതിരെ ഇരുന്ന പെണ്‍കുട്ടി പകപ്പോടെ നോക്കി.  ഫുള്‍സ്ലീവ് ഷര്‍ട്ടും കണ്ണടയും നരകയറിത്തുടങ്ങിയ മുടിയിഴകളും നാരങ്ങാമിഠായിക്കാരന്റെ പിന്നാലെയുള്ള ഓട്ടവും, വിജയഭാവത്തിലെ തിരിച്ചുവരവും........ മൂന്നാമന്‍റെ കണ്ണിലൂടെ നോക്കിയപ്പോള്‍ അവള്‍ എന്താവും ചിന്തിച്ചിട്ടുണ്ടാവുകയെന്നൂഹിച്ചു.

ആദ്യം തുറന്ന പായ്ക്കറ്റ് ബാഗിന്‍റെ സൈഡിലെ ചെറിയ അറതുറന്ന് അതില്‍ ചരിയാതെ വച്ചു.  അതില്‍നിന്ന് ആരും കാണാതെ ഓരോന്നെടുക്കാം.  സീറ്റിലേയ്ക്ക് ചാഞ്ഞിരുന്ന്‍ ഒന്നും ശ്രദ്ധിക്കാത്തപോലെ കണ്ണടച്ചു.  

പിന്നീടുള്ള മൂന്നു മണിക്കൂര്‍ നാരങ്ങാമിഠായികളുടേതായിരുന്നു.  മഞ്ഞിറങ്ങുന്ന പാടവരമ്പുകള്‍...  കഴുത്തില്‍ തോര്‍ത്തുകെട്ടി കൈത്തോട്ടില്‍നിന്ന് പിടിച്ച ആരോന്‍, മുഷി, വാഴയ്ക്കാവരയന്‍... വറുത്ത പുഴമീനിന്റെ സ്വാദ്‌...

വീട്ടില്‍ ചെന്നുകയറുമ്പോള്‍ കുട്ടികള്‍ ഇന്‍റര്‍നെറ്റിനു മുന്നില്‍, ഭാര്യ സീരിയലിനുള്ളില്‍.  കുളിച്ച് വേഷം മാറി വരുമ്പോള്‍ ജോലിക്കാരി ചായയുമായെത്തി.  ഉന്നതപദവിയും അഹന്തയില്ലായ്മയും ഉത്തമവരന്റെ ഗുണങ്ങളായി കണ്ട മനുഷ്യന്റെ മകള്‍ക്ക് കുടുംബ മഹിമയും ആഡംബരവും കുറഞ്ഞ ഭര്‍ത്താവിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.  കുട്ടികളെ നിങ്ങളുടെ സംസ്കാരത്തില്‍ വളര്‍ത്തരുതെന്ന് ഒരിക്കല്‍ അവള്‍ തുറന്നടിച്ചപ്പോള്‍ പിന്നീടെല്ലാം അവളുടെ ഇഷ്ടത്തിനായിരുന്നു.  അവര്‍ അമ്മയുടെ സ്റ്റാറ്റസില്‍ വളര്‍ന്നു, ആരോടും മമതയില്ലാതെ, തികഞ്ഞ സ്വാര്‍ത്ഥരായി....

ചായ കുടിച്ചുകഴിഞ്ഞപ്പോഴാണ് നാരങ്ങാമിഠായി കുട്ടികള്‍ക്ക് കൊടുത്തുനോക്കിയാലോ എന്നാലോചിച്ചത്.  പായ്ക്കറ്റ് അവര്‍ കാണാന്‍ പാടില്ല.  നെസ്ലെയുടെയോ കാഡ്ബറിയുടെയോ പോലെ സ്റ്റൈലുള്ള പായ്ക്കറ്റില്‍ വരുന്നതേ കഴിക്കാന്‍ കൊള്ളൂ എന്ന ട്രെയിനിംഗ് അവര്‍ക്ക് കിട്ടിയിട്ടുണ്ട്.

ബാഗില്‍നിന്ന് ഒരു പായ്ക്കറ്റ് എടുത്തുതുറന്ന് കയ്യില്‍ ഒളിപ്പിച്ചു.  

കുട്ടികളുടെ സ്റ്റഡി റൂമില്‍ എത്തിയപ്പോള്‍ മകന്‍ ഹോംവര്‍ക്ക്‌ ചെയ്യുന്നു, മകള്‍ കോമിക്സ് വായിക്കുന്നു. 

‘ഹായ്‌....’ 
പറഞ്ഞതിന് മകന്‍ മുഖമുയര്‍ത്തിയും മകള്‍ കോമിക്സില്‍നിന്ന് കണ്ണെടുക്കാതെയും പറഞ്ഞു, ‘ഹായ്‌ ഡാഡീ...’

ആഴ്ചയില്‍ ഒരിക്കല്‍ അങ്ങാടിയില്‍ പോയിവരുന്ന അച്ഛന്‍ ഒതുക്കുകള്‍ കയറുമ്പോഴേ ഓടിപ്പോയി ഇരുകൈകളിലായി തൂങ്ങുമായിരുന്നു അനിയത്തിയും താനും.  കടലാസുപൊതിയില്‍ നിന്ന് അരിമുറുക്കും തേങ്ങാമിഠായിയും വീതിച്ചെടുത്ത് മുറ്റത്തെ താളിമാവിന്‍ കൊമ്പില്‍ ഇളംകാറ്റില്‍ ചാഞ്ഞുകിടന്നുകൊണ്ട് ഓരോന്നായി.......  എന്റെ കുട്ടികള്‍ക്ക് ഒന്നും ആവശ്യമില്ല, എന്നെപ്പോലും.

“നിഖില്‍, നിവ്യ... രണ്ടാളും ഒന്ന് കണ്ണടച്ചേ....”
നിവ്യ തലയുയര്‍ത്തിനോക്കി.
“എന്താ ഡാഡീ...?”  നിഖില്‍ ചോദിച്ചു.
“ഡാഡി ഒരു സാധനം തരാം”
ഒന്ന് സംശയിച്ച് നിഖില്‍ കണ്ണടച്ചു.  നിവ്യ രസച്ചരട് പൊട്ടിയതിന്റെ അലോസരത്തോടെയും.
 
“ഇനി രണ്ടാളും ‘ആ...’ തുറന്നേ....”
തുറന്ന ചുണ്ടുകള്‍ക്കിടയിലേയ്ക്ക് ഓരോ നാരങ്ങാ മിഠായി വച്ചുകൊടുത്തപ്പോള്‍ രണ്ടാളും കണ്ണുതുറന്നു.

നാവിലെ രുചി.... ഒന്ന് സംശയിച്ചിട്ട് നിവ്യ ചോദിച്ചു, “ഇതെന്താ?”
“മോള്‍ക്കിഷ്ടായോ?”  ഏറെ പ്രതീക്ഷയോടെയാണ് ചോദിച്ചത്.

ഉണ്ടെന്നോ ഇല്ലെന്നോ അവള്‍ പറയുന്നതിനുമുന്‍പ്‌ ഇടതുകയ്യില്‍ പിന്നിലൊളിപ്പിച്ചുവച്ചിരുന്ന പായ്ക്കറ്റ് നിഖില്‍ കണ്ടുപിടിച്ചു. 
പിന്നെ ഒരോട്ടമായിരുന്നു, വേസ്റ്റ്ബാസ്ക്കറ്റിനടുത്തേയ്ക്ക്. “ത്ഫൂ...”  ഇളം മഞ്ഞ മിഠായി അതാ വേസ്റ്റ് പേപ്പറുകള്‍ക്കു മുകളില്‍!  അവനു പിന്നാലെ നിവ്യയും.

“മമ്മി പറഞ്ഞിട്ടുണ്ട്, ഇങ്ങനെയുള്ളതൊന്നും വാങ്ങിക്കഴിക്കരുതെന്ന്, കമ്പനിപ്പേരില്ലാത്തത്.”  കുറ്റപ്പെടുത്തുന്ന മട്ടില്‍ നോക്കി നിഖില്‍, “മമ്മി കാണണ്ട...”

തികച്ചും പരാജിതനായി സ്റ്റഡിറൂമിനു പുറത്തേയ്ക്കിറങ്ങുമ്പോള്‍ ആലോചിക്കുകയായിരുന്നു, അരിമുറുക്കും തേങ്ങാമിഠായിയും ഏതു കമ്പനിയുടേതായിരുന്നു.... ഉത്സവം കാണാന്‍ പോകുമ്പോള്‍ അച്ഛന്‍ വാങ്ങിത്തന്നിരുന്ന കുഴലപ്പവും ശര്‍ക്കരവരട്ടിയും....

മനസ്സിന്‍റെ നീറ്റല്‍ വിഷാദമായി മാറിയപ്പോള്‍ ഭക്ഷണം കഴിച്ചെന്നു വരുത്തി.  മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷം  കിടപ്പുമുറിയിലെത്തുമ്പോള്‍... മാലിനി വിവാഹത്തിനുസമ്മതിച്ചത് വരന്‍റെ വിരിഞ്ഞ നെഞ്ചും കനത്ത മസിലുകളും മാത്രം കണ്ടിട്ടാണെന്ന യാഥാര്‍ത്ഥ്യം ഒരുദിവസത്തേയ്ക്ക് മറക്കാം എന്ന് തീരുമാനിച്ചിരുന്നു.  വാഴയ്ക്കും തെങ്ങിനും തടം പിടിച്ചും വെള്ളം കോരിയും ഉണ്ടായതാണ് ആ മസിലുകള്‍ എന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നേ അവള്‍ ഒരുപക്ഷെ....

“ഇന്നെന്താ ഉറങ്ങാനാണോ ഭാവം...?”  ചോദ്യം കേട്ടില്ലെന്നു നടിച്ചു.
അസ്വസ്ഥമായ രാത്രിയ്ക്കുശേഷം ഉണര്‍ന്നപ്പോള്‍ കണ്ണുതുറന്നത് വാശിയാണ്.
 
വൈകിട്ട് ഓഫീസിനടുത്തുള്ള ബേക്കറിയില്‍ കയറി ജ്യൂസ് കഴിക്കുമ്പോള്‍ ബേക്കറി ഉടമയുടെ കൈവശം നാരങ്ങാമിഠായിയുടെ നാലുപായ്ക്കറ്റ് എടുത്തുകൊടുത്തു.

“ഹാ.... ഇത് നമ്മുടെ പഴയ നാരങ്ങാമിഠായിയല്ലേ സാറേ...?”
“അതെ, ഇവിടെ നട്സൊക്കെ പൊടിക്കുന്ന ചെറിയ ക്രഷര്‍ ഉണ്ടാവുമല്ലോ, അതിലിട്ട് ഇതൊന്നു പൊടിയാക്കിത്തരണം.”  

കടക്കാരന്‍ സംശയത്തോടെ നോക്കി, 
“എന്തിനാ സാറേ ഇത്?”
“പുഡിംഗ് ഡെക്കറേറ്റ്‌ ചെയ്യാനാ.”

ചിരിച്ചു തലയാട്ടി അയാള്‍ അകത്തേയ്ക്ക്പോയസമയത്ത് ബേക്കറി മുഴുവന്‍ പരിശോധിച്ചു.  ഒടുവില്‍ തേടിയത് കണ്ടെത്തി – ഇറക്കുമതി ചെയ്ത ചോക്കലേറ്റ്‌.  അറബി വായിക്കാന്‍ എന്തായാലും മാലിനിയ്ക്കോ കുട്ടികള്‍ക്കോ അറിയില്ല.
 
വീട്ടിലേയ്ക്ക് പോയവഴിയില്‍ കാര്‍ ഒതുക്കി വളരെ സൂക്ഷിച്ച് ചോക്ലേറ്റ്‌ പായ്ക്കറ്റ് എടുത്ത് അകത്തെ പ്ലാസ്റ്റിക്‌ കവര്‍ ശ്രദ്ധയോടെ തുറന്നു.  ഉള്ളിലെ ചോക്ലേറ്റ്‌ പുറത്തെടുത്ത് കവറില്‍ തരികളായി പൊടിച്ച നാരങ്ങാമിഠായി നിറച്ചു.  ഓഫീസ്‌കിറ്റില്‍ നിന്നും പശ എടുത്ത് പായ്ക്കറ്റും പുറംകവറും ശ്രദ്ധയോടെ ഒട്ടിച്ചു.  അവള്‍ക്ക് ഒരു സംശയവും തോന്നരുത്.

വീട്ടിലെത്തി.  അല്പം വിശ്രമത്തിനുശേഷം മാലിനിയെ വിളിച്ചു,
“നീ പോയി അല്പം മില്‍ക്ക്ഷേക്ക് ഉണ്ടാക്ക്.”

മാലിനിയുടെ പുരികം ചുളിഞ്ഞു.  ഒരിക്കല്‍പ്പോലും മില്‍ക്ക്ഷേക്ക്‌ആവശ്യപ്പെടാത്ത ഒരാള്‍...!  

മിഠായിത്തരി നിറച്ച പായ്ക്കറ്റ് എടുത്ത് അവളെ ഏല്‍പ്പിച്ചു,   “ഇതുകൂടി ചേര്‍ത്തോളൂ, നന്നായിരിക്കും.  കുട്ടികള്‍ക്കും കൊടുക്ക്‌, അവര്‍ക്കും ഇഷ്ടാവും.”

അല്പസമയം കഴിഞ്ഞപ്പോള്‍ ഗ്ളാസില്‍ ഷേക്കുമായി മാലിനി എത്തി. 
“ഇതെന്തിന്റെ പൊടിയാണ്?  നല്ല സ്വാദുണ്ട്”.

സ്പൂണില്‍ അല്പമെടുത്ത്‌ രുചിച്ചുനോക്കി, കൊള്ളാം.

“കുട്ടികള്‍ക്കു കൊടുത്തോ?”

“ഉം.... അവര്‍ ദാ അവിടെ ഇനിയും വേണമെന്നുപറഞ്ഞ് നില്‍ക്കുന്നു.”

ഉള്ളില്‍ ചിരിപൊട്ടി.  

“പക്ഷേ എനിക്കിഷ്ടായില്ല.  ഇതുകൂടി അവര്‍ക്കു കൊടുത്തേയ്ക്കു...”

മാലിനിയുടെ കണ്ണുകള്‍ക്ക്‌ മൂര്‍ച്ചയേറിയപ്പോള്‍ മുഖം തിരിച്ചു.

ഡോര്‍ കടന്ന് വെളിയിലേയ്ക്കുപോകുന്ന അവളുടെ സ്വരം - “അല്ലെങ്കിലും നല്ലതൊന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല...”

ചിരിയമര്‍ത്തി തിരിഞ്ഞപ്പോള്‍ എതിര്‍വശത്തെ കണ്ണാടിയില്‍ കണ്ട മുഖം തിരിച്ചറിയാന്‍ വൈകി.  പത്താംതരത്തില്‍ രണ്ടാംറാങ്ക് നേടിയെന്നറിഞ്ഞ പൊടിമീശക്കാരനായിരുന്നു അതില്‍....


(ഇപ്പോഴും തൃശൂരിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ ട്രെയിനില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന നാടന്‍ നാരങ്ങാമിഠായിയുടെ സ്വാദ്‌ പലതവണ അറിഞ്ഞപ്പോള്‍ എഴുതാന്‍ തോന്നിയത്.)

Thursday, February 3, 2011

ബോധി


പുലര്‍ച്ചയുടെ ആദ്യയാമങ്ങളിലെങ്ങോ അയാള്‍ മയക്കത്തിലേക്ക്‌ ഊളിയിട്ടു.
കൈക്കുടന്നയിലെ ആര്‍ദ്രതയുടെ കയത്തില്‍ അയാള്‍ നീന്തിത്തുടിച്ചു. മുഖത്തിന്‍റെ ആകൃതി മാറി, പല്ലുകള്‍ നീണ്ടുകൂര്‍ത്തു. ഇരുവശങ്ങളിലും അയാള്‍ക്ക്‌ ചിറകുകള്‍ മുളച്ചു. ശരീരം വഴുവഴുപ്പുള്ളതായി മാറി. കണ്ണുകള്‍ പുറത്തേയ്ക്കുന്തി. മിനുസമുള്ള എന്തോ ഒന്ന് ദേഹമാകെ വന്നുമൂടി. അയാള്‍ ഒഴുകി...

പെട്ടെന്ന്....

അണ്ണാക്കില്‍ കുരുങ്ങിയ മൂര്‍ച്ചയില്‍ തൂങ്ങിക്കിടന്ന് അയാള്‍ പിടഞ്ഞു. ചെകിളകള്‍ക്കിടയിലൂടെ ഒരു തിളയ്ക്കല്‍ പുറത്തേയ്ക്കൊഴുകി. കൈക്കുടന്നയിലെ ഇത്തിരി ജലം ചുവപ്പായി മാറി. അതിനുള്ളില്‍ അയാള്‍ക്ക്‌ ശ്വാസം മുട്ടി...

വീണ്ടും...

കുളിരിന്‍റെ വിരലുകള്‍ അയാളുടെ മുടിയിഴകള്‍ക്കിടയിലൂടെ പരതി. അരിച്ചെത്തിയ ആ നനവില്‍ ചുടുതുള്ളികള്‍ താഴേയ്ക്കൊഴുകി. അവയ്ക്കുമേലെ കനിവ് ധാരകോരി...

പിടഞ്ഞുര്‍ന്നപ്പോള്‍...

... അയാളാകെ വിയര്‍ത്തിരുന്നു
, വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. പാതിയടഞ്ഞ ജനല്‍പ്പാളിയിലൂടെ നിലാവിന്‍റെ തണുത്ത നിശ്വാസം തേടിയെത്തുന്നുണ്ടായിരുന്നു. കിടക്കയിലുര്‍ന്നിരുന്ന് അയാള്‍ തന്‍റെ താടിയെല്ല് തൊട്ടറിഞ്ഞു. അതിന്‍റെ ആകൃതി മാറിയിട്ടില്ലെന്ന് കണ്ടെത്തിയ ആശ്വാസത്തിന്‍റെ നിറവില്‍ അയാള്‍ ജനല്‍പ്പാളികള്‍ മലര്‍ക്കെ തുറന്നിട്ടു.

ആ നിമിഷം, പ്രാണവായുവില്‍ നിന്ന് ഒരു ഗന്ധത്തെ അയാളുടെ നാസിക വേര്‍തിരിച്ചെടുത്തു.

എവിടെയോ അറിഞ്ഞനുഭവിച്ച എന്നോ നിറഞ്ഞുമറഞ്ഞ ഒരു മണം... എന്തിന്‍റെയാവാമത്? അന്വേഷണത്തിന്‍റെ ചിറകടിച്ച് മനസ്സ്‌ ഭൂതകാലത്തിന്‍റെ മരുപ്പരപ്പില്‍ അലഞ്ഞു.

പെട്ടെന്ന്, അയാളത് കണ്ടെത്തി -
മുലപ്പാലിന്‍റെ മണം!

ഓര്‍മ്മയില്‍ അതെങ്ങനെ വന്നു? താനതനുഭവിച്ചിട്ടുണ്ടോ? ഉണ്ടാവാം, ഒരു കൈക്കുഞ്ഞായിരുന്നപ്പോള്‍. പക്ഷെ അതിന്‍റെ മണവും രുചിയും ഇപ്പോള്‍ എവിടെനിന്നുവന്നു...?

പൊടിമണ്ണിന്‍റെ വരള്‍ച്ചയില്‍ അമ്മയുടെ കനിവ് തനിക്കായി ചുരക്കുന്നുണ്ടാവുമോ?
ജീര്‍ണ്ണതയുടെ ധൂളിയില്‍ അത് ആര്‍ദ്രതയായി പടരുന്നുണ്ടാവുമോ?
ആ നിറവില്‍നിന്ന് അമ്മയുടെ സ്നേഹം ഈ രാത്രിയിലെ തന്നെത്തേടിയെത്തിയതാവുമോ?

അമ്മ... അമ്മ... ആ ഓര്‍മ്മയില്‍ താനൊരു കൈക്കുഞ്ഞായതായി അയാള്‍ക്ക്‌ തോന്നി.

അമ്മയുടെ മടിയില്‍ കിടക്കുന്ന തന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ മുലപ്പാല്‍ നുരഞ്ഞൊഴുകുന്നു. കൗതുകത്തിന്‍റെ പാരമ്യതയില്‍ ആ കുഞ്ഞിക്കണ്ണുകള്‍. പൂവിതള്‍ത്തുമ്പിനെ ഓര്‍മ്മിപ്പിക്കുന്ന ചുവന്നുതുടുത്ത പാദങ്ങള്‍, ചുരുളായടഞ്ഞ കൈക്കുരുന്നുകള്‍...

നോക്കിനില്‍ക്കേ അയാളുടെ ലോകം അമ്മയിലേയ്ക്കൊതുങ്ങി. തന്‍റെ തടിച്ച ചുണ്ടുകളുടെ കോണില്‍ മുലപ്പാലിന്‍റെ  നുര പുരണ്ടിരിക്കുന്നതായി അയാള്‍ കണ്ടു.  കറപിടിച്ച അവയുടെ പശ്ചാത്തലത്തില്‍ വെണ്മ നിഷേധിക്കാനാവാത്ത പൊരുത്തക്കേടായി.
അമ്മയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിന് ആ ചുണ്ടുകളായിരുന്നെങ്കിലോ?

ഛെ! അങ്ങനെയൊരു സങ്കല്‍പം തന്‍റെ മനസ്സിന്‍റെ നികൃഷ്ടതയില്‍ നിന്നാണെന്നു മനസ്സിലാക്കവേ അവജ്ഞ അയാളെ വിഴുങ്ങിത്തുടങ്ങി.

കൈകാലിക്കുന്നവിശുദ്ധി, ആ ശാന്തി... അത് താനായിരുന്നു!

പുതിയൊരറിവിന്‍റെ വെളിപ്പെടുത്തല്‍! എന്തോ, ഉള്‍ക്കൊള്ളാനാവാത്തതുപോലെ.

പാല്‍മണം ചുരത്തുന്ന അധരങ്ങള്‍ - അത് തന്റേതായിരുന്നു. വിടരാത്ത വിരലുകളും കിളുന്നു കാലടിയും -  അവയും തന്റേതായിരുന്നു... ഇന്നത്തെ ഈ രൂപം തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത് എങ്ങനെയാണ്? എവിടെ വച്ചാണ്?

അയാള്‍ ആ കുഞ്ഞിനെ ഉറ്റുനോക്കി.
നോക്കിനില്‍ക്കെ അമ്മയുടെ മടിയില്‍നിന്ന് ആ കാലടികള്‍ മെല്ലെ നിവരുന്നതായി അയാള്‍ കണ്ടു.

അയാള്‍ രണ്ടു കാലുകള്‍ കണ്ടു.
പിച്ചവയ്ക്കുന്ന കാലുകള്‍.
തടഞ്ഞുവീഴുമ്പോള്‍ പിന്നിലെത്തി അവയെ നെഞ്ചിലേയ്ക്കുയര്‍ത്തുന്ന അമ്മയുടെ സ്നേഹം.
പിന്നെ, മുറ്റത്തെ പൂഴിപ്പരപ്പില്‍ ഓടിക്കളിക്കുന്ന കാലുകള്‍. നാട്ടുവഴിയിലേയ്ക്കിറങ്ങി നടക്കുന്ന കാലുകള്‍. പിന്നീടവ വഴിവക്കില്‍ നില്‍ക്കുന്നു. കുറ്റിച്ചെടികളുടെയും പൊന്തക്കാടുകളുടെയും മറവിലേയ്ക്ക് അവ നീങ്ങുന്നു, പിന്നില്‍നിന്ന് ചീറിവരുന്ന കല്ലുകളേക്കാള്‍ വേഗത്തില്‍ ഓടിമറയുന്നു.

നിറഞ്ഞ തെരുവില്‍ മറ്റനവധി കാലുകളോടോപ്പം ആ കാലുകളും ചലിക്കുന്നു. അവയുടെ മൃദുലത അവിടെ പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു. പിന്നീടെപ്പോഴോ നിരത്തിനോരത്ത് രണ്ടും മൂന്നും കറുത്ത അക്ഷരങ്ങള്‍ പല്ലിളിക്കുന്ന ബോര്‍ഡുകള്‍ക്ക് മുന്നില്‍ യാന്ത്രികമായി അവ നിശ്ചലമാകുന്നു, ഉള്ളിലേയ്ക്ക് തിരിയുന്നു.

അയാള്‍ വീണ്ടും നോക്കി. തന്‍റെ പിഞ്ചുകരങ്ങള്‍! അമ്മയുടെ മാറത്ത്‌ പ്രഹരിച്ചുതിരഞ്ഞവ.
അവയിലേയ്ക്ക് കളിപ്പാട്ടങ്ങള്‍ വന്നു, പെന്‍സില്‍ വന്നു, പേന വന്നു, പിന്നെ... കത്തി വന്നു... കത്തിപ്പിടിയില്‍ അവ മുറുകി. ചുവന്ന ജീവന്‍ കത്തിമുനയില്‍ നിന്ന് താഴേക്കൊഴുകി, അത് ഉണങ്ങി ഇരുണ്ട കറയായി...

പിന്നെ ആ കൈകളിലേയ്ക്ക് നുരയുന്ന ലഹരികള്‍ വന്നു, മിനുത്ത ഉടലുകള്‍ വന്നു. ഒടുവില്‍ അവയിലേയ്ക്കൊരു കഴുത്തുവന്നു. അതില്‍ അയാളുടെ വിരലുകള്‍ അമര്‍ന്നു...

പിന്നെയെന്നോ മരുന്നുകളുടെ മണമുള്ള ഒരു മുറിയ്ക്കുള്ളില്‍വച്ച് ഉണങ്ങിവരണ്ട രണ്ടുകരങ്ങള്‍ അവയെ സ്വന്തം നെഞ്ചോട്‌ ചേര്‍ത്തുവച്ചു. വാത്സല്യവും ദു:ഖവും പൊള്ളുന്ന തുള്ളികളായി അവയിലേയ്ക്ക് വീണു. പിന്നെ ആ കൈകള്‍ അയഞ്ഞു...

ആ ഓര്‍മ്മ അയാളെ അസ്വസ്ഥനാക്കി.

വരണ്ട ആ കരങ്ങള്‍ക്ക് ജീവന്‍ പകരാന്‍ അയാള്‍ ശ്രമിച്ചു. അവയിലെ ചോറുരുളകള്‍ തുടുത്ത രണ്ടുപൂവിതളുകളിലേയ്ക്ക് അയാളെ എത്തിച്ചു.

മധുരമായ ജീവാമൃതം അവയിലൂടെ ഒഴുകിയിറങ്ങി. പിന്നെ രുചിയുള്ള ആഹാരങ്ങള്‍ അകത്തേയ്ക്ക്, കൂട്ടുകാരുടെ ചെല്ലപ്പേരുകള്‍
പുറത്തേയ്ക്കും.

പിന്നെപ്പിന്നെ ചവര്‍പ്പുള്ള ഉണക്കിലകള്‍ ചുരുണ്ട് അവയിലേയ്ക്ക് നീണ്ടു. കറുത്ത പുക അവയ്ക്കുള്ളിലൂടെ കടന്നു. അതിന്‍റെ കഠിനതയില്‍ അവ ഇരുണ്ടു. പതയുന്ന വിഷങ്ങള്‍ അവയ്ക്കിടയിലൂടെ അകത്തേയ്ക്ക് പോയി, കുറെയേറെ അസംബന്ധങ്ങള്‍ പുറത്തേയ്ക്കും.

വീണ്ടും പൂര്‍വ്വാധികം തീക്ഷ്ണമായി ആ ഗന്ധം, പൊരുളറിയാത്ത അതേ ഗന്ധം, അയാളെ തേടിയെത്തി.

അത് തന്നെ ഭ്രാന്തുപിടിപ്പിക്കുമെന്ന് അയാള്‍ക്കുതോന്നി. അത് അയാളിലേയ്ക്കിറങ്ങി. ഇടതുനെഞ്ചില്‍ വേദനയായി അത് തളംകെട്ടി.

അറിയാതെ അയാളുടെ കാലുകള്‍ കിടക്ക വിട്ടുയര്‍ന്നു. യാന്ത്രികമായി അവ പുറത്തേയ്ക്കിറങ്ങി. അവ ചലിച്ചു. തറവാട്ടുമുറ്റത്തെ അസ്ഥിത്തറയ്ക്കുമുന്നില്‍ അവ എത്തിനിന്നു.

ആ തീര്‍ഥയാത്രയില്‍ അയാളുടെ കാലുകള്‍ മൃദുലമായ ചോരക്കാലുകളായി.


ആ അസ്ഥിത്തറ ഒരു ബോധിയായി.
അതിന്‍റെ തണലില്‍ അയാളിരുന്നു.
ആത്മജ്ഞാനത്തിന്‍റെ നിറവില്‍ അയാള്‍ ബുദ്ധനായി.
മുള്ളുകൊണ്ടതുപോലെ കണംകാലില്‍നിന്ന് ചോരയൊഴുകിയത് അയാള്‍ അറിഞ്ഞിരുന്നില്ല.

പൊടുന്നനെ അസ്ഥിത്തറയില്‍ നിന്ന് ഒരു ആര്‍ദ്രത പൊട്ടിപ്പുറപ്പെടുന്നത് അയാളറിഞ്ഞു. അത് അയാളുടെ ശിരസ്സിലേയ്ക്കു പരന്നു. തണുവിന്‍റെ, കനിവിന്‍റെ, വെണ്മയുടെ ഒരു പ്രവാഹം!

മണ്ണിനടിയില്‍ ചുരക്കുന്ന അമ്മയുടെ വാത്സല്യം അയാള്‍ അതില്‍ രുചിച്ചറിഞ്ഞു.

ശിരസ്സില്‍നിന്ന് അത് താഴേയ്ക്ക് പതഞ്ഞൊഴുകി. സ്നേഹത്തിന്‍റെ, പരിശുദ്ധിയുടെ സ്നാനത്തില്‍ പുളകിതനായി അയാളിരുന്നു. 

അധരങ്ങളിലൂടെ അകത്തേയ്ക്കുകടന്ന വിഷം ഒന്നായി പുറത്തേയ്ക്കുവമിച്ചു.  അവയിലൂടെ ഉള്ളിലായ പുക, അവയിലൂടെത്തന്നെ പുറത്തേയ്ക്കുപോയി.

ആ ക്ഷീരധാര വീണ്ടും താഴേയ്ക്കൊഴുകി.
കൈകളില്‍ പുരണ്ട രക്തക്കറ കറുത്ത തുള്ളികളായി ഭൂമിയിലേയ്ക്കുവീണു.
അയാളുടെ ശരീരം ചെറുതായി. അത് ഒരു പിഞ്ചുകുഞ്ഞിന്റേതായി. അമ്മ അതിനെ മടിയിലേറ്റി. ഇടനെഞ്ചില്‍ കുരുങ്ങിയ വേദനയില്‍ അമ്മ വിരലോടിച്ചു.

അപ്പോള്‍... ആ ആര്‍ദ്രതയില്‍... അയാളൊരു സ്വര്‍ണ്ണമത്സ്യമായി!
എന്നാല്‍ അതിന്
കൊച്ചരിപ്പല്ലുകളായിരുന്നു.
അതിന്‍റെ മുഖം അയാളെന്ന കുഞ്ഞിന്റേതായിരുന്നു.
ധവളവിശാലതയില്‍ അയാള്‍ നീന്തിത്തുടിച്ചു.
പിഞ്ചുവിരലിലൂടെ ഒഴുകിയിറങ്ങിയ നിണം പാല്‍ക്കടലില്‍ നീലവരകള്‍ തീര്‍ത്തുകൊണ്ടിരുന്നു.

അപ്പോള്‍ പ്രപഞ്ചങ്ങള്‍ക്കപ്പുത്തുനിന്ന് അമ്മയുടെ ആത്മാവ് തന്നെത്തേടിയെത്തുന്നതായി അയാളറിഞ്ഞു.
ആ അറിവിന്‍റെ നിറവില്‍ അയാള്‍ പഞ്ചഭൂതങ്ങളില്‍ ലയിച്ചുചേര്‍ന്നു.

--------------------------------------
(09.02.1995)

പതിനെട്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂത്ത്‌ഫെസ്റ്റിവല്‍ കഥാമല്‍സരത്തില്‍ 'മടക്കയാത്ര' എന്ന വിഷയത്തില്‍ എഴുതിയ കഥ. (മൂന്നാംസ്ഥാനം ലഭിച്ചു).